അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയപ്പോള്‍ ഊര്‍ജ്ജം പകര്‍ന്ന് കൂടെ നിന്നവര്‍ പലരാണ്, അമേരിക്കയിൽ ഉള്ളവരും ഇന്ത്യയിൽ ഉള്ളവരും. ചിലരെ പരിചയപ്പെടാം
വിന്‍സെന്റ് ഇമ്മാനുവല്‍:
ഫിലാഡൽഫിയയിൽ ബിസിനസ്സുകാരനായ വിന്‍സെന്റ് ഇമ്മാനുവല്‍ നഴ്സുമാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത്, പരിചയത്തിലുള്ള ഒരു പാട് കുട്ടികള്‍ കേരളത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്ന വസ്തുത തിരിച്ചറിഞ്ഞതിനു ശേഷമാണ്. നഴ്സിംഗ് രംഗത്ത് യോഗ്യതാ മാനദണ്ഡങ്ങള്‍ വെക്കുന്നത് നീതിരഹിതമാണെന്ന് വാദിച്ച അദ്ദേഹം ഈ വിഷയം കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളുടേയും ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ആരും തന്നെ വേണ്ടത്ര ഗൗരവം നല്‍കിയില്ല. നിരവധി അഭിഭാഷകരെ കണ്ട് നിയമസഹായം തേടിയെങ്കിലും അതും ലഭിച്ചില്ല. ഒടുവില്‍ അഭിഭാഷകനായ സുരേഷ് പിള്ള വിഷയം ഏറ്റെടുക്കുകയും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അതില്‍ ഇടപെടുകയും ചെയ്തു. അങ്ങനെയാണ് വിഷയം സുപ്രീംകോടതിയിലെത്തുന്നത്. കോടതിയെപ്പോലും അമ്പരപ്പിച്ച യോഗ്യതാ മാനദണ്ഢങ്ങള്‍ എന്ന ഊരാക്കുടുക്കിന് അതോടെ അവസാനമായി.
ബ്രിജിറ്റ് വിന്‍സെന്റ്:ഭര്‍ത്താവ് വിന്‍സെന്റ് ഇമ്മാനുവലിനൊപ്പം എല്ലാക്കാര്യങ്ങള്‍ക്കും പിന്തുണ നല്‍കി കൂടെ നിന്നത് ബ്രിജിറ്റ് വിന്‍സെന്റായിരുന്നു. കേരളത്തില്‍ നഴ്സിംഗ് പഠിച്ച വ്യക്തി എന്ന നിലയില്‍ ഒരു നഴ്സിന് കേരളത്തിലും വിദേശ രാജ്യത്തും ലഭിക്കുന്ന പരിഗണനകളുടെ ഏറ്റക്കുറച്ചിലിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്ന ബ്രിജിറ്റ് വിന്‍സെന്റ് കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറായി.
അനില്‍ അടൂര്‍:ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അനില്‍ അടൂര്‍ നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കി കണ്ണാടി എന്ന പ്രോഗ്രാമില്‍ ഒരു സ്റ്റോറി ചെയ്തിരുന്നു. വിന്‍സെന്റ് ഇമ്മാനുവലും ഭാര്യ ബ്രിജിറ്റ് വിന്‍സെന്റുമാണ് ഈ വിഷയത്തെക്കുറിച്ച് അനില്‍ അടൂരിനെ ബോധ്യപ്പെടുത്തുകയും ഇത്തരമൊരു സ്‌പെഷ്യല്‍ സ്റ്റോറിയുടെ സാധ്യത ആരായുകയും ചെയ്തത്. അതായിരുന്നു എല്ലാത്തിന്റേയും തുടക്കം. നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും പുറംലോകം കൂടുതലായി അറിഞ്ഞത് കണ്ണാടിയിലെ സ്‌പെഷ്യല്‍ സ്റ്റോറി വഴിയായിരുന്നു. കുറഞ്ഞ വേതനവും ബോണ്ട് വ്യവസ്ഥയും യോഗ്യതാ മാനദണ്ഡങ്ങളും തുടങ്ങി നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളുമായ മുഴുവനാളുകളുടേയും പ്രശ്‌നങ്ങള്‍ പുറത്തുവന്നു. നഴ്‌സുമാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നഴ്‌സ് വെല്‍ഫയര്‍ അസോസിയേഷനെക്കുറിച്ചും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയരായ മനുഷ്യരെക്കുറിച്ചും കണ്ണാടി ലോകത്തെ അറിയിച്ചു.
ലൈലാ പീറ്റര്‍:നഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ രൂപീകരണമായിരുന്നു മാറ്റങ്ങളുടെ തുടക്കം. തന്റെയൊരു പേഴ്സണല്‍ ആവശ്യത്തിനായാണ് ഗവ. നഴ്‌സായ ലൈലാ പീറ്റര്‍ ആ സമയത്തെ കേന്ദ്ര ഹെല്‍ത്ത് മിനിസ്റ്ററുടെ ഭാര്യ കൂടിയായ ഉഷാ കൃഷ്ണ കുമാറിനെ ആദ്യമായി കാണാന്‍ പോകുന്നത്. ആ സന്ദര്‍ശനമാണ് നഴ്സസ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്ന സംഘടനയുടെ പിറവിക്ക് കാരണമായത്. സങ്കടങ്ങളും പരാതികളും പ്രശ്നങ്ങളുമായി നിരവധി നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ് തന്നെ സമീപിക്കുന്നതെന്ന് ഉഷാ കൃഷ്ണകുമാര്‍ അന്ന് പറഞ്ഞു.
തങ്ങളുടെ ജോലി മേഖലയില്‍ അവര്‍ അനുഭവിക്കുന്ന ചൂഷണം അതിശക്തമാണ്. എന്നാല്‍ നേരിട്ട് പ്രതികരിക്കാന്‍ ആര്‍ക്കും ധൈര്യമില്ല. പരസ്യമായി സമരവുമായി രംഗത്തിറങ്ങിയാല്‍ ഉള്ള ജോലി കൂടി നഷ്ടപ്പെടുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ സീനിയര്‍ നഴ്സായ ലൈലാ പീറ്ററിനോട് നഴ്സുമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൂടേ എന്നാദ്യമായി ചോദിച്ചത് ഉഷാ കൃഷ്ണകുമാറായിരുന്നു. ആ ചോദ്യം ലൈലാ പീറ്ററും കൂടെ വന്ന മറ്റ് ചില നഴ്സുമാരും ഏറ്റെടുത്തു.
ഗവണ്‍മെന്റ് സെക്ടറില്‍ ജോലി ചെയ്യുന്ന തങ്ങളെ ആരും ചോദ്യം ചെയ്യില്ല എന്ന സുരക്ഷിതത്വത്തിന്റെ തണലില്‍ സ്വകാര്യ മേഖലയിലെ ആയിരക്കണക്കിനു നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി അവര്‍ രംഗത്തിറങ്ങി. കൂടുതല്‍ ആധികാരികതകളൊന്നുമാവശ്യപ്പെടാതെ നഴ്സുമാരുടെ ക്ഷേമത്തിനും അവരെ സഹായിക്കുന്നതിനുമായി ഒരു നഴ്സ് വെല്‍ഫയര്‍ അസോസിയേഷന് രൂപം കൊടുത്തു. ഉഷാ കൃഷ്ണകുമാര്‍ സംഘടനയുടെ പ്രസിഡന്റായി. അവരോടൊപ്പം ലൈലാ പീറ്റര്‍, രതി ബാലചന്ദ്രന്‍, ലില്ലി മാത്യു, ജെസി സാജന്‍ തുടങ്ങി ഗവണ്‍മെന്റ് നഴ്സുമാരായ പതിനൊന്നോളം പേര്‍ സംഘടനയില്‍ ഭാരവാഹികളായി. നഴ്സുമാരുടെ ക്ഷേമത്തിനായി ഇങ്ങനെയൊരു സംഘടന രൂപം കൊണ്ടത് അറിഞ്ഞ നിമിഷം മുതല്‍ ഭാരവാഹികള്‍ക്ക് നേരിടേണ്ടി വന്നത് പരാതികളുടേയും സങ്കടങ്ങളുടേയും നൂറുകണക്കിന് ഫോണ്‍ വിളികളായിരുന്നു. 2012ലായിരുന്നു ഇത്.
ഡല്‍ഹിയില്‍ ഒരു ഒറ്റമുറിയെങ്കിലും വാടകക്ക് ലഭിക്കാന്‍ മാസം കുറഞ്ഞത് മൂവായിരം രൂപയെങ്കിലും വേണ്ട ആ സമയത്ത് നഴ്സിംഗ് ജോലി ചെയ്ത തുടക്കക്കാര്‍ക്ക് ലഭിച്ചിരുന്നത് വെറും രണ്ടായിരം രൂപയായിരുന്നു. ഭക്ഷണത്തിനുള്ള പൈസ പുറമേ കാണണം. താമസ സൗകര്യം അനുവദിക്കുന്ന ആശുപത്രികള്‍ പലതും ഒരു കുടുസ്സുമുറിയില്‍ നാലും അഞ്ചും പേരെ ഒന്നിച്ച് താമസിപ്പിക്കുകയാണ് ചെയ്തത്. രാവിലെ ഒരു ചായ മാത്രം കുടിച്ച് ജോലിക്ക് പോകുന്ന പലര്‍ക്കും പത്തും പന്ത്രണ്ടും പതിനാലും മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വന്നു. ഇതിനിടെ ഭക്ഷണം കഴിച്ചാലായി. മലയാളി വിദ്യാര്‍ത്ഥികളും മണിപ്പൂരി വിദ്യാര്‍ത്ഥികളുമാണ് ഏറ്റവും കൂടുതല്‍ ചൂഷണത്തിനിരയായിക്കൊണ്ടിരുന്നത്. ഇതിനെല്ലാം പുറമേയായിരുന്നു ബോണ്ട് എന്ന പേരില്‍ വിദ്യാര്‍ത്ഥികളോട് കാണിച്ചിരുന്ന അതിക്രമം. പഠനത്തിന് ചേരുന്ന സമയത്ത് വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മുതല്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും മാനേജ്മെന്റ് വാങ്ങി വെക്കും. പഠന ശേഷം മൂന്നു വര്‍ഷത്തെ നിര്‍ബന്ധിത ജോലി കാലാവധി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കൂ.
ഇതിനിടെ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും മറ്റു പലയിടത്തും ജോലി ശരിയായാലും സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ പോകാന്‍ സാധിക്കില്ല. സ്വന്തം കല്യാണത്തിനു പോലും ഒരു വിദ്യാര്‍ത്ഥിനിക്ക് അഞ്ച് ദിവസത്തെ ലീവ് മാത്രമാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. താലി കെട്ട് കഴിഞ്ഞ അന്നു വൈകുന്നേരം ആ കുട്ടി തിരികെ ഹോസ്പിറ്റലിലേക്ക് ട്രെയിന്‍ കയറി. ഇങ്ങനെ നൂറുകണക്കിന് സങ്കടങ്ങളാണ് ഓരോ ദിവസവും വിദ്യാര്‍ത്ഥികള്‍ നഴ്സസ് വെല്‍ഫയര്‍ അസോസിയേഷനെ വിളിച്ചറിയിച്ചത്. കേട്ടാല്‍ ഹൃദയമുള്ളവര്‍ക്ക് മരവിപ്പ് തോന്നുന്ന സങ്കടങ്ങള്‍. പരാതികളുമായെത്തിയ വിദ്യാര്‍ത്ഥികളോട് സംഘടനയില്‍ അംഗത്വമെടുക്കാന്‍ ആവശ്യപ്പെട്ടു. ക്രമേണെ രണ്ടായിരത്തിലധികം മലയാളി നഴ്സുമാരാണ് സംഘടനയില്‍ അംഗത്വമെടുത്തത്. ഓരോ പരാതിയും സശ്രദ്ധം ശ്രവിച്ച അസോസിയേഷന്‍ പ്രശ്നങ്ങളില്‍ ഇടപെട്ടു തുടങ്ങിയതോടെ ഇങ്ങനെയൊരു സംഘടനയെ ആശുപത്രി മാനേജുമെന്റുകള്‍ നോട്ടമിട്ടു തുടങ്ങി.
ഇതിനിടെ അപ്പോളോ ആശുപത്രിയില്‍ മലയാളം സംസാരിച്ചുവെന്ന കാരണത്തില്‍ ഒരു നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ അധികൃതര്‍ പൂട്ടിയിട്ട വാര്‍ത്തയെത്തി. വിവരമറിഞ്ഞയുടന്‍ തന്നെ അസോസിയേഷന്‍ പ്രതിനിധികള്‍ ആശുപത്രിയിലെത്തുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെച്ചതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ട പലരും സംഘടനയെ സമീപിച്ചപ്പോള്‍ പ്രതിനിധികള്‍ കൃത്യമായി ഇടപെടുകയും ആശുപത്രി അധികൃതരോട് സംസാരിച്ച് പലര്‍ക്കും സര്‍ട്ടിഫിക്കറ്റ് തിരിച്ച് മേടിച്ചു കൊടുക്കുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ വരെ മുടക്കി ബിഎസ് സി നഴ്സിംഗും മൂന്നു ലക്ഷം രൂപ വരെ മുടക്കി ജനറല്‍ നഴ്സിംഗും പഠിച്ച വിദ്യാര്‍ത്ഥികളില്‍ പലരും ലോണെടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. ഇത്ര ഭീമമായ തുക പഠനത്തിനായി ചെലവഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടായിരം രൂപയാണ് ഡല്‍ഹിയിലെ മെട്രോ ആശുപത്രി പോലെയുള്ള പല സ്വകാര്യ ആശുപത്രികളും നല്‍കിയിരുന്നത്.
ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയെത്തുടര്‍ന്ന് സംഘടനാ പ്രതിനിധികള്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്ര കുറഞ്ഞ തുകയാണ് അവര്‍ക്ക് നല്‍കുന്നതെന്ന് അറിയില്ലെന്നും ഉടന്‍ പണം കൂട്ടി നല്‍കാമെന്നുമുള്ള ഉരുണ്ടുകളിയാണ് അധികൃതര്‍ നടത്തിയത്. ഇതേത്തുടര്‍ന്ന് ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാരെ സംഘടിപ്പിച്ച് സമരം ശക്തമാക്കുകയും അതില്‍ തുടര്‍ നടപടികളുണ്ടാകുകയും ചെയ്തു. ജോലിക്കിടെ മരണപ്പെട്ട വിദ്യാര്‍ത്ഥികളോട് പോലും പല സ്വകാര്യ ആശുപത്രികളും നീതി കാണിച്ചില്ല. മൃതശരീരം വിട്ടുനല്‍കണമെങ്കില്‍ കരാര്‍ പ്രകാരമുള്ള തുക കെട്ടി വെക്കണമെന്ന് ആശുപത്രി മാനേജ്മെന്റുകള്‍ കുട്ടികളുടെ കുടുംബാംഗങ്ങളോട് യാതൊരു കരുണയുമില്ലാതെ ആവശ്യപ്പെട്ടു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ നടത്തിയത്. പല കുട്ടികളുടേയും മൃതശരീരം ഉപാധികള്‍ കൂടാതെ വിട്ടു നല്‍കുന്നതിന് ഉഷാ കൃഷ്ണകുമാറിന്റേയും സംഘത്തിന്റേയും അതിശക്തമായ ഇടപെടല്‍ കാരണമായി.
വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഓരോ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന് സംഘടന സമരം ചെയ്തു. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവരെ പ്രാപ്തരാക്കി. ബോണ്ടിന്റെ ഊരാക്കുടുക്കിലകപ്പെട്ട് ശ്വാസം മുട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് വിടുതലായി അസോസിയേഷന്‍ പ്രവര്‍ത്തിച്ചു. സംഘടനയുടെ പ്രത്യേക ഇടപെടല്‍ വഴി ഡല്‍ഹി ആരോഗ്യവകുപ്പില്‍ നിന്ന് 837 ഓളം സ്വകാര്യ ആശുപത്രികള്‍ക്ക് ബോണ്ട് സമ്പ്രദായം എടുത്തു മാറ്റേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സര്‍ക്കുലര്‍ അയച്ചു. ആ പ്രവര്‍ത്തനം ഫലം കണ്ടു. 2016 ഓടെ ബോണ്ട് സമ്പദായം അവസാനിപ്പിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. അനീതിയുടേയും ചൂഷണത്തിന്റേയും വലിയൊരു ചരിത്രത്തിനാണ് അതോടെ തിരശ്ശീല വീണത്. പിന്നീട് കാലക്രമേണെ കുറഞ്ഞ വേതനം 20,000 രൂപയാക്കണമെന്ന സുപ്രീംകോടതി വിധിയുണ്ടായെങ്കിലും അതൊന്നും ഇപ്പോഴും പൂര്‍ണ്ണമായി നടപ്പിലായിട്ടില്ലെന്ന് ലൈലാ പീറ്റര്‍ പറയുന്നു.
നല്ല ശമ്പളവും എല്ലാ വിധ ആനുകൂല്യങ്ങളും ലഭിക്കുന്ന ഗവണ്‍മെന്റ് സ്റ്റാഫായിരുന്നിട്ടും തങ്ങളുടെ അതേ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ നഴ്സുമാര്‍ അനുഭവിക്കുന്ന യാതനകള്‍ കണ്ടപ്പോള്‍ അവര്‍ക്കു വേണ്ടി ഇറങ്ങിത്തിരിച്ച ലൈലാ പീറ്ററിനെപ്പോലെയുള്ള നിരവധി ഗവണ്‍മെന്റ് നഴ്സുമാരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ എല്ലാം പഴയതു പോലെ തുടര്‍ന്നേനെ. എന്നാലിപ്പോഴും സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നഴ്സമുാര്‍ക്ക് അനുകൂലമല്ല. ഗവണ്‍മെന്റ് നഴ്സായി ജോലിയില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് തുടക്കത്തില്‍ എണ്‍പതിനായിരം രൂപ വരെ ശമ്പളം ലഭിക്കുമ്പോള്‍ അതേ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ നഴ്സിന് ലഭിക്കുന്ന പന്ത്രണ്ടായിരവും പതിനാലായിരവും പതിനാറായിരവുമൊക്കെയാണ്. ഒരു സമാധാനമുള്ളത് ബോണ്ടില്ലാത്തതിനാല്‍ പഠനം കഴിഞ്ഞയുടന്‍ നല്ല വേതനം ലഭിക്കുന്ന ഇടത്തേക്ക് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പോകാമെന്നതാണ്.
എല്ലാവിധ സൗകര്യങ്ങളും ആനുകൂല്യങ്ങളും ഉയര്‍ന്ന വേതനവും മികച്ച ജീവിത സൗകര്യങ്ങളുമായി വിദേശ രാജ്യങ്ങള്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ മാടി വിളിക്കുന്നു. പഠനം കഴിഞ്ഞയുടന്‍ കടല്‍ കടക്കാനൊരുങ്ങിയാണവര്‍ പഠിക്കാനിറങ്ങുന്നത് തന്നെ. സംസ്ഥാനത്ത് നഴ്സുമാരുടെ ഗണ്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അവരെ ഇവിടെ പിടിച്ചു നിര്‍ത്താന്‍ ആവശ്യമായതൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. അതിനാലവര്‍ കടല്‍ കടക്കുക തന്നെ ചെയ്യും. ലോണടക്കണം, കുടുംബം നോക്കണം, ഉപരി പഠനം നടത്തണം, പിന്നെ ഒരുപാടൊരുപാട് സ്വപ്നങ്ങള്‍ സ്വന്തമാക്കണം. അതിനെല്ലാം ചെയ്യുന്ന ജോലിക്ക് അര്‍ഹമായ പ്രതിഫലമെങ്കിലും ലഭിച്ചേ തീരൂ.
ഉഷാ കൃഷ്ണകുമാര്‍:
മുന്‍ കേന്ദ്രമന്ദ്രിയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായിരുന്ന എസ് കൃഷ്ണകുമാര്‍ ഐഎഎസിന്റെ ഭാര്യയാണ് ഉഷാ കൃഷ്ണകുമാര്‍. 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ എത്തിയ ഉഷാ കൃഷ്ണകുമാര്‍ മഹിളാ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. നഴ്‌സുമാര്‍ക്കായി ഒരു വെല്‍ഫയര്‍ അസോസിയേഷന്‍ ഏറ്റവുമാദ്യം തുടങ്ങിയത് തങ്ങളാണെന്ന് ഉഷാ കൃഷ്ണകുമാര്‍ പറഞ്ഞു. അതിനു മുന്‍പ് നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മറ്റൊരു സംഘടനകളും ഉണ്ടായിരുന്നില്ല. മഹിളാകോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുള്ള പരിചയവും വിശാലമായ സുഹൃദ്ബന്ധങ്ങളും നഴ്‌സുമാര്‍ക്കായി പ്രവര്‍ത്തിക്കാനും ആവശ്യാനുസരണം സഹായങ്ങളെത്തിക്കാനും ഉഷാ കൃഷ്ണകുമാറിന് ഉപകരിച്ചു.
മഹിളാ കോണ്‍ഗ്രസ് ദേശീയ ജോയിന്റെ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി, ദേശീയ പ്രസിഡന്റ് എന്നിങ്ങനെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഉഷാ കൃഷ്ണകുമാറിന്റെ പരിചയസമ്പത്ത് നഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ ചടുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി.
വേതന വര്‍ദ്ധനവിനും ബോണ്ട് നിര്‍ത്തലാക്കുന്നതിനുമെല്ലാം തങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങള്‍ ഒരു പരിധിയോളം വിജയം കണ്ടുവെന്നും ഉഷാകൃഷ്ണകുമാര്‍ പറഞ്ഞു. നഴ്‌സിംഗ് ജോലി മേഖലയിലെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റം വരുത്താന്‍ തങ്ങളുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി സുപ്രീംകോടതിയില്‍ റിട്ട് ഫയല്‍ സമര്‍പ്പിക്കുകയും അതേത്തുടര്‍ന്ന് സുപ്രീംകോടതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ഇക്കാര്യത്തില്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഡല്‍ഹിയിലെ ആശുപത്രികളില്‍ അന്ന് ജോലി ചെയ്തിരുന്നവരില്‍ കൂടിയ പങ്കും മലയാളികളായിരുന്നു.
നഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇപ്പോഴും പ്രവര്‍ത്തന നിരതമാണ്. എന്നാല്‍ തുടക്കത്തില്‍ ഉണ്ടായിരുന്നതുപോലെയുള്ള പരാതികള്‍ ഇപ്പോഴില്ല. അതില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ജോലി മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തങ്ങളെ സമീപിക്കുന്നവര്‍ ചുരുക്കമാണെന്ന് ഉഷാ കൃഷ്ണകുമാര്‍ പറയുന്നു. ഇത് മാറ്റങ്ങളുടെ സൂചനയാണ്. ഇന്ന് വിദേശ രാജ്യങ്ങളില്‍ മലയാളി നഴ്‌സുമാര്‍ക്ക് വന്‍ ഡിമാന്‍ഡാണ്. എല്ലാ വിധ ഓഫറുകളും നല്‍കി മലയാളി നഴ്‌സുമാരെ തങ്ങളുടെ ആശുപത്രികളിലേക്ക് സ്വീകരിക്കാന്‍ വിദേശ രാജ്യങ്ങള്‍ ഒരുക്കമാണ്. ആ മാറ്റം കണ്ടറിഞ്ഞ് നഴ്‌സുമാര്‍ കൂട്ടത്തോടെ രാജ്യം വിടുകയാണ്. ഇതനുസരിച്ച് സംസ്ഥാനത്ത് നഴ്‌സുമാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാകുന്നു. എന്നാല്‍ നഴ്‌സുമാര്‍ക്ക് ഇവിടെ അര്‍ഹമായ പ്രതിഫലവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ നടപടികളും ഉണ്ടാകുന്നില്ല. ആ സ്ഥിതിക്ക് നഴ്‌സുമാര്‍ ഇനിയും ഇന്ത്യ വിട്ട് പോകുക തന്നെ ചെയ്യുമെന്ന് ഉഷാ കൃഷ്ണകുമാര്‍ പറഞ്ഞു.
തുടരും...