കൃഷിയിടങ്ങൾ സംരക്ഷിക്കാൻ തോക്കുകൾ കൊടുക്കും എന്നറിഞ്ഞതോടെ
മുത്തച്ഛനായിട്ടു തന്നെ നാടൻ ,റൈഫിൾ തുടങ്ങിയ പലയിനം തോക്കുകൾ വീട്ടിൽ വന്നു .അച്ഛൻ തോക്കുകളുടെ ഒരാരധകനായിരുന്നു .അവധിദിവസങ്ങളിൽ അതെടുത്തു തുടക്കുക ,ഓയിൽ, ഇടുക ഉന്നം പരീക്ഷിക്കുക ,നാടൻ തോക്കിനുവേണ്ട അരിമ്പ് ഈയം ഉരുക്കി സംഭരിച്ചു വക്കുക ,പൊട്ടാഷിൻറെ വീര്യം പരിശോധിക്കുക .
ചുരുക്കിപ്പറഞ്ഞാൽ അതെല്ലാം ഒരു ചടങ്ങാണ് .എൻ്റെ ഏക ജോലി അതെല്ലാം നോക്കി
ഇരിക്കുക .ഒന്നും തൊടാൻ അച്ഛൻ സമ്മതിക്കില്ല .അതിനും ഒരു കാരണം ഉണ്ട് .ഒരിക്കൽ തുടച്ചുകൊണ്ടിരുന്ന റൈഫിളിൽ നിറ ഉണ്ടായിരുന്നു . പൊട്ടി എന്നുമാത്രമല്ല മച്ചും ,ഓടും തുളച്ചു ആകാശത്തേക്ക് ഉണ്ടപോയി . എൻ്റെ അലറി കരച്ചിലും ,മുത്തച്ഛന്റെ ശകാരവാക്കുകളും വായുവിലലിഞ്ഞു , “ നീയിപ്പെ കൊച്ചിനെ കൊന്നേനെ .”
അച്ഛൻ ഒരു തികഞ്ഞ പുരുഷനായിരുന്നു . എന്നുമാത്രം പറഞ്ഞാൽ കാര്യങ്ങൾ വ്യക്തമാകില്ല . വാരാന്ത്യങ്ങളിൽ നാടൻ ശിക്കാർ .മുയൽ , മുള്ളൻപന്നി , എരണ്ട ,
വവ്വാൽ തുടങ്ങിയവ . ഭക്ഷണവും, കുടിക്കാനുള്ള അകതാരികളും രണ്ടുതരം തോക്കുകളും എല്ലാമായി രണ്ടു വേലക്കാർ മുമ്പിൽ . ചകിരി കരിയിൽ
മുക്കി കടിച്ചുപിടിച്ചപോലുള്ള അച്ഛൻറെ മീശക്ക് താഴെ ചുരുട്ട് എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കും . ഇടക്ക് പുറം കടലിൽ , കുട്ടുകാരുമൊത്തു മീൻ പിടുത്തംചിലപ്പോൾ വലിയ തയ്യാറെടുപ്പോടെ കാട്ടിലേക്ക് നായാട്ടിന് ഒരു പോക്കുണ്ട് .പോയാൽ ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരവുള്ളു .
കരിമന്തി ,മാൻ , മ്ലാവ് , എന്തെങ്കിലും കിട്ടാതെ അച്ഛൻ മടങ്ങില്ല .മുത്തച്ഛനും ആയാത്രകളിൽ കൂടാറുണ്ട്
പറയുമ്പോൾ എല്ലാം പറയണമല്ലോ . മുറ്റത്തിന് തെക്കുവശത്തെ കിളച്ചമണ്ണിൽ ലങ്കോട്ടി കെട്ടി അതിരാവിലെ മുത്തച്ഛനും , അച്ഛനും കുറച്ചു വ്യായാമ മുറകളുണ്ട് .
അവസാനം മണ്ണിൽ കുത്തിയ കുഴിയിൽ പലകകൊണ്ടു മൂടി കുറെ നേരം വിയർക്കാൻ ഇരിക്കും .അതുകഴിഞ്ഞു കയറിവരുമ്പോൾ കട്ടൻചായയിൽ നെയ്യൊഴിച്
രണ്ടാളും ഊതി ഊതി കുടിക്കും . നല്ല ശിക്കാരി അരോഗദൃഢഗാത്രനായിരിക്കണം -അതാണ് മുത്തച്ഛന്റെ പഴമൊഴി . സത്യം പറഞ്ഞാൽ വീട്ടിൽ എന്നും കാട്ടിറച്ചി ഏതെങ്കിലും രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും . മുത്തച്ഛന്റെ ചെറുപ്പത്തിൽ.വെടിവെച്ചിട്ട രണ്ടു കാട്ടുപോത്തിന്റെ തല സ്റ്റഫ് ചെയ്ത് അറവാതുക്കലിന്റെ രണ്ടു
വശത്തും സ്ഥാപിച്ചിട്ടുണ്ട് . ദിവാനിൽ കിടന്ന് ,കാലും കയറ്റിവച്ചു അതിലേക്ക് നോക്കിദിവാസ്വപനം കണ്ട് ,പുഞ്ചിരിക്കുന്നതാണ് മുത്തച്ഛന്റെ ആത്മസംതൃപ്തി .
“ നിങ്ങൾ എവിടെ നിന്ന് വന്നാലും ഈ നാടിൻറെ സ്വപ്ങ്ങളാണ് നിങ്ങളെ നയിക്കേണ്ടത് . “ പറഞ്ഞത് ഹാരോൾഡ് റോബിൻസ് ആണെങ്കിലും പോകെ പോകെ
ഓരോ കുടിയേറ്റക്കാരനും സത്യം തുളുമ്പുന്ന ,ആ ചിന്തയിൽ രമിക്കും . മനസ്സിന്റെ അടിത്തട്ടിൽ എവിടെയോ ഒരു ശിക്കാരി കിടന്നുറങ്ങുന്നുണ്ടെന്ന് അറിയാമായിരുന്നു .
നിയമങ്ങളുടെ ഊരാക്കുടുക്കുകളാൽ നിബിഡമായ വ്യവസ്ഥിതിയിൽ ,ഒരു പുതു വരവുകാരന് റൈഫിൾ സംഘടിപ്പിക്കുക അത്ര എളുപ്പമല്ല എന്ന് ഇറങ്ങി തിരിച്ചപ്പോൾ മനസ്സിലായി.
പന്ത്രണ്ടു നിലയുള്ള അപാർട്മെന്റ് കെട്ടിടത്തിൽ നിന്ന് പുറത്തേക്കിറങ്ങിയാൽ നെടുകെ കിടക്കുന്ന താറിട്ട വഴി അവസാനിക്കുന്നത് ഹഡ്സൺ നദിയിലാണ്. .രണ്ടുവശവും വച്ചുപിടിപ്പിച്ച പൈൻ മരങ്ങളാൽ തോരണം തൂക്കുന്ന ,വിസ്തൃതമായ നടപ്പാത ,പുഴയിൽ നിന്നടിക്കുന്ന കാറ്റിനാൽ കുളിരാടി നിൽക്കുന്നു . പുഴയെത്തുന്നതിന് കുറച്ചുമുമ്പ് ഫോർട്ട് ഹാമിൽട്ടൺ ഹൈസ്കുളും ,ഫുട്ട്ബോൾ ഗ്രൗണ്ടും .ഗ്രൗണ്ടിനുചുറ്റും സിമൻറ് കസേരകൾ നിരത്തിയിട്ടിരിക്കുന്നു .പഞ്ഞി സമാനമായ ,റബറൈസ്‌ഡ് ഗ്രൗണ്ടിൽ അതിരാവിലെ ജോഗിംഗിന് പറ്റിയ ഇടമാണെന്ന് കണ്ടെത്തി . അതിരാവിലെ ആകുമ്പോൾ ,മൂന്നുവയസ്സുകാരി മകൾ സീതയെ കൂടെ കൊണ്ടുപോണം .മടങ്ങുമ്പോൾ ഐസ്ക്രീം വാങ്ങിത്തരാം എന്ന എഗ്രിമെന്റിൽ ,സ്‌ട്രോളറിൽ കൂടെ കൊണ്ടുപോയി ബെഞ്ചിൽ ഇരുത്തുന്നു .
അവിടെ വച്ചാണ് ജെറി ഗെൽഗാനോ എന്ന ഇറ്റലിക്കാരനെ പരിചയപ്പെടുന്നത് .
എന്നും പട്ടിയുമായി വരുന്ന അയാൾ വളരെശാന്തനായി കാണപ്പെട്ടു . പുഴയുടെ തീരം വഴിയുള്ള വീടുകൾ ,കൊട്ടാര സദൃശമായ മണിമാളികകൾ ആയിരുന്നു .അയാൾ ഒരിക്കൽ വീട്ടിലേക്ക് ക്ഷിണിച്ചു .അവിടെ ചുറ്റുമുള്ള വീടുകൾ ,ചുരുക്കിപ്പറഞ്ഞാൽ ബെറിഡ്ജ് മുഴുവനും ഇറ്റാലിയൻ മാഫിയയുടെ സങ്കേതങ്ങളാണെന്ന് ആരോ പറഞ്ഞുകേട്ടു .
ഞങ്ങൾ പോയി നിന്നത് കാസിൽ സമാനമായ ഒരു കൊട്ടാരമുറ്റത്താണ് . “ ഇതാണെന്റെ വീട് . വീട് വലുതാണെങ്കിലും ഞങ്ങൾ രണ്ടാത്മാക്കൾ മാത്രമേ
ഇവിടുള്ളൂ” . അവർക്ക് മക്കൾ ഇല്ലാത്ത കാരണം മുപ്പത്തിരണ്ട് മുറികളുള്ള ആകൊട്ടാരം നിശബ്ദമായിരുന്നു . മുൻവശത്തെ മതിലിനടുത്തു കൂട്ടിലായി രണ്ട് ലാബ്രഡോർ പട്ടികൾ ചുരമാന്തി വിരാചിക്കുന്നു .
ലോകത്തിലുള്ള എല്ലാ വിലക്കുടിയ മദ്യങ്ങളാലും ,വൈനുകളാലും ,അലങ്കൃതമായ ,മുട്ടയുടെ രൂപത്തിൽ കാർവ് ചെയ്തെടുത്ത മദ്യശാല .ബില്ലിയാർഡ്‌സ്
ടേബിൾ ടെന്നീസ് ,കാരംസ് എന്നിവ കളിക്കാൻ വലിയൊരു മുറി . ഏണിവച്ചു കയറേണ്ട ലൈബ്രറി .കറതീർന്ന ജിംനേഷ്യം !
എന്നെ ആകർഷിച്ചത് അയാൾ സൂക്ഷിച്ചിരുന്ന തോക്കുകളുടെ സങ്കേതമാണ് .എല്ലാ വർഷവും ഹണ്ടിങ്ങിന് പോകും എന്നറിഞ്ഞപ്പോൾ ഒരു വഴി തുറന്നുകിട്ടിയ
പ്രതീതിയായിരുന്നു .എൻ്റെ വേട്ട ഭ്രമം അയാളെ വല്ലാതെ ആകർഷിച്ചു .
ഓരോ മനുഷ്യനും അവന്റേതായ ഒരാരോഗ്യ തത്വശാസ്ത്രമുണ്ട് .മതം പോലെത്തന്നെ അതാണ് ശരി എന്ന് അവർ വാശി പിടിക്കും . ഇയാൾ അങ്ങിനെ ചെയ്തില്ല .അതുകൊണ്ടുതന്നെ അയാളെ എനിക്കിഷ്ടമായി .അയാൾ പറഞ്ഞു , “ മാൻ പോകുന്ന വഴിയിൽ കാണുന്ന എല്ലാ ചെടികളുടെ ഇലകളും കടിക്കും .
അതിന്റെ ദേഹത്ത് ഭക്ഷിക്കുന്നതിൻറെ ഒരംശം ഉണ്ടാകും . എനിക്ക് മാനിനെ കിട്ടിയാൽ ,അതിൻറെ എല്ലുകൾ വേറെ എടുത്തു അറഞ്ഞു , സ്പിനാച് ,കൊറിയണ്ടൽ
ഇലകൾ , സെലറി ,കുരുമുളക് എന്നിവചേർത്തു തിളപ്പിക്കും . എന്നിട്ട് അതിൻ്റെ തെളി ചൂടോടെ കോപ്പയിൽ പകർന്ന് വിസ്കി ചേർത്ത് മെല്ലെ കഴിക്കും . ഒന്ന് കുടി പറയട്ടെ
ഇപ്പോൾ എനിക്ക് ഒരു രോഗവും ഇല്ല . “
ജെറിയിൽ നിന്നാണ് വേട്ടയുടെ എല്ലാവശങ്ങളും പഠിച്ചത് .മാൻ വേട്ട നവംബർ പത്തൊൻപതിന് തുടങ്ങി ഫെബ്രുവരി ഇരുപത്തൊന്നിനു അവസാനിക്കും . ആദ്യം ഹണ്ടിങ് ലൈസെൻസ് ,പിന്നെ തോക്ക് , വേട്ടക്ക് തിരിച്ചുകിട്ടുന്ന ഇടം , കലമാനാണോ
പെൺമാനാണോ ലൈസെൻസിൽ പതിച്ചിരിക്കുന്നത് എന്ന നിബന്ധന .
മൈനസ് ഫോർടീൻ ഡിഗ്രി ഫാരെൻ ഹീറ്റിലാണ് മാനിനെ പുറത്തു കാത്തിരിക്കേണ്ടത് എന്ന കാര്യം ഞാനറിഞ്ഞില്ല .ഉഷ്ണജീവിയായ എനിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു .കാര്യം രണ്ട് ഗ്ലോവ്സ് ,രണ്ടു സോക്സ് ,ബൂട്ട് ,
അസ്‌ട്രോനോട്ടിന്റെ പടച്ചട്ട എല്ലാം ഉണ്ടായിരുന്നിട്ടും ,കാറ്റടിക്കുമ്പോൾ എലി വിറക്കുമ്പോലെ ആടിപ്പോകുന്നു . ഹെയർ ഓയിൽ ,പെർഫ്യൂം ,സോപ്പ് ,പേസ്റ്റ് ,എണ്ണ
ഒന്നും ഒരാഴ്ച ഉപയോഗിക്കാൻ പാടില്ല . കാരണം നമ്മൾ മാനിന്റെ വീട്ടിലേക്കാണ് പോകുന്നത് . അവന് പരിചിതമല്ലാത്ത മണം വന്നാൽ അവനടുക്കില്ല .
കണ്ണും ,വായും മാത്രം പുറത്തുകാണിച്ചുള്ള ആ നാലുമണിക്കൂർ ഇരിപ്പിനിടക്ക് ചെറിയൊരു കരിയില അനക്കം അടുത്തു വന്നു .അറുനൂറു പൗണ്ടെങ്കിലും വരുന്ന ഒരു
കലമാൻ .എൻ്റെ അനങ്ങാതെയുള്ള ഇരിപ്പുകണ്ടിട്ടു അവൻ വിചാരിച്ചത് മരമാണെന്നാണ് ,അത്രക്ക് ഞാനുറഞ്ഞു പോയിരുന്നു .കൈവിറച്ചതാണൊ ,കാഞ്ചി വലിച്ചതാണോ എന്നറിയില്ല . വെടിപൊട്ടി. മാൻ മറിഞ്ഞുവീണു .അവൻ്റെ സ്റ്റഫ് ചെയ്ത തല എൻ്റെ സ്വികരണമുറിയെ ഇന്നും അലങ്കരിക്കുന്നു .
മദ്യത്തിന്റെ കച്ചവടം തുടങ്ങുന്നു എന്ന് കേട്ടപ്പോൾ തന്നെ ആദ്യം എതിർത്തത് ഭാര്യയാണ് .എല്ലാംകൂടി അരച്ചുകലക്കി ഞാനൊരു ഉത്തരം മാത്രം പറഞ്ഞു .
“ എടി , പുരുഷ ജന്മം കിട്ടിയാൽ മാത്രം പോരാ. ആണായിരിക്കണം ! എന്നും രക്തപ്പുഴ നീന്തുന്ന ,ഒരു സർജനായ നിനക്ക് എന്താ ഇത്ര പേടി ? “ പിന്നെ അതിനെപ്പറ്റി സംസാരം ഉണ്ടായില്ല .
കരാട്ടെ സ്‌കൂൾ നടത്തുന്ന ജോൺ മില്ലർ ബാറിൽ വച്ചുകണ്ടപ്പോൾ liquor ഷോപ് തുടങ്ങുന്നത് അറിഞ്ഞിട്ട് പറഞ്ഞു , “ liquor is an inflammable product . so be careful . you need a
Licenced gun to carry all the time “ ജോൺ പഴയ സുഹൃത്തായ കാരണം , ലൈസെൻസ് കിട്ടാനും ,തോക്ക് വാങ്ങാനും ഒക്കെ സഹായിച്ചു .ഏഴു വെടിപൊട്ടുന്ന സെമി ഓട്ടോമാറ്റിക് , khar എന്ന് പേരുള്ള ,പോലീസുകാരുടെ സന്തത സഹചാരിയായ തോക്കാണ് വാങ്ങിയത് . ജോണിനൊപ്പം എല്ലാമാസവും range ൽ പോയി പരിശീലനവും തുടങ്ങി .
ഒരു മദ്യക്കട എല്ലാ വർഗ പരമ്പരകളും വന്നുപോകുന്ന സ്ഥലമാണ് .എപ്പോഴാണ് അന്തരീക്ഷം ചുമക്കുന്നത് എന്ന് പറയാനാകില്ല .ജാഗരൂകരായിരിക്കുക എന്നതിലപ്പുറം മറ്റൊന്നും ചെയ്യാനില്ല . ഈസ്റ്റർ ,ക്രിസ്മസ് , വാലറ്റൈൻസ് ഡേ , എന്നീ ദിവസങ്ങളുടെ
തലേന്ന് കടയിൽ അസാധാരണമായ തിരക്കായിരിക്കും .ഏറ്റവും കൂടുതൽ പണം കുമിഞ്ഞു കൂടുന്ന ദിവസങ്ങൾ . അത് നമ്മളെപ്പോലെ തന്നെ തരം പാർത്തിരിക്കുന്ന കള്ളനും അറിയാം .
ഈസ്റ്ററിന്റെ തലേ ദിവസം ,നല്ല തെളിച്ചമുള്ള പ്രഭാതം . വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ ഭാര്യ അവിചാരിതമായി വന്ന് കെട്ടിപിടിച്ചു .ചെവിയിൽ പറഞ്ഞു , “ സൂക്ഷിക്കണം “ .കുട്ടികളും ഓടിവന്ന് കെട്ടിപ്പിടിച്ചു .ഇതൊന്നും പതിവുള്ള കാര്യങ്ങൾ അല്ലാത്തകാരണം മനസ്സിലൊരു പിടച്ചിൽ അനുഭവപ്പെട്ടു .രാവിലെ മുതൽ കടയിൽ നല്ല തിരക്കായിരുന്നു . റെജിസ്റ്ററിൽ നോട്ടുകൾ കുമിഞ്ഞു കൂടുമ്പോൾ ,ഒരു ബ്രൗൺ ബാഗിലാക്കി ഏതെങ്കിലും ചവറ്റുകൊട്ടയുടെ അടിയിൽ മൂടിഇടുന്നു ,അതാണ് പതിവ് . പിറ്റേ ദിവസം രാവിലെ എടുത്തു എണ്ണിനോക്കുന്നു .
ഇരുട്ടിക്കഴിഞ്ഞും ആളുകൾ കൂടുതലായി വന്നുകൊണ്ടിരുന്നു . ചിലർക്ക് ,ഗിഫ്റ്റ് ആക്കി പൊതിഞ്ഞു കൊടുക്കണം . നാലഞ്ച് പണിക്കാർ കണ്ണിൽ എണ്ണ ഒഴിച്ച് നിൽക്കുന്നു .ഞാൻ പുറകിലത്തെ എൻ്റെ മുറിയിൽ ,മാറിമറിയുന്ന കാമറ സ്‌ക്രീനിൽ കണ്ണും നട്ടിരിക്കുന്നു .
രാത്രി പത്തുമണി ആയിക്കാണും ,ആളുകളുടെ പ്രവാഹം നിലച്ചിട്ടില്ല .ദേഹത്ത് ലൂസായി കിടക്കുന്ന ഹാഫ് കോട്ടുമായി ഒരു കറുത്തവർഗക്കാരൻ കടന്നു വന്നു .ഒരുപാട് അതിഥികളെ സ്വികരിച്ച കണ്ണുകൾക്ക് ,ആ വരവത്ര പിടിച്ചില്ല . ഞാൻ എഴുന്നേക്കുന്നതിനു മുമ്പ്, തോക്ക് ഹോൾസ്റ്ററിൽ നിന്ന് എടുത്തു അരയിൽ തിരുകി .
കറുത്ത പാൻറ്സിനും ,വെളുത്ത ടർട്ടിൽനെക്ക് ബനിയനുമിടയിൽ തോക്കിന്റെ ബട്ട് തിളങ്ങി നിന്നു .
അയാളുടെ നോട്ടത്തിലെ പതർച്ച അപകടം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു .
മുന്നോട്ടെടുത്തപ്പോഴാണ് ശ്രദ്ധിച്ചത് ,അയാളിട്ടിരുന്ന കോട്ടിന്റെ രണ്ടു സൈഡിൽനിന്നും തോക്കിന്റെ ബട്ടുകൾ എഴുന്നു നിൽക്കുന്നു .ജോലിക്കാർക്ക് വേഗം കാര്യം മനസ്സിലായി . അവരുടെ മുഖത്തെ ഭയവിഹ്വല ഭാവം ,വരാൻ പോകുന്ന ദുരന്തത്തിൻറെ ആഴം വിളിച്ചു പറഞ്ഞു . ഞങ്ങളുടെ ജീവൻ രക്ഷിക്കേണ്ട ബോസ് ഇവിടെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ………..!
അയാൾ വളരെ പെട്ടന്ന് തിരിഞ്ഞു നോക്കി . കണ്ണ് പതിഞ്ഞത് എൻ്റെ അരയിൽ തിളങ്ങുന്ന തോക്കിലാണ് . ഇടതുകൈകൊണ്ട് പുറകിലേക്ക് ചുരുണ്ട് തൂങ്ങിക്കിടക്കുന്ന മുടി ഒന്ന് കോതി . ഞാൻ തോക്കുയർത്തിയപ്പോഴേക്കും അയാൾ ചാടി കടക്കുപുറത്തേക്ക് ഓടി . പക്ഷെ , അയാളുടെ കൂട്ടാളി സ്റ്റാൻഡുകൾക്കിടയിൽ
നിന്നും എന്നെ ഉന്നം പിടിക്കുന്നത് ഞാൻ കണ്ടില്ല . അയാളുടെ ആദ്യത്തെ വെടി ,
എൻ്റെ വലത്തെ തോളെല്ല് തകർത്തും കൊണ്ട് കടന്നുപോയി .വലത്തേക്ക് വീഴാൻ ചെരിയുമ്പോഴേക്കും ,രണ്ടാമത്തെ വെടി പൊട്ടി . വലത്തേ ഒരം തകർന്ന് ബോധമറ്റുവീണു .
ഞാൻ ഓർത്തുപോവുകയാണ് . ഋതുസംക്രമരാത്രിയിൽ അച്ഛനെ കാത്തിരിക്കുന്ന കണ്ണുകൾ . കണ്ണുനീരിൽ കണ്ണൊലിച്ചുപോയ ആറ് കണ്ണുകൾ .
ചോരക്കറ പുരണ്ടരാത്രിയാമങ്ങളിൽ പടരുന്ന നിലവിളി . ഒരു നിലാപക്ഷിയുടെ നിറുത്താതെയുള്ള ചിലക്കൽ .
നാല്പത്തെട്ടു മണിക്കൂറിനുശേഷം ബോധം തെളിയുമ്പോൾ , അവർ മൂന്നാളും അടുത്തുണ്ടായിരുന്നു . ആറുവയസ്സുകാരൻ മകൻ എൻ്റെ വലതുവശത്തു കട്ടിലിൽ കയറി ഇരുന്നു . അമ്മ കാണാതെ ഒരു പൊതി ഭദ്രമായി പൊതിഞ്ഞുകൊണ്ടുവന്നിരുന്നു
അത് തലയിണക്ക് അടിയിൽവച്ചിട്ടു , ചെവിയിൽ പറഞ്ഞു , “ If he come back kill him “
അതാണ് നാലാം തലമുറയിലെ ശിക്കാരി !!!!!!
# Story by Manohar Thomas