Image

CC 8/AD 36 ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍ അധ്യായം-18: സലിം ജേക്കബ്)

Published on 02 April, 2023
CC 8/AD 36 ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍ അധ്യായം-18: സലിം ജേക്കബ്)

ആ വിട്ടില്‍ അന്നു ശ്രീമതി വരദാത്തോസ് മാത്രമല്ല ഞെട്ടിയത്. കോടതിയില്‍ നിന്നും വന്ന വരദാത്തോസ് തന്റെ പ്രിയതമ ഉന്നയിച്ച ആവശ്യം കേട്ട് സ്തബ്ധനായി ഇരുന്നുപോയി. ഇതുവരെ ഒരൊറ്റ കേസിലും താല്പര്യം കാണിക്കാത്ത ഇവള്‍ ഇന്നിതാ സുപ്രധാനമായ ഒരു കേസില്‍ വിധി ഇങ്ങനെയായിരിക്കണം എന്ന് ആവശ്യപ്പെടുന്നു. അന്നു രാത്രിയില്‍ തന്റെ പ്രിയതമ പറഞ്ഞ കാര്യങ്ങള്‍ വരദാത്തോസ് ആലോചിച്ചു. ഒരു കേസിന്റെ വിധി അതുമായി ബന്ധപ്പെട്ടവരുടെ മനസ്സില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ആദ്യമായാണ് വരദാത്തോസ് ആലോചിച്ചത്.

ജൂദാസിനെ വെറുതെ വിട്ടാല്‍ ഒരു പക്ഷേ തന്റെ ഭാര്യയുടെ പുതിയ സുഹൃത്ത് ജോര്‍ജ് പറഞ്ഞതുപോലെ തന്റെ ഔദ്യോഗിക ഭാവി തന്നെ അപകടത്തിലായേക്കാം. മറിച്ചാണെങ്കില്‍ ജൂദാസിന്റെയും.

'പക്ഷേ, അയാള്‍ക്ക് തീര്‍ച്ചയായും അപ്പീലിനു പോകാമല്ലോ?'
എന്തോ, വളരെക്കാലത്തിനുശേഷം ന്യായധിപനായ വരദാത്തോസിന് അന്ന് ഉറക്കം വന്നില്ല. വിചാരണയുടെ അന്ത്യവേളയായിരുന്ന ആ ദിവസങ്ങളില്‍ സാധാരണക്കാര്‍ പോലും തന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്നതായി വരദാത്തോസിന് അനുഭവപ്പെട്ടു. തന്റെ ഭാര്യ പറഞ്ഞ വാക്കുകള്‍ ഡെമോക്ലസ്സിന്റെ വാള്‍ പോലെ വരദാത്തോസിനെ അസ്വസ്ഥനാക്കി.

“For heaven’s sake, don’t let me down ഞാന്‍ എല്ലാവരുടെയടുത്തും പറഞ്ഞുപോയി വരദ്. ഇനിയിപ്പോ, താങ്കള്‍ സുപ്രീംകോടതി ജഡ്ജിയായില്ലെങ്കില്‍,It’s better for me to die”.

അവളുടെ വാക്കുകളില്‍ കലര്‍ന്നിരുന്ന സ്‌നേഹവും ഭീഷണിയും യാചനയും എല്ലാം വരദാത്തോസിനെ ആശയക്കുഴപ്പത്തിലാക്കി. ജൂദാസിന്റെ കേസ് തുടങ്ങിയ അന്നുതൊട്ട് സുരക്ഷാഭീഷണി കാരണം തനിക്കു വിട്ടുതന്ന സ്റ്റേറ്റ് കാറില്‍ ഇരുന്ന് വരദാത്തോസ് മനസിന് ഏകാഗ്രത വരുത്താന്‍ ശ്രമിച്ചു. യാദൃശ്ചികമായി മുന്‍ സീറ്റില്‍ ഉണ്ടായിരുന്ന പത്രത്തില്‍ തന്റെ ഫോട്ടോ കണ്ട വരദാത്തോസ് അതിന്റെ അടിക്കുറിപ്പ് വായിച്ചു. ജഡ്ജി നീതി പാലിക്കുമോ? ആ പേജില്‍ തന്നെ ജൂദാസിന്റെ വിവിധ ചിത്രങ്ങള്‍. ഒരുനിമിഷം വരദാത്തോസിന് തന്റെ ആത്മധൈര്യം നഷ്ടപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക