Image

തച്ചോളിച്ചന്തുവും ആനക്കാട്ടിൽ ഈപ്പച്ചനും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ കാവൽഭടന്മാർ - പ്രകാശൻ കരിവെള്ളൂർ

Published on 13 April, 2023
തച്ചോളിച്ചന്തുവും ആനക്കാട്ടിൽ ഈപ്പച്ചനും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ കാവൽഭടന്മാർ   - പ്രകാശൻ കരിവെള്ളൂർ

പണ്ടത്തെ ട്യൂട്ടോറിയലുകൾക്കും പാരലൽ കോളേജുകൾക്കും ഇടയിൽ ആരോഗ്യകരമായ മത്സരമുണ്ടായിരുന്നു. അവർ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ സംഘടിപ്പിക്കാറുണ്ടായിരുന്നു . എന്നാൽ അന്നൊന്നും ഗവൺമെന്റ് സ്കൂളുകൾക്കും ഗവൺമെന്റ് ശമ്പളം കൊടുക്കുന്ന എയിഡഡ് സ്കൂളുകൾക്കും ഈ ഗതികേടുണ്ടായിരുന്നില്ല.

അന്നും നാട്ടിൽ അൺ എയിഡഡ് ഇംഗ്ളീഷ് മീഡിയം സ്കൂളുകൾ അത്യാവശ്യത്തിനുണ്ടായിരുന്നു. സ്ഥലംമാറ്റ പ്രശ്നം അനുഭവിക്കുന്ന കേന്ദ്ര-സംസ്ഥാന ജീവനക്കാരും കുറച്ച് മാത്രം നഗര പരിഷ്ക്കാരക്കാരും മാത്രമാണ് മക്കളെ പഠിപ്പിക്കാൻ അവയെ ആശ്രയിച്ചിരുന്നത്.

എന്നാൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ ആരംഭിച്ച പുതിയ പഠിപ്പിക്കൽ വിപ്ളവം പൊതുവിദ്യാഭ്യാസത്തെ ശിശുകേന്ദ്രീകൃതം - പ്രക്രീയാധിഷ്ഠിതം എന്നൊക്കെ പറഞ്ഞ് രക്ഷിതാക്കളിലും പൊതുസമൂഹത്തിലും ഉണ്ടാക്കിയ ആശങ്കകൾ ചെറുതല്ല.

അവസരം മുതലെടുത്ത് നാടുനീളെ അൺ എയിഡഡ് ഇംഗ്ളീഷ് സ്കൂളുകൾ പെരുകി. പൊതുവിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾ കുത്തനെ കൊഴിഞ്ഞു പോയി. കൊഴിഞ്ഞു പോക്കിനെ തടയിടാൻ കുറേ പൊതു വിദ്യാലയങ്ങൾ അവിടെയും ഇംഗ്ളീഷ് മീഡിയം തുടങ്ങി. ചെലവു കുറഞ്ഞതും യാത്രാ സൗകര്യപ്രദവുമായ ഈ സർക്കാർ ഇംഗ്ളീഷിന്റെ ഉപഭോക്താക്കളാവാൻ കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് വരെ വിദ്യാർത്ഥികളെത്തി. അവർക്ക് സൗകര്യപ്പെടാൻ മാതൃഭാഷ ഒന്നാം ഭാഷയായുണ്ടായിരുന്ന സർക്കാർ വിദ്യാലയങ്ങളിൽ വരെ ഇംഗ്ളീഷ് ഒന്നാം ഭാഷയായി. മലയാളം ഉപപാഠം മാത്രമായി.

പഠിപ്പ് കൂടിയവരും കുറഞ്ഞവരുമായ പല നിലവാരത്തിലുള്ള കുട്ടികൾ ഒന്നിച്ച് പഠിക്കുന്ന ഡിവിഷൻ സിസ്റ്റം പൊളിഞ്ഞു . സ്കൂളുകളിൽ മുമ്പില്ലാത്ത ക്രീമീലെയർ രൂപപ്പെട്ടു. ആഴ്ച്ചയിൽ ആറു പിരീഡ് മാതൃഭാഷ എന്നത് രണ്ട് പിരീഡ് ആവുന്നത് കുട്ടികളുടെ വായന - എഴുത്ത് ശേഷിയെ ബാധിക്കുമെന്ന പഴയ അറബി ഭാഷാ വിദ്യാലയങ്ങളിലെ ദുരവസ്ഥ ഇപ്പോൾ സംസ്കൃതം കൊണ്ട് മറ്റ് വിദ്യാലയങ്ങളിലും വന്നു ചേരുകയാണ്.

വായിച്ച് മനസ്സിലാക്കാനും എഴുതി ഫലിപ്പിക്കാനും പരിശീലിപ്പിക്കുക എന്ന അടിസ്ഥാന വിദ്യാഭ്യാസ മാർഗത്തിൽ നിന്നകന്ന ക്ളാസ് മുറികളെ ഐ ടി യും കമ്പ്യൂട്ടറുമൊന്നും രക്ഷിച്ചില്ല . നല്ല കെട്ടിടങ്ങളും സ്വന്തമായി ബസ്സുമൊക്കെയാണ് ഹൈടെക് വിദ്യാഭ്യാസം എന്നതിനാൽ രക്ഷിതാക്കൾ അതുള്ളിടത്തേക്ക് ആകർഷിക്കപ്പെടുന്നു. ഇത് എല്ലായിടത്തുമാകുമ്പോഴോ ബേഗ്, സൈക്കിൾ, യുനിഫോം ഇതെല്ലാം കൊടുത്ത് കുട്ടികളെ ചാക്കിട്ട് പിടിക്കുകയാണ്.

എയിഡഡുകാർ സ്വന്തം പോസ്റ്റ് സംരക്ഷണയജ്ഞത്തേക്കാൾ വലുതായി ഒരു പൊതു വിദ്യാഭ്യാസയജ്ഞത്തിലും വിശ്വസിക്കുന്നില്ല. ഇവരുടെ മോഹന വാഗ്ദാനങ്ങൾക്ക് മുന്നിൽ നിഷ്പ്രഭരാകുമ്പോൾ ബാക്കി വരുന്ന സർക്കാർ വിദ്യാലയങ്ങളായി മത്സരം. സ്കൂളിൽ പഠിപ്പും പരീക്ഷയും ഒന്നും കാര്യക്ഷമമായി നടക്കുന്നില്ല എന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ വീണ്ടും ഇംഗ്ളീഷ് മീഡിയത്തിലേക്കും കേന്ദ്രീയ വിദ്യാലയത്തിലേക്കും ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്.

അപ്പോഴാണ് തച്ചോളി മരുമകൻ ചന്തുവും ആനക്കാട്ടിൽ ഈപ്പച്ചനും പൊതു വിദ്യാഭ്യാസത്തെ രക്ഷിക്കാൻ കച്ചകെട്ടി അങ്കപ്പുറപ്പാടിനൊരുങ്ങുന്നത്. നവ മാധ്യമങ്ങളിലൂടെ 
പൊതു സമൂഹത്തിലും അതു വഴി കുട്ടികൾക്കും ഇടയിൽ നല്ല പ്രചാരം സിദ്ധിച്ച ഇത്തരം സിനിമാ മിമിക്രികൾ  ഒരു വിദ്യാലയത്തിന്റെ പരസ്യമായി സ്വീകരിക്കുമ്പോൾ കാര്യങ്ങൾ മൊത്തം സിനിമാറ്റിക്കും മിമിക്രിയുമായിത്തീർന്ന ദുരന്തത്തെക്കൂടിയാണ് നമ്മൾ അഭിമുഖീകരിക്കുന്നത് എന്നോർക്കണം .
പാഠങ്ങളിലൂടെ ക്ളാസ് കടന്നുപോകുന്ന കാലയളവിൽ നടക്കുന്ന മാധ്യമ ചർച്ചയെന്താണോ അതുമായി ബന്ധിപ്പിച്ച് വല്ലതും പറഞ്ഞാലല്ലാതെ വിദ്യാർത്ഥികൾക്ക് ഒരു ചരിത്രവും സാഹിത്യവും ശാസ്ത്രവും മനസ്സിലാവില്ലെന്ന നിലക്കായിട്ടുണ്ട് ശരാശരി നിലവാരം .

ലോക കപ്പ് തകർത്ത കാലഘട്ടമായതു കൊണ്ട് ഗാന്ധിജയന്തിക്ക് പകരം മെസ്സി ജയന്തി വരട്ടെ എന്ന് ചിന്തിക്കുന്ന കുട്ടികളെ കുറ്റം പറയാൻ കഴിയില്ല.

കാരണം അവരും മേൽപ്പറഞ്ഞ ആനക്കാട്ടിൽ ഈപ്പച്ചന്റേയും തച്ചോളിച്ചന്തുവിന്റെയും മക്കളാണ്.

തച്ചോളിച്ചന്തുവും ആനക്കാട്ടിൽ ഈപ്പച്ചനും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ കാവൽഭടന്മാർ   - പ്രകാശൻ കരിവെള്ളൂർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക