ജീവിതസൗകര്യങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. മെച്ചപ്പെട്ട ഗതാഗതമാർഗങ്ങൾ ഏത് പരിഷ്കൃതസമൂഹത്തിന്റെയും അനിവാര്യാവശ്യവുമാണ്.
ജനസംഖ്യ പെരുകുമ്പോൾ പ്രകൃതി വിഭവചൂഷണം വർധിക്കുന്നതു പോലെ റോഡുകളും റെയിലുകളും വാഹനങ്ങളും അധികമാകുമ്പോൾ പ്രകൃതിയിൽ ചില നാശനഷ്ടങ്ങൾ സംഭവിക്കുന്നതും സ്വാഭാവികമാണ്. എന്നാൽ ദേശത്തെ കൈകാര്യം ചെയ്യുന്ന ഭരണകൂടത്തിന് ഇതിലൊക്കെ ദീർഘവീക്ഷണത്തോടു കൂടിയതും നീതിപൂർവവുമായ കാഴ്ച്ചപ്പാടുകൾ നിർബന്ധമാണ്.
വലിയ നേട്ടങ്ങൾക്ക് വേണ്ടി ചെറിയ കോട്ടങ്ങൾ വരുത്തി വെക്കുന്ന പദ്ധതികൾ പൊതു താല്പര്യത്തെ മുൻ നിർത്തി അംഗീകരിക്കാൻ ജനത ബാധ്യസ്ഥരുമാണ്. എന്നാൽ ഗതാഗത വികസനത്തിന്റെ പേരിൽ നമ്മുടെ ഈ ജനാധിപത്യരാജ്യത്തിൽ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ എന്താണ് ? എങ്ങനെയാണ് ? ഇതിന്റെ പ്രായോജകരും പ്രയോജകരും ആര് ?
ലക്ഷക്കണക്കിന് നിസ്വരും ഇടത്തരക്കാരുമായ ജനങ്ങളുടെ പാർപ്പിടവും കുടിവെള്ളവും കൃഷിയും നശിപ്പിക്കുന്നതിന് നഷ്ടപരിഹാരമായി അവർക്ക് വലിയൊരു തുകയും സമ്മാനിച്ചിട്ട് വൻകിടക്കാർ അതിവേഗ ഗതാഗതത്തെ വ്യാപാരമാക്കാൻ പോവുകയാണ്. ഭരണകൂടം നിലവിലുള്ള പൊതുഗതാഗതത്തെ പാർശ്വവൽക്കരിച്ച് സമ്പന്നർക്ക് മാത്രമായ യാത്രാ സൗകര്യത്തെ മുഖ്യധാരയിൽ പ്രതിഷ്ഠിക്കുകയാണ്.
സാമൂഹിക കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ വാഹനങ്ങളെ നിയന്ത്രിച്ച് പൊതുഗതാഗതം ശക്തിപ്പെടുത്തുക എന്ന അജണ്ടയൊന്നും സമകാലീനഭരണകൂടങ്ങൾക്കില്ല .എന്ന് മാത്രമല്ല ജീവിതത്തിൽ ഒരിക്കലും ഒരു ടൂവീലർ പോലും ആവശ്യമില്ലാത്തവരും വാങ്ങാൻ ശേഷിയില്ലാത്ത ദരിദ്രരും (കേരളത്തിൽ വളരെ കുറവായിരിക്കും ) വരെ പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള ആവശ്യം ഉന്നയിക്കുന്നതിൽ അനൗചിത്യം കാണാൻ തുടങ്ങിയിരിക്കുന്നു.
ന്യായമായ ടിക്കറ്റ് നിരക്കിൽ ട്രെയിൻ യാത്രാ സൗകര്യം വർധിപ്പിക്കുന്നതിന് പകരം പുതിയ റെയിലുണ്ടാക്കാനും കൊള്ളലാഭം നേടാനുള്ള ടിക്കറ്റ് നിരക്കിൽ അതിവേഗ ട്രെയിനുകൾ കൊണ്ടു വരാനുമാണ് ഭരണകൂടങ്ങൾ തിടുക്കം കൂട്ടുന്നത്.
ഒരു ന്യൂനപക്ഷം സമ്പന്നരും വ്യാപാരികളും രാഷ്ട്രീയ നേതാക്കളും സിനിമാ വ്യവസായികളും ഒഴികെ ഇന്ത്യയിൽ മഹാഭൂരിപക്ഷം ജനങ്ങളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗതാഗത പരിഷ്കാരങ്ങളുടെ ഇരകളാണ്.
ദേശീയ പാതയുടെ ഓരങ്ങളിൽ കടകളും വീടുകളും ഒഴിയാൻ ഉടമകൾക്ക് കോടികൾ കൊടുത്തതോടെ പ്രതിഷേധങ്ങളുടെ വായടക്കാൻ അധികാരത്തിന് കഴിഞ്ഞു. എന്നാൽ ഈ നികത്തപ്പെട്ട വയലും ഇടിച്ച് തീർത്ത കുന്നും വേരു പറിച്ച മരങ്ങളും ഒരു പതിറ്റാണ്ടിനുള്ളിൽ വരുത്തി വെക്കുന്ന വരൾച്ചയും കുടിവെള്ള ക്ഷാമവും സഹിക്കാൻ കഴിയാത്ത ചൂടും - അതിന്റെ ഇരകൾ പെട്ടെന്ന് കോടീശ്വരന്മാരായ ഹൈവേപരിസരക്കാരും വലിയ ടോൾ കൊടുത്ത് അതിവേഗ പാതയിലൂടെ ചീറിപ്പായുന്ന സുഖിയൻയാത്രികരും മാത്രമല്ല ... ഇന്നാട്ടിലെ ലക്ഷക്കണക്കിന് കൂലിപ്പണിക്കാരും ഇടത്തരക്കാരുമാണ്.
ദരിദ്രരെയും തൊഴിലാളികളെയും മറന്നു കൊണ്ടുള്ള ഈ പോക്ക് രാഷ്ട്രം പഞ്ചവത്സര പദ്ധതികളിലൂടെ സ്ഥാപിക്കാൻ ശ്രമിച്ച ദേശീയ വികസനം എന്ന സങ്കൽപ്പത്തെ തന്നെ ചുറ്റിക്കൂട്ടിയെറിഞ്ഞ്പൊതു മുതൽ മൾട്ടി നാഷണൽ മുതലാളിത്തത്തിന് തീറെഴുതുകയാണ്. ചോദ്യം ചെയ്യാൻ ഉത്തരവാദിത്വമുള്ള ഇടതുപക്ഷരാഷ്ട്രീയം പോലും ഈ നിസ്വപക്ഷ വിരുദ്ധതയുടെ വക്താക്കളും പ്രയോക്താക്കളുമാവുകയാണ്.
ഇസ്രായേലിനെപ്പോലുള്ള രാഷ്ട്രങ്ങൾ വനവൽക്കരണത്തിലൂടെ മരുഭൂമിയെ മലർവാടിയാക്കാൻ ശ്രമിച്ച് വിജയം കണ്ടത് ചരിത്രം . എന്നാൽ മുമ്പാരോ കവിതയിലെഴുതിയതു പോലെ ഗൾഫ് പോലെ കെട്ടിടങ്ങളും റോഡുകളും വാഹനങ്ങളും ചൂടും വരൾച്ചയും സൃഷ്ടിച്ച് കേരളത്തെ ഗൾഫളമാക്കുന്ന ക്രൂര പ്രക്രീയയ്ക്ക് ആക്കം കൂട്ടുകയാണ് ഈ അതിവേഗഭ്രമങ്ങൾ .
ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും കുറക്കാൻ നിലവിലുള്ള സംവിധാനങ്ങളെ കാര്യക്ഷമമാക്കാൻ ആർക്കും താല്പര്യമില്ല. കാരണം കോൺട്രാക്റ്റിങ്ങിനും കമ്മീഷനിങ്ങിനും ലഭിക്കുന്ന അവസരം പരിമിതപ്പെടുമല്ലോ. ആറ് വരിക്ക് വേണ്ടി മഞ്ചേശ്വരം തൊട്ട് തിരുവനന്തപുരം തകർത്ത് തരിപ്പണമാക്കിയ പതിനായിരക്കണക്കിന് കോൺക്രീറ്റ് കെട്ടിടങ്ങൾ പലതും പടുത്തുയർത്തിയത് രണ്ട് പതിറ്റാണ്ടിനുള്ളിലാണ്. എത്ര ചെങ്കല്ലുകൾ ... കരിങ്കല്ലുകൾ - പുഴമണൽ? അത് മുഴുവനുമാണ് വേഗതയുടെ രക്തസാക്ഷികൾ . പകരം വീണ്ടും ഉയരും കോൺക്രീറ്റുകൾ . വീണ്ടും ക്വാറികൾ - പണകൾ - പുഴ വിട്ട് കടലിലെ പൂഴിയും. ഈ കലാപരിപാടിയെയാണ് നമ്മൾ ഇലക്ഷൻ വാഗ്ദാന പ്രകാരം പരിസ്ഥിതി സൗഹൃദ വികസനം എന്നോമനപ്പേരിട്ട് വിളിക്കുന്നത് !
പ്രായോഗികബോധമില്ലാത്ത വിമർശനം എന്നേ നിങ്ങളിൽ മഹാഭൂരിപക്ഷവും എഴുതിത്തള്ളൂ എന്നറിയാം. എന്നാലും സർവ്വനാശത്തിന്റെ പ്രായോഗികബുദ്ധിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ തയ്യാറല്ലാത്ത ഒരു പാട് മനുഷ്യർ എവിടെയൊക്കെയോ അസ്വസ്ഥരായിരിപ്പുണ്ട് എന്ന പ്രതീക്ഷ ഞാനിനിയും കൈവിട്ടിട്ടില്ല.