അത്ഭുതങ്ങൾ പലപ്പോഴും സംഭവിക്കുന്നത് അർദ്ധരാത്രിയിൽ ആണല്ലോ. അങ്ങനെ ഒരു കറുത്ത വാവും നാളിൽ അർദ്ധരാത്രിയിൽ നകുലന്റെയും കാർത്തയുടെയും മകനായി ആനന്ദൻ ഈ ലോകത്തു ഭൂജാതനായി . വെറുതെ ജീവിച്ചു മരിച്ചു പോകാനല്ല ഞാൻ ജനിച്ചത് എന്ന് ഉറക്കെ പ്രഖ്യാപിക്കും വിധം കൈകൾ ഉയർത്തി ഉറക്കെ കരഞ്ഞുകൊണ്ടായിരുന്നു അവന്റെ വരവ്. കാഴ്ചയിൽ വിരൂപനായ ഒരു ആൺ കുട്ടി. രണ്ട് തലയുമായിട്ടായിരുന്നു അവന്റെ ജനനം . കുഞ്ഞു ജനിച്ചു താമസിയാതെ അവന്റെ അമ്മ ഈ ലോകത്തോട് വിട പറഞ്ഞു. അമ്മ കുട്ടിയെ കണ്ടതും പേടിച്ചു പിടഞ്ഞു വീണ് മരിക്കുകയാണ് ഉണ്ടായത് എന്നാണ് ജനം പറയുന്നത് . പക്ഷേ മരണ കാരണം ഹൃദയ സ്തഭനം ആണെന്ന് ഡോക്ടർമാർ വിധി എഴുതി.
കുട്ടിയുടെ രൂപം അമ്മയുടെ പ്രതീക്ഷക്കു ഒപ്പം വളരുവാൻ കഴിയാത്തതാണ് കാരണം എന്ന് നാട്ടുകാർ അടക്കം പറയുവാൻ തുടങ്ങി . അല്ലെങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുക എന്നത് ശരാശരി മലയാളിയുടെ ഒരു സ്വഭാവം ആണല്ലോ. പാവം കുട്ടിയെ വളർത്തേണ്ടുന്ന ചുമതല അച്ഛനായ നകുലന്റെ ചുമലിൽ മാത്രമായി. കുടുംബക്കാർ ആ കുട്ടിയുടെ ജനനം കുടുംബത്തിന്റെ ദുശകുനമായി കണ്ടു കുട്ടിയെ വെറുക്കാൻ തുടങ്ങി. കുടുംബത്തിൽ എന്തോ വലിയ ഭുരന്തം വരാനുള്ള സൂചനയാണ് കുട്ടിയുടെ ജനനം എന്ന് കുടുംബക്കാർ വിശ്വസിച്ചു. എന്ത് പൂജകൾ ചെയ്താൽ കുഞ്ഞിന് നാശം വരും എന്ന് കുടുംബത്തിൽ ഉള്ളവർ ചർച്ചകൾ തുടങ്ങി. പക്ഷേ അവന്റെ അച്ഛന് അമ്മയില്ലാതെ വളരുന്ന കുഞ്ഞിനെ ഉപേക്ഷിക്കാൻ മനസ്സ് അനുവദിച്ചില്ല. അമ്മയുടെ പാലിന് പകരം പശുവിന്റെ പൽ കുടിച്ചു അവൻ വിശപ്പടക്കി ജീവിക്കാൻ തുടങ്ങിയിരുന്നു.
അങ്ങനെയിരിക്കെ കുട്ടിയുടെ അച്ഛനും ഈ ലോകത്തു നിന്നും യാത്രയായി. അതോടെ ആനന്ദൻ കുടുംബത്തിൽ നിർഭാഗ്യത്തിന്റെ രൂപമായി . ആനന്ദൻ വളർന്നു എട്ട് വയസോളമായി. ബന്ധുക്കൾക്ക് ഈ കുട്ടി ഒരു അധികപ്പറ്റായി. എന്തിനും ഏതിനും അവനിൽ കുറ്റം ആരോപിച്ചു പീഡനം ഒരു തുടർകഥയായി . ആരോ കുടുംബക്കാരോട് പറഞ്ഞുകൊടുത്തു ഇരട്ടത്തലയുള്ള കുട്ടിയെ ബലി നൽകിയാൽ കുടുംബത്തിന് ഐശ്യരം കൈവരുമെന്ന്. അത് കേട്ട കുടുംബക്കാർ കുട്ടിയെ ബലികൊടുക്കാൻ തന്നെ തീരുമാനിച്ചു.
ബലി ദിവസം രാത്രി കൂട്ടിക്കു വീട്ടുകാരുടെ പെരുമാറ്റത്തിൽ എന്തോ മനസിലായത് പോലെ ആനന്ദൻ വീട് വിട്ടു ദൂരേക്ക് ഓടിപോയി. അവൻ പല ഗ്രാമങ്ങളിലും ആഹാരത്തിനു വേണ്ടി അലഞ്ഞു. കണ്ടവർ കണ്ടവർ അവനെ ആട്ടിപ്പായിച്ചു. അവന്റെ രൂപത്തെ കളിയാക്കി. വിശപ്പ് സഹിക്കാൻ പറ്റാതെ അവൻ വെള്ളം മാത്രം കുടിച്ചു ആഴ്ചകളോളം ജീവിച്ചു. അവന്റെ പേരിൽ മാത്രമായിരുന്നു ആനന്ദം ഉള്ളത് , അല്ലെങ്കിലും പലരുടെയും പേരുകളും അനുഭവവുമായി യാതൊരു ബന്ധവും കാണുകയില്ലല്ലോ!!
ആനന്ദൻ അവസാനം എത്തപ്പെട്ടത് യാചകരുടെ ഇടയിലേക്കാണ്. വിശന്നു വലഞ്ഞു നടന്ന അവനു ബ്രെഡും കുടിയ്ക്കാൻ വെള്ളവും നൽകി. അന്ന് അവന് മനസ്സിലായി ഒരു പറവയായോ മൃഗമായോ ജനിച്ചാൽ മനുഷ്യ ജന്മത്തെക്കാൾ എത്ര മെച്ചമാണെന്ന്. അവനും ഭിക്ഷ യാചിക്കാൻ തുടങ്ങി. ഇരട്ട തലയുള്ളവന് നല്ല കളക്ഷൻ കിട്ടിതുടങ്ങി. പക്ഷേ അവന്റെ കളക്ഷൻ എന്നും മാഫിയ തലവൻ കൊണ്ടുപോകും. പകരം അവന് കിട്ടുന്ന ഉണങ്ങിയ ഭക്ഷണം കഴിച്ചു വിശപ്പകറ്റി. കാലം കുറെ കടന്നുപോയി അവൻ രൂപവും ഭാവവും മാറി ഉണങ്ങി ക്ഷിണിച്ച ശരീരവും ജടപിടിച്ച മുടികളും കുളിക്കാതെ ശരീരമാസകലം ചെളിയുമായി നടന്ന അവനെ ജനം ഒരു ഭ്രാന്തൻ ആക്കി. അങ്ങനെ ഭിക്ഷാടനം ഉപേക്ഷിച്ചു അവൻ ദേശമായ ദേശമെല്ലാം അലയുവാൻ തുടങ്ങി.
അവൻ നീട്ടിയ തകര പാത്രത്തിൽ നാണയ തുട്ടുകൾക്കു പകരം കല്ലുകളാണ് അവനെ വരവേറ്റത്. കുട്ടികൾ അവനെ എവിടെ കണ്ടാലും എറിഞ്ഞു ഓടിക്കുന്നത് ശീലമാക്കി. ഇരട്ടത്തലയനെ നാടിൻറെ ശാപമായി കണ്ടവർ കണ്ടവർ ആ നാട്ടിൽ നിന്ന് തന്നെ അവനെ തുരത്തി. ഭിക്ഷക്കാരൻ എന്നും ഭ്രാന്തൻ എന്നും ഒരുക്കിൽ പട്ടം ചാർത്തിയൽ പിന്നെ അതിൽ നിന്നും മോചനമില്ലെന്ന പരമസത്യം അവന് മനസിലായി . എല്ലാ ശക്തിയും സംഭരിച്ചു വിറക്കുന്ന കാലുകൾക്ക് ശക്തി നൽകി ആ ഗ്രാമങ്ങളുടെയെല്ലാം അതിർത്തി കടന്നു ഒരു പുതിയ ഗ്രാമത്തിൽ എത്തിച്ചേർന്നു. കാലുകൾ തളർന്നപ്പോൾ , തൊണ്ട വരണ്ടപ്പോൾ , വിശപ്പ് വയറിനെ തന്നെ കാർന്നു തിന്നപ്പോൾ മറ്റു മാർഗങ്ങൾ ഇല്ലാതെ വയറു അമർത്തിപ്പിടിച്ചു ഉറക്കത്തിലേക്കു വഴുതി വീണു. സർവ്വ പ്രശ്നങ്ങൾക്കുമുള്ള സർവ്വദേശീയ പരിഹാരം, അതാണല്ലോ ഉറക്കം. ചിലപ്പോൾ ഉണരാത്ത ഉറക്കങ്ങളും... .
ജീവിതം വഴി മാറുന്നതും വഴി തെറ്റുന്നതും ചില കൂട്ടിമുട്ടലുകളിലൂടെ അല്ലെങ്കിൽ കണ്ടുമുട്ടലുകളിലൂടെയാണ് എന്ന് പഴമക്കാർ പറയുന്നത് ഇവിടെയും സത്യമായി . ഉർണർന്നപ്പോൾ അയാളുടെ കാഴ്ച ചെന്ന് പതിച്ചത് ഒരു ഗുഹയിൽ താമസിക്കുന്ന മനുഷ്യനറെ അടുത്താണ്. അയാൾ ഇരട്ടത്തലയനെ ഗുരു എന്ന് വിളിച്ചു. തന്റെ സ്വപ്നത്തിൽ ഇങ്ങനെ ഒരു സ്വാമി ഗുരു ആയി വരുമെന്ന് കണ്ടുവത്രേ. അയാൾ വിരൂപിയായ ഗുരുവിനോട് ചോദിച്ചു എന്താണ് അങ്ങേക്ക് വേണ്ടുന്നത്. ഗുരു തേങ്ങിക്കൊണ്ട് പറഞ്ഞു, വിശക്കുന്നു .... അയാൾക്ക് കഴിക്കുവാൻ കുറെ പഴങ്ങളും കുടിക്കുവാൻ അരുവിയിലെ ജലവും കാട്ടിക്കൊടുത്തു. ഗുരു അയാളോടായി ചോദിച്ചു.... വിശക്കാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ....വിശക്കാതിരിക്കാൻ വഴിയില്ല. പക്ഷേ വിശപ്പടക്കാൻ നമുക്ക് വിഴിയുണ്ടാക്കാം. ആനന്ദൻ ചോദിച്ചു അതെന്താണ് ...
നമുക്ക് ജീവിക്കാനുള്ളത് എപ്പോഴും നമുക്ക് ചുറ്റുമുണ്ടായിരിക്കും. നമ്മുടെ കൈയിലുള്ളതിന്റെ പ്രാധാന്യം മറന്നു മറ്റുള്ളതിന്റെ പുറകെ പോകരുത്. നിങ്ങളുടെ ഇരട്ടത്തല നിങ്ങളെ ഒരു ദിവ്യനാക്കുന്നു. അതിൽ നിന്നും നിങ്ങൾക്ക് എന്തെല്ലാം ചെയ്യാമെന്ന് ഈ ശിഷ്യൻ കാണിച്ചു തരാം. ശിഷ്യൻ ഗുരുവിനെ സംസാരിക്കാൻ പഠിപ്പിച്ചു. പൂജകൾ പഠിപ്പിച്ചു. അനുഗ്രഹിക്കാൻ പഠിപ്പിച്ചു, ഉപദേശിക്കാൻ പഠിപ്പിച്ചു , ഇതല്ലാം വളരെ വേഗത്തിൽ പഠിച്ചു. കൊടുത്താൽ മാത്രം പോരാ സഹായം ചോദിച്ചു വാങ്ങാനും പഠിപ്പിച്ചു..... . അങ്ങനെ ശിഷ്യൻ ഗുരുവിനു കാഷായ വസ്ത്രം നൽകി. ആ വസ്ത്രത്തിൽ അയാൾ ദൈവത്തിന്റെ പ്രതിരൂപമായി നിഴലിച്ചു നിന്നു, ദൂരെ സ്ഥലങ്ങളിൽ നിന്നുംപോലെ ദിവ്യസ്വാമിയെ കാണുവാൻ ആളുകൾ എത്തിത്തുടങ്ങി.
കുറെ നാളുകൾ കഴിഞ്ഞപ്പോൾ ഗ്രാമവാസികൾ അവിടേക്ക് ഒഴുകിയെത്താൻ തുടങ്ങി. സർവ്വതും അറിയുന്ന സർവ്വ പ്രശനങ്ങൾക്കും പരിഹാരിയായ ദിവ്യനെപ്പറ്റി നാട്ടിൽ മൊത്തം പാട്ടായി. ഗുരുവിന്റെ കടാക്ഷത്തിന് വേണ്ടി മത്സരം ആയി. പലതരത്തിലുള്ള പലഹാരങ്ങൾ നിവേദ്യങ്ങളായി ഗുരുസമഷം വന്നു ചേർന്നു. സ്വാമിയുടെ പ്രവചനങ്ങൾ ഫലിക്കുവാൻ തുടങ്ങി. എല്ലാവരിലും സ്വാമി വിശ്വാസം ഉള്ളവനായി. ചിലർ അദ്ദേഹത്തെ ദൈവത്തിന്റെ അവതാരമായി കണ്ടു. മറ്റു ചിലർ ഒരു ദിവ്യനായും കണ്ടു. അങ്ങനെ സ്വാമി നാട്ടുകാരുടെ എല്ലാം ഗുരു ആയി. അങ്ങനെ ഗുരു ജീവിതത്തിൽ ആദ്യമായ് വയറു നിറയെ ഭക്ഷണം കഴിച്ചു ജീവിക്കാൻ തുടങ്ങി.
ഏതാനും നാളുകൾകൊണ്ട് നെയ്യും പാലും ഭക്ഷിച്ചു ഗുരു കൊഴുത്തുരുണ്ടു. ചുക്കിചുളുങ്ങിയ ചർമ്മങ്ങൾ മാറി മിനുസമുള്ള ചർമ്മം. ഒട്ടിയ കവിളുകൾ മാറി സുന്ദരനായി മാറിയ ദിവ്യനെ ശിഷ്യൻമാർ വാനോളം പ്രകീർത്തിച്ചു.
ഗുരു തന്റെ പ്രഭാഷണത്തിൽ പറയാറുണ്ട് , ജീവിക്കാൻ പല വഴികൾ നമുക്ക് തെരഞ്ഞെടുക്കാം. പക്ഷേ ജീവിക്കാനുള്ളത് നമുക്കു ചുറ്റും തന്നെയുണ്ട് അത് തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവൻ ജീവിതത്തിൽ വിജയിക്കും. അല്ലത്തവർ ജീവിത്തിൽ നന്നേ പരാജയപ്പെടും. പലപ്പോഴും നമുക്ക് അറിയില്ലായിരിക്കും നമ്മളിൽ എന്തെക്കെ ഗുണങ്ങൾ ഉണ്ടെന്ന്. മറ്റോരാൾക്ക് അത് പെട്ടന്ന് തിരിച്ചറിയാൻ കഴിഞ്ഞേക്കും. അവർ നമ്മളെ നേർവഴിക്ക് നയിച്ചാൽ നമുക്കും വിജയങ്ങൾ കൊയ്യാം.