Image

ഹിറ്റ്ലറും ഹീറോയും (കഥ: പ്രൊഫ. ശ്രീദേവി കൃഷ്ണൻ)

Published on 11 April, 2023
ഹിറ്റ്ലറും ഹീറോയും (കഥ: പ്രൊഫ. ശ്രീദേവി കൃഷ്ണൻ)

(ശ്രീദേവി കൃഷ്ണൻ - ഇ മലയാളിയുടെ  എഴുത്തുകാരിയും സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന ശ്രീദേവി കൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞുപോയി. ആ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട് അവർ മത്സരത്തിലേക്ക് അയച്ച കഥ പ്രസിദ്ധീകരിക്കുന്നു)


"ഇവനെ നമുക്ക് 'ജിംജർ' എന്ന് വിളിക്കാം. ആ പേരിൽ ഒരു പുതുമയുണ്ട്” എന്റെ മകൾ പറഞ്ഞു."വേണ്ട, വേണ്ട, ഇവനെ നമുക്ക് "വിസ്കി" എന്ന്  വിളിക്കാം." 
നാവികപശ്ചാത്തലം കണക്കിലെടുത്താവണം എന്റെ ഭർത്താവ് പറഞ്ഞു. "നോ, നോ, നോ " ഇവൻ ആര് കണ്ടാലും ഭയന്ന് വിറയ്ക്കുന്ന ഒരു ഭീകരനായി മാറും, തീർച്ച. അവനെ കണ്ടാൽ ആളുകൾ ഓടിമറയണം. അവൻ ജർമ്മൻ അല്ലെ, ഡോബർമാൻ പിൻഷർ”. 
"എന്റെ മകൻ നായക്കുട്ടിയെ ചുംബിച്ചുകൊണ്ട് ആകാശം വീർപ്പുമുട്ടുമ്പോലെ അലറി. "ഹിറ്റ്‌ലർ” ലോകരാഷ്ട്രങ്ങളെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലർ".
ഒരു കടുംത്തവിട്ട് നിറമുള്ള വെൽവെറ്റ് തുണിക്കഷ്ണം പോലെ ചുരുണ്ടുകൂടികിടന്നു ഞരങ്ങികൊണ്ടിരുന്ന നായക്കുട്ടിയെ ഞാൻ സൂക്ഷിച്ചുനോക്കി. അവന്റെ കാതുകൾ മടങ്ങിയിരുന്നു. ചുവപ്പ് റോസാപ്പൂവിന്റെ ഇതൾപോലെയുള്ള നാക്ക്, രണ്ടു ഇഞ്ചോളം വരുന്ന ഒരു കുറ്റിക്കഷണംപോലുള്ള വാല്.
അവധിക്ക് നാട്ടിൽ വന്നിരുന്ന എന്റെ ഭർത്താവിന്റെയും കുട്ടികളുടെയും  "പ്രയത്നവല്ലരി” പൂത്തിരിക്കുന്നു. ഇതാ ഒരു നായ്ക്കുട്ടി! എല്ലാ ഞായാറാഴ്ചയും ന്യുസ്‌പേപ്പറിലെ "കെന്നൽ  ആൻഡ് പെറ്റ്സ്" നോക്കി അവർ  ഫോൺ ചെയ്യും.പിന്നെ നായക്കുട്ടികളെ തേടിപ്പോകും. നിരാശരായി തളർന്നു തിരിച്ചുവരും. അവസാനം ഇതാ എല്ലാം തികഞ്ഞ ഒരു നായ്ക്കുട്ടി. 
“എന്താ, ഇതിനു വാലുമില്ലേ? നിങ്ങൾ എത്ര വില കൊടുത്തു, ഈ ഞരങ്ങികൊണ്ടു കിടക്കുന്ന നായക്ക്”? ഞാൻ ചോദിച്ചു. എന്റെ ഭർത്താവ് എന്നെ നോക്കി. ആ കണ്ണുകളിൽ ഒരു കുറ്റബോധം നിഴലിച്ചിരുന്നവോ? അറിയില്ല. 
"ഇവന് 5000 രൂപ കൊടുത്തു. ഇവൻ കെനൽ ക്ലബ് രജിസ്റ്റേർഡ്  ആണ്. ഇവന്റെ അച്ഛൻ ചാമ്പ്യൻ ആണ്. 'അമ്മ പല ഡോഗ്‌ഷോയിലും പങ്കെടുത്ത് സമ്മാനം വാങ്ങിയിട്ടുണ്ട്. നമ്മുടെ ഭാഗ്യം. മറ്റുള്ളതിനെയൊക്കെ ജനിക്കുന്നതിനു മുമ്പേ ബുക്ക് ചെയ്ത ആളുകൾ വാങ്ങികൊണ്ടുപോയിരുന്നു. “എന്റെ ഗുരുവായൂരപ്പാ ! അയ്യായിരം  രൂപയ്ക്ക് മൂന്നു സോവറിൻ  സ്വർണ്ണം കിട്ടുമായിരുന്നല്ലോ. ഇവനെ നമുക്ക് "സോവറിൻ" എന്ന് വിളിയ്ക്കാം അല്ലെങ്കിൽ ഇവനെ തീറ്റിപ്പോറ്റാൻ വരുന്ന ചിലവുകൾ കണക്കാക്കി ഇവനെ വെള്ളാന (white elephant)  എന്ന് വിളിയ്ക്കാം.”
“Ignore her Dad, She’s  always a wet blanket”' എന്റെ മോൾ അഭിപ്രായപ്പെട്ടു. ഇംഗളീഷിൽ പറഞ്ഞതിനാലാവാം വാദപ്രതിവാദങ്ങൾ പെട്ടെന്ന് തീർന്നു. അടുക്കളയിലേക്ക് പോകുന്ന വഴി "ഹിറ്റ്‌ലർ" എന്ന ആർപ്പുവിളികൾ എന്റെ ദ്വേഷ്യം ആളിക്കത്തിച്ചു. 
അന്നു രാത്രി എന്റെ ഭർത്താവ് എന്നെ ഒരു നായുടെ ആവശ്യകതയെപ്പറ്റി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു."കൊള്ളയും, കൊലയും വീട് കുത്തിതുറക്കലുമെല്ലാം നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. കണ്ടില്ലേ, നമ്മുടെ അയൽവാസിയായ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് മുപ്പതോളം പവൻ വരുന്ന ആഭരണങ്ങളും വിലപിടിപ്പുള്ള ക്യാമറയും, കമ്പ്യൂട്ടറും, എല്ലാം പോയത്? അതും പട്ടാപ്പകൽ. നമ്മുടെ ഹിറ്റ്‌ലർ എത്രമാത്രം സുരക്ഷിതത്വമാണ്  നിങ്ങൾക്ക് നൽകുന്നത്? എനിക്കിനി സമാധാനമായി ഉറങ്ങാം.”  എന്നെ ചേർത്തുപിടിച്ചുകൊണ്ട് അദ്ദേഹം തുടർന്നു. "ജാനു, നമ്മുടെ കുട്ടികൾ വളർന്നു വരികയല്ലേ?. രണ്ടുമൂന്നു വർഷങ്ങൾക്കുള്ളിൽ അവർ ഈ വീട് വിടും. പിന്നെ നമ്മൾ തനിച്ചാണ്. നമ്മളെ സ്നേഹിക്കാൻ നമുക്ക് സ്നേഹിക്കാൻ ഈ ഹിറ്റ്‌ലർ അല്ലാതെ മാറ്റാരാണുണ്ടാവുക.”
ആറുമാസം കൊണ്ട് ഹിറ്റ്‌ലർ വളർന്നു. നല്ല പൊക്കം സ്വർണ്ണതവിട്ട് നിറമുള്ള വെൽവെറ്റ് പോലുള്ള ശരീരം, ജ്വലിക്കുന്ന കണ്ണുകൾ, മടങ്ങികിടക്കുന്ന ചെവികൾ, ഗാംഭീര്യം തുളുമ്പുന്ന പല്ലുകൾ കാട്ടികൊണ്ടുള്ള പേടിപ്പിക്കുന്ന കുരകൾ.  എന്തിനു നായ്സൗന്ദര്യത്തിന്റെ സാക്ഷാത്കാരമായി ഹിറ്റ്ലർ മാറി. എന്നാൽ ഭയമുളവാകുന്ന ആ ഭീകരരൂപത്തിൽ ഒളിഞ്ഞു കിടന്നത് ഒരു ഭയങ്കര ഭീരുവാണെന്ന യാഥാർഥ്യം ഞങ്ങൾക്ക് മാത്രമേ മനസ്സിലായിരുന്നുള്ളു.
"പട്ടിയെ സൂക്ഷിക്കണേ" എന്ന ഗേറ്റിലെ ബോർഡ് ധിക്കരിച്ച് ആരെങ്കിലും ഗേറ്റ് തുറക്കുന്ന "ക്ലിക്ക്" ശബ്ദം കേട്ടാൽ അവൻ കുതിച്ച് അപരിചിതന്റെ അടുത്തേക്ക് ചാടും. എന്നിട്ട് വാലാട്ടിക്കൊണ്ടു തല ഒന്ന് കുനിച്ച് "എന്നെ ഒന്ന് താലോലിക്കു എന്ന മട്ടിൽ അയാളിലേക്ക് ചേർന്ന് നിൽക്കും. അപ്പോഴേക്കും ഞങ്ങളിൽ ആരെങ്കിലും വിളിച്ചാൽ അടുത്ത് വന്നിട്ട് വന്നയാളെ നോക്കികൊണ്ട്‌ കുര നിർത്തി വാലാട്ടും. എന്നിട്ട് "എന്നെ കണ്ടു പേടിച്ചോ" ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുകയായിരുന്നില്ലേ? സോറി കേട്ടോ” എന്ന് പറയുംപോലെ ഒന്ന് നക്കും.
ഹിറ്റ്ലറുടെ സ്നേഹം വെറും മനുഷ്യരാശിയിൽ ഒതുങ്ങിക്കൂടുന്ന ഒന്നല്ലായിരുന്നു. എല്ലാ ജീവജാലങ്ങളെയും അവൻ സ്നേഹിച്ചു. കാക്ക, കുരുവി, ഏലി, ഓന്ത്,  എന്നുവേണ്ട പൂച്ച വരെ അവന്റെ കൂട്ടുകാരായിരുന്നു. പക്ഷെ എന്തോ കാരണത്താൽ അവൻ അണ്ണാനെ വെറുത്തു. മാവിൻ കൊമ്പിലെ ഓടിക്കളിക്കുന്ന അണ്ണാനെ നോക്കി നിരന്തരം കുരച്ചു ഭീഷണിപ്പെടുത്തി. എങ്ങനെയോ നിലത്തുവീണ ഒരു അണ്ണാൻ കുഞ്ഞിനെ അവൻ നിഷ്കരുണം കൊന്നുകളഞ്ഞു.
ഹിറ്റ്‌ലറെ ഞാൻ അളവറ്റു സ്നേഹിച്ചെങ്കിലും അവന്റെ വീരപരാക്രമത്തിൽ എനിക്ക് ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല. "ഇവന്റെ ഭീകരരൂപം കണ്ടു ഭയന്നാണ് കള്ളന്മാർ ഇവിടെ വരാത്തത്. ഇവൻ ആരാണെന്നു നമുക്കല്ലേ അറിയൂ. ആരോ പതിവായി മതിൽ ചാടിവന്നു എന്റെ മുല്ലപ്പൂക്കളും, റോസാപ്പൂവുമെല്ലാം കട്ടുകൊണ്ടുപോകുന്നു.ഇത്രയും മുല്ലയുള്ള വീട്ടിൽ ഒരു മാലകെട്ടി അമ്പലത്തിൽ കൊടുക്കാൻ സാധിക്കുന്നില്ല ഇവൻ രാത്രീയിൽ ഉറങ്ങുമ്പോഴായിരിക്കണം ആരോ പതിവായി പൂ മോഷ്ടിക്കുന്നത്. പൂവിനു നല്ല വിലയാണല്ലോ. ഇവന്റെ ഒരു അണ്ണാൻ hatred.”
ഈ 'അമ്മ", എന്റെ രണ്ടു മക്കളും ഒരേ സ്വരത്തിൽ പറഞ്ഞു. "ഞാൻ രാത്രികാലങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഹിറ്റ്‌ലറാണ് എനിക്ക് ധൈര്യം തരുന്നത്. പിന്നെ നമ്മുടെ പേരയ്ക്കയും, തെങ്ങിൻ പൂക്കുലകളും, മാങ്ങയുമെല്ലാം കടിച്ച് നശിപ്പിക്കുന്ന അണ്ണാനെകൊണ്ട് എന്ത് പ്രയോജനം.? Just like Hitler hated Jews, our Hitler hates squirrels . ഹിറ്റ്ലറുടെ വിശ്വസ്തയായ വക്കീൽ, എന്റെ മകൾ വാദിച്ചു. "പിന്നെ എന്തെങ്കിലും ഒരു സീരിയസ് ക്രൈം ഉണ്ടായാൽ അവൻ റീയാക്ട് ചെയ്യും. നിസ്സാരമോഷണമൊക്കെ തടുക്കാൻ അവൻ സമയം മെനക്കെടുത്തുന്നില്ല.”
ആയിടയ്ക്ക് വെറ്റനറി ഡോക്ടറുടെ നിർദേശപ്രകാരം ഹിറ്റ്‌ലറെ mate ചെയ്യാൻ ഞങ്ങൾ ഹിന്ദുവിൽ ഒരു പരസ്യം കൊടുത്തു. ഞായറാഴ്ച വന്ന പരസ്യം കണ്ട്  ഒരു കറപ്പ് ഡോബർമാൻ നായയുമായി ഒരു ആംഗ്ലോ ഇന്ത്യൻ സ്ത്രീ വന്നു. ഹിറ്റ്ലറിൻറെ കോളറിൽ മുറുക്കിപിടിച്ചുകൊണ്ട് എന്റെ മകൻ നിൽക്കുന്നുണ്ടായിരുന്നു. "എന്റെ സുന്ദരിക്കുട്ടിയെ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കാൻ കഴിയുക" എന്ന് പറഞ്ഞുകൊണ്ട് ആ സ്ത്രീ അവരുടെ നായുടെ ചങ്ങല അയച്ചുവിട്ടു. ഹിറ്റ്ലർ സർവശക്തിയും ഉപയോഗിച്ച് അവളുടെ നേർക്ക് കുതിച്ചുചാടി. പിന്നെ നടന്നതൊന്നും എനിക്കോർമ്മയില്ല. ഹിറ്റ്‌ലർ ആ നായുടെ ചെവി കടിച്ചുപറിച്ചു. എല്ലാവരും ചേർന്ന് ഒരു വിധത്തിൽ ആ നായയെ രക്ഷപ്പെടുത്തി കാറിൽ കയറ്റി കൊണ്ടുപോയി.
"Real Hitler" ഹിറ്റ്ലർ ഒരു സ്ത്രീവിദ്വേഷി ആയിരുന്നല്ലോ. "Hail Hitler" എന്റെ മകൻ ആർത്തു വിളിച്ചു.
ഹിറ്റ്ലർ ഞങ്ങളെയെല്ലാം വളരെയധികം സ്നേഹിച്ചു. അവന്റെ നോട്ടവും പ്രവർത്തിയുമെല്ലാം ഞങ്ങൾക്ക് മനസ്സിലാവുമായിരുന്നു.  അവധിക്കുശേഷം എന്റെ ഭർത്താവ് കപ്പലിലേക്ക് മടങ്ങിപ്പോകാനായി സൂട്ട്കെയ്സ് പാക്ക് ചെയ്യുമ്പോൾ ഹിറ്റ്ലർ ഒരു മൂലയിൽ പോയി വിതുമ്പും. ഗുഡ്ബൈ കിസ് കൊടുക്കുമ്പോൾ അവരുടെ മുഖത്ത് നക്കികൊണ്ട് ദയനീയമായി മുരളും, "ഞാൻ dad നെ എത്രയധികം miss ചെയ്യുന്നെന്നറിയാമോ? ഇനി ബീച്ചിൽ കൊണ്ടുപോകാനും വെള്ളത്തിൽ കളിക്കാനും എല്ലാം ആരാണ് എന്നെ കൊണ്ടുപോവുക.  വേഗം തിരിച്ചുവരണേ.”.അവന്റെ നോട്ടവും മുഖത്തുള്ള നക്കലും പറഞ്ഞു. അങ്ങനെ ഞങ്ങളുടെ സ്നേഹത്താൽ വീർപ്പുമുട്ടി ഹിറ്റ്ലർ കഴിയുമ്പോഴാണ് ഹിറ്റ്ലറിനെ ഒരു ഹീറോ, വിജയശ്രീലാളിതനായ ഒരു വിശ്വജേതാവാക്കി   മാറ്റിയ സംഭവം അരങ്ങേറിയത്. 
ആ അർദ്ധരാത്രിയിൽ പതിവുപോലല്ലാത്ത, ചെവി തുളയ്ക്കുബോഴുള്ള ഹിറ്റ്ലറുടെ കുര കേട്ട്, ഞങ്ങളുടെ ചുറ്റുപാടുള്ള എല്ലാ വീട്ടുകാരും എഴുന്നേറ്റ് ലൈറ്റിട്ട് നോക്കുമ്പോൾ അതിദാരുണമായ ഒരു കാഴ്ച്ചയാണ് കണ്ടത്. എന്റെ ഉയർന്ന മതില്കെട്ടിനപ്പുറമുള്ള ബാങ്കിൽ നിന്നും മുഖം മൂടിയണിഞ്ഞ കൊള്ളക്കാർ ഹിറ്റ്ലർക്ക് നേരെ വലിയ കരിങ്കൽ തുണ്ടുകൾ എറിയുകയായിരുന്നു. അവന്റെ നെറ്റിയിലെ രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു. എന്നിട്ടും അവൻ കുരച്ചുകൊണ്ടേയിരുന്നു. നിമിഷനേരം കൊണ്ട് പോലീസിന്റെ സഹായത്തോടെ കൊള്ളക്കാരെ പിടികൂടി.
ഹിറ്റ്ലറുടെ നെറ്റിയിൽ തറച്ചിരുന്ന കല്ല് പുറത്തെടുക്കാൻ വേണ്ടി ഒരു ശസ്ത്രക്രിയയും വേണ്ടി വന്നു. അടുത്തദിവസം ന്യുസ്‌പേപ്പറും ടി വിയും ഹിറ്റ്ലറുടെ സാഹസകൃത്യത്തെപ്പറ്റി എഴുതി. നെറ്റിയിൽ വലിയ ബാൻഡേജുമായുള്ള അവന്റെ ചിത്രങ്ങൾ എല്ലായിടത്തും വന്നു. അവൻ മൂലം  മൂന്നു പിടികിട്ടാപ്പുള്ളികളെയും ആ സംഘത്തിൽ ഉണ്ടായിരുന്ന തീഹാർ ജയിലിൽ നിന്ന് ചാടി രക്ഷപ്പെട്ട ഇന്ത്യ മുഴുവൻ നടുക്കിയ കൊലക്കേസിലെ പ്രതിയേയും ബന്ധിക്കാൻ സാധിച്ചു.
ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച, കള്ളക്കടത്തിനും, മയക്കുമരുന്നിനുമെല്ലാം കുപ്രസിദ്ധി നേടിയിരുന്ന സംഘത്തെയാണു ഹിറ്റ്ലറുടെ സഹായത്തോടെ പോലീസ് പിടിച്ചത്.പിറ്റേ ദിവസം പോലീസ് മേധാവി എന്നെ വിളിച്ച് നന്ദി രേഖപ്പെടുത്തി. ഹിറ്റ്ലറെ അഭിനന്ദിക്കാൻ കൂടിയ പൊതുയോഗത്തിൽ ആഭ്യന്തരമന്ത്രീ ഹിറ്റലറെ മാലയണിയിച്ചു. അഞ്ചു ലക്ഷം രൂപയുടെ ചെക്കും സമ്മാനിച്ചു. ഹിറ്റ്ലറാണെങ്കിൽ ഒരു യുദ്ധവീരനെപോലെ ക്യാമറകൾക്ക് മുമ്പിൽ നിന്നു.
അടുത്ത ദിവസം, ഹിറ്റ്ലറുടെ രക്തം കട്ട പിടിച്ചുകിടക്കുന്ന മതിലിന്നരികെ ഞാൻ നടക്കുകയായിരുന്നു, പെട്ടെന്ന് മൂലയിൽ കിടന്നിരുന്ന ഒരു അണ്ണാന്റെ കൂട് ഞാൻ കണ്ടു. മുകളിലേക്ക് നോക്കുമ്പോൾ മരത്തിൽ പകുതി മുറിഞ്ഞുപോയ ഒരു അണ്ണാന്റെ കൂടും കണ്ടു. ഉടനെ കാര്യം എനിക്ക് പിടികിട്ടി. ആ അണ്ണാൻ കൂട് നോക്കിയാണ് ഹിറ്റ്‌ലർ കുരച്ചത് അതിശയമെന്നു പറയട്ടെ, ആ സമയത്തുതന്നെ കള്ളന്മാർ ബാങ്കിന്റെ ജനാലകൾ കുത്തിപ്പൊളിക്കുകയായിരുന്നു, 
എന്റെ മക്കൾ അവരുടെ ഡാഡിയോട് ഹിറ്റ്ലറിൻറെ വീരകൃത്യം പൊടിപ്പും തൊങ്ങലും ചേർത്ത്  വിവരിക്കുകയായിരുന്നു. അതുകേട്ടു  നിന്ന എന്റെ മനസ്സിൽ, നമ്മുടെ ഹിറ്റ്ലർക്ക്  സംസാരശേഷി ഉണ്ടായിരുന്നെങ്കിൽ അവൻ എന്ത് പറയുമായിരുന്നു എന്ന ചിന്ത തലപൊക്കി.
അവന്റെ എല്ലാം മറന്നുള്ള, സ്വന്തജീവൻപോലും പണയപ്പെടുത്തിയുള്ള കുരകൾ അണ്ണാനോടുള്ള ശത്രുത്വം കൊണ്ടാണെന്നു തുറന്നു പറഞ്ഞു തന്നെ കയറ്റിയിരുത്തിയിരിക്കുന്ന കനകസിംഹാസനം ചവുട്ടിപ്പൊളിക്കുമായിരുന്നോ അതോ അത് താൻ അർഹിക്കുന്ന കനകസിംഹാസനം ആണെന്ന ഭാവം തുടർന്നുകൊണ്ടേയിരിക്കുമായിരുന്നോ?! 
*********

Join WhatsApp News
Sharila Krishnan 2023-04-12 02:22:02
Thank you for this write up about my mother Sreedevi Krishnan- personally for me -every time I read her short stories - I hear her voice in my ear, softly narrating the entire story- miss her very much
Jayan varghese 2023-04-12 15:37:56
പട്ടികൾക്ക് പൊന്നാടയും പത്ര സമ്മേളനവും അഞ്ച് ലക്ഷത്തിന്റെ ക്യാഷ് ചെക്കും. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ മെഡിറ്റേറിയൻ കടലിൽ മാത്രം യാനങ്ങൾ തകർന്ന് മുങ്ങി മരിച്ച അഭയാർത്ഥികൾ ഇരുപത്താറായിരം പേരാണ്. കൂടും കുടുംബവും കുട്ടികളുമായി കാല് കുത്താനൊരു ഇടം തേടി ഇറങ്ങിത്തിരിച്ചവരാണിവർ. എൺപതു ലക്ഷത്തിലേറെ യുക്രെയീൻ നിരപരാധികൾ മറ്റു രാജങ്ങളുടെ തെരുവുകളിൽ ആലംബമില്ലാതെ അലയുന്നു. അനുഭവങ്ങളുടെ ആവിഷ്ക്കാരം കൂടിയാണ് സാഹിത്യമെങ്കിൽ നമ്മുടെ എഴുത്തുകാരുടെ ജീവിത ഭൂമിക എവിടെയാണ്? ബുദ്ധനും ക്രിസ്‌തുവും മാർക്‌സും സ്വപ്നം കണ്ട സ്ഥിതി സമത്വത്തിന് വേര്‌ പിടിച്ച് വളരുവാൻ കാലഘട്ടത്തിന്റെ പ്രവാചകനായ ( നൈനാൻ മാത്തുള്ളയോട് കടപ്പാട് ) എഴുത്തുകാരന്റെ മനസ്സ്‌ പാകപ്പെടുന്നില്ലെങ്കിൽ നാളെയുടെ നിരൂപണങ്ങളിൽ നിർഗ്ഗുണന്മാരായ പേനയുന്തുകാർ മാത്രമായി അവർ അടയാളപ്പെടുത്തപ്പെടും . ജയൻ വർഗീസ്.
വിദ്യാധരൻ 2023-04-12 18:32:04
ജീവന്റെ തുടിപ്പുള്ളവയെ എല്ലാം സ്നേഹിക്കുക ഒരു രാജ്യത്തിന്റെ മഹത്വം ആ രാജ്യത്തന്റെ സദാചാരപരമായ വളർച്ചയും, ആ രാജ്യം എങ്ങനെ മൃഗങ്ങളെ പരിപാലിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താൻ കഴിയും ( മഹാത്മാഗാന്ധി); " കരുണയുടയൊരീശ്വരസൃഷ്ടിയാണീ- യുരുവുകളൊക്കെയാതോർത്തതില്ലയോ നീ അറിയുമവനിതൊക്കെയോർക്ക മേൽ നി- ന്നറിയുക കേൾക്കുമിവറ്റ കേണിടുമ്പോൾ ." (പ്രാണിദയ - ആശാൻ ) വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക