മദ്യപാനം ആരോഗ്യത്തിന് ഹാനികരം.
എന്റെ ഓരോ നാട്ടിൽ പോക്കും ഓരോ നോയമ്പ് വീടൽ പോലെയാണ്. കുറെനാൾ നോയമ്പ് നോക്കും. അതിനു ശേഷം ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കും. ചിലപ്പോൾ മൂന്നോ നാലോ വർഷങ്ങൾ കൂടിയാകും അത്. ഇപ്പോൾ പോയത് മൂന്നു വര്ഷങ്ങൾക്കു ശേഷം.
2019 നു ശേഷം ഈ ഫെബ്രുവരി 22 മുതൽ മാർച്ച് 21 വരെ, ഏതാണ്ട് 25 ദിവസത്തോളം എന്റെ നാടായ ചെങ്ങന്നൂരിൽ ഉണ്ടായിരുന്നു. രണ്ടു ദിവസത്തിന് ശേഷം ആഹാരപ്രിയനായ ഞാൻ നല്ല ഫുഡ് കിട്ടുന്ന ഷാപ്പുകൾ അന്വേഷിച്ചു. നാട്ടിലെ മധുരമുള്ള തെങ്ങിൽ കള്ളും , ആറ്റുമീനും അല്ലെങ്കിൽ പുഴമീനും എനിക്കെന്നും പ്രിയപ്പെട്ടവ തന്നെ.
മൂന്ന് കള്ളു ഷാപ്പുകളിൽ പോയി. മൂന്ന് ഷാപ്പുകളിൽ, മൂന്നിലും പ്രത്യേകതകൾ ഏറെ. ചില സ്ഥലങ്ങളിൽ നല്ല കള്ള്. മറ്റൊരിടത്തു ഏതിനം ഭക്ഷണ പദാർത്ഥങ്ങളും സുലഭം.
പലയിടത്തും വിലകളും വ്യത്യസ്ഥം. രുചികൾ തരതമ്യ൦ ചെയ്യാനുമുള്ള അവസരവും ഉണ്ടായി. സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു. ചങ്ങനാശേരിക്ക് സമീപം കിടങ്ങറയിലുള്ള ഗരുഡാഗരി ഷാപ് , കിടങ്ങറയിലുള്ള ഗരുഢഗാരി, ആലപ്പുഴയ്ക്ക് സപീപ൦ കൈനകരിയിലുള്ള ആറ്റുമുഖം, മറ്റൊന്ന് അതിരംപുഴയിലുള്ള മൂക്കൻസ് മീൻ ചട്ടി.
കിടങ്ങറ ഗരുഡാഗരി ഷാപ്
ചങ്ങനാശേരി ആലപ്പുഴ റൂട്ട് അറ്റകുറ്റ പണികൾക്കായി അടച്ചിരുന്നു. അതിനാൽ ചങ്ങനാശേരിക്കു സമീപം കൊണ്ടൂർ ഹോട്ടലിനു സമീപ൦ സ്ഥിതിചെയ്യുന്ന പരിചയമുള്ള ഷാപ്പുകളിലേക്കെ എത്തിപ്പെടുവാൻ കഴിഞ്ഞില്ല. ഞാൻ പോരുന്നതിനു മുൻപേ ചങ്ങനാശേരി ആലപ്പുഴ റൂട്ട് തുറന്നിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞു. എനിക്കെപ്പോഴും അഭയം തന്നിരുന്ന, എന്റെ നാട്ടുകാരനായ ഈപ്പച്ചനോടൊപ്പം പലരിൽ നിന്നും അറിയാൻ കഴിഞ്ഞതിൽ നിന്നും ഗരുഡാഗരിയിലേക്കായിരുന്നു ഞങ്ങളുടെ ആദ്യ യാത്ര.
കിടങ്ങറക്ക് സമീപം നെല്പാടങ്ങൾക്കു നടുവിലായി സ്ഥിതിചെയ്യുന്ന ശാന്തസുന്ദരമായ സ്ഥലം. ഫാമിലിക്ക് വേണ്ടി തയാറാക്കിയ, കുടിലുകളെ ഓർമപ്പെടുത്തുന്ന മുറികൾ. കുടുംബ സമേതം വരുന്നവരാണ് കൂടുതലും. എസി മുറി സുലഭം. ഡോളർ വച്ച് നോക്കുമ്പോൾ, 5 ഡോളറിൽ താഴെ എസി മുറിക്ക്. ഒരു ലിറ്റർ കള്ളിന് ഏതു ഷാപ്പിലും ഒരു വിലമാത്രം. ലിറ്ററിന് 200 രൂപ. ആ ഭാഗത്തു കള്ളു സുലഭം . നല്ല കള്ളു തന്നെ.
വരാലും, കാരിയും, വാളയും തുടങ്ങി ഞണ്ടും, താറാവും, ബീഫും, അപ്പവും, എല്ലാം സുലഭം. വാളതലയോടാണ് എനിക്ക് പ്രിയം. ഒരു തല, രണ്ടു പേർ കൂടി കഴിച്ചാൽ തീരില്ല. മറ്റു രണ്ടു ഷാപ്പുകളെ അപേക്ഷിച്ചു നോക്കിയാൽ, വില കൂടുതൽ എന്നും കുറവെന്നും പറയാൻ കഴിയില്ല. കുറെ കുപ്പികളിൽ കള്ളു വാങ്ങി. കുപ്പിയുടെ അടപ്പിൽ ദ്വാരം ഇട്ടാണ് തരുന്നന്ത്. ഫ്രിഡ്ജിൽ രണ്ടു മൂന്ന് ദിവസം അതെ പടി ഇരിക്കും. ചൂടത്തു കഴിക്കാൻ ഉത്തമ൦. പിന്നെയും വിളിച്ചു പറഞ്ഞിട്ട് രണ്ടു മൂന്നു ഭിവസം കഴിഞ്ഞു വീണ്ടും പോയി. രാവിലെ ചെന്നാൽ ചെത്തി കൊണ്ട് വരുന്ന കള്ളു കിട്ടും. ഭക്ഷണ പ്രിയർക്കു പറ്റിയ സ്ഥലം തന്നെ. അങ്ങോട്ടാകട്ടെ നിങ്ങളുടെ അടുത്തയാത്ര!.
ഏറ്റുമാനൂർ, അതിരംപുഴക്കു സമീപമുള്ള മൂക്കൻസ് മീൻ ചട്ടി ഷാപ്പ്
ഈ ഷാപ്പ് പലതു കൊണ്ടും കേരളത്തിൽ ചർച്ചാവിഷയമായിട്ടുള്ള ഷാപ് തന്നെ. അയർലണ്ടിൽ ആയിരുന്ന പ്രവാസി വളരെ വർഷത്തെ അധ്വാന ഫലം മുഴുവൻ ഈ ഷാപ്പിനു വേണ്ടി മുടക്കുന്നു. നല്ല രീതിയിൽ നടന്നു പോയിരുന്ന ഈ ഷാപ്, മറ്റു ഷാപ്പുകൾക്കു വെല്ലുവിളി ആയതുകൊണ്ടോ അതോ സമീപ പ്രദേശത്തുള്ള റൗഡികളുടെ വിഹാര രംഗം ആയതിനാലോ, ഭക്ഷണം കഴിക്കാൻ വരുന്നവരെ നിരന്തരമായി ശല്യപെടുത്തികൊണ്ടിരുന്നു. പോക്കറ്റിൽ നിന്നും പണം എടുത്തു കൊണ്ട് പോകുക, അവർക്കു ഇഷ്ടമുള്ള ഭക്ഷണം കഴിച്ചാൽ മറ്റുള്ളവരെ കൊണ്ട് പണം കൊടിപ്പിക്കുക അങ്ങനെ പലതും. സഹികെട്ട് പ്രവാസി മുടക്കിയ പണം പോകട്ടെ എന്ന് വെച്ച് തിരികെ അയർലണ്ടിൽ പോകാൻ തുടങ്ങിയതും മറ്റും എന്നെ പോലെ, നിങ്ങളും ടി വി ചാനലിലും ന്യൂസിലും കണ്ടുകാണും.
ഇതിനെ പറ്റി മറുനാടൻ മലയാളി ഷാജൻ സ്കറിയ വളരെ വിശദമായി ന്യൂസ് കൊടുത്തിരുന്നു. സത്യത്തിൽ കേട്ടപ്പോൾ ദുഃഖം തോന്നി. പ്രവാസിയായ ഞാനും ഇതുപോലെ ഒരു സംരംഭം തുടങ്ങിയാൽ എപ്പോൾ പൂട്ടി കെട്ടി എന്ന് ചോദിച്ചാൽ മതി. നിരന്തരമായി വന്ന ന്യൂസും മറ്റും പോലീസിന് തല വേദന ആയതു കൊണ്ടോ അതോ മുകളിൽ നിന്നും മറ്റും ഉണ്ടായ സമ്മർദം കൊണ്ടോ, മുഴുവൻ പേരെയും അറസ്റ് ചെയ്തു നീക്കി.
എന്റെ മറ്റു മൂന്നു സുഹൃത്തുക്കളോടൊപ്പം അവിടെയും സന്ദേർഷിക്കാൻ എനിക്കവസരം കിട്ടി. മൂന്നു ഷാപ്പുകളിൽ തുച്ഛമായ വിലയുള്ള ഏക ഷാപ്പ് ഇതു തന്നെ. തലകറികളോട് താല്പര്യം തോന്നിയ രണ്ടു പേർക്കായി രണ്ടു തല ഓർഡർ ചെയ്തു. തല വന്നപ്പോൾ, രണ്ടു പേർ കഴിച്ചാലും ഒരു തല തീരില്ല. ഞാൻ വളരെ വിനയം പൂർവം ഒരു തല തിരിച്ചു എടുക്കുന്നതിൽ ബുദ്ധിമുട്ടാകുമോ എന്ന് ചോദ്യത്തിന് മറുപടിയായി, ഒരു തല തിരിച്ചെടുക്കുന്നു. ഇത്രയും നല്ല സർവീസ് മറ്റൊരിടത്തും ഞാൻ കണ്ടിട്ടില്ല. കള്ളു തരക്കേടില്ല. വാള തലയ്ക്കു മറ്റൊരിടത്തു 1400 രൂപ ചാർജ് ചെയുമ്പോൾ ഇവിടെ വെറും 400 രൂപ മാത്രം. മൂന്നു ഷാപ്പുകളിൽ വിലക്കുറവുള്ള ഏക സ്ഥലം ഇതു തന്നെ. നാലു പേർ കള്ളും ഭക്ഷണവും കൂടി കഴിച്ചാൽ രണ്ടായിരം രൂപയിൽ താഴെ. വെറും 25 ഡോളർ മാത്രം. ഉടമസ്ഥനെ കണ്ടു ഞങ്ങൾ സംസാരിച്ചു. പ്രശ്നങ്ങൾ ഒക്കെ തീർന്നു എന്നറിയാൻ കഴിഞ്ഞു. എല്ലാ ഇനം ഭക്ഷണവും ഇവിടെയും സുലഭം
കൈനകരിയിലുള്ള ആറ്റുമുഖം ഷാപ്.
ഈ ഷാപ്പിനു വളരെയേറെ വ്യത്യസ്‌തകൾ. കുടുംബ സുഹൃത്തായ, തിരുവല്ലയിലുള്ള ഷാജി കണമല, ഈപ്പച്ചൻ എന്നിവരോടൊപ്പം എന്റെ അടുത്ത യാത്ര. കാറോടിച്ചിരുന്നത് ഷാജി. കൊച്ചിയിൽ പോകുന്ന തിരക്കിൽ ആയിരുന്നതിനാൽ, അമേരിക്കയിൽ നിന്നും അച്ചായൻ വന്നിട്ടുണ്ടെന്നും 30 മിനിറ്റിനുള്ളിൽ അവിടെ വരുമെന്നും, നല്ല കള്ളു തന്നെ തരപ്പെടുത്തണമെന്നും മാനേജരോട് അദ്ദേഹം പറയുന്നത് ഞാൻ കേട്ടു. നാട്ടിലെ രുചിയുടെ കാര്യത്തിൽ, എനിക്ക് സന്ധിയില്ല. പറഞ്ഞ സമയത്തു തന്നെ അവിടെ എത്തി.
നേരെ കൂട്ടി കൊണ്ടുപോയത് കിച്ചനിലേക്ക് തന്നെ. ഇത്രയും ആഹാരം കിട്ടുന്ന മറ്റൊരിടവും ഞാൻ കണ്ടിട്ടില്ല. ഓണറെ പരിചയപെട്ടു. വിവിധ ഇനം ഭക്ഷണം കണ്ടപ്പോൾ എല്ലാം കഴിക്കണമെന്നു തോന്നി. വയറ്റിൽ കൊള്ളുന്ന പരിമിതിയിൽ ആഹാരം ഒതുക്കി. കാച്ചിലും, കപ്പയും സ്വീറ്റ് പൊട്ടറ്റൊയുമൊക്കെ. വിവിധ ഇനം ഭക്ഷണങ്ങൾ മറ്റൊരു ഷാപ്പിലും ഇല്ലെന്നു പറയാം. വാള തല ഓർഡർ ചെയ്തു. രണ്ടു പേർ ഒരു തല തീർക്കാൻ പാടുപെട്ടു. ഏറ്റവും നല്ല കള്ളു കിട്ടുന്ന ഏക സ്ഥലം അത് തന്നെ. മുന്തിരി കള്ളും സുലഭം.
ഭക്ഷണ വില താരതമ്യം ചെയുമ്പോൾ, അല്പം കൂടുതൽ. ഏതു തരം ആഹാരവും സുലഭം. വള്ളത്തിൽ ജീവനോടെ കിടക്കുന്ന മീനുകളും കണ്ടു. ഭക്ഷണം കഴിക്കാൻ വിദേശികൾ ഏറെ.
മമ്മൂട്ടിയുടെ തച്ചിലേടത്തു ചുണ്ടൻ ഇവിടയാണ് ഷൂട്ട് ചെയ്തതെ. അദ്ദേഹം താമസിച്ച വീടും, വള്ളംകളി നടത്തിയ ആറും കണ്ടപ്പോൾ ഞാൻ വര്ഷങ്ങളുടെ പുറകിലേക്ക് പോയി. ആ വീടും ആറും ഒക്കെ പഴയ പടി തന്നെ. അതിന്റെ അടുത്ത് തന്നെ ഈ ആറ്റു മുഖം ഷാപ്. വില അല്പം കൂടും. സന്ദർശകരിൽ മറ്റു രാജ്യ കാരേയും കണ്ടു. എല്ലാവരും കുടുംബമായി തന്നെ.
ഇനിയും നിങ്ങൾ യാത്രചെയ്യുമ്പോൾ, അവിടെയും ആക്കാം നിങ്ങളുടെ അടുത്ത ഭക്ഷണം.