ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള തങ്ങളുടെ അഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ ടെക്നോളജീസ്.
ചില വിപണി സാഹചര്യങ്ങളെ നേരിടാനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് കമ്പനിയുടെ കോ-ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി വന്‍കിട ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഡെല്ലിന്റെയും മറ്റ് ഹാര്‍ഡ്വെയര്‍ നിര്‍മാതാക്കളുടെയും ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും 2022-ന്റെ നാലാം പാദത്തോടെ കമ്പ്യൂട്ടര്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞതായി ഇന്‍ഡസ്ട്രി അനലിസ്റ്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) പറഞ്ഞു. പ്രമുഖ കമ്പനികളുടെ കാര്യമെടുത്താല്‍, ഡെല്‍ ആണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. 2021നെ അപേക്ഷിച്ച് 37 ശതമാനം കുറവാണ് ഡെല്ലിന്റെ കയറ്റുമതിയില്‍ ഉണ്ടായത്. പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ വില്‍പനയില്‍ നിന്നാണ് ഡെല്‍ തങ്ങളുടെ വരുമാനത്തിന്റെ 55 ശതമാനവും നേടുന്നതെന്നും ഐഡിസി ചൂണ്ടിക്കാട്ടി.
ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി പുതിയ നിയമനങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണെന്നും യാത്രാ ചെലവുകള്‍ വെട്ടിക്കുറക്കുകയാണെന്നും ജെഫ് ക്ലാര്‍ക്ക് അറിയിച്ചു. കമ്പനിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമമെന്നും ഡെല്‍ വക്താവ് അറിയിച്ചു.
ഒക്ടോബര്‍ 28-ന് അവസാനിച്ച പാദത്തില്‍ ഡെല്ലിന്റെ വില്‍പനയില്‍ 6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ''നമ്മള്‍ മുന്‍പും സാമ്പത്തിക മാന്ദ്യങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ കൂടുതല്‍ കരുത്തരായതേ ഉള്ളൂ. വിപണിയില്‍ ഉണര്‍വുണ്ടാകുമ്പോള്‍ നമ്മളും ഉയിര്‍ത്തെഴുന്നേല്‍ക്കും'', ക്ലാര്‍ക്ക് ജീവനക്കാര്‍ക്കുള്ള കുറിപ്പില്‍ എഴുതി.
പേഴ്സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ എച്ച്പിയും 6000 തൊഴിലാളികളെ പിരിച്ചു വിടാന്‍ പോകുകയാണെന്ന് ഇക്കഴിഞ്ഞ നവംബറില്‍ അറിയിച്ചിരുന്നു. സിസ്‌കോ സിസ്റ്റംസ്, ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പറേഷന്‍ എന്നിവരും 4,000 തൊഴിലാളികളെ പിരിച്ചു വിടുമെന്ന് പറഞ്ഞിരുന്നു. ടെക് മേഖലയില്‍ മാത്രം 2022ല്‍ 97,171 പിരിച്ചുവിടലുകളാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരില്‍ 12,000 പേരെ പിരിച്ചുവിടുമെന്ന് ടെക് ഭീമനായ ഗൂഗിളും അടുത്തിടെ അറിയിച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയും ചെലവ് ചുരുക്കലിന്റെ ഭാഗമായും ആണ് ഒറ്റയടിക്ക് ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇക്കാര്യം സിഇഒ സുന്ദര്‍ പിച്ചൈ മെയിലിലൂടെ ജീവനക്കാരെ അറിയിച്ചിരുന്നു.
''ഞങ്ങള്‍ക്കു വേണ്ടി കഠിനാധ്വാനം ചെയ്യുകയും ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന അസാധ്യ കഴിവുകളുള്ള ചില ആളുകളോട് വിട പറയേണ്ട അവസ്ഥ വന്നിരിക്കുന്നു. അതില്‍ ഞാന്‍ അഗാധമായി ഖേദിക്കുന്നു. ഈ മാറ്റങ്ങള്‍ അവരുടെ ജീവിതത്തെ ബാധിക്കുമെന്ന വസ്തുത എന്നെ വല്ലാതെ ഭാരപ്പെടുത്തുന്നു. കഠിനമായ, എന്നാല്‍ ഒഴിവാക്കാനാവാത്ത ഈ തീരുമാനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു'', എന്നും പിച്ചൈ പറഞ്ഞിരുന്നു.
പി പി ചെറിയാന്‍