ബാല്യത്തിന്റെ ഓർമ്മത്താളുകളിലെ വിഷുവിനെന്നും പത്തരമാറ്റ് തിളക്കമാണ്, മനസ്സിൽ ബാല്യകാലത്തിന്റെ ഗ്രഹതുരതയുടെ ഒരായിരം ഓര്‍മ്മകൾ കൂടുകൂട്ടിയ മനസിൻ്റെ ചില്ലയിലേക്ക് നിറമുള്ള കുറെ ഓര്‍മ്മകളുമായി ഒരു വിഷുകാലം കുടി വരവായി.
കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. ഓണം കഴിഞ്ഞാൽ കേരളത്തിലെ രണ്ടാമത്തെ വലിയ ഉത്സവമാണ് വിഷു, പക്ഷേ ഓണത്തേക്കാൾ ഉപരി ഞങ്ങൾ ഇഷ്‌ടപ്പെട്ടിരുന്നത് വിഷു തന്നെയാണ് കാരണം കൈ നിറയെ പൈസ കിട്ടുന്ന വേറെ ഒരു ആഘോഷവും വിഷു പോലെയില്ല. അതുകൊണ്ട് തന്നെ കൊന്നപ്പൂ കാണുബോഴേ മനസ്സിൽ സന്തോഷം വരും കാരണം വിഷു വരുന്നു എന്നതിന്റെ സിംബൽ ആണ് കണിക്കൊന്ന. കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നില്‍കുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. ഈ മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. വിഷുവിനായി നാട് ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും.
എന്റെ കുട്ടിക്കാലത്തു മുത്തശ്ശിയാണ് വീട്ടിലെ വിഷുക്കണി ഒരുക്കുന്നത് , തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരി പാതി നിറച്ച്, പൊന്നും, വാല്‍ക്കണ്ണാടിയും,പുതിയ കസവുമുണ്ടും ,വെള്ളരിക്കയും , കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും,ഗ്രന്ഥവും, നാണയത്തുട്ടും , ചക്ക, മാങ്ങ മുതലായവയും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്. ഐശ്വര്യസമ്പൂര്‍ണ്ണമായ, അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, ആ വർഷത്തിൽ എല്ലാ നന്മകളും ഉണ്ടാകും എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. ആദ്യം കണികാണുക വീട്ടിലെ ഏറ്റവും മുതിർന്ന കാർണവർ ആയിരിക്കും.
നേരം വെളുക്കുന്നതിന് മുൻപേ മുത്തശ്ശി മുത്തച്ഛനെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. പിന്നെ പ്രായത്തിന്റെ ഓഡറിൽ ഓരോരുത്തരെയും കണികാണിക്കുകയും അതിനു ശേഷം മുത്തച്ഛന്റെ കൈയിൽ നിന്നും വിഷു കൈനീട്ടവും കിട്ടിയിരുന്നു , നമ്മളെക്കാൾ പ്രായമുള്ളവരെല്ലാം നമുക്ക് അതിനു ശേഷം കൈനീട്ടം തന്നിരുന്നു.ഓരോരുത്തര്‍ക്കും കിട്ടാന്‍ പോകുന്ന വിഷു -കൈ നീട്ടം എത്ര രൂപയുണ്ടാകും എന്നതിനെ അനുസരിച്ചിരിക്കും ആ വര്‍ഷം നമ്മുടെ കൈയില്‍ വന്നു ചേരാനുള്ള പോക്കറ്റ് മണിയുടെ കനവും. അതുകൊണ്ടു തന്നെ വിഷുവിനു ഇറങ്ങുന്ന എല്ലാ സിനിമകൾ കാണാനുള്ള പൈസയും കൈനീട്ടമായി ലഭിച്ചിരുന്നു. നാളുകൾക്കു ശേഷം മുത്തശ്ശിയുടെ കാലശേഷം അമ്മയും ഇതേ രീതി തന്നെ പിന്തുടർന്നു.
അങ്ങനെ ഞാൻ അമേരിക്കയിൽ എത്തിയശേഷവും എന്റെ ഭാര്യയും കണിയൊരുക്കുന്നത് പതിവായിരുന്നു. പക്ഷേ ഒരു കുട്ടിയിൽ നിന്നും ഞാൻ വളർന്നു കാരണവരുടെ റോളിൽ എത്തിയിരുന്നു എന്ന് മാത്രം , അതുകൊണ്ടു തന്നെ ആദ്യം കണികാണുവാൻ എനിക്ക് ഭാഗ്യം കൈവന്നു, പക്ഷേ പണ്ട് കിട്ടികൊണ്ടിരുന്നതിന് പകരം കൈ നീട്ടം എല്ലാവർക്കും കൊടുത്തു ഞാൻ സന്തോഷം കണ്ടെത്തിയിരുന്നു. അമേരിക്കയിൽ ഉള്ള കുട്ടികൾക്ക് കൈ നീട്ടം അത്രവലിയ സന്തോഷത്തിന് വക നൽകുന്നില്ല പക്ഷേ എന്റെ കുട്ടിക്കാലത്തു ഈ കൈനീട്ടം ദിവസങ്ങളോളം സ്വപ്നം കണ്ടാണ് ജീവിച്ചിരുന്നത്.
ഒരു കാർഷിക കുടുംബമായ എന്റെ വീട് കൃഷിയെ മാത്രം ആശ്രയിച്ചായിരുന്നു ജീവിതം , അതുകൊണ്ടു തന്നെ വിഷുക്കണി ഞങ്ങൾക്ക് ദിവ്യമായിരുന്നു , കാരണം ആ വർഷത്തെ ഭലം ഈ വിഷുക്കണിയിൽ യുണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു . കണി നന്നായാൽ ആ വർഷം പൊന്നുംവിളവ് ലഭിക്കുമെന്ന് ആയിരുന്നു വിശ്വാസം. വിഷുവിന് ആണ് കൃഷി ആരംഭിക്കുന്നത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് പകമാക്കുന്നു , പത്താമുദയം വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരമാണ് അന്നാണ് വിത്തുകൾ പാകുന്നത്.
വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാര്‍വത്രികമായിരുന്നു. പണിക്കര്‍ വീടുകളില്‍ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വര്‍ഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേള്‍പ്പിക്കും. അന്ന് കാലാവസ്ഥ പ്രവചനം ഇല്ലാത്ത കാലമായതിനാൽ എല്ലാവരും വിഷുഫലത്തെ ആശ്രയിച്ചിരുന്നു.
വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും പക്ഷേ തുലാം വിഷു ആരും അത്ര ആഘോഷിക്കാറില്ല .ഒരു രാശിയില്‍നിന്നും അടുത്ത രാശിയിലേക്ക് സൂര്യന്‍ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.
ആചാരങ്ങളും അനുഷ്‌ടനങ്ങളും വേറെ ആണെങ്കിലും കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ഓണത്തിൽ നിന്നും വ്യത്യസ്തമാണ് . വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, പടക്കം പൊട്ടിക്കൽ തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.
രാത്രി പൂജാ മുറിയിൽ കണി ഒരുക്കുമ്പോള്‍ കണ്ടതിനേക്കാളും ഭംഗി ഉണ്ടായിരിക്കും രാവിലെ കണികാണുന്ന സമയത്ത്, കത്തുന്ന നിലവിളക്കിന്റെ വെളിച്ചവും, പൂക്കളും, പഴങ്ങളും , കൊന്നപ്പൂവിന്റെ മഞ്ഞ നിറവും, അതൊരു ഐശ്വര്യത്തിന്റെ കാഴ്ച തന്നെ. ആ നിലവിക്കിന്റെ ശോഭയിൽ കാണുന്ന കൃഷ്ണവിഗ്രഹത്തെക്കാൾ ഞാൻ നോക്കുന്നത് എന്റെ കുടുംബത്തിന്റെ മുഖത്തേക്കായിരിക്കും കാരണം ആ പുഞ്ചിരിതൂക്കിയ സ്ത്രിരൂപത്തിന് ആ മങ്ങിയ നിലവിളക്ക് വെളിച്ചത്തിൽ കൃഷ്ണവിഗ്രഹത്തെക്കാൾ കൂടുതൽ ശോഭ യുണ്ടോ എന്ന് തോന്നിപ്പോകാറുണ്ടായിത്തിരുന്നു, കൃഷ്ണവിഗ്രഹത്തോടോപ്പോം ആ മുഖവും കണികണ്ടാൽ ആ വർഷം ധന്യമാകും എന്ന് മനസ്സ് പറയുമായിരുന്നു.
കാലം കറങ്ങി തിരിഞ്ഞു വീണ്ടും ഒരു വിഷുക്കാലം കൂടി നമ്മുടെ ലോകത്ത് എത്തിയിരിക്കുന്നു . പഴയ കാലത്തെ നല്ല നല്ല ഓര്‍മ്മകള്‍ വീണ്ടും മനസിലേക്ക് എത്തുന്നു . ഐശ്വര്യത്തിന്റെ പ്രതീകമായിരുന്ന ആ പഴയകാലം ഒന്നുകൂടെ വന്നിരുന്നെങ്കിൽ എന്നു ആശിച്ചു പോകാത്തതാരാണ്.
മുറ്റത്തെ ചെടികൾക്ക് ഇടയിൽ പൂത്ത് നില്‍ക്കുന്ന കണിക്കൊന്ന മരം പോലം വിസ്മയം തീര്‍ത്തിരുന്നു അന്ന് ഓരോ വിഷുവും . പഴയ കാലത്തേ പറ്റി ആലോചികുബോൾ ആ കാലമൊന്നും ഇനി തിരിച്ചു കിട്ടില്ലാ എന്ന നിരാശാബോധം വല്ലാതെ നമ്മെ ശ്വാസം മുട്ടിച്ചു കൊണ്ടേ ഇരിക്കും....
എന്നാലും വിഷുവല്ലെ.. കൊന്നേക്ക് പുക്കാതിരിക്കാൻ ആവില്ലല്ലോ എന്നത് പോലെ നമ്മുക്കും ആഘോഷിക്കാതിരിക്കാൻ പറ്റുമോ ....
ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകള്‍ …