ചില നേരങ്ങൾ നീ എന്നിലേക്ക്
എത്തുന്നത്
ഒരായിരം ചോദ്യങ്ങളുമായാണു..
ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുടെ
അന്വേഷണത്തിൽ ഞാൻ
പലപ്പോഴും മറക്കുന്നതും
നിന്നെ തന്നെയാണു.
രണ്ട് ഭൂഖണ്ഡങ്ങളിൽ ഇരുന്ന്
ചിന്തകളെ കൂട്ടിയിട്ട് കത്തിക്കുമ്പോൾ
ചാരമായെരിഞ്ഞു തീരുന്നത്
അന്നുകളിൽ ആഘോഷിച്ച
ഓർമ്മകളാണെന്നും അറിയാം.
നിന്റെ വേണ്ടാതീനങ്ങളുടെ
കാടുകയറലുകൾക്കുമപ്പുറം
പരിശുദ്ധമെന്ന് ഞാൻ കരുതിയ
സ്നേഹത്തിന്റെ താക്കോൽ
എത്ര പെട്ടെന്നാണു നീ കളഞ്ഞത്..
ഒരു നിമിഷം കൊണ്ട്
എളുപ്പത്തിൽ നിനക്ക് അതു സാധിച്ചു.
നീ എന്നതിലുമപ്പുറം ഒന്നുമില്ല
എന്ന അബോധത്തെ ബോധമുള്ളതാക്കിയ
നീയും ഞാനും ഇന്നും
രണ്ട് കരകളിലായത് എത്ര നന്നായി..
യുദ്‌ധമല്ലല്ലോ ജീവിതം
സ്നേഹം പരസ്പരം കൊടുക്കാത്തവർ
ആയതു നന്നായി..
പിരിയുമ്പോൾ നോവറിയില്ലല്ലോ..!!