രാജ്യവ്യാപകമായി പ്രതിപക്ഷ കേന്ദ്രഅന്വേഷ്ണ ഏജന്‍സികളായ ഈ-ഡി-യെയും (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) സി.ബി.ഐ.യെയും(സെന്‍ട്രല്‍ ബ്യൂറോ ആഫ് ഇന്‍വെസ്റ്റിഗേഷന്‍) രാഷ്ട്രീയ പ്രതികാരത്തിനായി ദുരുപയോഗപ്പെടുത്തുന്നുവെന്ന് ആരോപിച്ചു കൊണ്ട് പ്രതിഷേധത്തിലും പ്രക്ഷോഭണത്തിലും ആണ്. ഇതിനെ ബി.ജെ.പി. വിശേഷിപ്പിക്കുന്നത് പകല്ക്കൊള്ളയ്ക്കുശേഷം പ്രതിപക്ഷം പരസ്പരം പ്രതിരോധിക്കുന്നതില്‍ വ്യാപൃതരാണെന്നാണ് ആം ആദ്മി പാര്‍ട്ടിയിലെ ദല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സി സോഡിയയും വിദ്യാഭ്യാസമന്ത്രി സത്യേന്ദ്ര ജയിനും ജയിലിലാണ്. അവര്‍ രാജിവയ്ക്കുവാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. സിസോഡിയ മദ്യവ്യാപാര അഴിമതി സംബന്ധിച്ച കേസില്‍ ഒന്നാം പ്രതിയാണ്. ഇതേ കേസില്‍ തന്നെ ഭാരത് രാഷ്ട്ര സമതിയുടെ(മുന്‍ തെലുങ്കാന രാഷ്ട്രസമിതി) നേതാവും തെലങ്കാന മുഖ്യമന്ത്രിയായ കെ.ചന്ദ്രശേഖരറാവുവിന്റെ മകളുമായ കെ.കവിതയും ഈ.ഡി.യുടെ ചോദ്യം ചെയ്യലിന് വിധേയയാണ്. അറസ്റ്റ് ഉണ്ടായേക്കാമെന്ന അഭ്യൂഹവും ഉണ്ട്. രാഷ്ട്രീയ ജനതാദളിന്റെ നേതാവും മുന്‍ റെയില്‍വെ മന്ത്രിയും ആയ ലാലുപ്രസാദ് യാദവും അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആയ റാബരിദേവിയും ഇവരുടെ മക്കളായ തേജ്വസിയാദവും മിസാഭാരതിയും ജാമ്യത്തിലാണ് ലാന്റ്-ഫോര്‍-മണി അഴിമതികേസില്‍. ലാലുവിന്റെ മറ്റ് മൂന്ന് പെണ്മക്കളും ഇ.ഡി.യുടെ നിരീക്ഷണത്തിലാണ്. ഇ.ഡി.യുടെയും സി.ബി.ഐ.യുടെയും വലയില്പെട്ട പ്രതിപക്ഷ നേതാക്കന്മാരുടെയെല്ലാം പേര് ഇവിടെ നിരത്തുന്നില്ല. അത് വളരെ നീണ്ടതാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വേട്ടയാടലില്‍ സഹികെട്ട പ്രതിപക്ഷകക്ഷികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു കത്തും നല്‍കിയിട്ടുണ്ട്. ഇതില്‍ നാലു മുഖ്യമന്ത്രിമാരും-മമതബാനര്‍ജി(ബംഗാള്‍), അരവിന്ദ് കേജരിവാള്‍(ദല്‍ഹി), കെ.ചന്ദ്രശേഖരറാവു(തെലങ്കാന), ഭാഗ് വന്ത് മന്(പഞ്ചാബ്)- അത്രയും തന്നെ മുന്‍ മുഖ്യമന്ത്രിമാരും-ശരദ് പവ്വാര്‍(മഹാരാഷ്ട്ര), ഫറൂഖ് അബ്ദുള്ള(കാശ്മീര്‍) ഉദ്ദവ് താക്കറെ(മഹാരാഷ്ട്ര), അഖിലേഷ് യാദവ്(ഉത്തര്‍പ്രദേശ്) ഉള്‍പ്പെടുന്നു. ഇവരുടെ ആരോപണം കേന്ദ്രം പ്രതിപക്ഷ നേതാക്കന്മാര്ക്കെതിരെ അന്വേഷണ ഏജന്‍സികളെ അഴിച്ചുവിട്ടിരിക്കുകയാണെന്നാണ്. ഇതേ അന്വേഷണ ഏജന്‍സികള്‍ ഭരണകക്ഷിയില്‍പെട്ട നേതാക്കന്മാരോട് ഒരു മൃദുനയമാണ് സ്വീകരിക്കുന്നതെന്നും ഇവര്‍ക്ക് പരാതിയുണ്ട്. ഈ.ഡി.യുടെ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് 16 പ്രതിപക്ഷകക്ഷികള്‍ മാര്‍ച്ച് പതിനഞ്ചിന് ഈ ഏജന്‍സിയുടെ ഓഫീസിലേക്കു ഒരു മാര്‍ച്ച് നടത്തുകയുണ്ടായി. ഇവര്‍ ഈ.ഡി.യുടെ മുമ്പാകെ ഒരു പരാതിയും സമര്‍പ്പിച്ചു. ദിവസങ്ങളായി പാര്‍ലിമെന്റിനെ സ്തംഭിപ്പിക്കുന്ന അദാനി ഓഹരി തട്ടിപ്പിനെകുറിച്ച് ഈ.ഡി. അന്വേഷണം നടത്തണം. മോദിയുടെ ചങ്ങാത്ത മുതലാളികളുടെ പട്ടികയില്‍പ്പെടുന്ന അദാനിയെ ഇതുവരെ ഈ.ഡി. തൊട്ടിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണപ്രകാരം കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം മൂലം ഇന്‍ഡ്യന്‍ ജനാധിപത്യത്തെ ഏകാധിപത്യമാക്കി മാറ്റിയിരിക്കുകയാണ് ഗവണ്മെന്റ്. ഈ ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ ഗവണ്മെന്റുകളെ അസ്ഥിരപ്പെടുത്തുവാനും ഭിന്നിപ്പിക്കുവാനും ശ്രമിക്കുകയാണെന്നും ആരോപണം ഉണ്ട്. ലാലുവിനും ഭാര്യയ്ക്കും മക്കള്‍ക്കും എതിരെയുള്ള ഏജന്‍സി ആക്രമണം ആര്.ജെ.ഡി.ബീഹാറില്‍ ജെ.ഡി(യു)വുമായി സഖ്യമുണ്ടാക്കി ബി.ജെ.പി. ഗവണ്മെന്റിന്റെ സ്ഥാനത്തു പുതിയ ഗവണ്മെന്റ് സ്ഥാപിക്കുവാന്‍ സഹായിച്ചതുകൊണ്ടാണെന്ന് ജെ.ഡി.(യു) നേതാവും ബീഹാര്‍ മുഖ്യമന്ത്രിയും ആയ നിതീഷ്കുമാര്‍ ആരോപിക്കുന്നു. ഈ ആരോപണം രാഷ്ട്രീയമായി ശരിയാണെന്നു കാണാം. പക്ഷേ, ഈ.ഡി.യുടെ കേസിന്റെ സത്യം അത് കോടതി പരിശോധിച്ചാലെ അറിയൂ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ സത്യം പരിശോധിച്ച് അറിയിക്കേണ്ടിയിരിക്കുന്നു. കാരണം പ്രതിപക്ഷം ഒരു കാരണവും ഇ്ല്ലാതെ ചോദ്യം ചെയ്യപ്പെടാനും റെയ്ഡ് ചെയ്യപ്പെടാനും അറസ്റ്റ് ചെയ്യപ്പെടുവാനും ഉള്ളതല്ല. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ പക്ഷം നോക്കാതെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരേണ്ടതാണ് കേന്ദ്ര ഏജന്‍സികള്‍. അത് ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടലായി മാറരുത്.
ഭരണകക്ഷിയില്‍പ്പെട്ട ചുരുങ്ങിയത് ഏഴ് മുന്‍കിട രാഷ്ട്രീയ നേതാക്കന്മാരോടുള്ള കേന്ദ്ര ഏജന്‍സികളുടെ സമീപനം വിവാദമാണ്. ഇവര്‍ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണം ആണ് ഉള്ളത്. ഇവരില്‍ പ്രമുഖനാണ് അസം മുഖ്യമന്ത്രി ഹിമന്ത്ബിസ്വസര്മ്മ(ബി.ജെ.പി.). സര്‍മ്മ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായിരുന്നു അസമില്‍. അപ്പോള്‍ അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബി.ജെ.പി. ഉന്നയിച്ചത്. ഇതില്‍ പ്രധാനമാണ് ഗുവാഹട്ടിയിലെ ജലവിതരണ പദ്ധതിയിലെ അഴിമതി. സര്‍മ്മയുടെ അഴിമതിയെകുറിച്ച് ബി.ജെ.പി. ഒരു ലഘുരേഖ വരെ അടിച്ചിറക്കി വിതരണം ചെയ്യുകയും അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് സര്‍മ്മ ബി.ജെ.പി.യില്‍ ചേര്‍ന്നു. ബി.ജെ.പി. അദ്ദേഹത്തെ മുഖ്യമന്ത്രിയും ആക്കി. പിന്നീട് ആരും സര്മ്മക്കെതിരെയുള്ള കേസുകളെകുറിച്ച് ഒന്നും കേട്ടിട്ടില്ല. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ്ങ് ചൗഹാന് വ്യാപം അഴിമതി കേസില്‍ കഴുത്തറ്റം മുങ്ങി നില്‍ക്കുകയായിരുന്നു. 2017-ല്‍ സി.ബി.ഐ. ചൗഹാന് ക്ലീന്‍ ചിറ്റ് ന്ല്കി. ബി.ജെ.പി.യുമായുള്ള ബന്ധം അദ്ദേഹത്തെ സഹായിച്ചതായി ശ്രുതി ഉണ്ട്. കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദ്ദിയൂരപ്പ ഭൂമി, ഖനി അഴിമതികേസുകളില്‍ പ്രതി ആയിരുന്നു. ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടു. 2014-ല്‍ മോദി ഗവണ്മെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം കേസിന്റെ ഗതി മാറുകയാണുണ്ടായത്. സി.ബി.ഐ. കേസ് വേണ്ട രീതിയില്‍ പിന്നീട് കൈകാര്യം ചെയ്തില്ലെന്നും തെളിവുകള്‍ വേണ്ടത്ര ഹാജരാക്കിയില്ലെന്നും ആണ് ആരോപണം. ബെല്ലാരിയിലെ റെഡ്ഢി ബ്രദേഴ്സ് 16,500 കോടിരൂപയുടെ ഖനികുംഭകോണത്തില് സി.ബി.ഐ. കേസില്‍ പ്രതി ആയിരുന്നു. ഇദ്ദേഹവും ബി.ജെ.പി. തന്നെ. ഈ കേസ് 2018-ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പു ഇല്ലാതായി. റെഡ്ഢി സഹോദരന്മാര് ഭരണകക്ഷിയുടെ പ്രധാന സാമ്പത്തിക സ്രോതസ് ആണ്. മുകുല്‍ റോയി ബംഗാളിലെ സമുന്നതനായ ഒരു നേതാവായിരുന്നു. അദ്ദേഹവും അഴിമതിയില്‍ മുങ്ങിനില്‍ക്കുകയായിരുന്നു. ഈ സമയത്താണ് ബംഗാളില്‍ ്അടിത്തറ ശക്തമാക്കുവാനായി ബി.ജെ.പി. എത്തുന്നത്. നാരദ ഒളിക്യാമറ ഓപ്പറേഷന്റെ ഭാഗമായി റോയി ശാരദചിട്ടിഫണ്ട് അഴിമതികേസിലും പെട്ടു. ഈ.ഡി. അദ്ദേഹത്തെ ചോദ്യം ചെയ്യുവാനായി വിളിച്ചു. താമസിയാതെ റോയി ബി.ജെ.പി.യിലില്‍ ചേര്‍ന്നു. കേസൊക്കെ അങ്ങനെ തീര്‍ന്നു. രമേഷ് പോക്രിയാള് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി (ബി.ജെ.പി.) ആയിരുന്നപ്പോള്‍ ഭൂമി, ഹൈഡ്രോ ഇലക്ട്രിക് അഴിമതി കേസുകളില്‍ പ്രതിയായിരുന്നു. അദ്ദേഹത്തെ കൊണ്ട് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനം രാജി വയ്പ്പിച്ചു. അതിനുശേഷം കേന്ദ്രമന്ത്രിയായി നിയമിച്ചു. ഇദ്ദേഹം പിന്നീട് മഹാരാഷ്ട്ര ഗവര്‍ണ്ണറുമായി. അത് വളരെയധികം വിവാദങ്ങള്ക്കുക്കു ശേഷം രാജിവയ്ക്കേണ്ടതായി വന്നു. അത് വേറൊരു കഥ. ഇപ്പോള്‍ പോക്രിയാളിനെതിരെയുള്ള കേസുകളുടെ ഒരു വിവരും ഇല്ല. അത് മുമ്പോട്ടുകൊണ്ടു പോകുന്നതില്‍ സി.ബി.ഐ.യ്ക്ക് അത്രയൊന്നും ധൃതിയില്ലത്രെ. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന നാരായണ്‍ റാനെ(ബി.ജെ.പി.)യുടെ കഥയും ഇതുപോലെ തന്നെ. അദ്ദേഹം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതി ആയിരുന്നു. പക്ഷേ, സി.ബി.ഐ.യും ഈ.ഡി.യും കേസില്‍ അത്ര ധൃതി കാണിക്കുന്നില്ല.
എന്‍.ഡി.എ. അധികാരത്തില്‍ വന്നതിനുശേഷം പ്രതിപക്ഷ നേതാക്കന്മാര്ക്കെതിരെയുള്ള കേസുകള്‍ക്ക് 96 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത് കണക്കുകളുടെ അടിസ്ഥാനത്തില്‍. 124 പേരെ സി.ബി.ഐ. ഓരോ കേസുകള്‍ സംബന്ധിച്ച് ചോദ്യം ചെയ്തവരില്‍ 118 പേര് പ്രതിപക്ഷ നേതാക്കന്മാരായിരുന്നു. പ്രതിപക്ഷ നേതാക്കന്മാരുടെ സംഖ്യഭരണപക്ഷ നേതാക്കന്മാരെ കൂടുതലായി ഉയര്ന്നിരിക്കുവാനുള്ളതിന്റെ കാരണമായി കേന്ദ്ര ഏജന്‍സികള്‍ പറയുന്നത് അവര്‍ കോടതിയുടെ നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണു ചെയ്യുന്നതെന്നാണ്. ഇത് ഇങ്ങനെ അത്ര നിസാരമല്ല. ഇവിടെ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെയും പാര്‍ട്ടികളുടെയും പ്രധാനപ്പെട്ട ഒരു പങ്കുണ്ടെന്നതാണ് വാസ്തവം.
അഴിമതിക്കും കള്ളപ്പണത്തിനും എതിരെയുള്ള വേട്ട അനുസ്യൂതം തുടരട്ടെ. പക്ഷേ, അത് കക്ഷി തിരിഞ്ഞുള്ളതായിരിക്കരുത്. അഴിമതി ഇല്ലാതാക്കുവാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന ഗവണ്മെന്റ് സ്വന്തം പാളയത്തിലെ അഴിമതിക്കാരെ തിരിച്ചറിയണം. ഇവിടെ കക്ഷി രാഷ്ട്രീയ വിവേചനം പാടില്ല. അത് രാഷ്ട്രീയ പകപോക്കലും ആയിരിക്കരുത്.