ഹൂസ്റ്റണ്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ് എ) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഇന്ത്യയുടെ 74- മത് റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു. അതോടൊപ്പം 1948 ജനുവരി 30 നു ആര്‍എസ്എസ് വര്‍ഗീയവാദിയുടെ വെടിയുണ്ടയേറ്റ് രക്തസാക്ഷിത്വം വഹിച്ച്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ലോകജനതയുടെ ആരാധ്യനായ മഹാത്മാഗാന്ധിയുടെ ഓര്‍മകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിച്ചു.
ജനുവരി 29 നു ഞായറാഴ്ച വൈകുന്നേരം മിസ്സോറി സിറ്റി അപ്ന ബസാര്‍ ഹാളില്‍ നടന്ന ചടങ്ങുകള്‍ പ്രൗഢ ഗംഭീരമായിരുന്നു.
കുമാരി ക്രിസ്റ്റല്‍ ജോസ് അമേരിക്കന്‍ ദേശീയഗാനമാലപിച്ചു, തുടര്‍ന്ന് നടന്ന ഇന്ത്യന്‍ ദേശീയഗാനാലാപനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.ചാപ്റ്റര്‍ പ്രസിഡണ്ട് വാവച്ചന്‍ മത്തായി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ചാപ്റ്റര്‍ സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു.
ഒഐസിസി യുഎസ്എ ദേശീയ ചെയര്‍മാന്‍ ജെയിംസ് കൂടല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ, മഴയും വെയിലും മഞ്ഞും കൊണ്ട്, 4080 കിലോമീറ്ററുകള്‍ നടന്ന് ഇന്ത്യന്‍ ജനതയെ ചേര്‍ത്ത് പിടിച്ച് ഇന്ത്യയെ ഒന്നാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് രാഹുല്‍ ഗാന്ധിയുടെ ജനുവരി 30 നു നടക്കുന്ന 'ഭാരത് ജോഡോ' യാത്രയുടെ സമാപന സമ്മേളനത്തിന് ഒഐസിസിയുടെ അഭിവാദ്യങ്ങളും ഉല്‍ഘാടന പ്രസംഗത്തില്‍ അര്‍പ്പിച്ചു.
തുടര്‍ന്നു സമ്മേളനത്തിന്റെ മുഖ്യാതിഥിയായി പങ്കെടുത്ത 240 ഡിസ്ട്രിക്ട് ജഡ്ജായി ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ അഭിമാനമായ ജഡ്ജ് സുരേന്ദ്ര കെ പട്ടേലിനെ ദേശീയ പ്രസിഡണ്ട് ബേബി മണക്കുന്നേല്‍ പൊന്നാടയണിയിച്ചു ആദരിച്ചു. തുടര്‍ന്ന് ബേബി മണക്കുന്നേല്‍ റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്നതോടൊപ്പം കേരളത്തിലെ രാഷ്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇടപെടലുകളും പ്രസംഗത്തില്‍ സൂചിപ്പിച്ചു.
തുടര്‍ന്ന് ജഡ്ജ് സുരേന്ദ്രന്‍.കെ.പട്ടേല്‍ റിപ്പബ്ലിക്ക് ദിനസന്ദേശം നല്‍കി. നമുക്ക് മുമ്പേ നടന്നവരുടെ ഒരു പാട് സഹനങ്ങള്‍, ത്യാഗം പൂര്‍ണമായ ജീവിതം, അഹിംസയില്‍ ഊന്നിയ സഹന സമരങ്ങള്‍ ഇവയൊക്കെ ഇന്ത്യയെന്ന മഹാരാജ്യത്തെ ലോക രാജ്യങ്ങളുടെ മുന്‍നിരയില്‍ എത്തിക്കുന്നതിനു സഹായിച്ചുവെങ്കില്‍ അവരെയൊക്കെ ഓര്‍ക്കുന്നതിനും, ലോകത്തെ ഏറ്റവും ശക്തമായ ഭരണഘടനയുടെ ശില്പികളായ ഡോ.ബി.ആര്‍.അംബദ്കര്‍ ഉള്പടെയുള്ള മഹാരഥന്മാരെ സ്മരിക്കുന്ന നല്ല മുഹൂര്‍ത്തങ്ങളാണ് ഈ ദിനങ്ങള്‍ എന്ന് ജഡ്ജ് ചൂണ്ടിക്കാട്ടി. കാലിടറാതെ നമ്മെ നയിച്ച ധിക്ഷണാശാലികളുടെ നേതൃത്വം ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ വിജയമായി മാറി.
തുടര്‍ന്ന് സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു ആശംസകള്‍ അര്‍പ്പിച്ചു. ബ്രിട്ടീഷുകാരുടെ ' ബെഗര്‍' വിളിയില്‍ തളര്‍ന്നു പോകാതെ ബ്രിട്ടീഷ് കോളനി ഭരണത്തില്‍ നിന്നും ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ മഹാത്മജിയുടെ സ്മരണകള്‍ അയവിറക്കിയായിരുന്നു കെന്‍ മാത്യുവിന്റെ പ്രസംഗം. അഹിംസയുടെ പ്രവാചകനായിരുന്ന ഗാന്ധിജിയോടൊപ്പം ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളെയും പ്രസംഗത്തില്‍ സ്മരിച്ചു.
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന് അജയ്യമായ നേതൃത്വം നല്‍കുന്ന പൊന്നു പിള്ള, ജോയ്.എന്‍ ശാമുവേല്‍, ബിബി പാറയില്‍, ഷീല ചെറു, സന്തോഷ് ഐപ്പ്, ബിജു ചാലയ്ക്കല്‍, മിനി പാണഞ്ചെരി, ജോര്‍ജ് ജോസഫ്, പ്രതീശന്‍ പാണഞ്ചെരി, സജി ഇലഞ്ഞിക്കല്‍, ജോര്‍ജ് കൊച്ചുമ്മന്‍, വര്‍ഗീസ് ചെറു തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
തുടര്‍ന്ന് ഇക്കഴിഞ്ഞ ദിവസം അന്തരിച്ച ഒഐസിസി യുഎസ്എ ഡാളസ് ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് ഫിലിപ്പ് ശാമുവെലിന്റെ അകാല നിര്യാണത്തില്‍ സമ്മേളനം അനുശോചനം അറിയിച്ചു ഒരു മിനിറ്റ് മൗനമാചരിച്ചു.
ഒഐസിസി യുഎസ്എ ദേശീയ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി നന്ദി പ്രകാശിപ്പിച്ചു.