"അരിയെത്ര ? പയറഞ്ഞായി " എന്ന പഴഞ്ചൊല്ല് കുഞ്ഞുന്നാളു മുതലേ കേട്ടു വളർന്ന ഒരാളാണ് ഇത് എഴുതുന്നത്.
ചോദ്യത്തിന് ആ ചോദ്യം ആവശ്യപ്പെടുന്ന ഉത്തരം എന്നത് ചോദ്യത്തിനും ഉത്തരത്തിനും ഇടയിൽ പാലിക്കാൻ ശ്രമിക്കേണ്ട സാമാന്യ മര്യാദയാണ്. ആ ചോദ്യത്തോടുള്ള എതിർപ്പു പോലും പറയാനുള്ള ഉത്തരത്തിലൂടെ പ്രകടിപ്പിക്കുക എന്നതാണ് ജനാധിപത്യ രാഷ്ട്രീയം .
ചോദ്യം ചോദിക്കാൻ നിങ്ങൾക്കെന്തധികാരം എന്ന അഹന്തയല്ല, ഉത്തരം പറയാൻ ഞങ്ങൾ തയ്യാറാണ് എന്ന പ്രതികരണ സന്നദ്ധതയാണ് അവിടെ ഉരുത്തിരിയേണ്ട സാമൂഹ്യ ബോധം .
എന്നാൽ പല തരം ന്യൂനപക്ഷ പരിഗണന കളുടെ പേരും പറഞ്ഞ് നമ്മൾ ദളിത് - സ്ത്രീ - ഭാഷാ ന്യൂനപക്ഷം എ ന്നൊക്കെപ്പോലെ കുട്ടികൾക്കും ജനാധിപത്യ ബാധ്യതകൾ വേണ്ടാത്ത ഒരു വികൃത വികല വിധ്വംസക അവകാശ ബോധം സ്ഥാപിച്ചു നൽകാൻ തിടുക്കപ്പെടുകയാണ്. പിന്തള്ളപ്പെടുന്ന വരെ കൈപിടിച്ച് മുന്നിലേക്ക് നടക്കുന്നതിന്റെ പേരിൽ മുന്നിൽ നടക്കുന്നവരെ ഒന്നിനും കൊള്ളാത്തവനെന്ന് ഫലത്തിൽ വരുത്തിത്തീർക്കുന്നുണ്ട് ഇന്നത്തെ കേരളീയ വിദ്യാഭ്യാസ രീതികൾ,
പൊതു വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം കേരളത്തിലെ നാലാം ക്ളാസിൽ ലോക പ്രശസ്ത ഫുട്ബോൾ താരങ്ങളിൽ ഒരാളായ അർജന്റീനൻ കളിക്കാരൻ മെസ്സിയെക്കുറിച്ച് ചില വസ്തുതകൾ ചോദ്യ പേപ്പറിൽ നൽകി അവ ചേർത്തുവച്ച് അയാളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കാനുള്ള ചോദ്യത്തിന് ഒരു പെൺകുട്ടി ഞാൻ ഉത്തരം എഴുതില്ല എന്ന് പ്രതികരിച്ചത് നടാടെയുള്ള സംഭവമാണ്. ഇത് ഒരു മഹാകാര്യമാണെന്ന മട്ടിൽ ആ കുട്ടിയുടെ മാതൃഭാഷാധ്യാപിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് ഏറ്റവും വിചിത്രം . ഇത് പുത്തൻ പാഠ്യപദ്ധതി കുട്ടികളിലുണ്ടാക്കിയ പ്രതികരണധീരതയാണ് എന്ന് ന്യായീകരിക്കാനും തല്പര കക്ഷികളുണ്ടായി.
സത്യത്തിൽ ഇത് ഒരു ചോദ്യത്തിന്റെയോ പരീക്ഷയുടേയോ പ്രശ്നമല്ല. കേരളം വിദ്യാഭ്യാസപരമായി യാന്ത്രികമാക്കപ്പെട്ട തിന്റെ പ്രതിഫലനം സമൂഹത്തിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ കുട്ടികളെയും ബാധിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്.
രണ്ടിലൊന്ന് തിരഞ്ഞെടുക്കാനുള്ള ലളിത ചിന്താ യുക്തിയിലേക്ക് ജനത പരിമിതിപ്പെടുമ്പോൾ മോദി - പിണറായി , മോഹൻലാൽ - മമ്മൂട്ടി എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങൾ ഉറക്കെ മുഴങ്ങിക്കേൾക്കുന്ന ആൾക്കൂട്ട മന:ശാസ്ത്രത്തിൽ കുട്ടിക്ക് അർജൻറീനയ്ക്കും മെസ്സിക്കു വിപരീത പദങ്ങളായി അനുഭവപ്പെടുന്ന പേരുകളാണ് ബ്രസീലും നെയ്മറും. ഇത്തരം ശത്രുതാപരമായ ഇംഗീതങ്ങൾ പ്രോത്സാഹിപ്പിക്കുന്ന എന്തോ ചിലത് നാട്ടിൽ പ്രധാന ചാലക ശക്തിയാവുമ്പോൾ വിദ്യാഭ്യാസം സാംസ്കാരികമായ ഒരു തിരുത്തൽ ബലതന്ത്രമാവേണ്ടതല്ലേ ?
അത് സംഭവിക്കുന്നില്ല. മറിച്ച് വർത്തമാന സമൂഹത്തിന്റെ എല്ലാ താളപ്പിഴകൾക്കും ഒത്ത് തുള്ളുന്ന ആൾക്കൂട്ട സംസ്കാരത്തെയാണ് വിദ്യാഭ്യാസവും പരുവപ്പെടുത്തിയെടുക്കുന്നത് എന്നതിന് തെളിവാണ് ഒരു വിദ്യാർത്ഥിയുടെ ബോധത്തിലുറച്ചു പോയ ഈ മെസ്സി - നെയ്മർ ദ്വന്ദ്വം . അതിനെ തിരുത്താൻ ഉത്തരവാദിത്വമുള്ള വിദ്യാഭ്യാസ അധി: കൃതർ അതിനെ ആഘോഷിക്കുന്ന മാധ്യമ മനോരോഗത്തിന് അടിപ്പെട്ടു പോയതും സമകാലീന കേരളീയതയുടെ ആതുരതയ്ക്ക് മുഖലക്ഷണമാകുന്നു.
എനിക്ക് നെയ്മറിനെയാണ് ഇഷ്ടം എന്ന് തർക്കുത്തരം പറഞ്ഞ എത്ര കുട്ടികൾക്ക് ചോദ്യ പേപ്പറിൽ വസ്തുതകൾ നൽകാതെ അവരുടെ പ്രിയ താരത്തെക്കുറിച്ച് അഞ്ചു വാക്യങ്ങൾ തെറ്റു കൂടാതെ എഴുതും ?
ഇതിനുത്തരം പറയേണ്ടത് വിദ്യാർത്ഥികളോ രക്ഷിതാക്കളോ അല്ല. നിലവിലുളള വിദ്യാഭ്യാസ സമ്പ്രദായമാണ്.