ഫിലാഡല്‍ഫിയ, യു.എസ്.എ.: പാക്കിസ്ഥാന്‍ സാമ്പത്തികമായും രാഷ്ട്രീയമായും സുരക്ഷിതത്വമായും വന്‍ തകര്‍ച്ചയിലേക്ക്. 2022 ന്റെ തുടക്കത്തില്‍ യു.എസ്. ഡോളര്‍ എക്‌സ്‌ചേഞ്ച് റേറ്റ് 176.24 രൂപയില്‍നിന്നും 2023 ല്‍ കുത്തനെ കുറഞ്ഞു 262.80 ആയിമാറി. ശക്തമായ സ്തംഭനാവസ്ഥ പാക്കിസ്ഥാന്റെ മൊത്തമായ ഇക്കണോമിയെ പതനത്തിലേക്കും നാശത്തിലേക്കുമെന്ന ഭീതി വര്‍ദ്ധിക്കുകയാണ്. വിശാലമായ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിശബ്ദമായി നിലകൊണ്ടിരുന്ന താലിബാന്‍ പുനരുദ്ധ്യാനമായി ശക്തിപ്രാപിച്ചു പാക്കിസ്ഥാന്‍ കാലക്രമത്തില്‍ കൈയടക്കുവാനുള്ള സാധ്യതകളും കുറവല്ല. സാമ്പത്തികവും രാഷ്ട്രീയവുമായ പാക്കിസ്ഥാന്റെ പതനം വീണ്ടും പട്ടാളഭരണത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
ദാരിദ്ര്യംമൂലം ഭക്ഷണത്തിനുവേണ്ടി ആര്‍ത്തിയോടെ കുട്ടികള്‍ മല്‍പ്പിടുത്തം നടത്തുന്നു
ആവശ്യാനുസരണമുള്ള ഇന്ധനവും ആഹാരപഥാര്‍ത്ഥവും ഇറക്കുമതി ചെയ്യുവാനുള്ള പാക്കിസ്ഥാന്റെ സാമ്പത്തിക വീഴ്ചമൂലം പെട്രോള്‍ പമ്പിലേയും ഫുഡ് മാര്‍ക്കറ്റുകളിലേയും ലൈനുകള്‍ സുദീര്‍ഘമാകുന്നു. 1947 ലെ സ്വാതന്ത്ര്യലബ്ദിക്കുശേഷം ആരംഭിച്ച അരാചകത്വവും ഇല്ലായ്മയും പരിഹരിക്കാതെ വിവിധ രാഷ്ട്രീയനേതാക്കളുടെ കൃത്യവിലോപം ഒരു സ്വതന്ത്രരാജ്യത്തെ പതത്തിന്റെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തി. നിരന്തരമായ വിശപ്പിന്റെ രോദനമുയരുന്ന 116 രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ 92-ാമത്തെ നിരയില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു. പ്രതിശീര്‍ഷ വരുമാനം വെറും 303 യു. എസ്. ഡോളറുള്ള ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമായ സൊമാലിയയുടെയും 441 യു. എസ്. ഡോളര്‍ മാത്രമുള്ള സൗത്ത് സുഡാന്റെയും ശോചനീയ ഗതിയില്‍ നമ്മുടെ അയല്‍രാജ്യമായ പാക്കിസ്ഥാന്‍ എത്താതിരിക്കട്ടെ. 2021 ജൂണ്‍ മാസത്തെ അന്തര്‍ദേശീയ അവലോകാനുസരണം പാക്കിസ്ഥാന്റെ പ്രതിശീര്‍ഷ വരുമാനം 1551.18 യു.എസ്. ഡോളറും ഇന്‍ഡ്യയുടെ 7,130.00 യു.എസ്. ഡോളറും അമേരിക്കയുടെ 70,480.00 യു.എസ്. ഡോളറുമാണ്.
ഇപ്പോള്‍ 247 ബില്യണ്‍ ഡോളര്‍ കടബാദ്ധ്യതയുള്ള പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍നിന്നും കിട്ടുന്ന വെറും 6 ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം അടയ്‌ക്കേണ്ടതായ 8 ബില്യണ്‍ ഡോളര്‍ പലിശയ്ക്കുപോലും തികയുകയില്ല. ഈ ദാരുണ പ്രയാണം പാക്കിസ്ഥാനെ ക്രമേണ പാപ്പരത്വം അഥവാ ബാങ്ക്രപ്റ്റിസി പ്രഖ്യാപിക്കുവാന്‍ നിര്‍ബന്ധതയില്‍ എത്തിക്കാതിരിക്കുവാന്‍ സമാന്യം സമ്പന്ന അയല്‍ രാജ്യമായ ചൈനയും ഇന്‍ഡ്യും സഹായിക്കുന്നത് ഉത്തമമായിരിക്കും. പാക്കിസ്ഥാന്റെ ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വ് 4.4 ബില്യണ്‍ ഡോളറായി കുറഞ്ഞ് വെറും 3 ആഴ്ചകളിലേക്കുള്ള ഇറക്കുമതിക്കു മാത്രമായി. പരിഹാരമാര്‍ഗ്ഗമായി പതിവിന്‍ പ്രകാരം സൗത്ത് ആഫ്രിക്കയില്‍നിന്നും 13 ബില്യണ്‍ യു.എസ്. ഡോളര്‍ കൂടി വായ്പ വാങ്ങുവാന്‍ ഉള്ള ആലോചന ഇപ്പോള്‍ നടക്കുന്നു.
പാക്കിസ്ഥാനെ ബാങ്ക്രപ്റ്റ്‌സിയില്‍നിന്നും ഐ.എം.എഫ് രക്ഷിക്കുവാനുള്ള ഉദ്യമങ്ങളും ഇപ്പോള്‍ കുറവായി അറിയപ്പെടുന്നു. 6 ബില്യണ്‍ ഡോളര്‍ 2019 ലും 1.1 ബില്യണ്‍ ഡോളര്‍ 2022 ആഗസ്റ്റ് മാസത്തില്‍ പ്രളയ ദുരിത നിവാരണത്തിനുമായി നല്‍കി. തുടര്‍ന്നുള്ള സാമ്പത്തിക സഹായം താത്ക്കാലികമായി ഐ.എം.എഫ് സസ്‌പെന്‍ഡ് ചെയ്തു. ലോണ്‍ വ്യവസ്ഥകള്‍ പാലിക്കുവാന്‍ പരാജയപ്പെട്ടതിലും സ്വയമായി പുരോഗമന മാര്‍ഗ്ഗങ്ങളോ സാമ്പത്തിക ഉന്നതിക്ക് ഉതകുന്ന പരിഹാരമോ കാണാത്തതിലും രാഷ്ട്രീയ കലാപം വര്‍ദ്ധിക്കുന്നതിനാലും സാമ്പത്തിക സഹായങ്ങള്‍ ഐ.എം.എഫ്. സസ്‌പെന്‍ഡ് ചെയ്തതായി എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ക്രിസ്റ്റാലിന ജോര്‍ജീവ മാദ്ധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞ ദിവസം 7 പാലസ്തീനിയന്‍ ഭീകരപ്രവര്‍ത്തകരെ ഇസ്രായേല്‍ പട്ടാളം വെടിവെച്ച് കൊന്നതിനെ പ്രതിഷേധിക്കുവാന്‍ പതിനായിരത്തിലധികം പാകിസ്ഥാന്‍ ജനത യഹൂദാ മതസ്ഥര്‍ക്ക് വിരോധമായ മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവിലിറങ്ങി. പാലസ്തീനിയന്‍ ജനതയില്‍ ആരുംതന്നെ വിപ്ലവവീര്യത്തോടെ യാതൊരുവിധ പ്രതിഷേധപ്രകടനങ്ങളും നടത്തിയില്ല.
2021 ലെ പാക്കിസ്ഥാന്റെ ജനസംഖ്യ 23 കോടി 14 ലക്ഷത്തില്‍നിന്നും യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പെറ്റക്‌സിന്റെ വസ്തുനിഷ്ഠമായ വെളിപ്പെടുത്തലിന്‍പ്രകാരം 2022 ല്‍ 23 കോടി 58 ലക്ഷമായി ഉയര്‍ന്നു. 7.96 ലക്ഷം സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രം വ്യാപനമുള്ള പാക്കിസ്ഥാനില്‍ പ്രതിവര്‍ഷം 44 ലക്ഷം ജനങ്ങള്‍ വര്‍ദ്ധിക്കുന്നു. 2020 ലെ ജനനമരണ സ്ഥിതിവിരക്കണക്കിന്‍പ്രകാരം ഒരു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 294.72 ജനങ്ങള്‍ വസിക്കുന്നു. അനുദിനം പെറ്റുപെരുകുന്ന വന്‍ ജനാവലിയുടെ അടിയന്തിരാവശ്യങ്ങള്‍ നിറവേറ്റുവാന്‍ നിയതി തന്നെ കനിയണം.
ദാരുണവും വൈഷമ്യവുമായ കടമ്പകള്‍ കടന്ന് സന്തുഷ്ടിയിലെത്തുവാന്‍ ശക്തമായ ജനന നിയന്ത്രണവും ആത്മാര്‍ത്ഥമായിത്തന്നെ കാര്‍ഷികോല്പന്നങ്ങളുടെ വര്‍ദ്ധനവും ഉണ്ടാകണം. എല്ലാ ഘട്ടങ്ങളിലും ഘടകങ്ങളിലും ഉപരിയായി ശക്തവും സത്യസന്ധതയോടുംകൂടിയ ഭരണകൂടവും പാക്കിസ്ഥാനിലുണ്ടാകണം.