Image

കുഴിമന്തിയാണു താരവില്ലന്‍ (ചെറുകഥ: എ.സി ജോര്‍ജ്) 

Published on 30 January, 2023
കുഴിമന്തിയാണു താരവില്ലന്‍ (ചെറുകഥ: എ.സി ജോര്‍ജ്) 

വേലക്കാരി കൊച്ചമ്മിണി ബെഡ്‌കോഫിയുമായി ബെഡ്‌റൂമിന്റെ ഡോറില്‍ മുട്ടുന്നതു കേട്ടാണ് ജോളി സോഫി ദമ്പതികള്‍ ഉറക്കമുണര്‍ന്നത്. തലേന്ന് എറണാകുളം കവിതാ തിയേറ്ററിലെ സെക്കന്റ്‌ഷോയും കഴിഞ്ഞു വന്നു കിടക്കുമ്പോഴേക്കും രാത്രി ഒരു മണി ആയിക്കഴിഞ്ഞിരുന്നു. രാത്രി വൈകി ഉറങ്ങിയതിനാല്‍ ഉണരാനും അല്പം വൈകി. രാവിലത്തെ പതിവുള്ള ബെഡ്‌കോഫി കുടികഴിഞ്ഞപ്പോഴേക്കും ഉറക്കച്ചടവൊക്കെ മാറി ഒരു ഉഷാര്‍ കൈവന്നു. വേലക്കാരി മുറിക്കു പുറത്തുപോയി എന്നുറപ്പുവരുത്തിയ ശേഷം ജോളി എഴുന്നേറ്റിരിക്കുന്നു. സഹധര്‍മ്മിണി സോഫീടെ മടിയില്‍ തലവെച്ച് കിടന്ന് പ്രഭാതത്തിലെ പതിവുള്ള പ്രോമാര്‍ദത കലര്‍ന്ന കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളാരംഭിച്ചു..

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ മൂന്നുമാസം മുമ്പ് വിവാഹിതരായ ജോളിയും സോഫിയും ഒരുമിച്ച് ആദ്യമായി നാട്ടില്‍ എത്തിയിരിക്കുകയാണ്. രണ്ടു കൂട്ടരുടെയും സ്വന്തം വീട്ടുകാരേയും, ബന്ധുക്കളേയും, സുഹൃത്തുക്കളേയും സന്ദര്‍ശിക്കണം. പിന്നത്തെ ലക്ഷ്യം പിറന്ന നാട്ടില്‍ മധുരിക്കുന്ന സ്മരണകളോടെ ഒരു മധുവിധു ആഘോഷവുമാണ്. ന്യൂയോര്‍ക്കിലെ കൊടിയ തണുപ്പില്‍ നിന്നും മഞ്ഞില്‍ നിന്നും ഒരു മാസത്തേക്കെങ്കിലും ഒന്നു രക്ഷപെടാന്‍ പറ്റിയ വിധത്തില്‍, എന്നാല്‍ നാട്ടില്‍ അധികം ചൂടില്ലാത്ത നല്ല തണുപ്പും കുളിര്‍മയുമുള്ള മധുവിധു കാലമായ ശിശിരത്തില്‍ പ്രകൃതിപൂത്തുലഞ്ഞ ഡിസംബര്‍- ജനുവരി തന്നെ വളരെ ബുദ്ധിപൂര്‍വ്വമാണ് ജോളിയും സോഫിയും സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്തത്.

മൂവാറ്റുപുഴയിലുള്ള ജോളിയുടെ തറവാട്ടിലും പാലായിലുള്ള സോഫീടെ തറവാട്ടിലും മൂന്നാലു ദിവസം വീതം ചെലവഴിച്ച ജോളി തന്റെ മാത്രമായ എറണാകുളത്തെ വീട്ടില്‍ എത്തിയിരിക്കുകയാണ്. എറണാകുളത്തെ ചിറ്റൂര്‍ റോഡിലുള്ള ഈ രണ്ടുനില രമ്യഭവനം തങ്ങള്‍ തിരികെ ന്യൂയോര്‍ക്കിലേക്കു പോകുമ്പോള്‍ പൂട്ടിയിടണമല്ലോ എന്നോര്‍ക്കുമ്പോള്‍ ഇരുവര്‍ക്കും അല്പം വൈഷമ്യം തോന്നായ്കയില്ല. വീടിന്റെ അകത്തളം മാര്‍ബിളാണ്. അല്പം മാത്രമുള്ള വീട്ടുവളപ്പില്‍ ചെമ്പകവും, ചെമ്പരത്തിയും മന്ദാരവും ജമന്തിയും പുഷ്പിച്ചു നില്‍ക്കുന്നു. വൈകുന്നേരങ്ങളില്‍ വീടിന്റെ ടെറസ്സില്‍ കേറിയിരുന്ന് കാറ്റു കൊള്ളുന്നത് മനസ്സിനും ശരീരത്തിനും ഒരു ഉണര്‍വും ഉത്തേജനവും നല്‍കാറുണ്ട്. അവിടെയിരുന്ന് ദൂരത്തിലേക്ക് കണ്ണോടിച്ചാല്‍ എറണാകുളം- കൊച്ചി നഗരത്തിന്റെ  അഭൗമവശ്യതയും മനോഹാരിതയും ദൃശ്യമാകും. നീണ്ടു നിവര്‍ന്നു പോകുന്ന മഹാത്മാഗാന്ധി റോഡ്, ബാനര്‍ജി റോഡ്, പുഷ്പ നിബിഡമായ സുഭാഷ് പാര്‍ക്ക്, പ്രൗഡഗംഭീരമായ ബോള്‍ഗാട്ടി പാലസ്, കരയും കായലും പരസ്പരം കെട്ടിപ്പുണരുന്ന കായലോരത്തിലൂടെ ഒരു നവോഡയുടെ നാണത്തോടെ ഒഴുകി നീങ്ങുന്ന അനേകം നാടന്‍ബോട്ടുകള്‍, അങ്ങു ചക്രവാളത്തിനപ്പുറം കായലിന്റെയും കടലിന്റെയും സംഗമസ്ഥാനം എല്ലാം അതികമനീയങ്ങളും മനോഹരങ്ങളുമാണ്. അധികം ശബ്ദമയമല്ലാത്ത രാത്രികളില്‍ കടലിലെ തിരമാലകള്‍ കരയില്‍ വന്നടിക്കുന്ന ശബ്ദം കേട്ടുറങ്ങുന്നത് അത്യന്തം സുഖദായകമാണ്.

ഭാര്യ ഭര്‍ത്താക്കന്മാരുടെ പ്രഭാതകര്‍മ്മങ്ങളും കുളിയും കഴിഞ്ഞപ്പോഴേക്കും ബ്രെയ്ക്ക് ഫാസ്റ്റ് റെഡി ആയിരുന്നു. നല്ല ചൂടുള്ള ഇഡ്ഡലിയും ദോശയും സാമ്പാറും ചട്‌നിയും അകത്താക്കി കഴിഞ്ഞപ്പോഴേക്കും ഇരുവര്‍ക്കും ആകപ്പാടെ ഒരു  ഉന്മേഷം തോന്നി. അപ്പോഴാണ് സോഫീടെ കൈത്തണ്ടയിലും പുറംകഴുത്തിലും തടിച്ചു വീര്‍ത്തു കിടക്കുന്ന കൊതുകു കുത്തിയ പാടുകള്‍ ജോളിയുടെ  ദൃഷ്ടിയില്‍പെട്ടത്. 'കൊച്ചി' കൊതുകുകളുടെ ഒരു നഗരവും കൂടിയാണല്ലോ. സുന്ദരിയായ സോഫീടെ രക്തം കൊതുകിന് പഥ്യവും കൗതുകവുമായിട്ടുണ്ടാകണം. ജോളി സോഫീടെ വെളുത്തു മൃണാളമായ ശരീരത്തിലെ കൊതുകു കുത്തിയ പാടുകളില്‍ തൈലം പുരട്ടി തടവി കൊടുത്തു. ''നല്ല വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത ഒരു മനോഹര സുന്ദരിയുടെ പ്രതിമ. ചെഞ്ചുങ്ങി പഴം പോലെ ചുവന്നു തുടുത്തു വിടര്‍ന്ന ചുണ്ടുകള്‍, ചിരിക്കുമ്പോള്‍ ഇരു അധരങ്ങളിലും തെളിയുന്ന നുണക്കുഴികള്‍, ഇടതൂര്‍ന്നു വളരുന്ന കറുത്ത ചുരുണ്ട മുടി ഭംഗിയായി ബോബു ചെയ്തു പറത്തി ഇട്ടിരിക്കുന്നു' അമേരിക്കയില്‍ വച്ചു കാണുന്നതിനേക്കാള്‍ നാട്ടില്‍ കേരളക്കരയില്‍ വച്ച് സോഫിയെ കാണുമ്പോള്‍ ജോളി ഭാര്യയുടെ മനോഹാരിതയിലും അഭൗമസൗന്ദര്യത്തിലും കൂടുതല്‍ കോള്‍മയിര്‍ കൊണ്ടു.

''താന്‍ ഒരു ഭാഗ്യവാനാണ്'' സോഫി ഒരു മാലാഖയാണ്. സൗന്ദര്യമുള്ള ഭൂമിയിലെ മാലാഖ. തന്റേതു മാത്രമായ ഒരു മാലാഖ. ഭൂമിയില്‍ തനിയ്ക്കായി ഒരുക്കിയ ഒരു കൊച്ചു വാനമ്പാടിയും മണിവീണയും മലര്‍കാവും, സ്വര്‍ക്ഷവുമാണ് തന്റെ സോഫി. ജോളിയുടെ മനസ്സില്‍ മൃദുല ചിന്തകള്‍ നാമ്പിട്ടു. തന്റെ ഈ സൗന്ദര്യ ധാമത്തിനെ ഇന്നു തന്റെ കൊച്ചിയിലുള്ള പഴയ സുഹൃത്തുക്കള്‍ക്കു പരിചയപ്പെടുത്താന്‍ പ്ലാനിട്ടപ്പോള്‍ അത്യധികം സന്തോഷവും ആത്മാഭിമാനവും തോന്നി. വിവാഹം ആലോചിച്ചതും നടത്തിയതും ന്യൂയോര്‍ക്കില്‍ വച്ചായതിനാല്‍ ഇവിടത്തെ സുഹൃത്തുക്കളായ ആരും തന്റെ വധുവായ സോഫിയെ കണ്ടിട്ടേയില്ല. ''തന്റെ മണവാട്ടി ഒരു സാധാരണ ശരാശരി നാടന്‍ അമേരിയ്ക്കന്‍ മലയാളി പെണ്ണായി മാത്രമായിരിക്കും സുഹൃത്തുക്കളുടെ ഒക്കെ മനസ്സിലെ ധാരണ. ''ഇവരുടെ ഒക്കെ ധാരണ ഇന്നു മാറും. ഒരു ഹിന്ദി സിനിമാ നായിക നടിയുടെ ഗ്ലാമറുള്ള സോഫിയെ കാണുമ്പോള്‍ അവരെല്ലാം വെള്ളമിറക്കും. അന്ധാളിക്കും.'' ജോളി മനസ്സില്‍ പറഞ്ഞു. ജോളിയുടെ സുഹൃത്തുക്കളെ കാണുന്നതിലും സല്‍ക്കരിക്കുന്നതിലും സോഫിയയ്ക്ക് സന്തോഷവും ആകാംക്ഷയും മാത്രം. ഏതായാലും വൈകുന്നേരമല്ലെ സ്വീകരണ - സല്‍ക്കാര പരിപാടി. ഇനിയും ധാരാളം സമയമുണ്ട്. വേലക്കാരി കൊച്ചമ്മിണി അതിനുള്ള ആഹാരങ്ങളുടെ ഒരുക്കവും ചുറ്റുവട്ടവും ഏതാണ്ടു തീര്‍ന്നമട്ടാണ്. പോരാത്തതിന് ജോളിയും സോഫിയും കൂടി അടുക്കളയിലും, സ്വീകരണമുറിയിലും പൂമുഖത്തും വേണ്ടതായ ക്രമീകരണങ്ങളും നടത്തി. ഉച്ചയാകാന്‍ പോലും ഇനി ധാരാളം സമയം ബാക്കി അവശേഷിക്കുന്നു.

''പിന്നെ... ജോളി... ഞാന്‍ പോസ്റ്റോഫീസുവരെ ഒന്നു പോകുവാ... എന്റെ കൂട്ടുകാരികള്‍ക്കുള്ള രണ്ടു മൂന്നു ചെറിയ പാഴ്‌സലുകള്‍ ഒന്നു രജിസ്റ്റര്‍ ചെയ്തിട്ടുടനെ വരാം.'' എന്താ.''
''അതിനെന്തിനാ നീ പോകുന്നത് - സോഫി -  ഞാന്‍ പോയാല്‍ പോരെ... അല്ലെങ്കില്‍ കൊച്ചമ്മിണിയെ അയച്ചാല്‍ പോരെ.''
''അതൊന്നും വേണ്ടാ ജോളി.... ഞാനൊന്നിറങ്ങി അല്പം ശുദ്ധവായു ശ്വസിച്ചിട്ടുവരാം. എനിയ്ക്ക് ഈ കൊച്ചീലെ ടൗണ്‍ ബസ്സേല്‍ കേറാന്‍ കൊതിയാകുന്നു. സ്ത്രീക്കും ഒറ്റയ്‌ക്കൊരു ചെറിയ യത്ര വേണ്ടെ... പത്തു മിനിറ്റു കൊണ്ട്  ബാനര്‍ജി റോഡിലെ പോസ്റ്റോഫീസിന്റെ വാതില്‍ക്കലിറങ്ങി പാര്‍സല്‍  ചെയ്തിട്ടു മടങ്ങി എത്തിയേക്കാം. ഇനി ഇതിനായി കാറൊന്നും ഇറക്കേണ്ടാ. ഏറിയാല്‍ ഒരു മണിക്കൂറിനകം മടങ്ങി എത്താന്‍ കഴിയും..'' ''ശരി'' ജോളി എതിരൊന്നും പറയാതെ സമ്മതിച്ചു. ''ന്യൂയോര്‍ക്കില്‍ തനിയെ കാറോടിച്ചു പോകുകയും സബ്‌വെ കേറിയും നല്ല പരിചയമുള്ള സോഫിയായ്ക്ക് നാട്ടില്‍ ഒരു ചെറിയ പ്രഭാത സവാരി ഒറ്റയ്ക്കു ചെയ്യാന്‍ തോന്നിയതില്‍ എന്താണു തെറ്റ്. അല്ലെങ്കില്‍ അതിലെന്തു ഭയപ്പെടാനിരിക്കുന്നു. ഇതു കേരളമല്ലെ. സ്വന്തം പിറന്ന നാട്, സ്വന്തം ഭാഷ. സ്ത്രീകളും ശുദ്ധവായു ശ്വസിയ്ക്കട്ടെ'' ജോളി ചിന്തിച്ചു.

സോഫി വെളിയിലേക്കിറങ്ങി ഒരു അരമണിക്കൂര്‍ ആയി കാണും. ജോളി ഓര്‍ത്തു. രണ്ടു മൂന്നു ദിവസം മുമ്പ് പറഞ്ഞു വച്ചതാണെങ്കിലും മാത്യൂസിനേയും, ബെന്നിയേയും, ശ്യാമിനേയും വൈകുന്നേരത്തെ പാര്‍ട്ടിയുടെ കാര്യം ഒന്നുകൂടി ഫോണില്‍ വിളിച്ചോര്‍പ്പിക്കുന്നതു നല്ലതായിയ്ക്കില്ലെ.'' ജോളി മാത്യൂസിന്റെ സെല്ലുലാര്‍ നമ്പര്‍ കറക്കി മാത്യൂസിനെ ലൈനില്‍ കിട്ടി.
''ഹാ അതു മറക്കാനൊ.... എടാ കുറച്ചു ദിവസമായി പട്ടിണി കിടന്ന് അതിനായി കാത്തിരിക്കുവാ... പിന്നെ ഞങ്ങളൊരു പ്രഭാതസവാരി ഒരു റൈഡിനിറങ്ങിയതാ.. ബന്നീം... ശ്യാമുമൊക്കെയുണ്ടെടാ കൂടെ. ഇനി ഇപ്പോ അവരെ പ്രത്യേകം വിളിയ്ക്കണമെന്നില്ല. ഞാന്‍ പറഞ്ഞേക്കാം... പിന്നെ ഇന്ന് ശനിയാഴ്ച ഒഴിവല്ലെ ഒന്നു ചെത്തി മിനുങ്ങാന്നു വച്ചു. പിന്നെ വൈകുന്നേരം നിന്റെ ആ ന്യൂയോര്‍ക്ക് ശിവനെയൊ, ശിവദാസനെയൊ ഒക്കൊ ഒന്നു കരുതിക്കോണം.'' നമുക്കിന്നടിച്ചു പൊളിയ്ക്കണം.'' പിന്നെ കൊച്ചിന്‍ സാഗരറാണി ഹോട്ടലീന്നു നല്ല അടിപൊളി കുഴിമന്തിയും പാര്‍സലായിണ്ടണ്ട എത്തിയിരിക്കും. എന്തിനാ നമ്മളൊക്കെ തമ്മില്‍ ഒരു ഫോര്‍മാലിറ്റി..
''അതൊക്കെ ഞാനേറ്റളിയാ... വല്യ കുഴപ്പോന്നുണ്ടാക്കാതെ അളിയന്മാരിങ്ങ് എത്തിയേച്ചാല്‍ മതി.'' ജോളി പറഞ്ഞു.
''എടാ ജോളി... അളിയാ... ആ ബസ്സേലെ ഒരു ഉഗ്രന്‍ സാധനം വന്നിറങ്ങിയിട്ടുണ്ട്. ഞങ്ങളൊന്നു കാറില്‍ ഫോളോ ചെയ്യാം. കേറി ഒന്നു മുട്ടിനോക്കട്ടെ. തടഞ്ഞാല്‍ ഞങ്ങടെ ഭാഗ്യം. ഇല്ലെങ്കില്‍ കുറച്ച് നമ്പരെങ്കിലും ഇറക്കട്ടെ. നൂറ്റിക്കു നൂറും കൊടുക്കാമൊ... ആ അരയന്ന നടയും. കൊഴുപ്പും, മെഴുപ്പും, എടാ ഐശ്വര്യ റായിപോലും തോറ്റുപോകും. എവിടെ നിന്നുള്ള ഇംപോര്‍ട്ട് ആണോ... കിട്ടില്ലേലും ഒന്നു കണ്ടാമതീല്ലോടാ.. ജോളി.... എന്നാ ഞങ്ങള് പോയി ഒന്നൊടക്കട്ടെ... പിന്നെ വൈകുന്നേരത്തെ കാര്യങ്ങള്‍ എല്ലാം പറഞ്ഞപോലെ... ഞങ്ങളെല്ലാം യഥാസമയത്ത് അവിടുണ്ടാകും... എന്നാല്‍ നിര്‍ത്തട്ടെ. ബൈ... ബൈ.''
''ഈ ചെത്തു സംഘത്തിന്റെ അജന്‍ഡ പഴയതു തന്നെ. പാവം ചെറുപ്പക്കാര്‍... ഇനി എത്രകാലം ഇങ്ങനെ... ങ്ഹാ ജീവിതം ആസ്വദിയ്ക്കട്ടെ'' ജോളി ഒരു പുഞ്ചിരിയോടെ മനസ്സില്‍ ഓര്‍ത്തു.
വൈകുന്നേരമായി. സോഫിയും ജോളിയും സുഹൃത്തുക്കളെ പ്രതീക്ഷിച്ച് പൂമുഖ വാതില്‍ക്കല്‍ വന്നു നില്‍ക്കുകയാണ്. ആദ്യമായി വന്നു കേറിയത് ഗോപുവും രമയുമായിരുന്നു. പിന്നാലെ തന്നെ ഷാജി ബറ്റ്‌സി ദമ്പതികളും എത്തി. സോഫി ആദ്യം വന്ന അതിഥികള്‍ക്ക് ആതിഥേയം കൊടുത്തുകൊണ്ട് അവരുടെ കൂടെ സ്വീകരണമുറിയില്‍ കൂടി.
മാത്യൂസും, ശ്യാമും, ബെന്നിയും ഒരുമിച്ചും തന്നെ മാരുതികാറില്‍ വന്നിറങ്ങി. അവിവാഹിതരായ മൂന്നു ചെറുപ്പക്കാര്‍ ജോളിയുടെ സുഹൃത്തുക്കള്‍. ജോളി മൂവര്‍ക്കിട്ടും തള്ളവിരലിന്   ഓരോ കുത്തു കൊടുത്തശേഷം ആലിംഗനം ചെയ്തു സ്വീകരിച്ചു. ' എടാ അളിയന്മാരെ നിങ്ങളെ നോക്കി ഇരിയ്ക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. എല്ലാം എവിടെ പോയി കിടക്കുവായിരുന്നു... വല്ല കോളും ഒത്തുകാണും അല്ലെ... അല്ലെങ്കില്‍ ഉച്ചയ്ക്കു പറഞ്ഞതിനെ കിട്ടിക്കാണും അല്ലെ...'' അതിനോ തള്ളിക്കൊണ്ടു പോയതായിരിക്കും വൈകിത്..'' വാ... വാ... ഇനി സമയം കളയാതെ... ജോളി സുഹൃത്തുക്കളെ സ്വീകരണ മുറിയിലേക്കാനയിച്ചു. മാത്യൂസിനേയും, ശ്യാമിനേയും ബന്നിയേയും ജോളി തന്റെ പുതുമണവാട്ടി സോഫിയായ്ക്കു പരിചയപ്പെടുത്താനാരംഭിച്ചു. പെട്ടെന്നൊരു സ്തബ്ധത. എന്തോ ഒരു പന്തികേട്. വന്നു കേറിയ മൂവരുടെയും ഒപ്പം സോഫിയുടെയും മുഖങ്ങളില്‍ ഒരു വല്ലായ്മയും ജാള്യതയും. ആര്‍ക്കും  ഒന്നും മനസ്സിലായില്ല. ഗോപു- രമ ദമ്പതികളും ഷാജി - ബറ്റ്‌സി ദമ്പതികളും പാര്‍ട്ടിയില്‍ നന്നായി സംബന്ധിക്കുമ്പോള്‍ സോഫിയുടെയും മാത്യൂസിന്റെയും ശ്യാമിന്റെയും ബന്നിയുടെയും മുഖങ്ങളിലും സംസാരങ്ങളിലും എന്തോ പന്തിയില്ലായ്മയും, അപാകതയും മുറ്റി നിന്നു. എങ്കിലും കുപ്പിപൊട്ടീരും,കുഴിമന്തി വെട്ടിവിഴുങ്ങലും തിരു തകൃതിയായിനടന്നു. പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ സോഫിയോട് ജോളി മൂഡ് ഔട്ടിന്റെ കാര്യം തിരക്കി.
''ങ്ഹാ... അതൊ.. മൂന്ന് വായി നോക്കികള്... എന്നെ പോസ്റ്റ്ഓഫീസ് ജംഗ്ഷനിലിട്ട് കമന്റടിക്കുകയും പിന്‍തുടരുകയും ചെയ്തുവെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലെ... അതവന്മാരാ... എമ്പോക്കികള്‍... പാര്‍ട്ടിക്കു വന്നു കേറിപ്പോള്‍ രണ്ടു നല്ല വര്‍ത്തമാനം പറഞ്ഞാലോ എന്നു കരുതീതാ... പിന്നെ ജോളി വിളിച്ചതല്ലെ. ജോളീടെ സുഹൃത്തുക്കള്‍... എന്നു കരുതി വേണ്ടെന്നു വച്ചു. പിന്നെ ജോളി നിങ്ങടെ ഒക്കെ പണ്ടത്തെ ... പഴെ പണി ഇതൊക്കെ ആയിരുന്നു... അല്ലെ.'' ജോളി ഒന്നും പറഞ്ഞില്ല. സരസ്സമായി പ്രിയതമയുടെ തോളില്‍ തട്ടി ഒന്നു പൊട്ടി - പൊട്ടി ചിരിക്കുക മാത്രം ചെയ്തു. ആസന്തോഷത്തിനു അല്‍പ്പായുസ്സായിരുന്നു. ജോളിക്കും സോഫിക്കും അടിവയറ്റില്‍ വേദന, ഒപ്പം ദുസ്സഹമായ വാമിറ്റിംങ്ങ് സെന്‍സേഷന്‍...
ഓപ്പണ്‍ ചെയ്തിട്ടിരുന്ന ടിവിയില്‍നിന്നൊരു വാര്‍ത്ത ഒഴുകിവന്നു... കൊച്ചിയിലെ ഹോട്ടലുകളില്‍ വ്യാപകമായറെയിഡ്... കുഴിമന്തിയടക്കം പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു... കുഴിമന്തിയാണു താരവില്ലന്‍

# short Story “Kuzhimanthiyaanu Thara Villan- AC George

 

Join WhatsApp News
മത്തച്ഛൻ പനമൂട്ടിൽ 2023-01-30 07:03:24
നാട്ടിൽ ഒറ്റക്കും പെട്ടക്കുമായി മഹാ മെഗാ സംഘടനക്കാരും അല്ലാത്തവരും മറ്റും പോകുന്നുണ്ട്. ചിലർ നാട്ടിൽ പോയി ചൊളുവിൽ ഡോക്ടറേറ്റുകൾ കൊടുക്കുന്നുണ്ട് വാങ്ങുന്നുമുണ്ട്, അതുപോലെ പൊന്നാടകൾ സ്വയം ചൂടുകയും ചൂടിക്കുകയും ചെയ്യുന്നുണ്ട് അതുപോലെ ഒന്നും എഴുതാത്ത എഴുത്തുകാരും സാഹിത്യ ശിരോമണി പട്ടം ഏറ്റു വാങ്ങാറുമുണ്ട്. അതുപോലെ മന്ത്രിമാരുടെയും ബിഷപ്പ് മാരുടെയും സ്വാമിമാരുടെയും സിനിമാതാരങ്ങളുടെയും ഒപ്പം ഇരുന്ന് പരസ്പരം ചൊറിഞ്ഞു കൊടുത്തു ഞെളിയാറുമുണ്ട് . പലരും പഞ്ചനക്ഷത്ര ഹോട്ടലിലും അല്ലാതെയും പോയി കുഴിമന്തി തുടങ്ങിയ പരിഷ്കൃത ഭോജ്യങ്ങൾ വെട്ടിവിഴുങ്ങാറുമുണ്ട്. അവരിൽ പലർക്കും പറ്റുന്ന ഭക്ഷ്യവിഷബാധയുടെ അക്കിടികൾ അവർ വെളിയിൽ പറയാറില്ല. എന്തോ വെട്ടി വിഴുങ്ങിയ ശേഷം താനും സംഘടനയും നാടിന് ചെയ്ത സേവനങ്ങളെപ്പറ്റി ഘോരഘോരം ധീരധീരം പ്രസംഗിക്കുകയായിരുന്നു. പെട്ടെന്ന് പുള്ളിയുടെ വയറ്റിൽ ഒരു വെപ്രാളം ഒരു പൊട്ടലും ചീറ്റലും ഒരു ഓക്കാനവും, പുള്ളി പ്രസംഗം നിർത്തി ധരിച്ചിരുന്ന കുർത്തയും സൂട്ടും താങ്ങി പിടിച്ചോണ്ട് ബാത്റൂമിലേക്ക് ഒറ്റപ്പാച്ചിലായിരുന്നു. ബാത്റൂമിലേക്ക് എത്തുന്നതിനുമുമ്പ് സംഗതി ആകെ ലീക്കായി നാറ്റിച്ചു തറയിൽവീണു. നമ്മുടെ കഥാകാരൻ വർണിച്ചിരിക്കുന്ന മാതിരി കുഴിമന്തി മാതിരി എന്തോ പഴകിയ ഭക്ഷണം വല്ല സ്മോളിന്റെയും അകമ്പടിയോടെ അടിച്ചു കയറ്റിയത് ആകണം. ചിലർക്ക് സംഗതി ലൂസ് ആയിട്ട് പോകും എന്നാൽ ചിലരുടെ വിസർജന ദ്വാരങ്ങൾ പണിമുടക്കി വല്ല വിരോചന ആവണക്കെണ്ണയും മറ്റും സേവിക്കേണ്ടത് ആയിട്ട് വന്നേക്കാം. അതുകൊണ്ട് നാട്ടിൽ മധുവിധുവിനു ആഘോഷിക്കാൻ പോകുന്നവരെ, പൊന്നാട കൊടുക്കാനും വാങ്ങാനും പോകുന്നവരെ, ഡോക്ടറേറ്റ് തലയിൽ ചാർത്താൻ പോകുന്നവരെ ഏതു മുന്തിയ ഹോട്ടൽ ആണെങ്കിലും ശരി ഏത് തട്ടുകടയാണെങ്കിലും ശരി പരമാവധി ശ്രദ്ധിക്കുക ഏത് കുഴിമന്തി അല്ലെങ്കിൽ കുഴിമന്ദൻ ആണെങ്കിലും ശരി പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക, ഭക്ഷണം ആക്രാന്ത ത്തോടുകൂടി വാരിക്കോരി വെട്ടി വിഴുങ്ങാ തിരിക്കുക. അങ്ങനെ ശ്രീ എ സി ജോർജിന്റെ ഈ ചെറുകഥയിൽ, അല്പം നർമ്മത്തോട് കൂടിയ ഒരു മഹത്തായ സന്ദേശം ഉൾക്കൊള്ളുന്നു. . എഴുത്തുകാരനും ഈ മലയാളിക്കും അഭിവാദ്യങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക