Image

ബീഫും പൊറോട്ടയും വഴി രഘുവംശം : എസ്. ബിനുരാജ്

Published on 05 April, 2023
ബീഫും പൊറോട്ടയും വഴി രഘുവംശം : എസ്. ബിനുരാജ്

നികുഞ്ജത്തിലെ പൊറോട്ട കൊള്ളാം

ചൂടോടെ എടുത്ത് പ്ലേറ്റിലിടുമ്പോള്‍ 
അത് നെടുവീര്‍പ്പിടുന്ന മാറിടം പോലെ 
ഒന്ന് ഉയര്‍ന്നു താഴും

തൊട്ടുനോക്കിയാല്‍ പിറന്നുവീണ കുഞ്ഞിന്റെ കവിള്‍ പോലെ
നഷ്ടപ്പെട്ടതൊക്കെ തിരിച്ചു കൊണ്ടു വരുന്നത് പോലെയാണ് അതിന്റെ മണം അടിക്കുമ്പോള്‍.

പക്ഷേ നികുഞ്ജത്തിലെ ബീഫ് പോര
തിരുവനന്തപുരം വഴുതക്കാട്ടെ നികുഞ്ജം ഹോട്ടലിനെ കുറിച്ച് ഏറെ പറയാനുണ്ട്. അത് പിന്നെയൊരിക്കല്‍.
പക്ഷേ അവിടത്തെ ബീഫ് പോര. 
വേവ് പാകമാകില്ല. വെന്താല്‍ തന്നെ എരിവ് കൂടുതല്‍. ഒരു ഉഷാറില്ല
നന്ദന്‍കോട് സൂര്യയിലാണെങ്കില്‍ ബീഫ് നല്ലതാണ്. പൊറോട്ട ഒരു സുഖവുമില്ല

ശാസ്തമംഗലം ജി പി യിലെ ബീഫാണ് ബീഫ്
പക്ഷേ പൊറോട്ട മോശം.ഒരു കടയിൽ നിന്നും പൊറോട്ട മാത്രം വാങ്ങുക
മറ്റൊരു കടയിൽ നിന്നും ബീഫ് മാത്രം വാങ്ങുക

ചില മനുഷ്യരും ഇങ്ങനെ ആണ്.
അവരുടെ ചില സ്വഭാവം നല്ലതാണ്
മറ്റു ചിലത് വളരെ മോശം
അത് കൊണ്ടാണ് പല തരക്കാരുമായി ബന്ധം വേണമെന്ന് പറയുന്നത്.

എല്ലാ ഗുണവും ഒന്നിലുണ്ടാവില്ലെന്ന് പണ്ട് കാളിദാസന്‍ രഘുവംശത്തില്‍ പറഞ്ഞിട്ടുണ്ട്. കാളിദാസനെ കവിഞ്ഞൊരു കവിയുണ്ടോ?

ചന്ദ്രം ഗതാ പദ്മഗുണാന്‍ ന ഭുങ് ക് തേ
പദ്മാശ്രിതാ ചാന്ദ്രമസീമഭിഖ്യാം
ഉമാമുഖം തു പ്രതിപദ്യ ലോലാ
ദ്വിസംശ്രയാം പ്രീതിമവാപ ലക്ഷമീ:

സംസ്കൃതം ആയതു കൊണ്ട് എനിക്കും പിടി കിടിയിരുന്നില്ല. ഇതിനെ പാവം മലയാളികള്‍ക്ക് വേണ്ടി എ ആര്‍ രാജരാജ വര്‍മ്മ ഇങ്ങനെ തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

പത്മത്തിലില്ല നിറതിങ്കളിലേത്തിളക്കം;
പത്മത്തിനുള്ള മണമ്പളിയിങ്കലില്ല;
അപ്പാര്‍വതീമുഖമതില്‍ ബത! രണ്ടിലുള്ള 
സംപ്രീതിയും ചപലലക്ഷ്മി ലഭിച്ചുകൊണ്ടാള്‍.

അതായത് താമരപ്പൂവില്‍ ചന്ദ്രന്റെ തിളക്കമുണ്ടാവില്ല. എന്നാല്‍ ചന്ദ്രനില്‍ താമരപ്പൂവിന്റെ സുഗന്ധവുമില്ല. ഇത് രണ്ടുമുള്ളത് പാര്‍വതിയുടെ മുഖത്തിനാണത്രെ!

ബീഫും പൊറോട്ടയുമൊരുപോലെ മികവാര്‍ന്നൊരു ഭക്ഷണശാലയതുണ്ടോ?
ഉണ്ടെങ്കിലതു പാര്‍വതീമുഖം പോല്‍ ലക്ഷ്മി വിളയാടുമിടമെന്നു ചൊല്‍ക സഖേ.

ഇത് കാളിദാസന്റെ വരികളല്ല എന്റെ വരികളാണ്. കാളിദാസന്‍ എന്നോട് ക്ഷമിക്കും. കാളിദാസന്‍ പാവാട.

ഇനി നിങ്ങളോട് ഒരു ചോദ്യം. സത്യസന്ധമായി മറുപടി പറയുക. പരസ്യമായി വേണമെന്നില്ല മനസിലെങ്കിലും പറഞ്ഞാല്‍ മതി. 

ഈ കുറിപ്പിന്റെ തുടക്കം "കാളിദാസന്‍ രഘുവംശത്തില്‍ പറയുന്നത് എന്താച്ചാല്‍" എന്നാണ് ഞാന്‍ തുടങ്ങിയതെങ്കില്‍ നിങ്ങള്‍ വായിക്കുമായിരുന്നോ? പറയൂ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക