Image

'ലോക കേരള സഭയ്ക്ക്' അഭിവാദനങ്ങള്‍ (രാജു മൈലപ്രാ)

Published on 13 April, 2023
'ലോക കേരള സഭയ്ക്ക്' അഭിവാദനങ്ങള്‍ (രാജു മൈലപ്രാ)

എന്റെ എത്രയും പ്രിയപ്പെട്ട അമേരിക്കന്‍ മലയാളി സുഹൃത്തുക്കളേ! അങ്ങിനെ നമ്മള്‍ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന ആ സുദിനം ഇതാ സമാഗതമായിരിക്കുന്നു...
ആഹ്ലാദിപ്പിന്‍, ആര്‍പ്പിടുവിന്‍, അര്‍മാദിക്കുവിന്‍...
ഇതാ 'ലോക കേരള സഭ' അമേരിക്കയിലേക്ക്!

'മന്ത്രിക്കൂട്ടം വരുന്നുണ്ടേ
ആര്‍പ്പോ ഇര്‍ റോ
കൈകൊട്ടിപ്പാടാം- വരവേറ്റിടാം
ആചാരക്കതിന മുഴക്കീടാം- തപ്പോതിപ്പോ'

കോടികള്‍ കടബാധ്യതയുള്ള, പൂച്ച പെറ്റുകിടക്കുന്ന കേരള ഖജനാവില്‍ നിന്നും, വീണ്ടും കോടികള്‍ ധൂര്‍ത്തടിച്ച് നടത്തുന്ന ഈ 'ലോക കേരള സഭ'കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് വിശ്വസിക്കുന്ന വിവരദോഷികളോട് എനിക്ക് സഹതാപം തോന്നുന്നു. 

ചിലവാക്കുന്ന പണത്തിനോ, കാണിക്കുന്ന ആഢംബരത്തിനോ തക്ക ഒരു ഗുണവും ഇതുവരെ ഉണ്ടായിട്ടില്ല എന്നു പറഞ്ഞു പരത്തുന്നത് ശുദ്ധ അസംബന്ധമാണ്. 

ഇതിനു മുമ്പ് നടത്തിയ മൂന്നു ലോക കേരള സഭകളില്‍ എടുത്ത ഒരൊറ്റ തീരുമാനങ്ങള്‍ പോലും നടപ്പാക്കിയില്ല എന്നു 'വിവരാവകാശ കമ്മീഷന്‍' വെളിപ്പെടുത്തിയത് അവരുടെ വിവരക്കേടുകൊണ്ടാണ്. 

മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും, സര്‍ക്കാര്‍ ചിലവില്‍ ഉലകംചുറ്റിയടിക്കാനുള്ള ഒരു ഉഡായിപ്പ് തട്ടിക്കൂട്ട് പരിപാടിയാണിതെന്ന് കരുതുന്നവര്‍ ശുദ്ധ മണ്ടന്മാരാണ്. 

'ലോക കേരള സഭ' എന്നൊരു ലേബലോ, ഔദാര്യമോ ഉണ്ടിയാട്ടാണോ, മന്ത്രിമാര്‍ കുടുംബ സമേതം അവര്‍ക്കിഷ്ടമുള്ളപ്പോള്‍, ഇഷ്ടമുള്ള സ്ഥലത്തേക്ക് ടൂര്‍ പോകുന്നത്?

'ലോക കേരള സഭ'കൊണ്ട് ഇതുവരെ ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്-
സര്‍ക്കാര്‍ ചിലവില്‍ എല്ലാവിധ ആനുകൂല്യ അഡംബരങ്ങോടുകൂടിയ ഒരു ഉല്ലാസ യാത്ര. യാത്രാചിലവ്, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസം, കുഴിമന്തി, ഷവര്‍മ്മ ഉള്‍പ്പടെ മൃഷ്ടാന ഭോജനം. 

അമേരിക്കയില്‍ ഉടനെ നടക്കാനിരിക്കുന്ന 'ലോക കേരള സഭ'യിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പുങ്കന്മാരുടെ, ഉളുപ്പില്ലാതെ ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയും, അവര്‍ തന്നെ എഴുതിച്ചുകൊടുക്കുന്ന വാര്‍ത്തയും ഇനി ഒന്നു രണ്ടു മാസത്തേക്ക് അമേരിക്കന്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. 

സമ്മേളനം കഴിയുമ്പോള്‍ മന്ത്രിമാരോടൊപ്പമുള്ള ഫോട്ടോയും പ്രതീക്ഷിക്കാം. 
ഇതുവരെ ഈ മഹാ സംഭവത്തില്‍ പങ്കെടുക്കുവാനോ, ഒന്ന് എത്തിനോക്കാനോയെങ്കിലും ഈയുള്ളവന് കഴിഞ്ഞിട്ടില്ല. അതിനുള്ള ക്വാളിഫിക്കേഷന്‍സ് എനിക്കില്ലെന്നറിയാം- എങ്കിലുമൊരു മോഹം- ആശകള്‍ക്ക് അതിരുകളില്ലല്ലോ?

ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെട്ടവരെ തന്നെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണോ? കൈയടിക്കാനല്ലാതെ കൈ പൊക്കില്ലെന്നും, മൃഷ്ടാന ഭോജനം ഭുജിക്കാനല്ലാതെ വാ തുറക്കുകയില്ലെന്നും ഉറപ്പുള്ളതുകൊണ്ടാണോ?

ഇത്തവണത്തെ സംഘാടക സമിതിയില്‍ ഉള്‍പ്പെട്ട ചിലരുമായി എനിക്ക് പരിചയമുണ്ട്. 'താക്കോല്‍ സ്ഥാന'ത്തേക്കെല്ലാം ഞമ്മന്റെ ആള്‍ക്കാരെ നിയമിച്ചുകഴിഞ്ഞു. 

എങ്കിലും, എങ്ങനെയെങ്കിലും, ആരുടെയെങ്കിലും കാലുപിടിച്ച്, മന്ത്രിമാരെ കാണുമ്പോള്‍ ഓച്ഛാനിച്ച് നില്‍ക്കുവാനും, മുതുകുരങ്ങിനെപ്പോലെ പല്ലിളിക്കാനും പരിശീലനം നേടിയിട്ട്, ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഈ സമ്മേളന സ്ഥലത്ത് ഒന്നു കയറിപ്പറ്റണം. 
അങ്ങിനെ എന്റെ അമേരിക്കന്‍ ജീവിതം ധന്യമാവട്ടെ!

'ലോക കേരള സഭ' സജീവ പരിഗണനയിലേക്ക് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു:

1). നാട്ടുകാരുടെ സ്വത്തിനും ജീവനും ഭീഷണിയായി മദമിളകി നാടു മുടിക്കുന്ന 'അരിക്കൊമ്പനെ'കൂടി കേരളത്തില്‍ നിന്നും വരുന്ന പ്രതിനിധി സംഘത്തിലുമുള്‍പ്പെടുത്തണം. സമാന സ്വഭാവമുള്ളവര്‍ ഒരുമിച്ച് വരുന്നത് നല്ലതാണല്ലോ!

2). ഇതുവരെ 'തപാല്‍ ഡോക്ടറേറ്റ്' തരപ്പെടാത്ത അമേരിക്കന്‍ 'ലോക കേരള സഭ' പ്രതിനിധികള്‍ക്ക് 'വാഴക്കുല' മോഡല്‍ ഡോക്ടറേറ്റ് ഈ സമ്മേളനത്തില്‍ വച്ചുതന്നെ നല്‍കണം. 

3). ചുമട്ട് തൊഴിലാളികള്‍ ഇവിടെ ഇല്ലാത്തതിനാല്‍ യഥാര്‍ത്ഥ ഡോക്‌ടേഴ്‌സ്, നേഴ്‌സസ്, ട്രാന്‍സിറ്റ് വര്‍ക്കേഴ്‌സ് തുടങ്ങിയവര്‍ക്ക് പണിയെടുക്കാതെ 'നോക്കുകൂലി' വാങ്ങിക്കുവാനുള്ള അവകാശം നേടിയെടുക്കണം. 

4). ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ സമര മുറകള്‍ നടത്തി ഗതാഗതം തടസപ്പെടുത്തുവാനും, ബസിന് കല്ലെറിയാനും, കടകള്‍ അടപ്പിക്കുവാനുമുള്ള ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കണം. 

5). വേനല്‍ക്കാല കൃഷികളായി മലയാളികള്‍ നട്ടുവളര്‍ത്തുന്ന പാവയ്ക്കാ, പടവലങ്ങ, പച്ചമുളക്, വെണ്ടയ്ക്കാ, തക്കാളി മുതലായവയ്ക്ക് അടിസ്ഥാന വില നല്‍കി കേരളത്തിലെ നെല്ലു സംഭരണ രീതിയില്‍ ശേഖരിക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തണം. 

6). അമേരിക്കയിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട റോഡുകളുള്ള കേരളത്തിലെ റോഡ് നിര്‍മ്മാണ രീതി നേരില്‍ കണ്ടു പഠിക്കാന്‍ ഒരു അമേരിക്കന്‍ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കണം. 

7). രണ്ടുമൂന്നു വര്‍ഷത്തെ മാലിന്യ ശേഖരണം, നിമിഷ നേരംകൊണ്ട് ഒരൊറ്റ തീപ്പെട്ടി കൊണ്ട് നിര്‍മാര്‍ജനം ചെയ്യാന്‍ പറ്റുന്ന 'ബ്രഹ്മപുരം മോഡല്‍' സാങ്കേതികവിദ്യ അമേരിക്കയ്ക്ക് കൈമാറണം. 

8). ഇപ്പോള്‍ ഫൊക്കന- ഫോമ ഇലക്ഷന്‍ സമയത്തുമാത്രം നടത്തുന്ന 'ഏയര്‍ഫെയര്‍, ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍ പ്ലസ് ബോട്ടില്‍ വിത്ത് ടച്ചിംഗ്‌സ്' കിറ്റ് വിതരണം, പ്രാദേശിക മലയാളി അസോസിയേഷന്‍ തിരഞ്ഞെടുപ്പുകളിലേക്കും വ്യാപിപ്പിക്കണം.

9). യാതൊരു പ്രയോജനവുമില്ലാതെ, നാട്ടില്‍ ഒഴിഞ്ഞുകിടക്കുന്ന അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കന്മാരുടെ വീടുകള്‍ പാര്‍ട്ടി ഓഫീസുകളാക്കി, അവര്‍ക്ക് ന്യായമായ വാടക നല്‍കണം. 

10). ഇവിടെയുള്ള മലയാളി സംഘടനകളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ചില ചില്ലറ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍, കേരളാ മോഡലില്‍ നീതിയുക്തവും നിഷ്പക്ഷവും, വിശ്വസനീയവുമായ ഒരു 'ലോകായുക്ത' സംവിധാനം ഈ 'ലോക കേരള സഭ'യില്‍ തന്നെ ഒരു ഓര്‍ഡിനന്‍സ് മുഖേന നടപ്പാക്കണം. 

വാല്‍ക്കഷണം: 'ലോക കേരള സഭ'കൊണ്ട് പ്രവാസികള്‍ക്ക് യാതൊരു പ്രയോജനവുമില്ലെന്ന് ഇതു സംഘടിപ്പിക്കുന്നവര്‍ക്കും പങ്കെടുന്നവര്‍ക്കും അറിയാം. കണക്കിലെ കളികൊണ്ട് ചിലരുടെ മടിയിലെ കനം കൂടും-
ഇതിനൊക്കെയുള്ള മറുപടി സിമ്പിള്‍:
താങ്കള്‍ക്ക് നയാപൈസ ചിലവില്ലല്ലോ!
പിന്നെ എന്തിനു വെറുതെ ബേജാറാകണം...

#lokakerala_sabha

 

Join WhatsApp News
Koshy Kiazkedathu 2023-04-13 07:01:30
അടിപൊളി നിർദേശങ്ങളാണ് ലോക കേരളാ സഭക്ക് മുന്നിൽ മൈലപ്ര സമർപ്പിച്ചിരിക്കുന്നത്, പ്രതിയേകിച്ചും അരിക്കൊമ്പന്റെ കാര്യത്തിൽ. അരിക്കൊമ്പനെ ഇവിടെയുള്ള എതെകിലും 'ആന' സംഘടനെയെ ഏൽപ്പിച്ചാൽ മതി. അവരുടെ കൺവെൻഷനുകൾക്കു എഴുന്നള്ളിക്കാമല്ലോ.
Jojo Thomas 2023-04-13 12:07:05
എന്റെ പ്രിയ രാജുവിനു ചിരിയുടെ പൂച്ചെണ്ടുകൾ വളരെ അനുയോജ്യമായ പത്തു നിർദ്ദേശങ്ങൾ കേരളത്തിൽ നിന്നുമെത്തുന്ന കേരളത്തിലെ പാവപ്പെട്ടവരുൾപ്പെടുന്ന നികുതി ധായകരുടെ പണം ദുർ വിനിയോഗം ചെയ്തു കൊണ്ടിരിക്കുന്ന മുഗ്യ മന്ത്രിക്കും ജനപ്രതിനിധികൾക്കും നൽകിയതിൽ. കരിങ്കൊടി പേടിച്ചു തലയിൽ മുണ്ടിട്ടു നടക്കുന്ന ഇവരുടെ തൊലിക്കട്ടി അപാരമാണ് കേരളം ശെരിയാക്കാമെന്നു പറഞ്ഞു അധികാരത്തിൽ കയറിയ ഇവരുടെ അടുത്ത വാഗ്ദ്ധാനം അമേരിക്കയിൽ കഴിയുന്ന കേരളാ പ്രവാസികളെ ശെരിയാക്കാനാണ് . ഇവരെ ചുമക്കാൻ ഇവരുടെ പിന്നിലുള്ള ഇവിടുത്തെ പണച്ചാക്കുള്ളവർക്കും ഉണ്ട് അതേ തൊലിക്കട്ടി. നൈമീഷികമായ ഈ ലോക ജീവിതത്തിൽ നേടുന്ന ഫോട്ടോകൾക്കും പേരിനും പ്രശസ്തിക്കും എന്തു പ്രസക്തി ?
Ramanan Pilla, MA 2023-04-13 12:42:34
'ലോക കേരള സഭ' ന്യൂയോർക്കിൽ വെച്ച് കൂടുന്നത് എല്ലാ അമേരിക്കൻ മലയാളികൾക്കും അഭിമാനകരമാണ്. ബഹുമാനപെട്ട കേരളാ മുഖ്യമന്ത്രിയും, ബഹുമാനപെട്ട സ്‌പീക്കറും മറ്റു പ്രശസ്ത ഭരണകർത്താക്കളും ഇതിൽ പങ്കെടുക്കുന്നത് ഒരു ബഹുമതിയായി എല്ലാ അമേരിക്കൻ മലയാളികളും കരുതണം. അല്ലാതെ ഈ സമ്മേളനത്തെയും, അതിന്റെ സംഘടകരെയും, പങ്കെടുക്കുന്ന പ്രതിനിധികളെയും അവഹേളിക്കുന്ന തരത്തിലുള്ള ഇത്തരം ലേഖനങ്ങൾ പ്രസിദ്ധികരിക്കരുത്.
Official Delegate 2023-04-13 18:40:07
ലോക കേരളാ സഭയിൽ പങ്കെടുക്കുന്നവരുടെ അടിയന്തര ശ്രദ്ധയ്ക്ക്: Strict dress code will be implemented to all the participants. കറുപ്പു നിറമുള്ള ഷർട്ട്, pants, suit, jacket, സാരി, ബ്രാ, അടിവസ്ത്രങ്ങൾ എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. കറുപ്പു കണ്ടാൽ അരിക്കൊമ്പന് മദമിളകും. അതിനാൽ എല്ലാവരും ഈ dress code- മായി പൂർണ്ണമായി സഹകരിക്കണമെന്ന് ഭാരവാഹികൾ താല്പര്യപ്പെടുന്നു.
Thomaskutty 2023-04-13 20:09:54
ഇതുകൊണ്ട് എന്ത് പിണ്ണാക്ക് ആണ് ഉണ്ടാക്കാൻ പോകുന്നത്. കടം എടുത്തു മുടിഞ്ഞു കൊണ്ടിരിക്കുന്ന കേരള സർക്കാരിന്റെ കാശ് വാങ്ങി മൂന്ന് ദിവസം ന്യൂ യോര്കിൽ പുട്ട് അടിക്കുന്ന അമേരിക്കൻ പ്രാഞ്ചിയേട്ടൻമാർക്ക് നല്ല ഒരു നമസ്കാരം .
പൊങ്ങൻ തോമാച്ചൻ 2023-04-13 22:17:12
സർവ്വ പൊങ്ങന്മാരുടേം തലസ്ഥാനമാണ് ന്യുയോർക്ക്. ഇന്ന് ഈ രാജ്യത്തിന്റെ പ്രശ്നത്തിലേക്ക് നോക്കിയാൽ ന്യുയോർക്ക്ക്കാര് ഉണ്ടാക്കുന്ന പ്രശ്നങ്ങൾപ്പോലെ ആരും തന്നെ ഉണ്ടാക്കുന്നില്ല . ട്രമ്പിനെ തന്നെ നോക്ക്! ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പുകാരൻ. ഇവനെ ഒക്കെ വഷളാക്കുന്നതിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്തവരാണ് ന്യൂയോർക്ക്ക്കാരും ക്രിസ്ത്യാനികളും . ഇവനെയൊക്കെ പിന്തുടരുന്നവർ ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്തവരും പൊങ്ങന്മാരും ആണ്. അപ്പോൾ അവരുടെ ഈഗോ കൂട്ടാൻ നാട്ടിൽ നിന്ന് ലികത്തിനു പ്രയോചനം ഇല്ലാത്ത പോങ്ങന്മാരെ കൊണ്ടു വന്ന് ലോക സമ്മേളനം നടത്തണം . ഞാനും ഒരു പോങ്ങനായൊരുന്നു എന്റെ പണവും പോയി ഭാര്യയും പോയി . ഇപ്പോൾ ആരും ഇല്ല. അതുകൊണ്ടു ഇവരെ ഏഴു അയിലത്തു അടുപ്പിക്കരുത് .കണ്ടാൽ ഉടൻ സ്ഥലം വിടുക
American Malayalee 2023-04-14 00:18:38
ലോകസഭയിൽ പങ്കെടുക്കുന്ന അച്ചായന്മാരോട് ഒരു വാക്ക്.. നാട്ടിലെ മന്ത്രിമാരോത്ത് കള്ളടിക്കുമ്പോൾ വിവരക്കേട് വിളമ്പരുത് അത് മൊത്തം അമേരിക്കൻ മലയാളികൾക്ക് പാരയാകും. ഓർക്കുക.വയലാർ രവി മന്ത്രി ആയിരുന്നപ്പോൾ അയാളോടൊത്ത് ഇരിക്കാനും അൽപ്പം സേവിക്കാനും അവസരം കിട്ടിയ അച്ചായൻ ലഹരി മൂത്തപ്പോൾ എന്തെങ്കിലും ഷൈൻ ചെയ്യാൻ പറയണമല്ലോ എന്നോർത്തു. ഉടനടി കാച്ചി ഞങ്ങൾ അമേരിക്കൻ മലയാളികൾ ഇവിടെ പൗരത്വം എടുത്ത്. ഇന്ത്യൻ പാസ്സ്പോര്ട് എവിടെ എന്നുകൂടി അറിഞ്ഞുകൂടാ. തന്ത്രശാലിയായ മന്ത്രി നാട്ടിൽ ചെന്ന് ഉത്തരവിട്ട് പാസ്പോര്ട്ട് റിനൗൺസ്‌ ചെയ്തിരിക്കണം.ചെയ്യാത്തവർ 250 ഡോളർ പെനാൽറ്റി. അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ത്യയിലേക്ക് വരാൻ സമ്മതിക്കയില്ല. പൊന്നു നേതാക്കന്മാരെ ഇയ്യുള്ളവന്റെ 1000 ഡോളർ പോയി കിട്ടി. (നാലു പേർക്ക് 250 വച്ച്) അതുകൊണ്ടു അപേക്ഷിക്കുകയാണ് വീരവാദങ്ങൾ അടിച്ച് സകലർക്കും പണി വാങ്ങി കൊടുക്കരുത്. ശ്രീ തോമസ് ഉമ്മൻ ഇടപെട്ട് കുറച്ചുകൊല്ലങ്ങൾക്ക്ക് മുമ്പ് പൗരത്വം സ്വീകരിച്ചവർക്ക് അത് 25 ഡോളറായി കുറച്ചത് മുമ്പ് വന്നവരുടെ ഭാഗ്യം. .
Ponnamma 2023-04-14 01:53:04
സ്ഥിരം പുട്ടടിക്കാരാണല്ലോ ഈത്തവണയും രംഗത്ത്. ഇതിന്റെ മൊത്തം ചെലവ് കേരളാ സർക്കാർ ആണോ വഹിക്കുന്നത്, അതായത് സ്ഥിരം കൂട്ടിക്കൊണ്ടിരിക്കുന്ന പാവങ്ങളുടെ നികുതിപ്പണം. കേരളാ ലോക സഭയിൽ അമേരിക്കൻ മലയാളികളുടെ പ്രതിനിധികളാണൂ എന്ന് പറഞ്ഞു പങ്കെടുക്കുവാൻ നിങ്ങളെ ആര് ചുമതലപ്പെടുത്തി. ഇതുവരെ നടന്ന ലോക സഭ കൊണ്ട് എന്ത് പ്രയോജനം ഉണ്ടയെന്നു ഏതെങ്കിലും ഭാരവാഹികൾ പറയണം. ഇവരുടെ നേതാക്കൻമ്മാരുടെ ഇന്റർവ്യൂ പ്രസിദ്ധികരിക്കണം. ഇവർക്കോ നാണമില്ല.. ഇവരുടെ ഭാര്യക്കും മക്കള്ക്കും നാണക്കേടില്ലേ.
ആദം 2023-04-14 08:56:08
മനോഹരമായിട്ടുണ്ട്. Hats off Salute!
Jose kavil 2023-04-14 11:51:23
അമേരിക്ക യിലും k റയിൽ നടപ്പിലാക്കു വാനും നാട മുറിക്കു വാനും നാണമില്ലാ ത്തോർ എത്തുമ്പോൾ ഇവരുടെ പൃഷ്ഠഗന്ധമേൽ ക്കുവാൻ ചില ശിശു ശ്വാനൻമാർ ശ്വാസം മുട്ടി നിൽക്ക യാണല്ലോ? നാറും മന്ത്രിയെ പല്ലക്കിൽ ഏറ്റുവാൻ നാണം കെട്ട പ്രവാസി തയ്യാറാകുന്നു എന്നു പറയുമ്പോൾ ലജ്ജിക്കുന്നു .ഇവരുടെ ഫോട്ടോകൾ നമുക്ക് പ്രസിദ്ധ പ്പെടുത്തണം .പിന്നെ ഒരു അനുശോചന സമ്മേളനം നടത്തി ഇവരെ പറഞ്ഞയക്കാം.നാണം കെട്ടവർ ഇവരെ സ്വീകരിക്കട്ടെ
ഭാര്യമാർ 2023-04-14 13:14:59
ഞങ്ങളുടെ ഭർത്താക്കന്മാരെ ഈ പൊങ്ങൻ സംഘടനയായ 'ലോകമഹാ കേരള പൊങ്ങൻ സഭ' യിൽ പ്രവർത്തിക്കാൻ അനുവദിക്കണം . അങ്ങനെയെങ്കിലും ഞങ്ങൾ സ്ത്രീകൾ സമാധാനമായി കുറച്ചു നാൾ കഴിയട്ടെ.
Krishnankutty, Ohio 2023-04-14 16:46:42
ഒരു സംശയം. ഈ ഫൊക്കാന, ഫോമാ ഭാരവികളായി തിരഞ്ഞു എടുക്കപ്പെടുന്നർ എല്ലാം വെറും പൊങ്ങൻമ്മാരും ഊളകളുമാണോ? ഭാരവാഹി ആയിക്കഴിഞ്ഞാൽ ഉടൻ കേരളത്തിൽ പോയി മന്ത്രിമാരുടെ കാലുപിടിത്തം. പിന്നെ അവരെ എയർപോർട്ട് മുതൽ ചുമന്നു കൊണ്ട് വന്നു ഇവിടെ സ്വീകരണം. പുറകാലെ കേരളാ കൺവെൻഷൻ എന്ന പേരും പറഞ്ഞു വീണ്ടും കേരളത്തിൽ പോയി മന്ത്രിമാരുടെ മൂട് താങ്ങേൽ. രണ്ടു കൊല്ലത്തേക്ക് ഈ ചടങ്ങു് തുടരും. പിന്നെ ഇവന്റെ ഒന്നും പേര് പോലും ആരും തിരിച്ചറിയുകയില്ല. അമേരിക്കൻ മലയാളികളെ മൊത്തം നാറ്റിക്കുവാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരു നാറിക്കും, ഈ കേരളാ സഭ എന്തിനെന്നു പറയുവാൻ അറിയുകയില്ല. ഇവനൊക്കെ ഒരു നാണവുമില്ലേ? ദയാവായ് അമേരിക്കൻ മലയാളികളെ ഇങ്ങനെ തുടർച്ചയായി ഇവിടെയും നാട്ടിലും നാറ്റിക്കല്ലേ. ഒരു അപേക്ഷയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക