പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ, ചരമകുറിപ്പ് എഴുതിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുരയിലും മേഘാലയിലും നാഗാലാന്റിലും കേന്ദ്രത്തില്‍ 303 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ബി.ജെ.പി. പ്രാദേശിക സഖ്യകക്ഷികളുടെ ഊന്നുവടിയില്‍ മുന്നേറുകയാണ്. ഇതില്‍ ത്രിപുരയില്‍ മാത്രം ബി.ജെ.പി.ക്ക് തനിച്ച് ഭൂരിപക്ഷം ഉണ്ട്. അവിടെ ബി.ജെ.പി.യുടെ മാണിക്ക് സാഹയാണ് കൂട്ടുകക്ഷി ഗവണ്മെന്റിന്റെ മുഖ്യമന്ത്രി. മേഘാലയിലും നാഗാലാന്റിലും പ്രാദേശിക കക്ഷികളുടെ മുഖ്യമന്ത്രിമാര്‍ ആണ്, കോണ്റാട്ട് ബങ്മ, നിഫിയുറിയോ. ഇതിനെയാണ് ദേശീയ മാധ്യമങ്ങള്‍, പ്രത്യേകിച്ചും ഇംഗ്ലീഷ് ദിനപത്രങ്ങള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കാവി പുതക്കുന്നു എന്ന് തലവാചകം കുറിച്ചത്. ശരിയാണ് ഒരിക്കല്‍ ബി.ജെ.പി.ക്ക് ബാലികേറാമലയായിരുന്ന ക്രിസ്ത്യന്‍ മേധാവിത്വമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എട്ടില്‍ ഏഴുസംസ്ഥാനങ്ങളും ഇന്നു ഭരിക്കുന്നത് ബി.ജെ.പി.യും സഖ്യകക്ഷികളും ആണ്. ഒരു കാലത്ത് കോണ്‍ഗ്രസ് ഇവിടെ ഏകഛത്രാധിപതി ആയിരുന്നു. ത്രിപുരയാകട്ടെ ദശാബ്ദങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയും. ഇതെല്ലാം ആണ് ബി.ജെ.പി.യുടെയും പ്രാദേശിക സഖ്യകക്ഷികളുടെയും മുമ്പില്‍ തകര്‍ന്നടിഞ്ഞത്. ഒടുവില്‍ ഇതാ മേഘാലയും നാഗാലാന്റും ത്രിപുരയും.
മേഘാലയയില്‍ ബി.ജെ.പി. ഭരണകക്ഷി ആയിരിക്കുന്നത് രണ്ട് സീറ്റുകളോടെ ആണ്. ഇവിടെ ബി.ജെ.പി.യുടെ വോട്ടുവീതം ആകട്ടെ 9.6 ശതമാനവും. പ്രതിപക്ഷമായ കോണ്‍ഗ്രസിന് അഞ്ചു സീറ്റുകളും 13.1 ശതമാനം വോട്ടുവിഹിതവും ഉണ്ട്. മുഖ്യകക്ഷിയായ മേഘാലയയിലെ എന്‍.പി.പി.ക്ക് 26 സീറ്റുകള്‍ ലഭിച്ചു. നാഗാലാന്റില്‍ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് നേടുവാനായത് 12 സീറ്റുകള്‍ (8.3 ശതമാനം വോട്ടു വിഹിതം) ആണ്. 2018-ല്‍ ഇവിടെ ബി.ജെ.പി.യുടെ വോട്ടുവിഹിതം 9.6 ശതമാനം ആയിരുന്നു. മുഖ്യ ഭരണകക്ഷിയായ എന്‍.ഡി.പി.പി.ക്ക് ലഭിച്ചത് 25 സീറ്റുകളും 32 ശതമാനം വോട്ടുവിഹിതവും ആണ്. എന്‍.ഡി.പി.പി.യുടെ സീററുകള് 17 ആയിരുന്നു 2018-ല്‍, വോട്ടുവിഹിതം 25.3 ശതമാനവും. ഇതു രണ്ടും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ബി.ജെ.പി. പ്രമുഖ ഭരണകക്ഷിയായ ത്രിപുരയില്‍ ലഭിച്ചത് 32 സീറ്റുകള്‍ ആണ്.( ഈ മൂന്നു നിയമസഭകളിലെയും ആകെയുള്ളത് 60 സീറ്റുകള്‍ വീതം ആണ്.). വോട്ടുവിഹിതം 39 ശതമാനവും. 2018 ല്‍ ബി.ജെ.പി.ക്ക് ത്രിപുരയില്‍ 35 സീറ്റുകളും 43.6 ശതമാനം വോട്ടുവിഹിതവും ഉണ്ടായിരുന്നു. സീറ്റുകളുടെയും വോട്ടുവിഹിതത്തിന്റെ കാര്യത്തിലും ബി.ജെ.പി.ക്ക് ഇവിടെ ഇവിട് ആണ്. അധികാരത്തിന്റെ കാര്യത്തില്‍ മൂന്നു സംസ്ഥാനങ്ങളും പൂര്‍വ്വസ്ഥിതി പാലിച്ചു എന്നു കാണാം. ബി.ജെ.പി.ക്ക് എങ്ങും തന്നെ 2018-നെ അപേക്ഷിച്ച് വലിയ കാവിതരംഗം ഒന്നും സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ബി.ജെ.പി.യുടെ സഖ്യകക്ഷികളായ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വളര്‍ച്ച ഉണ്ടുതാനും. ഇവിടെ എവിടെയാണ് തരംഗം? നാഗാലാന്റില്‍ മറ്റൊരു സവിശേഷത ഉണ്ട്. ഇവിടെ പ്രതിപക്ഷം ഇല്ല. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് നാഗാലാന്റില്‍ പ്രതിപക്ഷം ഇല്ലാതാവുന്നത്. ഇക്കുറി നാഗാലാന്റില്‍ എല്ലാ പ്രതിപക്ഷപാര്‍ട്ടികളും റിയോ ഗവണ്മെന്റിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ്. ഇതില്‍ ഏഴു സീറ്റുകള്‍ ലഭിച്ച് നിയമസഭയില്‍ മൂന്നാമത്തെ വലിയ കക്ഷിയായിത്തീര്‍ന്ന ശരത് പവ്വാറിന്റെ എന്‍.സി.പി.യും ഉള്‍പ്പെടുന്നു. പവ്വാറിന്റെ പാര്‍ട്ടി ആകേണ്ടതായിരുന്നു മുഖ്യപ്രതിപക്ഷം. പക്ഷേ പവ്വാര്‍ പക്ഷം മാറുകയായിരുന്നു. അദ്ദേഹം ബി.ജെ.പി. സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത് മതേതര സഖ്യത്തിന് ഒരു തിരിച്ചടിയാണ്. പവ്വാറിന്റെ പാര്‍ട്ടിക്ക് ബി.ജെ.പി. സഖ്യവുമായി യാതൊരു പ്രീ-പോള്‍ ധാരണയും ഉണ്ടായിട്ടില്ലാതിരുന്ന സാഹചര്യത്തിലാണ് ഈ പുതിയ സംഭവവികാസം. മുഖ്യമന്ത്രി റിയോയുമായുള്ള ഒരു ധാരണ മാത്രം ആണ് ഇതിനു കാരണമെന്നും ബി.ജെ.പി.യുമായി എന്‍.സി.പി.ക്ക് യാതൊരു ബന്ധവും ഇല്ലെന്നും പവ്വാര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഇതെല്ലാം ഫലത്തില്‍ ഒന്നുതന്നെയാണ്. മേഘാലയില്‍ ബി.ജെ.പി.യും സാങ്മയുടെ പാര്‍ട്ടിയും തെറ്റിപ്പിരിഞ്ഞ് ഒറ്റക്ക് മത്സരിച്ചതാണെങ്കിലും തെരഞ്ഞെടുപ്പുകഴിഞ്ഞപ്പോള്‍ ബി.ജെ.പി. സാങ്ങ്മക്ക് ഒപ്പം ചേര്‍ന്നു. ഇതാണ് ബി.ജെ.പി.യുടെ വിജയകരമായ സഖ്യതന്ത്രം. ഇതാണ് മറ്റ് ദേശീയ പ്രതിപക്ഷകക്ഷികള്‍ക്ക് ഇല്ലാത്തതും. ഈ സഖ്യതന്ത്രം ബി.ജെ.പി. പയറ്റി വിജയിച്ചിട്ടുള്ളത് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം അല്ല. മറിച്ച് എല്ലായിടത്തും തന്നെ. ഇനി ഇതു തന്നെ ഈ വര്‍ഷം തെരഞ്ഞെടുപ്പു നടക്കുവാനിരിക്കുന്ന കര്‍ണ്ണാടകയിലും തെലങ്കാനയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഛാത്തീസ്ഘട്ടിലും പരീക്ഷിക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല. അതിശക്തമായ തെരഞ്ഞെടുപ്പു പ്രചരണം, ഹിന്ദുത്വ ആശയാവിഷ്ക്കാരം, പുരോഗതിയുടെ ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങള്‍ വാഗ്ദാനങ്ങള്‍ ഇവയെല്ലാം ആണ് ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പിനു മുമ്പുള്ള ആയുധം. നരേന്ദ്രമോദി തീര്‍ച്ചയായും ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ആയുധം ആണ്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കുതിരക്കച്ചവടം, റിസോര്‍ട്ട് രാഷ്ട്രീയം, പോസ്റ്റ് പോള്‍ സഖ്യതന്ത്രങ്ങള്‍ എല്ലാം പയറ്റും. ഏതായാലും വടക്കുകിഴക്കന്‍ പ്രദേശത്തെ ഈ മൂന്നു സംസ്ഥാനങ്ങളിലും ഇതൊന്നും വേണ്ടിവന്നില്ല. പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടേതായ രീതിയില്‍ തെരഞ്ഞെടുപ്പ് ജയിക്കുവാന്‍ സാധിക്കും. മേഘാലയയില്‍ അഞ്ച് സീറ്റുകള്‍ ജയിച്ച മമതബാനര്‍ജിയുടെ ത്രിണമൂല്‍ കോണ്‍ഗ്രസ് ഇതര മതേതരകക്ഷികള്‍ക്ക് മറ്റു സീറ്റുകളില്‍ വിനയായി മാറി. മോശമായ പ്രകടനം മമതയുടെ വലിയ ദേശീയ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയുമായി. ഇടതുപക്ഷത്തിനും കനത്ത പരാജയം എങ്ങും ഏറ്റു വാങ്ങേണ്ടിവന്നു. ത്രിപുരയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ഇടതിന് ഗുണം ഉണ്ടാക്കിയില്ല. കോണ്‍ഗ്രസിന് ലാഭവും ഉണ്ടായി. ഇതുപോലുള്ള പ്രീ-പോള്‍ സഖ്യങ്ങള്‍ അണികള്‍ സ്വീകരിക്കണമെന്നില്ല. ഇത് ബംഗാളില്‍ കഴിഞ്ഞപ്രാവശ്യം തെളിയിച്ചതാണ്. ബംഗാളില്‍ കഴിഞ്ഞ പ്രാവശ്യം തെളിയിച്ചതാണ്. ഒരു സഖ്യത്തിന് ഒരു കെമിസ്ട്രി ഉണ്ട്. സഖ്യം വെറും കണക്ക് മാത്രം അല്ല. രണ്ടുപാര്‍ട്ടിയുടെയും വോട്ടുവിഹിതവും ആകെ ലഭിച്ച വോട്ടുകളും കൂട്ടിയാല്‍ അത് സഖ്യത്തിന് ഒന്നടങ്കം ലഭിക്കുമെന്ന് കരുതുന്ന കണക്കല്ല സഖ്യം. അതിന്റെ രസതന്ത്രം വ്യത്യസ്തം ആണ്. ത്രിപുരയില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍ ത്രിപുര രാജാവായ പ്രദ്യോത് കിഷോര്‍ ദേബ് ബര്‍മ്മന്റെ തിപ്രമോത്ത എന്ന പ്രാദേശിക പാര്‍ട്ടുമായി സഖ്യം ഉണ്ടാക്കുവാന്‍ സാധിച്ചെങ്കില്‍ ഫലം ഉണ്ടായേനെ. ബര്മ്മന് ഒരു മുന്‍ കോണ്ഗ്രസുകാരന് ആണ്. കോണ്‍ഗ്രസിന്റെ പൗരത്വഭേദഗതി നിയമത്തോടുള്ള സമീപനം തുടങ്ങി ചില നയങ്ങളോടു വിയോജിച്ച് അദ്ദേഹം കോണ്‍ഗ്രസ് വിട്ടതാണ്. ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വമ്പന്പ്രകടനം ആണ് കാഴ്ച വച്ചത്. ആദിവാസി-ഗോത്രവര്‍ഗ്ഗവോട്ടുകള്‍ അദ്ദേഹത്തിന്റെ ത്രിപ്രമോത്ത തൂത്തുവാരി. ഇവിടെ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും നഷ്ടം ഉണ്ടായി. ബി.ജെ.പി. ഇപ്പോള്‍ ബര്‍മ്മനെ കൂടെ നിര്‍ത്തുവാനുള്ള ശ്രമമാണ്. ബര്‍മ്മന്റെ ആവശ്യങ്ങളില്‍ പ്രധാനം ആദിവാസി-ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ആയി ഒരു പ്രത്യേക സംസ്ഥാനം ത്രിപുരയില്‍ സൃഷ്ടിക്കുക എന്നതാണ്. ബി.ജെ.പി. ഇതിനെ എങ്ങനെ കാണുമെന്നത് കണ്ടറിയണം. ഇവിടെ അമിത് ഷായുടെ സഖ്യതന്ത്രം പുറത്തുവരും. ബി.ജെ.പി. മുഖ്യ ഭരണകക്ഷിയായ ത്രിപുരയില്‍(60-ല്‍ 32 സീറ്റുകള്‍) 14 സീറ്റുകള്‍ ജയിച്ചത് വളരെ നേരിയ ഭൂരിപക്ഷത്തില്‍ ആണ്. അതായത് വെറും അഞ്ച് ശതമാനം മാത്രം. എന്നാല്‍ ദേബ് ബര്‍മ്മന്റെ പാര്‍ട്ടി ഏഴു സീറ്റുകള്‍ നേടിയത് 25 ശതമാനത്തിലേറെ ഭൂരിപക്ഷത്തില്‍ ആണ്. അതാണ് ദേബ് ബര്‍മ്മന്റെ പ്രാദേശിക പാര്‍ട്ടിയും ബി.ജെ.പി.യുടെ ദേശീയ പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം. ദേബ് ബര്‍മ്മന്റെ തിപ്രമോത്തക്ക് ആകെ 13 സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന്റെ പതനത്തിന്റെ ചിത്രം വരക്കുന്നതാണ് നാഗാലാന്റിലെ ഫലം? ഇവിടെ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല. കോണ്‍ഗ്രസിന് ദേശീയ തലത്തിലോ പ്രാദേശീക തലത്തിലോ ഉള്ള ഒരു നേതാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടായിരുന്നില്ല. രാഹുല്‍ഗാന്ധി ആകെ ഒരു പ്രാവശ്യം ആണ് ഒരു മിന്നല്‍ പര്യടനം നടത്തിപോയത്. തെരഞ്ഞെടുപ്പുകള്‍ വിജയിക്കുവാനുള്ള ബി.ജെ.പി.യുടെ ദൃഢനിശ്ചയം ആണ് ഈ മൂന്നു സംസ്ഥാനങ്ങളിലും പ്രതിഫലിച്ചത്. ചിലയിടങ്ങളില്‍ അത് പരിപൂര്‍ണ്ണമായി വിജയിച്ചില്ലെങ്കിലും മൂന്നു സംസ്ഥാനങ്ങളിലും അത് ഭരണകക്ഷിയായി ഗവണ്മെന്റിന്റെ ഭാഗമായി, മേഘാലയില്‍ വെറും രണ്ട് സീറ്റുകള്‍ മാത്രം ആണെങ്കിലും.