Image

കെണിയില്‍ വീണ രാഹുല്‍ (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 25 March, 2023
കെണിയില്‍ വീണ രാഹുല്‍ (രാജു മൈലപ്രാ)

കേരളത്തിലും കേന്ദ്രത്തിലും ശക്തമായ ഒരു പ്രതിപക്ഷം ഇല്ലാത്തത് വളരെ ദയനീയമായ ഒരു അവസ്ഥയാണ്. അതുകൊണ്ടു തന്നെ ഭരണാധികാരികള്‍ക്ക് അവര്‍ക്കു വേണ്ടപ്പെട്ടവരെ സംരക്ഷിക്കുവാനും, എതിരാളികളെ ശിക്ഷിക്കുവാനും ഒരു പ്രയാസവുമില്ല.

രാഹുല്‍ഗാന്ധി പറഞ്ഞതിനേക്കാള്‍ എത്രയോ നിന്ദ്യവും നീചവും, വര്‍ഗ്ഗീയ വിദ്വേക്ഷം ഉളവാക്കുന്നതുമായ അഭിപ്രായ പ്രകടനങ്ങളാണ് സഭയ്ക്കകത്തും പുറത്തും ഭരണപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. അവരെല്ലാം അനുയായികളുടെ കൈയടി നേടിക്കൊണ്ട് സൈ്വരവിഹാരം നടത്തുന്നു.

കുറ്റക്കാരനെന്ന് കോടതി വിധിച്ച രാഹുല്‍ഗാന്ധിയുടെ എം.പി. സ്ഥാനം നഷ്ടപ്പെടുത്തിയത് മിന്നല്‍ വേഗത്തിലാണ്. ഇനി അദ്ദേഹത്തെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചാലും അത്ഭുതപ്പെടാനില്ല.
രാഹുല്‍ഗാന്ധിയെ ജയിലിലടച്ചാല്‍ എന്തുസംഭവിക്കും? ഒരു ചുക്കും സംഭവിക്കുകയില്ല. രണ്ടോ മൂന്നോ ദിവസം അല്ലെങ്കില്‍, ഒരാഴ്ച കോണ്‍ഗ്രസുകാര്‍ പേരിനൊരു സമരം നടത്തും. പ്രത്യേകിച്ച് കേരളത്തില്‍- നേതാക്കന്മാര്‍ മാത്രമുള്ള, അനുയായികളില്ലാത്ത കോണ്‍ഗ്രസ്സിന്റെ സമരം വിജയിക്കുകയില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരോടു സഹകരിക്കില്ല. രാഹുല്‍ഗാന്ധി രംഗത്തില്ലാത്തതു കൊണ്ട് അവര്‍ക്കു നഷ്ടമൊന്നുമില്ല. നേട്ടം മാത്രം.

രാഹുല്‍ഗാന്ധിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് അദ്ദേഹത്തിന്റെ പിന്നാലെ വാലുപോലെ നടക്കുന്ന സ്തുതി പാഠകരാണെന്നു ഇതില്‍ ഒരു സംശവുമില്ല.

മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണു രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിനു ശിക്ഷിച്ചത്. 'എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദിയെന്ന പേരു വന്നത്' എന്നതായിരുന്നു കേസിനാസ്പദമായ പരാമര്‍ശം.

മോദി സമുദായത്തെ അടച്ചാക്ഷേപിക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ഉദ്ദേശം എന്ന് പകല്‍ പോലെ വ്യക്തമാണ്. ഭരണപക്ഷം ഈ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്തത് പ്രതിരോധിക്കുവാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല എന്ന വസ്തുത കഷ്ടമാണ്. 'താന്‍ ഒരു സമുദായത്തെയല്ല, ചില വ്യക്തികളെ മാത്രമാണ് ഉദ്ദേശിച്ചതെന്നും, സമുദായത്തെയാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അതിനു ക്ഷമ ചോദിക്കുന്നുവെന്നും' ഒരു പ്രസ്താവന ഇറക്കിയിരുന്നെങ്കില്‍ ഈ പ്രശ്‌നം ഇത്ര വഷളാകുമായിരുന്നില്ല.

അങ്ങിനെയൊരു ഉപദേശം കൊടുക്കുവാന്‍ കൂടെ നടക്കുന്ന കൊഞ്ഞാണന്മാര്‍ക്കു കഴിഞ്ഞില്ല; അതോ രാഹുലിനെ ഒതുക്കുവാന്‍ അവര്‍ അത് മനഃപൂര്‍വ്വം നിരുല്‍ത്സാഹപ്പെടുത്തിയതാണോ?
വിധിക്ക് സുപ്രീം കോടതിയില്‍ നിന്നും സ്‌റ്റേ ലഭിച്ചില്ലെങ്കില്‍, വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പു നടക്കുമെന്ന് ഉറപ്പാണ്. അതിലൂടെ ജനങ്ങള്‍ പ്രധാനമന്ത്രി മോദിക്കു ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

വയനാട്ടില്‍ ആരു ജയിച്ചാലും മോദിയ്‌ക്കൊന്നും നഷ്ടപ്പെടാനില്ല.
നെഹ്‌റു കുടുംബത്തില്‍ അപ്രമാദിത്യത്തില്‍ മാത്രം അടിയുറച്ചു വിശ്വസിച്ചു പോരുന്ന കോണ്‍ഗ്രസ്സിന്‍ഖെ ഗതി ഇനി എന്താകുമോ?


***
വാല്‍ക്കഷ്ണം: 'അരിക്കൊമ്പനെ' അറസ്റ്റു ചെയ്തു കൂട്ടിലടക്കുവാനുള്ള തീരുമാനം കോടതി സ്‌റ്റേ ചെയ്തു.

#Rahul fell into the trap.
Join WhatsApp News
Chacko Cherian 2023-03-25 12:02:51
രാഹുൽ എന്ന അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരുന്ന കോൺഗ്രസ് ഇനി ചരട് പൊട്ടിയ പട്ടം പോലെ. കൂടെ പറ്റിപ്പിടിച്ചു നടന്ന വേണുഗോപാൽജിക്കു ഇതിൽ പങ്കു ഉണ്ടോയെന്ന് സംശയം. അയാൾ എന്നു കൂടെ കൂടിയോ, അന്ന് തുടങ്ങി രാഹുലിന്റെ അധഃപതനം. വേണുഗോപാൽ അധികം താമസിയാതെ ബിജെപി യിൽ ചേർന്നാലും അൽഫുത്തപ്പെടാനില്ല.
Manthrikumaran 2023-03-25 13:02:40
പുള്ളിപ്പുലികൾ ഇര പിടിക്കുന്ന കൊടും വനങ്ങളിൽ കുഞ്ഞാട്ടിൻകുട്ടികൾക്കു എന്തു കാര്യം? പിണറായി രാജാവും, മോഡി ചക്രവർത്തിയും വാഴുന്ന നാട്ടിൽ ഇനി കോൺഗ്രസ് പുല്ലു മേഞ്ഞു നടക്കണ്ട.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക