തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ലാനിയുടെ ഒരു പ്രസംഗം ഇന്ന് കേരളത്തില്‍ ഏറെ വിവാദവും ചര്‍ച്ചയും ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. റബ്ബറിനെ 300 രൂപയാക്കിയാല്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒരു ബി.ജെ.പി. എം.പി.യെ തെരഞ്ഞെടുത്തു വിടാമെന്ന് ഒരു കര്‍ഷകറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറയുകയുണ്ടായി. രാഷ്ട്രീയ കേരളത്തില്‍ അത് ഏറെ ഒച്ചപ്പാടുണ്ടാക്കുകയുണ്ടായി. എവിടെ നിന്നുള്ള എം.പി.യാണെന്ന് പറയുന്നില്ലെങ്കിലും തന്റെ തട്ടകമായ തലശ്ശേരി ഉള്‍പ്പെടുന്ന പാര്‍ലമെന്റാകുമെന്ന് ചിന്തിക്കാം. അല്ലെങ്കില്‍ റബ്ബര്‍ കര്‍ഷകര്‍ ഏറെയുള്ള കോട്ടയമായിരിക്കും. കോട്ടയത്ത് നിലവില്‍ കര്‍ഷകരുടെ മൊത്തവകാശമെടുത്തിരിക്കുന്ന കേരള കോണ്‍ഗ്രസ്സ് (എം) എം.പി. തോമസ് ചാഴിക്കാടനാണ്. തലശ്ശേരിയില്‍ മുരളീധരനും. റബ്ബര്‍ കര്‍ഷകര്‍ ഏറെയുള്ളത് മധ്യതിരുവിതാംകൂറിലാണ്. പിന്നെയുള്ളത് കുടിയേറ്റക്കാരുള്ള മലബാറിലും. മലബാറില്‍ റബ്ബര്‍ കര്‍ഷകര്‍ മാത്രമല്ല മറ്റു കര്‍ഷകരുമുണ്ട്. അതുകൊണ്ട് റബ്ബര്‍ കര്‍ഷരുടെ മാത്രം വോട്ടുകൊണ്ട് ജയിക്കില്ല. വിവാദമായ പ്രസംഗം കേരളത്തിലങ്ങോളമിങ്ങോളം ചര്‍ച്ച ചെയ്യപ്പെടുകയും റബ്ബര്‍ കര്‍ഷകരുടെ മാത്രം പ്രശ്‌നമുന്നയിക്കുകയും ചെയ്തത് ചോദ്യം ചെയ്യപ്പെടുകയും ചെയ്തതോടെ താന്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് പെട്ടെന്ന് മാറ്റിപ്പറയുകയുണ്ടായി.
റബ്ബറിന്റെ വിലയിടിവ് തുടങ്ങിയിട്ട് കുറെ നാളുകളായി. റബ്ബറിന്റെ വിലയിടിവു കാരണം പലരും റബ്ബര്‍ മരം വെട്ടിമാറ്റി മറ്റ് പല കൃഷികളും ചെയ്യുകയുണ്ടായി കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി. റബ്ബര്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലെത്തുകവരെയുണ്ടായി. എന്നിട്ടും പാംപ്ലാനിയുടെ വായില്‍ നിന്ന് ഒരു പ്രതിഷേധ സ്വരം പോലും വരാതെ ഇപ്പോള്‍ പൊടുന്നനെ ഒരു റബ്ബര്‍ കര്‍ഷക സ്‌നേഹം തോന്നാന്‍ കാരണമെന്നതാണ് ആര്‍ക്കുമറിയാത്ത കാര്യം.
കഴിഞ്ഞ ആഴ്ചയാണ് അമിത്ഷാ കേരളത്തിലെ തൃശ്ശൂരില്‍ ഒരു ചടങ്ങിനായി വന്നത്. അവിടെ വച്ച് സുരേഷ് ഗോപി തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകയാണ് ഒപ്പം കണ്ണൂരിലും മത്സരിക്കുമെന്ന് ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. തലശ്ശേരി കണ്ണൂരിന്റെ മൂക്കിനു താഴെയാണ്. തൃശ്ശൂര്‍ ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് കത്തോലിക്കര്‍ക്ക് കൂടി മുന്‍തൂക്കമുള്ള പ്രദേശവും. കര്‍ഷകറാലിയും പാംപ്ലാനിയുടെ പ്രഖ്യാപനവും വന്നതോ അതിനടുത്ത ആഴ്ചയും.
കേരളത്തില്‍ നിന്ന് ഒരു പ്രതിനിധിയെ തെരഞ്ഞെടുക്കുകയാണ് ബി.ജെ.പി.യുടെ മുഖ്യ ലക്ഷ്യമാണ്. അതിന് ഭൂരിപക്ഷമായി ഹിന്ദുക്കളെ കിട്ടില്ലെന്നറിയാം. ന്യൂനപക്ഷമായ ഒരു വിഭാഗമായ മുസ്ലീംങ്ങളുമില്ല. അപ്പോള്‍ ക്രൈസ്തവരില്‍ കൂടി ഒരു പാലമിട്ടാലോ. അതും റബ്ബര്‍ പാലമായാല്‍ എന്നു ചിന്തിക്കുന്നത് സ്വാഭാവികം.
ഒരു പൗരനെന്ന നിലയില്‍ മാര്‍ പാംപ്ലാനിക്ക് അദ്ദേഹത്തിന്റേതായ അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍ അത് സഭയെ ചാരി നിര്‍ത്തിക്കൊണണ്ട് സഭയുടേതായ രീതിയില്‍ പറയാന്‍ പരിമിതികളുണ്ട്. കാരണം സഭയെന്നത് വ്യക്തികള്‍ക്ക് അതീതമായതാണ്. ഒരു കാഴ്ചപ്പാടിലാണെങ്കിലും വിവിധ ആശയക്കാരുള്‍പ്പെടുന്നതാണ് സഭയെന്നത്. രാഷ്ട്രീയത്തിനതീതമായ നിലപാടുകള്‍ ക്രൈസ്തവസഭയ്ക്കുള്ളതാണ് സഭയുടെ പൊതുവായ രീതി. പ്രത്യേകിച്ച് കത്തോലിക്കാസഭക്കുള്ളത്. ആഗോള കാഴ്ചപ്പാടിനൊപ്പം പ്രാദേശിക നിലപാടുമെടുക്കാനുള്ള അവകാശവും അധികാരവുമുള്ള സഭയാണ് കത്തോലിക്കാസഭ. സഭയുടെ നേതൃത്വത്തിലിരിന്നിട്ടുള്ളവര്‍ സഭയുടെതായ നിലപാട് സമൂഹ നന്മക്കായ് എടുത്തിട്ടുമുണ്ട്. അതിന്റേതായ സമയത്തും കാലത്തുമാണ് സഭയെടുത്തിട്ടുള്ളത്.
ഇപ്പോള്‍ മാര്‍ പാംപ്ലാനിയുടെ നിലപാടും അതിനെ തുടര്‍ന്ന് നടത്തിയ പ്രസംഗവും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുപോലെയാണ്. അത് അനവസരത്തിലും അനുചിതമല്ലാത്ത സമയത്തുമാണെന്ന് പറയാന്‍ കാരണങ്ങള്‍ പലതുണ്ട്. റബ്ബര്‍ വിലയിടിവ് ഇന്നലെ ഉണ്ടായ ഒരു പ്രതിഭാസമല്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ ഇന്നലെ അധികാരമേറ്റതുമല്ല. 2014 ല്‍ അധികാരമേറ്റ സര്‍ക്കാരിന്റെ കാലത്ത് തന്നെയാണ് റബ്ബറിന്റെ വിലയിടിവ് ഉണ്ടാകുന്നത്. അപ്പോള്‍ അതിന്റെ ഉത്തരവാദിത്വമാരുടേതാണ്. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളോടൊപ്പം അവരുടെ അടിസ്ഥാന വരുമാനവും ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം ഭരിക്കുന്ന സര്‍ക്കാരിനുണ്ട്.
2014 മുതല്‍ ഭരിക്കുന്ന സര്‍ക്കാര്‍ അവരുടെ ഭരണകാലത്ത് വിലയിടിവ് ഉണ്ടായപ്പോള്‍ അത് പിടിച്ചു നിര്‍ത്താതെ കണ്ടതായിപ്പോലും നടിക്കാതെ പോയത് അവര്‍ക്ക് ജനപ്രതിനിധികളെ നല്‍കാത്തതുകൊണ്ടാണോ. അടുത്ത തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന് നസര്‍ക്കാരിന് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിനിധികളെ നല്‍കാമന്ന് ഉറപ്പു വരുത്തിക്കൊണ്ട് നടത്തിയ പ്രസംഗം കാര്യങ്ങള്‍ മനസ്സിലാക്കാതെ ആര്‍ക്കോ വേണ്ടി വോട്ടു പിടിക്കുന്നത തരത്തിലായിരുന്നുയെന്ന് രാഷ്ട്രീയമറിയാത്തവര്‍ക്കുപോലും അറിയാവുന്നതാണ്.
മാര്‍ പാംപ്ലാനിയുടെ ഈ പ്രസംഗത്തില്‍ പല ചോദ്യങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഭരിക്കുന്ന പാര്‍ട്ടിക്ക് ജനപ്രതിനിധികള്‍ ഇല്ലെങ്കില്‍ ആ പ്രദേശത്ത് വികസനമുണ്ടാകുകയില്ലെന്നാണോ അതിനര്‍ത്ഥം. ഒരു സര്‍ക്കാര്‍ അധികാരത്തില്‍ കയറുമ്പോള്‍ മുതല്‍ അവര്‍ എല്ലാ വിഭാഗം ആളുകളുടെയും ക്ഷേമത്തിനും നാടിന്റെ വികസനത്തിനുമാണ് മുന്‍തൂക്കം നല്‍കേണ്ടത്. പക്ഷഭേദമോ വ്യക്തിവര്‍ഗ്ഗമത വര്‍ണ്ണ താല്പര്യങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഒരാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. അങ്ങനെയുള്ള ഭരണകര്‍ത്താക്കള്‍ക്ക് മുന്നില്‍ ജനങ്ങളും നാടുമേയുള്ളു. അതുകൊണ്ടുതന്നെ ഭരണകര്‍ത്താക്കളുടെ ഉത്തരവാദിത്വമാണ് ജനങ്ങള്‍ക്കുവേണ്ടി മികച്ച ഭരണം നടത്തുകയെന്നത്. ഇതൊന്നുമറിയാതെയാണോ ഭരണകര്‍ത്താക്കള്‍ പ്രവര്‍ത്തിക്കേണ്ടത്.
റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കു മാത്രം പരിഹാരം കണ്ടാല്‍ മതിരോയ പാംപ്ലാനി തിരുമേനി. മറ്റു കാര്‍ഷീക മേഖലയിലെ വിലയിടിവിന് പരിഹാരം കാണേണ്ടതില്ലയോ. എന്തുകൊണ്ട് ആ മേഖലയിലെ കാര്യങ്ങള്‍ പറയുന്നില്ല. അവരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതില്ലെ. മറ്റ് കൃഷി ചെയ്യുന്നവരും സഭാമക്കളായിട്ടില്ലയോ. ഇങ്ങനെ പല ചോദ്യങ്ങളും ഉയരുകയാണ് മാര്‍ പാംപ്ലാനിയുടെ റബ്ബര്‍ സുവിശേഷം വായിക്കുമ്പോള്‍ തോന്നുക. പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാം. കാര്‍ഷീക മേഖലയുടെ മര്‍മ്മം കേരളത്തിലിന്ന് റബ്ബര്‍ കര്‍ഷകരാണ്. ക്രിസ്ത്യന്‍ മേഖലകളില്‍ അത് സമൃദ്ധിയായി ഉണ്ടെന്നുള്ളതുകൊണ്ട് അതുവഴി ഒരു പാലമിട്ടാല്‍ പലര്‍ക്കും കയറിവന്ന് സാന്നിദ്ധ്യമറിയിക്കാം. പിന്നീട് പിടിമുറുക്കാം. അതായിരുന്നോ ഈ സുവിശേഷത്തിന്റെ ലക്ഷ്യം.
വിലയിടിവിനെക്കുറിച്ച് പരിതപിക്കുമ്പോള്‍ വില വര്‍ദ്ധനവിനെക്കുറിച്ച് ആകുലപ്പെടാതെ പോയതെന്തുകൊണ്ട്. പെട്രോള്‍ വില വര്‍ദ്ധനവ് കുക്കിംഗ് ഗ്യാസ് വില വര്‍ദ്ധനവ് അങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. 2014 മുതല്‍ കേന്ദ്രം ഭരിക്കുന്നവര്‍ക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയാതെ പോയതാണ് ഈ വില വര്‍ദ്ധനവ്. ഈ വില വര്‍ദ്ധനവ് ബാധിക്കുന്നത് രാജ്യത്തെ സാധാരണക്കാരെയാണ്. വിശ്വാസികളുടെ പണംകൊണ്ട് വാഹനത്തില്‍ പായുന്നവര്‍ക്കും അപ്പം ഭക്ഷിക്കുന്നവര്‍ക്കും ഒരുപക്ഷെ അതിന്റെ വിലയറിവില്ല. എന്നാല്‍ സഭയിലുള്ള ഭൂരിഭാഗവും അങ്ങനെയുള്ളവരാണ്.
അവരുടെ പ്രശ്‌നങ്ങള്‍ എന്തുകൊണ്ടു പറയുന്നില്ല. ഒരു വിഭാഗത്തെ മാത്രം പ്രതിനിധാനം ചെയ്യുന്നതാണോ സഭയുടെ നേതൃത്വത്തിലുള്ളവരുടെ രീ#ീതി. താന്‍ നേതൃത്വം നല്‍കുന്ന ജനതയുടെ അവകാശങ്ങള്‍ പക്ഷപാദഭേദമെന്യേ പറയുകയും നേടിയെടുക്കുകയും ചെയ്യുന്നവനാണ് ഒരു നല്ല നേതാവ്. ജനശ്രദ്ധ നേടിയെടുക്കാനും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരല്ല. വിലയിടിവും വിലക്കയറ്റവും ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന യാഥാര്‍ത്ത്യം അറിയാത്ത ഒരാളായി മാര്‍ പാംപ്ലാനിയെന്നു തോന്നുന്നു ഇതൊക്കെ കാണുമ്പോള്‍. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇവ രണ്ടും. ആരെയോ പ്രീതിപ്പെടുത്താന്‍ നടത്തുന്ന പ്രഹസനങ്ങള്‍ ജനം തിരിച്ചറിയും.
സഭയെന്നത് ഒരു സമൂഹമാണ്. അതില്‍ പല തരമാളുകളുണ്ട്. അവരെയെല്ലാം പ്രതിനിധാനം ചെയ്യുന്ന വ്യക്തിയാണ് അതിന്റെ നേതൃത്വത്തിലിരിക്കുന്നത്. അങ്ങനെയുള്ള വ്യക്തികളില്‍ നിന്ന് വരുന്ന ഓരോ വാക്കും നിഷ്പക്ഷവും നീതിപൂര്‍വ്വവുമായിരിക്കണം. ക്രിസ്തുവിനെ ഒറ്റിക്കൊടുത്തത് ക്രിസ്തുവിന്റെ ശിഷ്യന്‍ തന്നെയായിരുന്നു. ക്രിസ്തുവിനെ ക്രൂശിക്കാന്‍ കാരണമെന്തെന്ന് നോക്കി നടക്കുകയും ക്രിസ്തുവിനുവേണ്ടി ശബ്ദിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്തവര്‍ക്ക് യൂദാസിനോട് സ്‌നേഹം തോന്നാന്‍ കാരണം അവരുടെ ലക്ഷ്യനിറവേറലായിരുന്നു. അതിന് മുപ്പത് വെള്ളിക്കാശു മാത്രമെ അവര്‍ക്ക് നഷ്ടമായിട്ടു വന്നുള്ളു. അതുകൊണ്ടാകാം സഭയില്‍ ചിലരെങ്കിലും യൂദാസിന്റെ പാത പിന്‍തുടരുന്നത്. മുപ്പതും മുന്നൂറുമായി അപ്പോഴും അവര്‍ക്ക് ലക്ഷ്യം ഒന്നു തന്നെയാണ്.
അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം അത് ആരായാലും അംഗീകരിക്കണം. അതിന്റെ ഉദ്ദേശശുദ്ധി നല്ലതാണെങ്കിലെ അത് ജനം അംഗീകരിക്കൂ. അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തോടൊപ്പം അവകാശലംഘനങ്ങളെ എതിര്‍ക്കുകയും ചെയ്യണം. തന്റെ കണ്‍മുന്നില്‍ തന്റെ സഹോദരനെതിരെ പീഡനം നടക്കുമ്പോള്‍ അതില്‍ അത് കാണാതെ പോകുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. ഒരു സ്ഥലത്ത് പീഡനവും മറുവശത്ത് തോലടലുമായി നില്‍ക്കുന്നവരെ തിരിച്ചറിയാനുള്ള സാമാന്യബുദ്ധിയും ഒരു നേതൃത്വത്തിലിരിക്കുന്നവര്‍ക്കുണ്ടാകണം.
പണ്ട് മതമേലദ്ധ്യക്ഷന്മാര്‍ വിശ്വാസിയോട് ആജ്ഞാപിച്ചാല്‍ അത് അതേപടി ചെയ്യുന്ന ഒരു സമൂഹമുണ്ടായിരുന്നു. ആ കാലം മാറി. കാരണം ആജ്ഞാപിക്കുന്നവരും ആജ്ഞാനുവര്‍ത്തികളും തമ്മിലുള്ള അകലം തന്നെ. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാം ഈ ആജ്ഞയുടെ ആകെ ഫലമറിയാന്‍.
blessonhouston@gmail.com