ക്ഷേത്രങ്ങളിലും പള്ളികളിലും പരമ്പരാഗതമായി നടന്നു വരുന്ന മതാനുഷ്ഠാനങ്ങളിൽ തികഞ്ഞ ചില അന്ധവിശ്വാസങ്ങളും കൂട്ടത്തിൽ നിർദോഷങ്ങളായ ചില ആചാരങ്ങളുമുണ്ട്. കാവിലും അറകളിലും നിശ്ചിത കാലയളവിൽ നടക്കുന്ന തെയ്യം കെട്ടുമായി ബന്ധപ്പെട്ട ചടങ്ങുകളിലും ഇതു പോലെ തന്നെ. ഏകീകൃത മതം എന്നതു വിട്ട് ശിഥിലീകൃത ജാതി എന്നതാണ് മതപൗരോഹിത്യ കേന്ദ്രീകൃത വിശ്വാസത്തിൽ നിന്ന് കളിയാട്ട വിശ്വാസം കാണിക്കുന്ന വ്യത്യസ്ത ത . പള്ളീലച്ചനും തങ്ങളും മുക്രിയും പൂജാരിയും പോലെ വെളിച്ചപ്പാടും സ്ഥാനികനും കാർമ്മികനുമൊക്കെ ഇവിടെയുമുണ്ട് പൗരോഹിത്യത്തിന്റെ മറ്റൊരു തരം പ്രതി പുരുഷന്മാരായി. മതപരമായ ആരാധനാലയങ്ങളിൽ നടക്കുന്നതിന് സമാനവും വ്യത്യസ്തവുമായി നിരവധി ചടങ്ങുകൾ കാവുകളിലും അറകളിലും മുണ്ട്യകളിലും പതികളിലും തറവാട്ട് ദേവസ്ഥാനങ്ങളിലും മുച്ചിലോട്ട് കാവ് ഭഗവതി ക്ഷേത്രങ്ങളിലും മുത്തപ്പന്ററ ക്ഷേത്രങ്ങളിലും നെയ്യമൃത് കോട്ട ഉമാ മഹേശ്വര ക്ഷേത്രങ്ങളിലും ബ്രാഹ്മണ്യവും അല്ലാതെയുമായി മുമ്പത്തേക്കാൾ കൃത്യ നിഷ്ഠമായും സുശക്തമായും കൊണ്ടാടുകയാണ്. വെറുപ്പിന്റെ ഭാഷയിൽ ബ്രാഹ്മണ്യത്തെ അധിക്ഷേപിക്കുന്ന സമുദായത്തറവാടികൾ പോലും പ്രതിഷ്ഠാദിനം കാളകാട്ടില്ലത്തെ തന്നെ തേടിപ്പോവും !
ഇതൊക്കെയാണ് വാസ്തവമെന്നിരിക്കേ നാട്ടിലെ പുരോഗമന രാഷ്ട്രീയ ബോധമുള്ളവരിൽ പലരും ഇക്കാര്യത്തിൽ പുലർത്തുന്ന ഇരട്ടത്താപ്പ് എന്തുമാത്രം പരിഹാസ്യമാണ് ?
നിങ്ങൾ ഏത് നിലപാടിൽ നിന്നു കൊണ്ടാണ് ഇവയെ വിവേചിച്ച് ചിലതിന്റെ കൂടെ നിൽക്കുകയും ചിലതിനെതിരെ ഉറഞ്ഞ് തുള്ളുകയും ചെയ്യുന്നത് ?
അംഗീകരിക്കുന്നുണ്ടെങ്കിൽ വിശ്വാസം എന്ന പരിഗണന കുരിശിനും മുത്തപ്പനും ഉറൂസ് നേർച്ചയ്ക്കും തെയ്യത്തിന്റെ മഞ്ഞക്കുറിക്കുമൊക്കെ തുല്യമാണ്. യുക്തിയുടെയും ചൂഷണ വിരുദ്ധതയുടെയും നിലപാടിൽ നിന്നു കൊണ്ടാണെങ്കിൽ ഇവയെല്ലാം യാതൊരു മൃദുപരിഗണനയുമില്ലാതെ ചോദ്യം ചെയ്യപ്പെടേണ്ടതുമാണ് .
ഒന്നുകിൽ ഇക്കാര്യത്തിൽ തെയ്യത്തിന് മാത്രമായി
പതിച്ചു നൽകിയ പുരോഗമനം പുന:പരിശോധിക്കാൻ സമയം അതിക്രമിച്ചു ഇങ്ങ് വടക്ക് . അല്ലെങ്കിൽ സഭയോടും ഹജ്ജിനോടും നമ്പൂരിയോടും അസഹിഷ്ണുത വേണ്ടപ്പാ ... എത്ര സുതാര്യായിന്ന് തിരിച്ചറിയുക നമ്മുടെ അടവു നയ അവസരവാദങ്ങൾ . ആർജവം നേടുക. ഉള്ളത് പറയുക. എന്ത് സുഖവും രസവും സത്യസന്ധവുമാണത് ?