പണ്ട് പണ്ട്, എന്നാലും അത്ര പണ്ടൊന്നും അല്ലാതെ നടന്ന ഒരു കഥ . വർഷം 2005 ആദ്യ പകുതി . നാട്ടിൽ നിന്ന് ഈ അമേരിക്ക മഹാരാജ്യത്തു എത്തിയിയിട്ട് അധികകാലം ആയില്ല. പാചക പരീക്ഷണങ്ങളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം. ഇവിടെ എത്തി ഒരു 3-4 മാസ കാലയളവിൽ ഒരു മലയാളി യെ പോലും കണ്ടിട്ടില്ല. റോഡിൽ കൂടെ പോകുമ്പോൾ " മലബാർ " എന്ന പേര് ഉള്ള കട എന്നെ മാടി വിളിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്തായാലും അത് നമ്മുടെ " മലബാർ " അല്ല Mala BAR എന്ന പേരുള്ള ഒരു ബാർ മാത്രമാണെന്ന് ഞാൻ ദിവസങ്ങൾക്കുള്ളിൽ മനസ്സിലാക്കി.
പാക്കറ്റ് സാധനങ്ങളുടെ ഒരു പരീക്ഷണ ശാലയായിരുന്നു എന്റെ കിച്ചൻ. ചുരുക്കം പറഞ്ഞാൽ പാക്കറ്റ് ഫുഡ് ചൂടാക്കി കഴിക്കൽ 😁
അങ്ങനെ പതിയെ കേരള ട്രെഡിഷണൽ സാധനങ്ങൾ തപ്പി ഇറങ്ങി. വിഷു ക്കാലം ആയത് കൊണ്ടു വാങ്ങിയതാവാം. അല്ലേലും അന്നും എന്നും whole തേങ്ങ വാങ്ങുന്നത് വിഷുക്കണി വെക്കാൻ വേണ്ടി മാത്രമാണ്. Daily delight ഉള്ളപ്പോ എന്തിനാ വെറുതെ മെനക്കെടുന്നെ..
എന്തായാലും കണി വച്ച തേങ്ങ ഞാൻ ചിരകാൻ ഒന്നും മിനക്കെട്ടില്ല.
ഭദ്രമായി അടുക്കളയിലെ ഒരു ഷെൽഫിൽ വച്ചു. സ്ഥിരമായി ഉപയോഗിക്കാത്ത എന്തും തള്ളി വെക്കുന്ന ഒരു ഷെൽഫ് എന്ന് വേണേൽ പറയാം. Apartment kitchen ന്റെ സ്ഥല പരിമിതികൾഅറിയാലോ. സമയവും കാലവും പോയതറിഞ്ഞില്ല. ഒരു ദിവസം കിച്ചൻ വൃത്തിയാക്കുന്നതിനിടയിൽ, ഷെൽഫിന്റെ പുറത്തേക്ക് ഒരു പച്ചപ്പ്. എന്താണെന്ന് അറിയാൻ തുറന്ന് നോക്കിയപ്പോ ദേ ഇരിക്കുന്നു ഒരു അസ്സൽ fresh തെങ്ങിൻ തൈ. 2-3 ഇലകൾ കാണും. സ്ഥലപരിമിതികൾ കാരണം ചുരുണ്ടു കൂടി ഇരിക്കയായിരുന്നു. തീരെ സ്ഥലം ഇല്ലാതായപ്പോൾ walkout ചെയ്യാൻ തീരുമാനിച്ചതാണ്. ആദ്യമായി അടുക്കളയിൽ തെങ്ങിൻ തൈ മുളപ്പിച്ചതിന്റെ സന്തോഷത്തിൽ ഞാൻ 😀. എന്തായാലും എവിടേലും കുഴിച്ചിടാൻ തന്നെ തീരുമാനിച്ചു. കുറച്ചു ദിവസം ഒരു ചെടിചട്ടിയിൽ നിർത്താൻ ശ്രമിച്ചു. എങ്ങനെ യാ കളയുന്നെ.? ഒന്ന് പുറത്തു കൊണ്ട് നട്ടാലോ എന്നായി പിന്നെ ആലോചന. Apartment അല്ലേ, അധിക കാലം ഓടില്ല എന്നുറപ്പായിരുന്നു. എന്നാലും രണ്ടും കല്പ്പിച്ചു പുറത്തു ഒരു കുഴി കുഴിച്ചു നമ്മുടെ തെങ്ങിൻ തൈ യെ അഥവാ തൈതെങ്ങിനെ സ്ഥാപിച്ചു. ആദ്യത്തെ രണ്ടാഴ്ച കുഴപ്പമില്ലാതെ പോയി. തോട്ടക്കാരന്റെ ശ്രദ്ധയിൽ പെട്ടില്ല.
മൂന്നാം വാരം കഴിഞ്ഞപ്പോഴേക്കും
തെങ്ങിൻ തൈ ആരുടെയോ ശ്രദ്ധയിൽ പെട്ടന്ന് തോന്നുന്നു. അതിന്റെ പൊടി പോലും പിന്നെ അവിടെ കണ്ടില്ല. എന്നാലും അടുക്കളയിലും തെങ്ങ് മുളപ്പിക്കാം എന്ന് ഞാൻ കണ്ടു പിടിച്ചു.
~വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നാണല്ലോ ചൊല്ല് 😁
# Bini Mrudula Article