Image

രാജസ്ഥാനിലെ മണല്‍കൊടുങ്കാറ്റില്‍ കോണ്‍ഗ്രസ് ഉലയുമോ? (ദല്‍ഹികത്ത് :പി.വി.തോമസ്)

പി.വി.തോമസ് Published on 17 April, 2023
രാജസ്ഥാനിലെ മണല്‍കൊടുങ്കാറ്റില്‍ കോണ്‍ഗ്രസ് ഉലയുമോ? (ദല്‍ഹികത്ത് :പി.വി.തോമസ്)

മരുസംസ്ഥാനമായ രാജസ്ഥാന്‍ വര്‍ഷാവസാനം നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. അവിടെ ഒരു മണല്‍ കൊടുങ്കാറ്റ് അടിച്ചുയരുകയാണ്. അതിന്റെ പേരാണ് സച്ചിന്‍ പൈലറ്റ്. മുന്‍നിര കോണ്‍ഗ്രസ് നേതാവായിരിയ്ക്കവെ ഒരു റോഡപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ മകനാണ് സച്ചിന്‍. അച്ഛനെപോലെ തന്നെ സമുന്നതനായ ഒരു ഗജ്ജര്‍ നേതാവാണ് സച്ചിന്‍. സച്ചിന്റെ പോര് മുഖ്യമന്ത്രി അശോക് ഗെലോട്ടുമായിട്ടാണ്. ഇവരുടെ കലഹം ഒരു തുടര്‍ക്കഥയാണ്. കുറെകാലമായിട്ട് അടങ്ങികിടന്ന പോര്‍മുഖം സച്ചിന്‍ വീണ്ടും ഏപ്രില്‍ ഒമ്പതിന് ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് രംഗം വീണ്ടും ആന്തരിക സംഘനത്താല്‍ കലുഷിതമായത് പാര്‍ട്ടി ഹൈകമാന്റിനെ തികച്ചും വിഷമത്തിലാക്കിയിരിക്കുകയാണ്. കാരണം കോണ്‍ഗ്രസ് ഇന്ന് ഇന്‍്ഡ്യയില്‍ ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. മറ്റ് രണ്ടെണ്ണം ഹിമാചല്‍പ്രദേശും ഛത്തീസ്ഘട്ടും ആണ്. ഹിമാചല്‍പ്രദേശില്‍ അധികാരം ഏതാനും മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ചതാണ്, ബി.ജെ.പി.യെ വാശിയേറിയ ഒരു മത്സരത്തില്‍ തോല്‍പിച്ചിട്ട്. ഛാത്തീസ്ഘട്ടും രാജസ്ഥാനൊപ്പം വര്‍ഷാവസാനം തെരഞ്ഞെടുപ്പിലാണ്. ഇവ രണ്ടും നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ് 2004-ലെ പൊതുതെരഞ്ഞെടുപ്പ് വെറും ഒരു സംസ്ഥാനവുമായിട്ടാണ് നേരിടുക. അതിനാല്‍ ഛാത്തീസ്ഘട്ടും രാജസ്ഥാനും നിലനിറുത്തേണ്ടത് കോണ്‍ഗ്രസിന് നിലനില്‍പിന്റെ പ്രശ്‌നം ആണ്. രാജസ്ഥാന്‍ പതിറ്റാണ്ടുകളായി ഭരിക്കുന്ന ഗവണ്‍മെന്റിന് തുടര്‍ഭരണം നല്‍കാതെ ഭരണവിരുദ്ധവികാരം ഒരു പാരമ്പര്യമായി തുടരുന്ന ഒരു സംസ്ഥാനം ആണ്. അവിടെയാണ് ഗെലോട്ടും കോണ്‍ഗ്രസും ചരിത്രം തിരുത്തിക്കുറിക്കുവാന്‍ പ്രതിജ്ഞാബന്ധരായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. അപ്പോഴാണ് പൈലറ്റിന്റെ പോര്‍വിളി. ഇപ്രാവശ്യം അദ്ദേഹം മുന്‍ ബി.ജെ.പി. ഗവണ്‍മെന്റിന്റെ അഴിമതിയിലൂടെയാണ് ഗെലോട്ടിനെതിരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. 2018-ലെ തെരഞ്ഞെടുപ്പു പ്രചരണവേളയില്‍ ഗെലോട്ടും പൈലറ്റും മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഗവണ്‍മെന്റിന്റെ അഴിമതികളെ എണ്ണി എണ്ണി പറഞ്ഞ് ഘേരഘോരം പ്രസംഗിച്ചിട്ടുള്ളതാണ്. ഭരണം കിട്ടി നാലുവര്‍ഷം കഴിഞ്ഞിട്ടും ഒന്നിനെതിരെയും നടപടി എടുക്കുവാന്‍ ഗെലോട്ടിന് സാധിച്ചില്ല എന്നതാണ് പൈലറ്റിന്റെ ആരോപണം. ഈ അനാസ്ഥക്ക് എതിരെ അദ്ദേഹം ഒരു ദിവസം(ഏപ്രില്‍ 11-ന്) പ്രതിഷേധ സത്യാഗ്രവും നടത്തി. ഇത് പാര്‍ട്ടി വിരുദ്ധ നടപടിയാണെന്നും നടപടി ഉണ്ടാവുമെന്ന് ഹൈക്കമാന്റ് മുന്നറിയിപ്പ് നല്‍കിയിട്ടും പൈലറ്റ് ഒരു ദിവസത്തെ ഉപവാസ സമരവുമായി മുമ്പോട്ടു പോയി. ഇതെഴുതുന്ന നിമിഷം വരെ ഹൈക്കമാന്റ് നടപടിയുമായി മുന്നോട്ടു വന്നില്ല. കര്‍ശനമായ നടപടി പൈലറ്റിനെ പുറത്തേക്കു പോകുവാന്‍ നിര്‍ബന്ധിതനായേക്കും. ബി.ജെ.പി.ക്ക് ഏതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനുശേഷം എങ്ങനെ ബി.ജെ.പി.യിലേക്ക് പോകും? അപ്പോള്‍ വേണമെങ്കില്‍ അതിനുവേറെയുക്തി കണ്ടുപിടിക്കാവുന്നതേയുള്ളൂ: വിപുലമായ ദേശീയ താല്‍പര്യം പരിഗണിച്ചുകൊണ്ട്. അതല്ല ഒരു താക്കാതും മുന്നറിയിപ്പു പോലുള്ള നടപടി ആണെങ്കില്‍ തല്‍ക്കാലം ഒരു ശമനം ഉണ്ടായേക്കും. പക്ഷേ പൈലറ്റ് എന്ന കൊടുങ്കാറ്റ് അങ്ങനെ ശമിക്കുന്നതല്ലെന്ന് വരും ദിവസങ്ങള്‍ തെളിയിക്കും. അദ്ദേഹത്തിന്റെ ചോദ്യം നിസാരമാണ്. അഴിമതിക്കെതിരെ പോരാടുന്നത് ഇങ്ങനെ പാര്‍ട്ടി വരുദ്ധ നടപടിയാകും? അതിന് ഹൈക്കമാന്റിന്റെ മറുപടി അത് ഉന്നയിച്ച രീതി ശരിയായില്ല എന്നാണ്. ഏതായാലും ഗെലോട്ടിന്റെ മുന്‍ ഉപമുഖ്യമന്ത്രിയുടെ ആവശ്യം ഇവിടെ തീരുകയില്ല. മുഖ്യമന്ത്രി പദവി ആയിരിക്കാം അദ്ദേഹത്തിന്റെ ലക്ഷ്യം. ഏതായാലും ഈ അധികാര മത്സരത്തില്‍ ഹൈക്കമാന്റ് ഇതുവരെയും ഹെലോട്ടിന്റെ കൂടെയാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് ജയറാം രമേഷ് പറഞ്ഞത് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ ഒരു വന്‍വിജയം ആയത് ഗെലോട്ടിന്റെ നേതൃപാടവത്തിന് മകുടോദാഹരണം ആണെന്നാണ്. കോണ്‍ഗ്രസില്‍ ഭരണപാടവം തെളിയിക്കുന്നത് കുടുംബപരിപാടികള്‍ വിജയിപ്പിക്കുന്നതിലൂടെ ആണോ?

പൈലറ്റ് സിന്ധ്യയുടെ അഴിമതിയുടെ പേര് പറഞ്ഞ് ഗെലോട്ടിനെ ആക്രമിച്ചത് മുഖ്യമന്ത്രിയുടെ കസേര ഉന്നം വച്ചാണെന്ന് പരക്കെ അറിയാവുന്നതാണ് ഹൈക്കമാന്റിനും അത് അറിയാം. അതുകൊണ്ടായിരിക്കാം പൈലറ്റിനെ സാന്ത്വനപ്പെടുത്തുവാന്‍ ഹൈക്കമാന്റ് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പൈലറ്റ് അദ്ദേഹത്തിന്റെ ഭാവി നടപടിയുടെ കാര്യത്തില്‍ എന്നോ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും അതുകൊണ്ടാണ് ഈ വക പ്രതിഷേധങ്ങളും പൊട്ടിത്തെറിയും എന്നും ആണ്. 2020-കളുടെ മധ്യത്തില്‍ പൈലറ്റ് നടത്തിയ ഒരു ഭരണ അട്ടിമറി ശ്രമത്തില്‍ നിന്നും ഗെലോട്ട് നേരിയ വിടവിലാണ് രക്ഷപ്പെട്ടത്. ബി.ജെ.പി.യുടെ പിന്തുണയോടെ പൈലറ്റ് നടത്തിയ അട്ടിമറിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് സമാജികരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഒരു മാസം നീണ്ടുനിന്ന രാഷ്ട്രീയ നാടകത്തിനും റിസോട്ടു രാഷ്ട്രീയത്തിനും ഒടുവില്‍ ഗെലോട്ട് സ്വന്തം കസേര രക്ഷിച്ചു. കൂറുമാറിയ കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ബി.ജെ.പി. ഭരിക്കുന്ന ഹരിയാനയിലെ റിസോര്‍ട്ടുകളിലേക്കാണ് മാറ്റിപാര്‍പ്പിച്ചത്. ഒടുവില്‍ ഗെലോട്ട് ഈ പൈലറ്റ് കൊടുങ്കാറ്റില്‍ നിന്നും പുറത്തുവന്നെങ്കിലും പൈലറ്റുമായി അദ്ദേഹം സന്ധി ചെയ്തിട്ടില്ല. അദ്ദേഹം പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്തു. ഹൈക്കമാന്റ് പൈലറ്റിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നും മാറ്റി. എന്നാല്‍ ക്രമേണ ഹൈക്കമാന്റ് പൈലറ്റുമായി രമ്യതയിലായി. പക്ഷെ, ഗെലോട്ട് പൊറുത്തില്ല. പൈലറ്റ് രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടു പൈലറ്റിന്റെയും ഗെലോട്ടിന്റെയും ഇടയില്‍. രാഹുല്‍ അത് വകവച്ചില്ല. കോണ്‍ഗ്രസിന്റെ രാജസ്ഥാന്‍ ഇന്‍-ചാര്‍ജ്ജ് ആയ സുഖീന്ദര്‍ സിംങ്ങ് രണ്‍ധാവ പാര്‍ട്ടിയുടെ അധ്യക്ഷനായ മല്ലികാര്‍ജ്ജുന്‍ കാര്‍ഗെയോടും ഒരു മധ്യസ്ഥനായി ചര്‍ച്ച നടത്തുവാന്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. പൈലറ്റ് പറയുന്നതനുസരിച്ചു അദ്ദേഹം സിന്ധ്യാ ഗവണ്‍മെന്റിന്റെ 45,000 കോടിരൂപയുടെ അഴിമതിയും ഖനി, ഭൂമി, എക്‌സൈസ് മാഫിയയുടെ ഓപ്പറേഷനും സംബന്ധിച്ച് നടപടിക്കായി മൂന്നു കത്തുകള്‍ ഗെലോട്ടിന് കൊടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതിനു മറുപടി ഗൈലോട്ടിന്റെ ഭാഗത്തു നിന്നുണ്ടായത് പൈലറ്റിനെ ഒരു 'വിശ്വാസഘാതകന്‍' എന്നു വിളിച്ചതുമാത്രമാണ്. ഗെലോട്ട്-പൈലറ്റ് അധികാരവടംവലിയില്‍നിന്നും രക്ഷപ്പെടുവാനായി ഹൈകമാന്റ് ഒരു നടപടിയെടുത്തു. ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുക. അതിനുശേഷം ജയ്പൂരില്‍ ഒഴിവായ കസേരയില്‍ പൈലറ്റിനെ പ്രതിഷ്ഠിക്കുക. പക്ഷേ, ഇതു മണത്തറിഞ്ഞ ഗെലോട്ടും പക്ഷവും അധ്യക്ഷസ്ഥാനം നിരാകരിച്ചു. ഇതിനായി വിളിച്ചുകൂട്ടിയ നിയമസഭ സാമാജികരുടെ ഒരു യോഗം ഗെലോട്ട് പക്ഷം 2022, സെപ്റ്റംബര്‍ 25-ന് വിഫ് ലംഘിച്ചു ബഹിഷ്‌ക്കരിച്ചു. ഹൈക്കമാന്റിന്റെ ആ പദ്ധതിയും പൊളിഞ്ഞു. രാജ്യം പോയതോടെ ഹൈക്കമാന്റിന്റെ ശക്തിയും മഹത്വവും ഇല്ലാതായിരിക്കുന്നു. ഒരു തീരുമാനം പോലും നടപ്പിലാക്കുവാന്‍ അതിന് സാധിക്കുന്നില്ല. അസമില്‍ തരുണ്‍ ഗൊഗോയിലും ഹിമന്ത ബിസ്വസര്‍മ്മയും തമ്മിലുള്ള അധികാര മത്സരത്തില്‍ ഹൈക്കമാന്റിന്റെ അലംഭാവംമൂലമാണ് സര്‍മ്മ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ  ബി.ജെ.പി.യുടെ പ്രധാന ആസൂത്രകന്‍ ആയത്. ഇങ്ങനെ ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്. ജഗ് മോഹന്‍ റെഡ്ഢി, ജ്യോതിരാദിത്യ സിന്ധ്യാ, ജിതിന്‍ പ്രസാദ് എസ്.എം.കൃഷ്ണാ നാരായണ്‍ ദത്ത് തീവാരി തുടങ്ങിയവര്‍ ഏതാനും പേര് മാത്രം ആണ്. പിന്നെ ഇപ്പോള്‍ ഏ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി, മുന്‍ ആന്ധ്രമുഖ്യമന്ത്രി കിരണ്‍ റെഡ്ഢി തുടങ്ങിയവര്‍ വരെ.

രാജസ്ഥാന്‍ ഒരു അഗ്നിപര്‍വ്വതം ആണ്. കോണ്‍ഗ്രസിന് ഒരു തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ അതും പൊതു തെരഞ്ഞെടുപ്പിന്റെ തലേവര്‍ഷം ഇത് ഒരിക്കലും ശുഭകരമായ വാര്‍ത്തയല്ല. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ദുര്‍ബലതാണ് ഇത് കാണിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക