Image

വെള്ളത്താമര (നോവല്‍- നാലാം ഭാഗം: മിനി വിശ്വനാഥന്‍)

Published on 21 April, 2023
വെള്ളത്താമര (നോവല്‍- നാലാം ഭാഗം: മിനി വിശ്വനാഥന്‍)

ഇംഗ്ലീഷ് കവിത താളത്തിൽ ചൊല്ലുന്നത് പോലെ മധുരമായ ഒരു സ്ത്രീ സ്വരം " ഐ ലൈക്ക് ലോട്ടസ് ഫ്ലവേഴ്സ്,
എസ്പെഷ്യലി ദോസ് 
വൈറ്റ് വൺസ് " എന്ന് പതുക്കെ മന്ത്രിക്കുന്ന ശബ്ദശകലം എന്റെ കാതിൽ  പതിഞ്ഞു. 

ഈ ഹോസ്പിറ്റലിൽ എത്തിയതു മുതൽ എന്നെ പിൻതുടരുന്ന താമരപ്പൂക്കളുടെ വശ്യസുഗന്ധത്തിന്റെ ഉറവിടം അറിയാനായി ഓപ്പറേഷൻ തീയേറ്ററിന്റെ സംഭ്രമങ്ങൾക്കിടയിലും തലചെരിച്ച് ആ സ്ത്രീ ശബ്ദത്തിനു നേരെ കണ്ണുകൾ പായിക്കാതിരിക്കാൻ എനിക്കായില്ല.

ചിത്രങ്ങളിൽ കണ്ടു പരിചയിച്ച എലിസബത്ത് രാജ്ഞിയുടെ മദ്ധ്യവയസ്സുകളിലെ രൂപത്തോട് സാദൃശ്യമുള്ള കുലീനയായ ഒരു സ്ത്രീ ഉയർത്തി വെച്ച കട്ടിലിൽ 
ചാരിയിരുന്ന്  തനിക്കിഷ്ടമുള്ള സുഗന്ധങ്ങളെക്കുറിച്ചു ഉറക്കെ ആരോടോ സംസാരിക്കുകയാണ്. താമരപ്പൂക്കളുടെ സുഗന്ധത്തിൽ നിന്ന് ലാവണ്ടർ പൂക്കളുടെ വയലറ്റ് നിറത്തിന്റെ സൗന്ദര്യത്തിലേക്ക് അവരുടെ സംസാരം എത്തി നിന്നപ്പോൾ  പണ്ട് ബാബു ഇളയച്ഛൻ ദുബായിൽ നിന്ന്  കൊണ്ടുവരാറുള്ള യാഡ്ലി പൗഡർടിന്നിലെ പുറംചിത്രത്തിലെ ഇത്തിരിപ്പൂക്കളെയാണ് എനിക്കോർമ്മ വന്നത്. ആ പൗഡർ ടിന്നിൽ നിന്ന് പ്രസരിക്കുന്ന സുഗന്ധത്തിന്റെ ഓർമ്മയിൽ എന്റെ മനസ് നിറഞ്ഞു.

അവരുടെ  ശബ്ദം കേട്ടുകൊണ്ടിരിക്കെ ആ  മുഖമൊന്ന് ശരിക്കും കാണണമെന്നും വെറുതെ അവരുടെ വിരലുകൾ സ്പർശിക്കണമെന്നുമുള്ള അത്യാഗ്രഹത്താൽ ഞാൻ വരാനിരിക്കുന്ന സർജറിയെയും അനസ്തേഷ്യയേയും പൂർണ്ണമായും മറന്നു. എന്തുകൊണ്ടോ ആ ഓപ്പറേഷൻ തീയേറ്ററിന്റെ മരവിപ്പിൽ നിന്ന് അത്രമാത്രം ആശ്വാസം തരുന്നതായിരുന്നു  എനിക്കാ സ്വരം. 

വേദന സംഹാരികളുടെ ആശ്ലേഷത്തിലൊതുങ്ങി കണ്ണുകളടച്ച് കിടക്കുന്ന രോഗികൾക്കിടയിലെ ഭാഷയില്ലാത്ത ഞെരക്കങ്ങൾക്കും മൂളലുകൾക്കുമിടയിൽ എലിസബത്ത് രാജ്ഞി മലയാളത്തിൽ ഗന്ധങ്ങളെക്കുറിച്ചും പൂക്കളെക്കുറിച്ചും പറയുന്നത് ചെറുപ്പക്കാരനായ ഒരു ഡോക്ടറോടാണെന്നും അദ്ദേഹം അലിവോടെ അവർ പറയുന്നത് മുഴുവൻ കേൾക്കുന്നുണ്ടെന്നും കൺവിടവിലൂടെ ഞാനറിഞ്ഞു.

അതിനിടെ ഒരു നേഴ്സ് എന്റെ അരികിലെത്തി റിപ്പോർട്ടുകൾ നോക്കി , ഡോക്ടർക്ക് മറ്റൊരു  സിസേറിയൻ കൂടിയുണ്ടെന്നും അല്‌പസമയം കൂടി കാത്തിരിക്കണമെന്നും  പറഞ്ഞ് എന്റെ കട്ടിൽ സാവധാനം ഉരുട്ടി ഊഴം കാത്തു നില്കുന്ന മറ്റ് സർജറിക്കാരുടെ ഇടയിൽ സ്ഥാപിച്ചു. എനിക്ക് വീണ്ടും വെള്ളം കുടിക്കണമെന്നും ഉറക്കെ കരയണമെന്നും തോന്നി.

ആ കിടപ്പിൽ എനിക്കാ സ്ത്രീയുടെ മുഖം വ്യക്തമായി കാണാൻ പറ്റി. ഇന്ദിരാഗാന്ധിയുടേയും എലിസബത്ത് രാജ്ഞിയുടേയും കണ്ണോ മൂക്കോ മുടിയോ എന്ന് തോന്നിപ്പിക്കുന്ന അവർക്ക് ഹോസ്പിറ്റൽ ഗൗണിന്റെ നീല നിറം നന്നായി ചേരുന്നുണ്ടായിരുന്നു. തിളങ്ങുന്ന കണ്ണുകൾ വിടർത്തി ബോബ് ചെയ്ത മുടിയിഴകളെ അലസമായി തടവിക്കൊണ്ട് ഒരു നേഴ്സറിക്കുട്ടിയെപ്പോലെ അവർ സംസാരം തുടർന്നു.

അതിനിടെ "മമ്മക്ക് വേദനിക്കുന്നുണ്ടോ" എന്ന് ഡോക്ടർ ചോദിച്ചപ്പോൾ അവർ തന്റെ ഇടത്തെകാൽ അല്പം പൊക്കി വെച്ചു. ഇന്നലെ രാവിലെ പത്രത്തിനൊപ്പം ആ ബലൂൺ കിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ എയർപോർട്ടിൽ ഇരിക്കേണ്ടതായിരുന്നു എന്ന് അല്പം നിരാശയോടെ പറഞ്ഞു. ഡോക്ടറുടെ മമ്മ എന്ന വിളിയിൽ അലിഞ്ഞു പോയ ആ സ്ത്രീ തനിക്ക് രണ്ട് ആൺ മക്കളാണെന്നും, അവരിലിളയവൻ ഞങ്ങൾക്ക് വേണ്ടി സ്ഥലം പിടിക്കാൻ സ്വർഗ്ഗത്തിലേക്ക് നേരത്തെ പോയി എന്നും പറയുന്നതിനിടയിൽ തന്റെ ഭർത്താവ് ഭക്ഷണം കഴിക്കാതെ പുറത്ത് കാത്തിരിക്കുന്നുണ്ടാവുമെന്ന് വേവലാതിപ്പെട്ടു. എനിക്കും വിശ്വേട്ടനെ ഓർമ്മ വന്നു. ഇവരുടെ ഭർത്താവിനൊപ്പം വിശ്വേട്ടനും എന്നെയും കാത്ത് പുറത്തിരിക്കുന്നുണ്ടാവുമോ എന്ന് ഞാനും സങ്കടപ്പെട്ടു.

അവരുടെ സംസാരത്തിൽ സങ്കടം കലരുന്നുവെന്ന് തോന്നിയ ഡോക്ടർ, ജോ നാട്ടിൽ നിന്ന് വിളിച്ചിരുന്നെന്നും മമ്മയെ വേദനിപ്പിക്കാതെ സർജറി ചെയ്യണമെന്നും പറഞ്ഞിട്ടുണ്ടെന്നും തമാശപോലെ പറഞ്ഞ്  സന്ദർഭത്തിന് ലാഘവം വരുത്തി. ബലൂൺ കണ്ടപ്പോൾ ഞാൻ പ്രായം മറന്ന് കിക്ക് ചെയ്തതാണെന്ന് അവർ പാതി ചിരിച്ചുകൊണ്ട് കുറ്റസമ്മതം നടത്തി തന്റെ ഓർമ്മകൾ മായ്ക്കാൻ ശ്രമിച്ചു.

പാതി ആത്മഗതമായി "ജോ വിളിക്കാതിരിക്കില്ല, മമ്മ ഒറ്റയ്ക്കാണല്ലോ എന്നോർത്ത് ഇന്നലെ ഉറങ്ങിയിട്ടുമുണ്ടാവില്ല പാവം . അവന് ജീവിക്കാൻ ഇഷ്ടമുള്ള നാട്ടിലേക്കയച്ചതും ഞാൻ തന്നെയായിരുന്നു. 
ആരോണിനായിരുന്നു ദുബായിയോടും കാറുകളോടും ഭ്രമം"എന്ന് നെടു വീർപ്പിട്ടു. അവരുടെ സംസാരം വഴി മാറിയൊഴുകിയതിൽ എനിക്ക് വിഷമം തോന്നി. 

"ഓയിൽ ഓഫ് ഒലെ"യുടെ മോയിസ്ചറൈസിങ്ങ് ലോഷന് താമരപ്പൂവിന്റെ ഗന്ധമാണെന്ന് അവർക്കറിയാമായിരിക്കുമോ എന്ന് ചോദിക്കണമെന്ന് മനസ്സിൽ ഓർത്തിരിക്കുമ്പോഴായിരുന്നു
എന്റെ അടുത്ത കട്ടിലിൽ കിടന്നിരുന്ന സിറിയൻ സ്വദേശി വേദനിച്ചിട്ടെന്ന പോലെ ഉറക്കെ കരഞ്ഞത്. അപ്രതീക്ഷിതമായ കരച്ചിൽ കേട്ടയുടൻ സ്റ്റാഫ് ഒന്നിളകി. ഡോക്ടർ ഒരു വേദന സംഹാരി വെയിനിലൂടെ ആഴ്ന്നിറങ്ങുന്ന ഡ്രിപ്പിലേക്ക് 
ഇൻജക്ട് ചെയ്തു.  ഓർത്തോ സർജറികൾക്കായി ഊഴം കാത്തിരിക്കുന്നതിൽ ക്വീൻ എലിസബത്തൊഴികെ മറ്റെല്ലാവരും ഞെരക്കങ്ങളിലും മുളലുകളിലുമായിരുന്നു. അവർ മാത്രം  കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു. 

ഹിസ്റ്റക്ടമി   സർജറിക്കായി തീയേറ്റർ ഒരുക്കണമെന്ന നിർദേശം വന്നെന്ന് ഉറക്കെ വിളിച്ചു പറയുന്നത്  കേട്ടപ്പോൾ നെഞ്ചിടിപ്പ് കൂടി. ഒരു നേഴ്സ് എന്റെ ബി.പി പരിശോധിച്ചു. മുടി ഒന്നുകൂടി ഒതുക്കിക്കെട്ടിവെച്ചു. അനസ്തേഷ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി എന്നു 
ഇന്റർകോമിലൂടെ പറഞ്ഞ് കഴിഞ്ഞതിനൊപ്പം ഒരു സന്തോഷ ബഹളം അവിടെയുയർന്നു. 

ആരുടെയോ സർപ്രൈസ് പിറന്നാളാഘോഷമായിരുന്നു അത്. അപ്രതീക്ഷിതമായി കിട്ടിയ സ്നേഹത്തിന്റെ കരുതലിൽ സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടിയ ശബ്ദത്തിൽ എല്ലാവരോടും താങ്ക്യു പറഞ്ഞുകൊണ്ട് പിറന്നാളുകാരി എന്റെ കട്ടിലിന് നേരെ നടന്നു.

(തുടരും )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക