ഗ്ലോസ്സിപേപ്പറില്‍, കളറില്‍ അടിച്ച ഇംഗ്‌ളീഷ് മാസികയിലെ അഘോരികളുടെ ചിത്രങ്ങളിലേക്ക് ഉറ്റുനോക്കിയിരിക്കുമ്പോഴാണ് ഞാനത് പറഞ്ഞത്.
''എന്നാ സുഖമാണവരുടെ ജീവിതം, അല്ലേടാ.തുണി വേണ്ടാ, മണി വേണ്ടാ, പഠിക്കേണ്ട, തൊഴില്‍തേടി അലയേണ്ട, മരണമെത്തുന്ന നേരത്ത് ആരെപ്പറ്റിയും വേവലാതി വേണ്ടാ. ഇനിയൊരു ജന്‍മം ഉണ്ടായാല്‍ ഞാനൊരു അഘോരിയാകും,'' വര്‍ഷങ്ങള്‍ക്കു മുമ്പാണത്. കേട്ടിരുന്ന സുഹൃത്ത് പൊട്ടിച്ചിരിച്ചിട്ടു പറഞ്ഞു,'' ഐഡിയ നല്ലതാണ് . പക്ഷേ , അഘോരി 'ബാബി' മാരെപ്പറ്റി ഇതുവരെ ഞാന്‍ കേട്ടിട്ടില്ല . നന്നായി തിരക്കിയിട്ടേ അടുത്ത ജന്‍മത്തില്‍ ബാബിയാകാന്‍ താനങ്ങോട്ടു പോകാവൂ എന്നൊരപേക്ഷയുണ്ട് എന്ന് .
പതിനൊന്നു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് അവന്‍ എന്നെ വിളിച്ചു പറഞ്ഞു, 'താന്‍ സിദ്ധാശ്രമത്തെപ്പറ്റി കേട്ടിട്ടുണ്ടോ, അവിടെ അഘോരികളുടേതുപോലൊരു ജീവിതമാണത്രേ. തന്റെ മോഹമല്ലേ, പക്ഷേ നന്നായി തിരക്കിയിട്ടേ പോകാവൂ ' എന്ന്.
അങ്ങനെയാണ് സിദ്ധാശ്രമങ്ങളെപ്പറ്റി പഠിച്ചുതുടങ്ങിയത്. മലബാറിലെ പല സുഹൃത്തുക്കളോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ബാല്യകാലത്ത് വടകരയിലെ ബന്ധുവീട്ടില്‍ നിന്നു പഠിച്ചിട്ടുള്ള ഒരു 'ചങ്ങായി ' പറഞ്ഞത്, തന്റെ ചെറുപ്പത്തില്‍ അവിടെ മാറു മറയ്ക്കാത്ത ധാരാളം സ്ത്രീകളെ കണ്ടിട്ടുണ്ടെന്നാണ്. അവര്‍ കുമ്പിട്ടുനിന്ന് മുറ്റമടിയ്ക്കുന്ന കാഴ്ച ഇപ്പോഴും മനസ്സിലുണ്ടത്രേ. ഇപ്പഴും അങ്ങനാണോ എന്നറിയില്ല, ഉണ്ടെങ്കില്‍ തന്നോടു പറയെണമെന്ന് നിര്‍ദ്ദേശവും തന്നു !.
എന്നാ 'അറിവുകളാ ' ഓരോരുത്തരും പറഞ്ഞുതന്നത് ! .തുണിയേ ഉടുക്കാത്ത ആണും പെണ്ണും ആശ്രമത്തില്‍ ഒരുമിച്ച് ഒരു കൂരയ്ക്കു കീഴില്‍ ജീവിക്കുന്നു, സ്വതന്ത്ര ജീവിതം. ഫ്രീ സെക്‌സ് !. ഓഷോ പോലും അത്ഭുതപ്പെട്ടുപോയ ജീവിതം. അദ്ദേഹം ഇവിടെനിന്നു പലതും പഠിച്ചിട്ടാ സ്വന്തമായി ആശ്രമം തുടങ്ങിയത് എന്നൊക്കെയാണ് ഭാവനയ്ക്കനുസരിച്ച് പലരും തള്ളിത്തന്നത്. ' ഠ ' വട്ടത്തിലുള്ള ഈ കൊച്ചു കേരളത്തില്‍, ആരെയും കൂസാതെ, തുണിയുടുക്കാന്‍ കൂട്ടാക്കാതെ ഒരു സമൂഹമോ? എന്നാല്‍പ്പിന്നെ ഒന്നു പോയിക്കാണണമെന്നായി ചിന്ത. ആശ്രമം തലയില്‍ കയറി ഇരിപ്പായി. തീരെ നില്‍ക്കക്കള്ളിയില്ലാതെ വന്ന ഒരു ദിവസം ഞാന്‍ കോഴിക്കോടിനു വച്ചുപിടിക്കാന്‍ തീരുമാനിച്ചു. അവിടെ വടകരയിലാണ് സിദ്ധാശ്രമം. അപ്പോഴുണ്ട് ഭര്‍ത്താവിനും നിര്‍ബന്ധം. പുള്ളിക്കാരനും വരണമെന്ന്. കാരണം സിദ്ധമരുന്നു പ്രശസ്തമാണത്രേ !. നല്ല മരുന്നു കിട്ടുമെങ്കില്‍ വാങ്ങാമെന്നാണ് പുള്ളിയുടെ വിശദീകരണം. എനിക്കു പക്ഷേ ആ ഉള്ളിലിരിപ്പു പിടികിട്ടി...
'' വരുന്ന കാര്യമൊക്കെ കൊള്ളാം. അവിടെ തുണിയുടുക്കാത്ത പെണ്ണുങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ തുറിച്ചു നോക്കരുത്. നോക്കി നിന്ന് എന്നെ നാണം കെടുത്തിയേക്കല്ല്'' ഞാന്‍ താക്കീതു നല്‍കി.
''അതു കൊള്ളാം, തുണിയുടുക്കാത്ത ആണുങ്ങളുള്ള ആശ്രമത്തിലേക്കു പത്രക്കാരിയാന്നും പറഞ്ഞ് നിനക്കു പോകാം, മരുന്നു വാങ്ങാന്‍ വരുന്ന പാവം എനിക്കാ കുറ്റം,'' അതു പറയുമ്പോഴത്തെ ആ ഗൂഡസ്മിതം ഞാന്‍ കണ്ടില്ലെന്നു നടിച്ചു.
തീവണ്ടിയിറങ്ങി ഓട്ടോ പിടിക്കുമ്പോള്‍ ശബ്ദം താഴ്തി ചമ്മിയാണ് സിദ്ധാശ്രമം പറഞ്ഞത്. ഡ്രൈവര്‍ ഊറിച്ചിരിക്കുന്നുണ്ടോ എന്നു ഞാന്‍ ഏറുകണ്ണിട്ടു നോക്കി. അയാള്‍ നിര്‍മമനായി വണ്ടിയെടുത്ത് പാഞ്ഞു. നാലു കിലോമീറ്റര്‍ ദൂരമുണ്ട്.
കൂറ്റന്‍ ഗേറ്റിനുമുന്നില്‍ ഓട്ടോ നിര്‍ത്തി.
'' കേറിക്കോളി, അകത്താളു കാണും,'' എന്നുപറഞ്ഞ് അയാള്‍ തിരിച്ചുപോയി.
ചുറ്റു മതിലിനുള്ളിലേക്ക് ഗേററു തുറന്ന് ഞങ്ങള്‍ നടന്നുകയറി. അങ്ങിങ്ങ് ചില ആണുങ്ങള്‍ നടപ്പുണ്ട്. വെള്ള മുണ്ടാണ് വേഷം. തോളില്‍ ഒരു തോര്‍ത്തും. നടന്നു ചെന്നു കയറിയത് ഓഫീസ് മുറിയില്‍. അവിടിരുന്ന അരോഗദൃഢഗാത്രനായ മനുഷ്യന്‍ ചോദ്യഭാവത്തില്‍ ഒന്നു നോക്കി. ആശ്രമത്തെപ്പറ്റി കേട്ടറിഞ്ഞ് കാണാന്‍ വന്നതാണ് എന്നു തന്നെ പറഞ്ഞു. അതവിടെ നിത്യ സംഭവമാണെന്നു തോന്നി ആ മനുഷ്യന്റെ പെരുമാറ്റം കണ്ടിട്ട്. അയാള്‍ ആശ്രമത്തിന്റെ ഇപ്പോഴത്തെ പ്രധാന നടത്തിപ്പുകാരനാണ്.
''നിങ്ങള്‍ വല്ലതും കഴിച്ചോ? ''
അയാള്‍ സൗഹൃദത്തോടെ ചോദിച്ചു. ബ്രേക്ക്ഫാസ്റ്റ് കഴിച്ചതാണെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച് ഊട്ടുപുരയിലേക്ക് നയിച്ചു. തൊട്ടു ചേര്‍ന്നാണ് തീന്‍ മുറി. അവല്‍ നനച്ചതും ചായയുമാണ് പ്രാതല്‍. സമയം 11 മണി. അവലിന്റെ രുചികാരണം ഗംഭീരമെന്നു അറിയാതെ പറഞ്ഞുപോയി.
'' ഇവിടുത്തെ പ്രാതല്‍ കഴിഞ്ഞു. വീണ്ടും വരുന്ന സന്ദര്‍ശകര്‍ക്കായി ഒരുക്കിയതാണ്,'' ക്ഷമാപണം പോലെ അദ്ദേഹം പറഞ്ഞു. ഒറ്റമുണ്ടുടുത്ത പുരുഷകേസരികളാണ് വിളമ്പുന്നത്. അവിടെത്തന്നെ കൃഷിചെയ്യുന്ന നെല്ലിന്റെ അവലാണ്. നാടന്‍ പശുക്കളുടെ പാലില്‍ കൂട്ടിയ ചായയും. അതൊക്കെ സമയമെടുത്ത് കഴിച്ച്, ചിട്ടയനുസരിച്ച് പാത്രം കഴുകി വച്ചു. എന്നിട്ടും തുണിയുടുക്കാത്ത ഒരാളെയും അങ്ങോട്ടെങ്ങും കാണുന്നില്ല. ഭര്‍ത്താവ് അവിടൊക്കെ പരതി നോക്കുന്നതു കണ്ടിട്ട് എനിക്കു ചിരി പൊട്ടി.
ആശ്രമം സ്ഥാപിച്ച ശിവാനന്ദ പരമഹംസരുടെ സമാധിസ്ഥലവും ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന ഹാളും കാണിക്കാന്‍ മറ്റൊരാളെകൂട്ടി അദ്ദേഹം ഞങ്ങളെ യാത്രയാക്കി. സമാധി സ്ഥലത്ത് നമസ്‌കരിക്കരുത് എന്ന് എഴുതി വച്ചിട്ടുണ്ട്. സമാധിമണ്ഡപത്തിനടുത്ത് നില്‍ക്കുന്നവരോട് ഞാന്‍ മിണ്ടിപ്പറഞ്ഞു. ഒരാള്‍ തൃശൂരില്‍നിന്നെത്തിയിരിക്കയാണ്. സിദ്ധാശ്രമത്തിലിരുന്ന് ധ്യാനിക്കാനുള്ള മോഹം കാരണം എത്തിയിരിക്കയാണ് !.
കൊച്ചു ഗള്ളന്‍ !.ഞാന്‍ ഭര്‍ത്താവിനെ ഒന്നു തോണ്ടി.
''അതെന്താ ഇവിടെ ധ്യാനത്തിനിരുന്നാല്‍ പ്രത്യേകത വല്ലതുമുണ്ടോ?'', ഞാന്‍ തൃശൂര്‍കാരനോട് തിരക്കി.
'' ആശ്രമമല്ലേ, ഇവിടാകുമ്പം നല്ല ഏകാഗ്രത കിട്ടുമല്ലോ എന്നു കരുതി. വീട്ടിലിരുന്നാല്‍ വേണ്ടത്ര ശാന്തത കിട്ടില്ല. പക്ഷേ അനുവാദം കിട്ടിയില്ല,'' പാവത്തിന്റെ ആ നിരാശ എനിക്കു മനസ്സിലായി. ഇത്തരം ഏകാഗ്രതയുടെ വിളച്ചിലുമായി എത്രയെത്ര ധ്യാനഗുരുക്കന്‍മാരായിരിക്കും ദിവസവും ഇവിടെത്തുന്നത്.
കൊട്ടാരക്കാരന്‍ മുരളിയാണ് ഞങ്ങളെ അവിടെല്ലാം പരിചയപ്പെടുത്തിയത്. കക്ഷി ഇവിടുത്തെ സ്ഥിരം സന്ദര്‍ശകനും സിദ്ധസമാജ വിശ്വാസിയുമാണ്. കാര്‍ത്തിക ഉത്സവം പ്രമാണിച്ച് എത്തിയതാണ്. വന്നാല്‍ കുറെ ദിവസം നിന്നിട്ടേ നാട്ടിലേക്കു മടങ്ങൂ. മുരളിയുടെ വേഷവും മുട്ടോളമെത്തുന്ന കുറിയ മുണ്ടാണ്.
സിദ്ധസമാജത്തിന്റെ തുടക്കം 103 വര്‍ഷം മുമ്പാണ്. വടകരക്കാരന്‍ രാമക്കുറുപ്പാണ് ആശ്രമ സ്ഥാപകന്‍. അദ്ദേഹം അന്നത്തെ പൊലിസ് ഉദ്യോഗസ്ഥനായിരുന്നു. ഗര്‍ഭിണിയായ ഭാര്യ അതീവരോഗാവസ്ഥയിലായിരുന്നു. ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞ് രാമക്കുറുപ്പ് വീട്ടിലെത്തി ക്ഷീണിതയായ ഭാര്യയെ പരിചരിച്ചുകൊണ്ടിരിക്കയായിരുന്നു. അവശനിലയിലായിരുന്ന അവര്‍ അദ്ദേഹത്തോടു ചോദിച്ചു, താങ്കള്‍ അധികാരവും ശക്തിയുമുള്ള ഒരു പൊലിസുകാരനല്ലോ, എന്നെ ഈ രോഗത്തില്‍ നിന്നു രക്ഷിക്കുവാന്‍ താങ്കള്‍ക്കു കഴിയുമോ. എന്നെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ കഴിയുമോ. മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്താണ്, അതിന്റെ അവസാനമെന്താണ് ...?
സ്വാമി ശിവാനന്ദ പരമഹംസരുടെ സമാധി സ്ഥലം
ഭാര്യയുടെ ചോദ്യം രാമക്കുറുപ്പിന്റെ മനസ്സില്‍ ഒരു പ്രകമ്പനം ഉണ്ടാക്കി. അദ്ദേഹത്തിന്റെ മടിയില്‍ കിടന്ന് അടുത്തനിമിഷം അവര്‍ പ്രാണനെ വിട്ടു. പത്‌നിയുടെ ശവസംസ്‌കാരം കഴിഞ്ഞ് തന്റെ ജോലിയും പദവിയും വലിച്ചെറിഞ്ഞ് അവരുടെ ചേദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി രാമക്കുറുപ്പ് യാത്രയിരംഭിച്ചു. ഭാരതത്തിലുടനീളം സഞ്ചരിച്ചു. മഹര്‍ഷിമാരെയും സന്യാസിമാരെയും കണ്ടു, ആര്‍ക്കും രാമക്കുറുപ്പിനു തൃപ്തിയാംവണ്ണമുള്ള ഉത്തരം നല്‍കാനായില്ലത്രേ. യാത്ര തുടര്‍ന്നു. പഴനിയിലെത്തിയപ്പോള്‍ ബോഗര്‍ എന്നുപേരുള്ള ഒരു സിദ്ധസന്യാസിയെ കണ്ടുമുട്ടി. രാമക്കുറുപ്പ് ചോദ്യം ആവര്‍ത്തിച്ചു. ബോഗര്‍ രാമക്കുറുപ്പിനെ ഒരു നിഗൂഢഗുഹയിലേക്ക് നയിച്ചു. അവിടെ വച്ച് ബോഗര്‍ 250 സിദ്ധരഹസ്യങ്ങള്‍ രാമക്കുറുപ്പിനു പകര്‍ന്നു നല്‍കി. രാമക്കുറുപ്പ് ആ നിമിഷം ആളാകെ മാറി. പൂര്‍വ്വാശ്രമത്തിലെ പേരു വലിച്ചെറിഞ്ഞു. ശിവാനന്ദ പരമഹംസര്‍ എന്ന പുതിയ പേരു സ്വീകരിച്ച് രാമക്കുറുപ്പ് വടകരയിലേക്ക് മടങ്ങിയെത്തി. തന്റെ ഗ്രാമത്തില്‍ ഒരാശ്രമം സ്ഥാപിച്ചു.1920-ല്‍ സ്ഥാപിച്ച ആശ്രമമാണ് വടകരയിലെ സിദ്ധാശ്രമം. ഇപ്പോള്‍ 60 ഏക്കറിലാണ് ആശ്രമം സ്ഥിതിചെയ്യുന്നത്. ബോഗര്‍ കൈമാറിയ 250 സിദ്ധരഹസ്യങ്ങള്‍ ക്രോഡീകരിച്ച് രാമക്കുറുപ്പ് സിദ്ധവേദം എഴുതി. അതാണ് സിദ്ധസമാജ വിശ്വാസികളുടെ ബൈബിള്‍. അതനുസരിച്ചാണ് ഇവരുടെ ജീവിതചര്യകള്‍. സിദ്ധവേദം ഒരെണ്ണം ഞാനും വാങ്ങി. 160 രൂപയേ വിലയുള്ളൂ.
എട്ടു മണിക്കൂര്‍ വീതം മൂന്നായി തിരിച്ചാണ് ഇവരുടെ ഒരു ദിവസം. പുലര്‍ച്ചെ മൂന്നു മണിക്ക് ആശ്രമവാസികളുടെ ദിവസം ജപത്തോടെ ആരംഭിക്കും. പലതവണയായി എട്ടു മണിക്കൂര്‍ ജപം, എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ ഉറക്കം. കൃഷിയാണ് പ്രധാന ഉപജീവനമാര്‍ഗ്ഗം. ധാരാളം പശുക്കളെ വളര്‍ത്തുന്നുണ്ട്. പാലും നെല്ലും പച്ചക്കറികളും മരുന്നും ഉത്പാദിപ്പിക്കുന്നു. ഇതു വില്‍ക്കുന്നതാണ് പ്രധാന വരുമാനം. ആശ്രമത്തിലേക്കുള്ള പ്രധാന ഭക്ഷണമെല്ലാം ഈ 60 ഏക്കറില്‍ അവര്‍ വിളയിച്ചെടുക്കുന്നു. നോണ്‍വെജ് ഭക്ഷണം ഇവര്‍ക്ക് നിഷിദ്ധമാണ്.. ആശ്രമത്തിലെ ജോലികള്‍ക്ക് പുറത്തുനിന്ന് ആരെയും വിളിക്കാറില്ല. പറമ്പിലും പാടത്തും അധ്വാനിച്ച് ഉറച്ച ശരീരം. സിദ്ധമരുന്നുകള്‍ പുകള്‍പെറ്റതാണല്ലോ. ഇവിടുത്തെ വിശാലമായ മരുന്നു ശാലയില്‍ ഉണ്ടാക്കുന്ന സിദ്ധമരുന്നുകളാണ് ഇവരുടെ ഔഷധശാലകള്‍വഴി വില്‍ക്കുന്നത്. വടകരയ്ക്കു പുറമെ പേരാമ്പ്ര, കായണ്ണ, കുറ്റിച്ചല്‍, സേലം എന്നിവിടങ്ങളിലും ആശ്രമങ്ങളുണ്ട്. ശിവാനന്ദ പരമഹംസരുടെ ജന്‍മനാളില്‍ എല്ലാവരും വടകരയില്‍ ഒത്തുകൂടും. ഉത്സവപ്രതീതിയാണ് അന്ന്. പക്ഷേ, ആശ്രമത്തില്‍ ആള്‍ദൈവമില്ല, അത്ഭുതപ്രഖ്യാപനമില്ല.
പുറത്തു നമ്മള്‍ കാണുന്ന ആശ്രമത്തിനുള്ളില്‍ അവരുടേതുമാത്രമായ മറ്റൊരു രഹസ്യലോകമുണ്ട്. അവിടെ പുറത്തുനിന്നുള്ള ഒരീച്ചയ്ക്കു പോലും പ്രവേശനമില്ല. ആശ്രമത്തിനുള്ളില്‍ പൂര്‍ണ്ണനഗ്നരായാണ് അവരുടെ ജീവിതം. ആണും പെണ്ണും നഗ്നര്‍. ആര്‍ത്തവം അശുദ്ധമല്ല. സാധാരണ ശാരീരിക പ്രക്രിയമാത്രമാണത്. ആര്‍ത്തവദിവസങ്ങളില്‍ കൗപീനം ധരിക്കാം. പുറത്തിറങ്ങുമ്പോള്‍ പുരുഷന്‍ വെള്ള മുണ്ടുടുക്കും. തോളിലിടാന്‍ ഒരു തോര്‍ത്തും. സ്ത്രീകള്‍ക്കും അതുപോലെ ഒരു മുണ്ടു മാത്രം. മാറിടം ഒരു തോര്‍ത്തുകൊണ്ട് മറയ്ക്കും. ഇതൊക്കെ ആശ്രമത്തിനു പുറത്തേക്ക് വരുമ്പോള്‍ മാത്രമാണ്. ആശ്രമത്തിനുള്ളില്‍ നഗ്നരായാണ് അവര്‍ ജോലി ചെയ്യുന്നതും ജീവിക്കുന്നതും... ഇവര്‍ ഒരിക്കലും ക്ഷൗരം ചെയ്യാറില്ല, മുടി കത്രിക്കാറില്ല. എന്നുവച്ചാല്‍ നഗ്നതയ്ക്കു മീതെ മുടി മേലാടയാകുന്നു. ജനിക്കുമ്പോള്‍ ശിശു കാണുന്നത് ദിഗംബരരായ സ്ത്രീപുരുഷന്‍മാരെയാണ്. കണ്ടു വളരുന്നതും അങ്ങനെതന്നെ. പിന്നെ അവര്‍ക്കെങ്ങനെ ശ്ലീലാശ്‌ളീലത തോന്നും. വസ്ത്രത്താല്‍ ആകെ മൂടി നടക്കുന്ന നമ്മള്‍ക്കാല്ലോ അതില്‍ അശ്‌ളീലത തോന്നുക.
വിവാഹം ആശ്രമവാസികള്‍ക്ക നിഷിദ്ധമാണ്. ഒരേ കൂരയ്ക്കുള്ളില്‍ സ്ത്രീപുരുഷന്‍മാര്‍ നഗ്നരായി ഒരുമിച്ചു കഴിയുമ്പോള്‍ ലൈംഗികഅഭിനിവേശങ്ങള്‍ ഉണ്ടാവില്ലേ എന്ന സംശയം തോന്നാം. തീര്‍ച്ചയായും ഉണ്ട്. പരസ്പ്പരം രതിയിലേര്‍പ്പെടാന്‍ മോഹം തോന്നിയാല്‍ ആ നിമിഷം ഏര്‍പ്പെടാം. അതിനു മറ വേണ്ടത്രേ. രഹസ്യ മുറികളുമില്ലല്ലോ. ആരും നോക്കി നില്‍ക്കാറുമില്ല. അവരെ സംബന്ധിച്ച് അത് കൗതുകക്കാഴ്ചയുമല്ല. പക്ഷേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ചില നിബന്ധനകളുണ്ട്. ബലാല്‍സംഗം പാടില്ല, അടിച്ചേല്‍പ്പിക്കല്‍ അരുത്, നിര്‍ബന്ധവും പാടില്ല. പൂര്‍ണ്ണമായും രണ്ടുപേര്‍ക്കും താത്പ്പര്യം ഉണ്ടെങ്കില്‍ മാത്രം സെക്‌സില്‍ ഏര്‍പ്പെടാം.
ഉറക്കറയിലും ചില നിഷ്‌ക്കര്‍ഷതകളുണ്ട്. ജപമുറിയില്‍ എല്ലാവരും ഒന്നിച്ചാണ് ഉറക്കം. രാത്രിയില്‍ വിളക്കു കെടുത്താറില്ല. ഒരു പുരുഷന്‍ കിടക്കുന്നു. ഒരാള്‍ക്കു കിടക്കാനുള്ള സ്ഥലം ഇടയ്ക്കു വിട്ടിട്ട് അപ്പുറത്ത് ഒരു സ്ത്രീ കിടക്കുന്നു. വീണ്ടും ഒരാള്‍ക്കുള്ള സ്ഥം വിട്ട് ഒരു പുരുഷന്‍ കിടക്കുന്നു. മൂന്നു പേര്‍ക്കുള്ള സ്ഥലത്ത് രണ്ടുപേര്‍ കിടക്കുന്നു എന്ന രീതി. ഓരോദിവസവും ആളുകള്‍ മാറിമാറി സര്‍ക്കിള്‍ ക്രമത്തിലാണ് കിടക്കുക. എന്നും ഒരേവ്യക്തികള്‍ അടുത്തടുത്ത് ഉറങ്ങിയാല്‍ അവര്‍ക്കിടയില്‍ അനുരാഗമോ ആഴത്തിലുള്ള ബന്ധമോ ഉണ്ടായേക്കാം, അത് പാടില്ല എന്നതിനാലാണ് ഈ നിബന്ധന.
ഇങ്ങനെ സമ്പൂര്‍ണ്ണ ലൈംഗികസ്വാതന്ത്ര്യത്തോടെ പാര്‍ക്കുമ്പോള്‍ ഗര്‍ഭധാരണം സംഭവിക്കില്ലേ എന്ന സംശയം സ്വാഭാവികം. ഗര്‍ഭവും പ്രസവവും നടക്കുന്നു. ആശ്രമത്തില്‍ അടുത്ത തലമുറ ഉണ്ടാകുന്നു. അഞ്ചാം തലമുറയാണിപ്പോഴുള്ളത്. കര്‍ശനമായ ഒരു മോണിട്ടറിംഗ് സിസ്റ്റമുണ്ടിവിടെ. തോന്നിയതുപോലെ ജീവിക്കാന്‍ അനുവദിക്കില്ല. സിദ്ധവേദമനുസരിച്ചുള്ള ജീവിതമേ പാടുള്ളൂ .ഇത്രയുമൊക്കെ കേട്ടപ്പോള്‍ ഇങ്ങോട്ടെത്തി ഇവിടങ്ങുകൂടിയാലോ എന്നുമോഹിക്കാന്‍ വരട്ടെ. പുറത്തുനിന്നുള്ള ആരെയും ആശ്രമത്തിന്റെ അന്തര്‍ഭാഗത്തേക്കു കയറ്റില്ല. പുറത്തൊക്കെ വന്നു കണ്ടുനിന്നിട്ടു പോകാം.
പ്രസവശേഷം മൂന്നു വയസ്സുവരെ മാത്രമേ കുഞ്ഞിനെ അതേ ആശ്രമത്തില്‍ നിര്‍ത്തുകയുള്ളൂ.അതു കഴിഞ്ഞാല്‍ അടുത്ത ആശ്രമത്തിലേക്കു മാറ്റും. അവിടെനിന്നാണ് പത്താം ക്‌ളാസ്സുവരെ പഠിക്കുക. യാതൊരുവിധ വാക്‌സിനുകളും കുഞ്ഞുങ്ങള്‍ക്കു എടുക്കാറില്ലെന്നു പറയുന്നു..പ ത്തില്‍ പരീക്ഷ എഴുതാന്‍ അനുവാദമില്ല. പത്തുകഴിഞ്ഞ് പഴയ ആശ്രമത്തിലേക്കു മടക്കം. ഇവിടെ ജീവിതം അവരെ കാത്തിരിക്കയാണ്. ആശ്രമത്തിലെ കൃഷിഭൂമിയില്‍ അധ്വാനിച്ച്, മരുന്ന് നിര്‍മാണത്തില്‍ പങ്കാളിയായി, സിദ്ധമരുന്ന് കടകളില്‍ ജോലിചെയ്ത് , പച്ചമനുഷ്യരായി ജീവിതം. ടിവി കാണാത്ത, സിനിമ എന്തെന്ന് അറിയാത്ത, പുറംലോകത്തിന്റെ മാലിന്യം കേട്ടുകേഴ്വിപോലുമില്ലാത്ത ആശ്രമവാസികളായി അവര്‍ വളരുന്നു. പുറത്തെ ഭക്ഷണവും മരുന്നും കഴിക്കാത്തതുകൊണ്ടാവണം അരോഗദൃഢഗാത്രരാണിവര്‍. കുട്ടികള്‍ക്ക് അമിതവാത്സല്യം നല്‍കാറില്ല. അച്ഛനും അമ്മയും അനിയനും അനിയത്തിയും മുത്തശ്ശനും മുത്തശ്ശിയും ഇല്ലാത്ത ജന്‍മങ്ങള്‍.
ആര്‍ക്കും ആരോടും കടമകളില്ല ,കടപ്പാടുകളില്ല. അമിത ബന്ധങ്ങളുടെ പാശങ്ങളുമില്ല. മരിക്കുമ്പോള്‍ നഷ്ടബോധങ്ങളില്ല, മുറിച്ചെറിയാന്‍ സ്വന്തമെന്നു പറയാന്‍ ഒന്നുമില്ലാത്ത അത്ഭുതജീവിതം. എല്ലാവരും എല്ലാവരുടേതുമാണ്. പക്ഷേ, ആരും ആരുടേതുമല്ല. എന്നാല്‍ കൂട്ടുകുടുംബത്തിന്റെ സന്തുഷ്ടി ഉണ്ടുതാനും. ഇതെല്ലാം നമ്മള്‍ക്ക് ആശ്രമത്തിനുള്ളിലെ മതില്‍ക്കെട്ടിന് ഇപ്പുറത്തുനിന്ന് ഭാവനകാണാനെ കഴിയു. ഞങ്ങള്‍ കയറിയ പുറത്തുനിന്നുള്ളവരുടെ തീന്‍ മുറി കഴിഞ്ഞാല്‍ അപ്പുറത്ത് വേര്‍തിരിവിന്റെ വലിയ മതില്‍ക്കെട്ടാണ്. അവിടെയാണ് ആശ്രമജീവിതം. ഇടയ്ക്ക് ഓഫീസിലേക്ക് പുറത്തിറങ്ങിവന്ന സ്ത്രീയെ കണ്ടു. ഒറ്റമുണ്ടുടുത്ത് തോര്‍ത്തു പുതച്ച ഒരു സുന്ദരിക്കുട്ടി. ഈ സ്ത്രീകള്‍ ആഭരണം അണിയാറില്ല, പൊട്ടു തൊടാറില്ല, കാത് തുളയ്ക്കാറില്ല. നൈസര്‍ഗ്ഗിക സൗന്ദര്യത്താല്‍ അനുഗൃഹീതരാണവര്‍. അതെ അവര്‍ നഗ്നരാവാം, അവരുടെ നിയമമനുസരിച്ചു ജീവിക്കുന്നവരാവാം. പക്ഷേ അവര്‍ നമ്മുടെ മുന്നിലേക്ക് നഗ്നതയുമായി വരുന്നില്ല. അവരുടെ ലൈംഗിക സംസ്‌കാരത്തിലേക്ക് നമ്മളെ ക്ഷണിക്കുന്നില്ല. സമൂഹത്തില്‍ യാതൊരു അലയൊലിയുമുണ്ടാക്കാതെ അവരങ്ങനെ വേര്‍പെട്ട് കഴിയുകയാണ്.
ഇനി ആര്‍ക്കെങ്കിലും ആശ്രമജീവിതം വേണ്ടെന്നു തോന്നി പുറത്തെ സ്വാതന്ത്ര്യത്തിലേക്ക് എടുത്തു ചാടിയാലോ..?. അവന്റെ കാര്യം കട്ടപ്പൊക. ആശ്രമം പിന്നെയൊരിക്കലും അവനെ സ്വീകരിക്കയില്ല. അനാഥനായി അവന്‍. ഈ ഗ്രാമത്തിലുള്ളവര്‍ക്ക് സിദ്ധാശ്രമത്തെപ്പറ്റി നല്ലതേ പറയാനുള്ളൂ.
'' അവര്‍ ആര്‍ക്കും ശല്യക്കാരല്ല. അവരുടെ ലോകം ഞങ്ങളെ ശല്യപ്പെടുത്താറുമില്ല. ഞങ്ങളാരും ഇന്നുവരെ നഗ്നരായി അവരെ കണ്ടിട്ടുമില്ല. പുറത്തെ മതില്‍ക്കെട്ടിനുള്ളില്‍ മറ്റൊരു മതില്‍ക്കെട്ടിനുള്ളിലാണ് അവരുടെ സ്വകാര്യ ആശ്രമം. അവിടെ നമ്മള്‍ക്ക് പ്രവേശനമില്ല '', സമീപവാസിയായ ഓട്ടോഡ്രൈവര്‍ ഞങ്ങളുമായി മടങ്ങുമ്പോള്‍ പറഞ്ഞു. ആശ്രമവാസികള്‍ക്കു പുറമേ സിദ്ധമതത്തില്‍ വിശ്വാസിക്കുന്ന ധാരാളംപേര്‍ പുറംലോകത്തുണ്ട്. അവര്‍ സാധാരണ ജീവിതക്രമം പാലിക്കുന്നവരാണ്. അവര്‍ക്കും ആശ്രമത്തിലെ പ്രത്യേകലോകത്തേക്ക് പ്രവേശനമില്ല.
പറഞ്ഞുകേട്ടതു പാതി സത്യം,പാതി പുക !.
റെയില്‍വേ സ്‌റ്റേഷനിലെത്തിച്ച് ഓട്ടോ മടങ്ങിയതും ഭര്‍ത്താവ് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
'' എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി, അമ്പും വില്ലും... അവടെയൊരു അഘോരിബാബകള്‍ ''.
ഭര്‍ത്താവില്‍നിന്ന് അറിയാതെ പുറത്തുചാടിയ വാക്കുകള്‍ കേട്ട് എനിക്കും ചിരിവന്നു. പാവം..!
നഗ്നരായ ആശ്രമവാസികളുടെ നിഴല്‍ പോലും കാണാന്‍ കിട്ടാത്തതിന്റെ ഇച്ഛാഭംഗം മറയ്ക്കാനെന്നോണം പുള്ളിക്കാരന്‍ ചിരിയ്ക്കിടെ പറഞ്ഞൊപ്പിച്ചു.
''ഈ പാവങ്ങളെപ്പറ്റി ഒരോ വൃത്തികെട്ടവന്‍മാരു പറയുന്നതെന്തൊക്കെയാ..കഷ്ടം ''.
''കണക്കായിപ്പോയി, കാളപെറ്റെന്നു കേട്ടപ്പോള്‍ കയറെടുക്കാന്‍ പോയതെന്തിനാ ?'' ഞാന്‍ തിരിച്ചു ചോദിച്ചു.
എന്തായാലും ഈ കേരളത്തിനുള്ളില്‍ത്തന്നെയാണ് നമ്മളറിയാത്ത ഒരു സംസ്‌കാരം ഒരു നൂറ്റാണ്ടായി നിശബ്ദമായി വാഴുന്നതെന്നത് അത്ഭുതപ്പെടുത്തുന്നു.
#Jolly Adimathra column -77