Image

CC 8/AD 36   ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍ അധ്യായം-15: സലിം ജേക്കബ്)

Published on 15 February, 2023
CC 8/AD 36   ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍ അധ്യായം-15: സലിം ജേക്കബ്)

വരദാത്തോസ് ഓരോ വാദത്തിനുമിടയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കുറിക്കുമായിരുന്നു. അങ്ങനെ കുറിക്കുന്ന കാര്യങ്ങള്‍ പലയാവര്‍ത്തി വായിച്ച് അതിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളുക അദ്ദേഹം പതിവാക്കിയിരുന്നു. കുറ്റവാളികളെ ആര്‍ദ്രതയോടെ വീക്ഷിക്കുന്ന അദ്ദേഹത്തിന് ജൂദാസിനെ വെറുതെ വിടാനുള്ള കാരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല.

ജോസഫിന്റെ പുത്രന്‍ ജറുസലേം നഗരത്തിലേയും പള്ളികളിലേയും നിത്യ സന്ദര്‍ശകനായിരുന്നു. പുരോഹിതന്മാരുമായി വാഗ്വാദം നടത്തിയ ആള്‍- പള്ളിയില്‍ നിന്നും കച്ചവടക്കാരെ പുറത്താക്കിയ ആള്‍- ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമായിരുന്നു. യേശുവിനെ ഒരിക്കല്‍ കണ്ടിട്ടുള്ള സാമാന്യബുദ്ധിയുള്ള ആര്‍ക്കും അദ്ദേഹത്തെ തിരിച്ചറിയുവാന്‍ കഴിയും. ഈ ഒരു കാരണംകൊണ്ടുതന്നെ കേസ് തള്ളാവുന്നതേയുള്ളു. കാരണം, ചുംബനം കൊണ്ട് യേശുവിനെ കാണിച്ചുകൊടുത്തു എന്നതാണ് കേസ്. ഏവര്‍ക്കും പരിചിതനായ ഒരാളെ കാണിച്ചുകൊടുക്കേണ്ടതില്ലല്ലോ. കേസിലെ സാക്ഷികളില്‍ ഒരാളായ ഫാദര്‍ മാത്യു മറ്റം പറമ്പില്‍ എന്ന മത്തായി പറഞ്ഞതനുസരിച്ച് തന്നെ പിടിക്കാനായി വന്ന ആള്‍ക്കൂട്ടത്തോട് യേശുപറഞ്ഞത് ഇപ്രകാരമാണല്ലോ!

'ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍ വാളും വടിയുമായി വന്നിരിക്കുന്നു; ഞാന്‍ ദിവസേന ഉപദേശിച്ചുകൊണ്ട് ദൈവാലയത്തില്‍ ഇരുന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല'.

പോരാത്തതിന്, ജൂദാസ് ആയിരിക്കും തന്നെ കാണിച്ചുകൊടുക്കുക എന്ന യേശു പറഞ്ഞത് ഒരൊറ്റയാളെ കേട്ടതായി പറയുന്നുള്ളു- യോഹന്നാന്‍. 

മാത്രവുമല്ല, യേശു ശിഷ്യന്മാരോടൊപ്പം വിശ്രമിച്ചിരുന്ന സ്ഥലത്തുനിന്നും നഗരത്തില്‍ പോയാണ് ജൂദാസ് പട്ടാളക്കാരെ കൂട്ടിവന്നതെന്നും അതിനു പ്രതിഫലമായി 30 വെള്ളിക്കാശ് ജൂദാസ് വാങ്ങിയെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ഈ ഗൂഢാലോടന നടത്തിയ സ്ഥലത്തെപ്പറ്റിയോ, സമയത്തെപ്പറ്റിയോ, കുറ്റപത്രത്തില്‍ പറയുന്നില്ല. സംഭവത്തിനുമുമ്പോ അതിനുശേഷമോ ജൂദാസ് മഹാപുരോഹിതന്മാരെ കണ്ടതായി മൊഴിയുമില്ല. ഇതിനൊക്കെ മേമ്പൊടിയായി സ്വച്ഛജടാതൈലത്തിന്റെ കാര്യവും, കുറ്റവാളിയായി ഒരുവനെ ചിത്രീകരിച്ചു കഴിഞ്ഞാല്‍ അവന്‍ ചെയ്ത പ്രവൃത്തികള്‍ക്ക് പല വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. ഇതൊക്കെ ജൂദാസിനെ കുറ്റവാളിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ആരുടേയോ പ്രവൃത്തികളായേ വരദാത്തോസിനു തോന്നിയുള്ളു. ടെലഫോണ്‍ മുഴങ്ങിയതും തന്നെ കോള്‍മയിര്‍കൊള്ളിച്ച ആ വാര്‍ത്ത അറിയുന്നതും അപ്പോഴാണ്. പ്രധാനമന്ത്രി തന്നെ തന്റെ പ്രവൃത്തികളെ അഭിനന്ദിക്കുക! ഭഗവത്ഗീതയിലെ പ്രസിദ്ധമായ ആ ശ്ലോകം അദ്ദേഹത്തിന്റെ മനസ്സില്‍ തെളിഞ്ഞുവന്നു. 

    'കര്‍മണ്യേ വാധികാരസ്‌തേ
    മാ ഫലേഷ്ഠ കദാചന
    മാ കര്‍മഫല ഹേതുര്‍ ഭുര്‍
    മാ തേ സംഗോ സ്ത്യകര്‍മണി' 

പ്രതിഫലം നോക്കാതെ തന്നെയായിരുന്നല്ലോ താന്‍ ഇത്രയും കാലം കര്‍മ്മം ചെയ്തിരുന്നത്. തലസ്ഥാനത്തെ തന്റെ പുതിയ ഉത്തരവാദിത്വത്തേയും സഹപ്രവര്‍ത്തകരെയും ഓര്‍ത്ത വരദാത്തോസിന് ഒരു കാര്യം വ്യക്തമായി. താനായിരിക്കും സുപ്രീം കോടതിയിലെ ഏറ്റവും പ്രായംകുറഞ്ഞ ജഡ്ജി. പ്രധാനമന്ത്രിക്ക് തന്നില്‍ വിശ്വാസമുള്ള സ്ഥിതിക്ക് എന്തെല്ലാം നേട്ടങ്ങളായിരിക്കും തന്നെ കാത്തിരിക്കുന്നത്? ഒരു പക്ഷേ ചീഫ് ജസ്റ്റിസ്, അല്ലെങ്കില്‍ ഹേഗിലുള്ള ലോകബെഞ്ചിലേക്ക് നോമിനേഷന്‍!

ഇത്രയുംനാള്‍ തന്നെ പുച്ഛിച്ച ഭാര്യയെക്കുറിച്ച് വരദാത്തോസ് ആലോചിച്ചു. സഹപ്രവര്‍ത്തകരുടെ ജീവിതരീതിയുമായി താരതമ്യം ചെയ്തു തന്നെ അവള്‍ കളിയാക്കുമ്പോള്‍ തനിക്കറിയാമായിരുന്നു എന്നെങ്കിലും ഒരിക്കല്‍ അര്‍ഹതപ്പെട്ടതു തനിക്കു ലഭിക്കും എന്ന്. സന്തോഷാധിക്യത്താല്‍ തെല്ലൊരഹന്തയോടെ വരദാത്തോസ് ഈ വര്‍ത്തമാനം രണ്ടാമതൊന്നാലോചിക്കാതെ തന്റെ ഭാര്യയെ വിളിച്ചറിയിച്ചു. അധികം കഴിയുന്നതിനുമുമ്പ് അതു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായി എന്നു അദ്ദേഹം തിരിച്ചറിഞ്ഞു. 
    
വരദാത്തോസിന്റെ ഭാര്യയോടൊപ്പം അഗ്രഹാരം മുഴുവനും ആ സദ് വാര്‍ത്തയറിഞ്ഞു. തിരുമല്‍ ദേവന്റെ ഇളയമകന്‍ വരദു സുപ്രീംകോടതി ജഡ്ജിയായത്രേ! അഗ്രഹാരത്തില്‍ മാത്രമല്ല നഗരത്തിലും ഈ വാര്‍ത്ത പരന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക