ഗ്രീഷ്മം കടുത്തിട്ടു സൂര്യനുച്ചത്തിലായാലും
വാടാതെ പൂക്കുന്നവളല്ലെ കണിക്കൊന്ന
കണ്ണന് കണികാണാൻ മഞ്ഞപ്പട്ടാടയിൽ
ഞൊറിയിട്ടു പൂത്തുലഞ്ഞങ്ങനെയവൾ നില്പൂ
ഇനിയും വരും വിഷുക്കാലമെന്നാലും
ഓരോ വിഷുവും അവൾക്കേറെ മധുരം
വിഷുപ്പക്ഷി പാടാത്ത ചില്ലകളില്ലെന്ന്
ഗർവ്വോടെ കർണ്ണികാരം മൊഴിയുന്നു
ഓരോ വിഷുവും അവൾക്കേറെ ഹൃദ്യം
കണ്ണന് താലത്തിൽ കണിയായിരിക്കാൻ
കണ്ണുപൊത്തി വന്നു നിൽക്കുന്നൊരോമന
പൈതലും കണ്ണനെപ്പോലെ ചിരിപ്പൂ
ഞാനില്ലയെങ്കിൽ വിഷുക്കണിയില്ലെന്നു
ചൊല്ലിയവൾ ചെറു കാറ്റിന്റെ കാതിൽ
തല്ലിക്കൊഴിക്കരുതെന്നെ നീ നാടിന്റെ
സ്വർണ്ണപ്രഭയാണു ഞാനെന്നു മറക്കണ്ട
അറിയുമോ ത്രേതായുഗത്തിൽ രാമൻ
എൻ പിന്നിലൊളിച്ചു ബാലിവധം ചെയ്തു
കൊന്ന മരമെന്ന അപമാനമേറ്റു ഞാൻ
ഒരുയുഗം മുഴുവനായ് കാട്ടിൽ കഴിഞ്ഞു
ദ്വാപരത്തിൽ കണ്ണനെത്തിയെൻ ചാരെ
അറിഞ്ഞെന്റെ ദുഃഖം ആ നറും ചിരിയാലെ
ചാർത്തി പോന്നാടയും ആഭരണങ്ങളും
കാഞ്ചനശോഭയിൽ ഞാൻ കണിക്കൊന്നയായ്
എന്നുമീ കർണികാരം പൂക്കുന്നു കണ്ണനായ്
മേടപ്പുലരികളെ കുളിരണിയിയ്ക്കാൻ
ഐശ്വര്യ സമ്പൂർണ്ണമായൊരു വർഷത്തിനായി
കണികാണാം മണിവേണുവൂതുന്ന കണ്ണനെ