എന്നെയെന്നും ചിന്തിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തിട്ടുള്ള ഒരു സങ്കല്പമാണ് വീട്. നമ്മൾക്ക് തോന്നുന്ന പോലെയൊക്കെ ആവാനൊരിടം. നിയമങ്ങളും ചട്ടങ്ങളും ഇല്ലതൊരിടം. അതൊരു space ആണ്. കെട്ടിടം ആവണമെന്നില്ല. വ്യക്തികൾ ആകാം. ചിന്തകൾ ആകാം.
വീട്
പാർക്കിലെ ഒരു സിമന്റ് ബെഞ്ചു മതി
ഒരു വീടാവാൻ
വീടാവാൻ എന്തൊക്കെ വേണം
ഒന്നിരിക്കണം
പിന്നെ കിടക്കണം
അലസതയിലാവണം
എനിക്ക് ഞാനാവണം.
ഒന്ന് ചിന്തിച്ചു നോക്കൂ
ഒരു ദിവസത്തേക്ക്
എന്തൊക്കെ വേണമെന്ന്
ഒരു പൊതിച്ചോറും ഒരു കുപ്പി വെള്ളവും
ഉച്ചമയക്കത്തിന് ഒരു ബെഞ്ചും
രാത്രിയായാൽ ഒരു മാവിൻ തണലും
എങ്കിലും ഞാൻ ഓടി പായുന്നു
വീടുണ്ടാക്കാൻ
എവിടെയൊക്കെയോ എനിക്ക് വീടുകളുണ്ട്
ഞാൻ അതിൽ കയറിയിറങ്ങാറുണ്ട്
ഇരിക്കാറുണ്ട്
കിടക്കാറുമുണ്ട്.
മറ്റുള്ളവർക്ക് വീട് എന്താണെന്നറിയാൻ എത്തി നോക്കാറുണ്ട്.
തലയ്ക്ക് മീതെ ആകാശത്തോളം കരുത്തുള്ള മേൽക്കൂര എന്തുണ്ട്.
ഒരു സിമന്റ് ബെഞ്ചോ ചിലപ്പോൾ ഒരു കസേരയോ ചിലപ്പോൾ ചില വ്യക്തികളോ
ഒക്കെ എനിക്ക് വീടാണ്.
ഞാനിവിടെ ഇരുന്നാലും
അവിടെയൊക്കെ കയറി ഇറങ്ങാറുണ്ട്.
ഒരിടം കണ്ടാൽ
ആർക്കൊക്കെ എങ്ങനെയൊക്കെ
ഒരു വീട് ഒരുക്കാം എന്ന് ചിന്തിക്കാറുണ്ട്.
ഒരിടമാണ് വീട്.