Image

കട്ടനാടൻ യൂണിവേഴ്സിറ്റി (ബാംഗ്ലൂര്‍ ഡേയ്‌സ്- ഹാസ്യനോവല്‍-32: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 07 February, 2023
കട്ടനാടൻ യൂണിവേഴ്സിറ്റി (ബാംഗ്ലൂര്‍ ഡേയ്‌സ്- ഹാസ്യനോവല്‍-32: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

ഞങ്ങളുടെ ബിസ്സിനസ്സ് പ്ലാനുകൾ ഓരോന്നായി പരാജയപ്പെടുകയായിരുന്നു.ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങി അത് വളർന്ന് ലോകം മുഴുവൻ ഞങ്ങളുടെ കമ്പനിയുടെ ബ്രാഞ്ചുകൾ തുറന്ന്  വലിയ കോർപറേറ്റ് മുതലാളിമാരാകുന്ന സ്വപ്നം തകർന്നടിഞ്ഞിരിക്കുന്നു.

ജോർജുകുട്ടി പറഞ്ഞു,"നമ്മൾ കുറച്ചു കൂടി ബിസ്സിനസ്സ്  സംബന്ധമായ കാര്യങ്ങൾ പഠിക്കേണ്ടത് ആയിട്ടുണ്ട് അതുകൊണ്ട് നമ്മൾക്ക് എം.ബി.എ.അല്ലങ്കിൽ ഡോക്ട്രേറ്റ് എടുക്കണം.നമ്മളുടെ പേരും ബിരുദവും കാണുമ്പൊൾ ഒരു എക്സ്ട്രാ ബഹുമാനം ആളുകൾക്ക് തോന്നും."

അത് ശരിയാണ് എന്ന് എനിക്കും തോന്നി.കാര്യം ആരുപറഞ്ഞാലും നമ്മൾ ബഹുമാനിക്കണം ,സ്വീകരിക്കണം.ഞാൻ എൻ്റെ പേരിൻറെ പിറകിൽ ഒരു ഡോക്ട്രേറ്റ് ചേർത്തുനോക്കി.പിന്നെ ജോർജ്‌കുട്ടിയുടെ പേരും ,"ഡോക്ടർ പി.സി.ജോർജ്‌കുട്ടി ,ആ കുഴപ്പമില്ല."

"റിച്ച്മണ്ട് സർക്കിളിനടുത്തു് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൗത്ത് ഇന്ത്യൻ ലാങ്‌വേജസ്സ്‌ എന്ന ഒരു സ്ഥാപനമുണ്ട്.അവിടെ അന്വേഷിച്ചാൽ ഡോക്ട്രേറ്റ് ചെയ്യുന്നതിന് അവർക്ക് സഹായിക്കാൻ കഴിയും."സുഹൃത്ത് ഗംഗാധരൻ പറഞ്ഞു.

അവിടെ ഒന്ന് അന്വേഷിച്ചുകളയാം  എന്ന് ഞങ്ങൾ തീരുമാനിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൗത്ത് ഇന്ത്യൻ ലാങ്‌വേജസ്ൻറെ  ഡയറക്ടർ ഒരു മലയാളിയാണ്.പേര്, ഡോക്ടർ ശിവൻകുട്ടി പി.എസ്സ്.

ഗംഗാധരൻറെ പരിചയക്കാരനാണ് എന്നുപറഞ്ഞപ്പോൾ ഞങ്ങൾക്ക് ഉത്സാഹം വർദ്ധിച്ചു.

ഞങ്ങൾ കാലത്തു് ഓഫീസിൽ ചെല്ലുമ്പോൾ ഒരു പത്തിരുപത് പേർ ഡോക്ടർ ശിവൻകുട്ടിയെ  കാണാൻ കാത്തുനിൽപ്പുണ്ട്.ഞങ്ങൾ പ്യൂണിനെ ചാക്കിട്ടു അപ്പോയിൻമെൻറ്  നേരത്തെയാക്കിയെടുത്തു.

ഡോക്ടർ ശിവൻകുട്ടി ഇരിക്കാൻ പറഞ്ഞു.സുമുഖനായ ഒരു ചെറുപ്പക്കാരൻ,സരസമായി സംസാരിക്കും.ഞങ്ങൾ ഒരു വയസൻ പ്രൊഫസറെയാണ് ആ സ്ഥാനത്തു് പ്രതീക്ഷിച്ചിരുന്നത്.

ഞങ്ങൾ ആവശ്യം പറഞ്ഞു,ഞങ്ങൾക്ക് ഡോക്ട്രേറ്റ് എടുക്കണം,പിന്നെ അധികം അതിനുവേണ്ടി പണിയെടുക്കാൻ പറ്റില്ല.നല്ല ഒരു ഗൈഡിനെ  കണ്ടുപിടിച്ചുതരണം.

എല്ലാം അയാൾ മൂളിക്കേട്ടു.അതിനിടയിൽ ജോർജ്‌കുട്ടി എന്നെ ഒന്നുതോണ്ടി ,എന്നിട്ടു പതുക്കെ പറഞ്ഞു."ഇവനെ എവിടെയോ കണ്ടുപരിചയം തോന്നുന്നുണ്ട്."

"താനൊന്ന് വെറുതെയിരിക്ക്,അയാൾ പറയട്ടെ."ഞാൻ പതുക്കെ പറഞ്ഞു.

"നിങ്ങളുടെ അഭിപ്രായപ്രകാരമുള്ള തീസീസ്സ് ആണെങ്കിൽ അൻപതിനായിരം രൂപ ചെലവ് വരും.ഞങ്ങൾ തരുന്ന തീസീസ്സ് എടുക്കുകയാണെങ്കിൽപകുതി തുക.ഇരുപത്തിഅയ്യായിരം രൂപയ്ക്ക് ഡോക്ട്രേറ്റ് തരപ്പെടുത്താം".

"അപ്പോൾ ഞങ്ങൾ ഒന്നും  ചെയ്യേണ്ടതില്ല?"

"എന്തിന് ചെയ്യണം?എല്ലാം ഞങ്ങൾ ചെയ്യും.നിങ്ങൾ കാശുതന്നാൽ മതി.

"അത് കൊള്ളാം.ഇപ്പോൾ നിങ്ങളുടെ കയ്യിൽ എന്ത് പ്രോജക്ട് ആണ് ഉള്ളത്?"

"തേങ്ങാക്കുല"

"അതിന് നിങ്ങളെന്തിനാ ചൂടാകുന്നത്?തേങ്ങാക്കുല എന്ന് പറയുന്നത്?ഞങ്ങൾക്ക് ചോദിക്കാനും അവകാശമില്ലേ?"

"സുഹൃത്തേ, ഞാൻ ചൂടായതല്ല,ഇപ്പോൾ കയ്യിൽ തയ്യാറുള്ള ഡോക്ട്രേറ്റിനുള്ള  തീസിസ് തേങ്ങാക്കുലയാണ് എന്നാണ് പറഞ്ഞത്."

"എൻ്റെ  സുഹൃത്തിനും വേണം ഒരു ഡോക്ട്രേറ്റ്?"ഞാൻ പറഞ്ഞു.

"സുഹൃത്ത് മാങ്ങാണ്ടി എടുത്തോട്ടെ."

"അതുകൊള്ളാം ,ജോർജ്‌കുട്ടിക്ക് ചേർന്ന വിഷയമാണ്."

"പൈലോപ്പള്ളിയുടെ വഴക്കുലയുണ്ടായിരുന്നു.കഴിഞ്ഞ ആഴ്ചയിൽ ഒരു ചേച്ചി അത് വാങ്ങി."ഡോ.ശിവൻകുട്ടി പറഞ്ഞു.

"പൈലോപ്പള്ളിയോ?അതാരാ?നിങ്ങൾ ഉദ്ദേശിക്കുന്നത്  വൈലോപ്പിള്ളിയെ ആണോ?"

"ആ അതുതന്നെ.അദ്ദേഹത്തിൻറെ വാഴക്കുലയുടെ കാര്യമാണ് പറഞ്ഞത്."

"അപ്പോൾ ചങ്ങമ്പുഴയുടെ വഴക്കുലയോ?"

"ചങ്ങമ്പുഴയോ അതാരാ?.ചിലപ്പോൾ അയാൾ എഴുതിയത് നേന്ത്ര വഴക്കുലയായിരിക്കും."ഡോ.ശിവൻകുട്ടി പറഞ്ഞു.

"ശരി,നിങ്ങൾ വാഴക്കുല വായിച്ചിട്ടുണ്ടോ?എന്താണ് അതിൻറെ ഇതിവൃത്തം?"ജോർജ്‌കുട്ടി ചോദിച്ചു.

അയാൾ അമ്പരന്ന് ഞങ്ങളെ നോക്കി."നിങ്ങൾ എന്നെ ചോദ്യം ചെയ്യാൻ വന്നതാണോ?നിങ്ങൾക്ക് ഡോക്ട്രേറ്റ് ആവശ്യമുണ്ടോ?വെറുതെ സമയം കളയാൻ ഇല്ല.വേറെ ആളുകൾ കാത്തുനിൽക്കുന്നു."

പെട്ടന്ന് ജോർജ്‌കുട്ടി ചോദിച്ചു,ഡോ.ശിവൻകുട്ടി നിങ്ങൾ, രണ്ടു വർഷം  മുൻപ് കൃഷ്ണരാജപുരത്തുള്ള കെ.ആർ.മെറ്റൽ വർക്‌സിൽ വെൽഡർ ആയി ജോലി നോക്കിയിരുന്നോ എന്ന് ഒരു സംശയം.ഞങ്ങൾക്ക് പരിചയം ഉള്ള ആളാണ് അതിൻറെ ഉടമ.നിങ്ങളെ ഞാൻ അവിടെ കണ്ടിട്ടുണ്ട്.സ്കൂൾ വിദ്യാഭ്യാസം ഇല്ലാത്ത നിങ്ങൾ എങ്ങനെ ഡോക്ടർ ആയി.?"

"സ്കൂൾ വിദ്യാഭ്യാസം ഇല്ല എന്ന് പറയരുത്.ഞാൻ പത്താംക്‌ളാസ് വരെ പഠിച്ചിട്ടുണ്ട്.ജയിച്ചില്ലങ്കിലും സ്കൂളിൽ പോയിട്ടുണ്ട്".

"പത്താംക്‌ളാസ്സ് പഠിച്ചിട്ടുള്ള അദ്ദേഹത്തെ പരിഹസിക്കരുത്.പക്ഷെ നിങ്ങൾ എങ്ങനെ റിസേർച്ചിനുവേണ്ട പ്രോജക്‌ട് തയാറാക്കും?"ഞാൻ ചോദിച്ചു 

"അതിന് എന്തിന് സ്കൂളിൽ പോകണം?ഞങ്ങളുടെ കട്ടനാടൻ യൂണിവേഴ്സിറ്റിയിൽ അതിൻറെ ആവശ്യം ഇല്ല.നിങ്ങൾ യൂണിവേഴ്സിറ്റി ഓഫ് കുമ്പനാട് എന്നുകേട്ടിട്ടില്ലേ?അതുപോലെ ജനങ്ങളിലേക്ക് യൂണിവേഴ്സിറ്റി ഇറങ്ങിച്ചെന്ന് അവരെ വിദ്യാസമ്പന്നർ ആക്കുകയാണ് ഞങ്ങളുടെ കട്ടനാടൻ യൂണിവേഴ്സിറ്റിയുടെ ലക്‌ഷ്യം."

"പോലീസും മറ്റ് യൂണിവേഴ്സിറ്റികളും നിങ്ങൾക്ക് എതിരായി നടപടി എടുക്കില്ലേ?"

"നിങ്ങൾ വെറും ശിശുക്കൾ,നടപടിയെടുക്കേണ്ടവരുടെയെല്ലാം  ഡിഗ്രികൾ  ഞങ്ങൾ വിറ്റതാണ്.കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് ഞങ്ങൾ എത്രപേരെ വിദ്യാസമ്പന്നർ ആക്കിയിരിക്കുന്നു.അതുകൊണ്ട് നിങ്ങൾ രണ്ടുപേരും എന്നെ ബ്ലാക്ക് മെയിൽ ചെയ്യാം എന്ന് കരുതണ്ട.വേണമെങ്കിൽ കട്ടനാട് യൂണിവേഴ്സിറ്റിയുടെ നിരക്കിൽ അല്പം ഡിസ്‌കൗണ്ട് തരാം." 

"എങ്കിൽ പിന്നെ ഞങ്ങൾ എന്തിന് മടിക്കണം?ഒരു തേങ്ങാക്കുലയും ഒരു മാങ്ങാണ്ടിയും നമ്മൾക്ക് ബുക്ക് ചെയ്യാം അല്ലെ?"ജോർജ്‌കുട്ടി പറഞ്ഞു.

# Bangalore days-32

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക