" പട നിലങ്ങൾക്കകലെ
ഭദ്രമായ ഇടങ്ങളിൽ ഇരുന്ന്
പോരു വിളിച്ച് മുറവിളി കൂട്ടി
ഈ ഹിംസയെ കൊഴുപ്പിക്കാൻ യുദ്ധഭ്രാന്തന്മാർ നമ്മൾ എന്നും ഇഷ്ടപ്പെട്ടു.
ഹാ ബുദ്ധിഹീനരെ നിങ്ങൾ അറിയുന്നുവോ
യുദ്ധത്തെക്കാൾ പ്രാകൃതമായി എന്തുണ്ട്?"( കോളറിഡ് ജ് )
വിശ്വാസങ്ങളും മൂല്യങ്ങളും സന്മാർഗ നിയമങ്ങളും എല്ലാം നിലംപറ്റുന്ന യുദ്ധക്കളങ്ങൾ. അവിടെ നിലനിൽപ്പ് എന്ന ഒരൊറ്റ ജൈവിക ചോദന മാത്രം നിയമമാകും.
ലെഫ്റ്റനന്റ് കേണൽ ഡോക്ടർ സോണിയ ചെറിയാൻ എഴുതിയ 'ഇന്ത്യൻ റെയിൻബോ ' എന്ന പുസ്തകത്തിലെ ഉദ്ധരിണികളുടെ ഉദ്ധരിണിയാണിത്. മക്കളെയും കൊച്ചു മക്കളെയും യുദ്ധ മുഖത്തേക്ക് പറഞ്ഞയച്ച ഒരു വയോധികനും ഇങ്ങനെ പറയുന്നു "വാർ ഈസ് വെരി വെരി ബാഡ്."
2021 - 22 വർഷങ്ങളിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട ഒരു പട്ടാളക്കാരിയുടെ ഓർമ്മക്കുറിപ്പുകൾ നാം മാതൃഭൂമി വരാന്തപ്പതിപ്പിലും പിന്നീട് സോണിയയുടെ തന്നെ ഫേസ്ബുക്ക് പോസ്റ്റിലും വായിച്ചതാണ്. എന്നാലും പുസ്തകം ഇറങ്ങി കാണാൻ ഞാനും ജി ജ്ഞാസയോടെ കാത്തിരുന്നു.
ഈ പുസ്തകം സോണിയുടെ മാത്രം പട്ടാള ഓർമ്മകൾ അല്ല. താൻ എത്തിപ്പെട്ട ഇടങ്ങളിൽ തനിക്കു മുമ്പായി ജീവിച്ച പട്ടാളക്കാർ, അവർക്കും മുമ്പേ ജീവിച്ചു പോയവരുടെ ഓർമ്മകൾ പല താളുകളിലും അയവിറക്കുന്നുണ്ട്. അവയെല്ലാം സോണിയ സ്വന്തം അനുഭവങ്ങളാക്കി മാറ്റും പോലെ അത്ര ആർദ്രമായും ആർജ്ജവത്തോടെയും വിവരിക്കുന്നുണ്ട്.
ഓർമ്മകൾ അടുക്കും ചിട്ടയും ഉള്ളവയായിരിക്കണമെന്ന് ഗബ്രിയേൽ ഗാർസിയ മാർക്കേസ് തന്റെ ആത്മകഥയായ Living To Tell The Tale (കഥ പറയാൻ ഒരു ജീവിതം)എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. താൻ എത്തിപ്പെട്ട ഇടങ്ങളിലെല്ലാം അവിടുത്തെ ജൈവ സംസ്കാരത്തെയും അവിടെ താൻ കണ്ടെത്തിയ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളെയും, അവരുടെ സംസ്കാരങ്ങളും, സങ്കടങ്ങളും, അതിജീവനങ്ങളും,സൗഹൃദങ്ങളും, പ്രണയങ്ങളും, മറഞ്ഞു പോയവരുടെ ഓർമ്മകളും അതീവ ഹൃദ്യമായി അടുക്കും ചിട്ടയോടും കൂടി ഈ പുസ്തകത്തിൽ സോണിയ കുറിച്ചിട്ടിരിക്കുന്നു. കൃത്യമായും ഭംഗിയായും എഴുതുവാൻ വേണ്ടിയുള്ള യാത്രകളുടെ വിവരണങ്ങളും അതി കഠിനമായ മല കയറ്റിറക്കങ്ങളും ഉത്കണ്ഠയോടു കൂടി മാത്രമേ വായിച്ചു തീർക്കുവാൻ ആവൂ.
സോണിയയുടെ എഴുത്തിനെ ഇത്ര ഉത്കൃഷ്ടമാകുവാൻ സഹായിച്ച അവരുടെ പ്രതിഭ ഒരു പട്ടാളക്കാരിയുടേതു മാത്രമല്ല. പരന്ന വായനയും, സാഹസികമായ യാത്രകളും, അതിസൂക്ഷ്മ നിരീക്ഷണങ്ങളും, മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും ജൈവ പരിസരങ്ങളിലേക്കും പടർന്ന് ഇറങ്ങിയ സഞ്ചാരങ്ങളുമാണ്. എല്ലാറ്റിനും പുറമേ നല്ല ആഖ്യാന പാടവം. ജോഗ്രഫിയിൽ മോശക്കാരിയായ ഞാൻ സോണിയയോടൊത്ത് ഇന്ത്യ മഹാരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്സാഹത്തോടും ആകാംക്ഷയോടും കൂടി സഞ്ചരിച്ചു. മഞ്ഞിലുറഞ്ഞുപോയ സൈനികരെ ഞാനും കണ്ടു. രാജ്യത്തിനുവേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ രക്തസാക്ഷികളെ കണ്ടു, പൂത്തു നിൽക്കുന്ന ഗുൽമോഹർ മരങ്ങൾ, ദേവദാരു, പൈൻ വൃക്ഷങ്ങൾ, ,ബും റേഷിന്റെ ഇതളുകൾ, ചുവന്ന രക്തവർണ്ണമുള്ള ചെറിപ്പഴങ്ങൾ, മൃതസഞ്ജീവനി വളരുന്ന ഗന്ധമാദനപർവ്വതം, ചകോര പക്ഷികൾ, നീലക്കൊടുവേലി വേരുകൾ, പീച്ചും ആപ്രിക്കോട്ടും, അരുവികൾ,പുഴകൾ. തണ്ണീർത്തടങ്ങൾ,ദേശാടനക്കിളികൾ, ജിം കോർ ബെറ്റിന്റെ നരഭോജികൾ ആയ കടുവകൾ വരെ- ഇവയുടെയൊക്കെ 'മന്ദാര വിശുദ്ധിയുള്ള' വിവരണങ്ങൾ. എല്ലാം ഞാൻ ആസ്വദിക്കുകയായിരുന്നു.
500 വർഷക്കാലം ഇന്ത്യയെ ഭരിച്ച ബ്രിട്ടീഷുകാരുടെയും ബ്രിട്ടീഷ് ഇന്ത്യ കാലത്തെ ഇന്ത്യൻ സൈനികരുടെ ജീവിതത്തെയും പറ്റി അധികമാരും വരച്ചിടാത്ത ചിത്രങ്ങൾ സോണിയ ഈ പുസ്തകത്തിൽ വരച്ചിടുന്നു. ബ്രിട്ടീഷുകാർ ഇവിടെ നിന്നും മോഷ്ടിച്ചു കൊണ്ടു പോയ സ്വർണ്ണം,വെള്ളി, ഹിമാലയൻ മഹാഗണികൾ മറ്റു വിലമതിക്കാനാവാത്ത പുരാതന വസ്തുക്കൾ, ഇവയെപ്പറ്റി ഒക്കെ നഷ്ടബോധത്തോടെ ഈ ഇന്ത്യൻ പട്ടാളക്കാരി ഓർമ്മിച്ചെടുക്കുന്നു. ഇന്ത്യക്കാരെ പോലെ തന്നെ ബ്രിട്ടീഷുകാരും ധാരാളമായി യുദ്ധത്തിലും, വിവിധ രോഗങ്ങളാലും മരിച്ചൊടുങ്ങി. അവരുടെ ശ് മശാനങ്ങളുടെ കാഴ്ച ശത്രുവാണെങ്കിലും നമ്മെയും ഒരു വേള ദുഃഖിപ്പിക്കുന്നുണ്ട്
ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഒക്കെ ഈ കുറിപ്പുകളിൽ സജീവമാകുന്നുണ്ട്. ഇന്ത്യക്ക് അകത്തു തന്നെ ബ്രിട്ടീഷുകാരും ഫ്രഞ്ച് കാരും തമ്മിൽ നടത്തിയ യുദ്ധങ്ങളുടെ കഥ. എങ്കിലും സോണിയയ്ക്ക് വരുംതലമുറയിൽ പ്രത്യാശ ഉണ്ട് . ഇനി ഒരു നാളും ഉണ്ടാകാനിടയില്ലാത്തവണ്ണം ഇരു കൂട്ടരും യുദ്ധങ്ങൾ അവസാനിപ്പിച്ചു എന്ന് നാം വായിച്ചറിയുന്നു.
ചരിത്രത്തെ തൊട്ട എഴുത്താണിത്. സോണിയയ്ക്ക് നല്ല ചരിത്ര അവബോധം ഉണ്ട്. ഇതിഹാസങ്ങളും ഇതിഹാസ സ്തലങ്ങളുമായി ബന്ധിപ്പിച്ച് എഴുതിയിരിക്കുന്ന രീതി അതിമനോഹരം. ബൈബിളിൽ നിന്നും ജോസഫും സഹോദരന്മാരും മനാസേ യും ഒക്കെ ഇവിടെ ഇറങ്ങി വരുന്നു.
2002 മുതൽ 2016 വരെ നീണ്ടുനിന്ന പട്ടാളക്കാരിയുടെ ഓർമ്മക്കുറിപ്പുകളിൽ സ്വന്തം കുടുംബത്തെയും മക്കളെയും അവരെ വളർത്തുവാൻ പെട്ട പെടാപ്പാടുകളെയും അവർക്ക് ഒരുക്കിക്കൊടുത്ത അസാധാരണമായ ജീവിത സാഹചര്യങ്ങളെയും രീതികളെയും, ചൊല്ലികൊടുത്ത കവിതകളും കഥകളും ഇതിൽ കോറി ഇട്ടിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിനെ ഉദ്ധരിച്ച് എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടാണ് സോണിയ ഈ പുസ്തകം അവസാനിപ്പിക്കുന്നത്. " ജീവിതത്തിലെ ഏറ്റവും സുന്ദരവും സുരഭിലവുമായ 14 വർഷങ്ങൾ നീ എങ്ങനെ ചെലവഴിച്ചു".?
'ഞാനോ , ഞാൻ പട്ടാളത്തിൽ ചേർന്നു.'
സർക്കാർ ജീവിതത്തിലെ ഓരോ ട്രാൻസ്ഫർകളും വരുമ്പോൾ ഞാനും ഐഡി കാർഡുകൾ സറണ്ടർ ചെയ്തിട്ടുണ്ട്. ആരെങ്കിലും അത് ചെറുതായി മുറിച്ച് കത്തിച്ചു കളയുന്നത് ഞാൻ ഇതേവരെ കണ്ടിട്ടില്ല.. പുതിയ സ്ഥലത്ത് പുതിയൊരു ഐഡി കാർഡ്, അതാകാം കാരണം.
എന്നാൽ പട്ടാളജീവിതം അവസാനിപ്പിച്ച് ഇറങ്ങുമ്പോൾ ലെഫ്റ്റ് കേണൽ സോണിയ ചെറിയാന്റെ ഐഡന്റിറ്റി കാർഡ് അവിടുത്തെ പട്ടാള മേധാവി ചെറുതായി മുറിച്ച് കത്തിച്ചു കളയുന്നു... പിരിയുന്ന ഒരു പട്ടാളക്കാരിയുടെ മുമ്പിൽ അത് ചെയ്യുവാൻ പട്ടാള മേധാവിയും ഒന്ന് ശ ങ്കിക്കുന്നുണ്ട്. അതാകാം പട്ടാള നിയമം... എന്നു നമുക്ക് ആശ്വസിക്കാം. എന്നാൽ അതുകൊണ്ടൊന്നും സോണിയയുടെ പട്ടാള ഓർമ്മകൾ മരിച്ചു എന്ന് ആരും കരുതേണ്ട. ഈ 'ഇന്ത്യൻ റെയിൻബോ' എന്ന പുസ്തകം അതിനു തെളിവാണ്. ഒരാഴ്ചയ്ക്കകം രണ്ടാം എഡിഷൻ ഇറങ്ങിയ ഈ പുസ്തകം കാലത്തെ അതിജീവിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട്
സ്നേഹപൂർവ്വം
Dr. Kunjamma George 03/03/2023.