സീതാദേവി ജനിക്കുമ്പോൾ അസാമാന്യമായ നീളമുള്ളൊരു കുഞ്ഞായിരുന്നു. കുഞ്ഞിനെ കാണാൻ വന്ന കിനാശ്ശേരിപ്പെണ്ണുങ്ങളൊന്നൊഴിയാതെ അവളുടെ അമ്മയും ഉണ്ടപ്പക്രുവുമായ കുഞ്ഞുലക്ഷ്മിയേട്ടത്തിയോട് പറഞ്ഞു.
'ഇങ്ങളെ ദൈവം കാത്ത്ട്ക്ക്ണു. ഇങ്ങടന്തി മൂന്നടിപ്പൊക്കല്ലല്ലോ.'
കുഞ്ഞുലക്ഷ്മിയേടത്തിയുടെ ചിരിയിൽ ആശ്വാസത്തിന്റെ നിറവുണ്ടായിരുന്നു.
സീതാദേവിയെന്ന പേരു കൊടുക്കുമ്പോൾ അമ്മമനസ്സിലൊരു രാമവിഗ്രഹമുണ്ടായിരുന്നു. വളർച്ചയുടെ പടവുകൾ വലിയ വിളർച്ചയില്ലാതെ കയറിയ സീതാദേവി, അമ്മയുടെ മനസ്സിൽ തീ കോരിയിടാൻ തുടങ്ങിയത് അഞ്ചു വയസ്സു മുതലാണ്. ഒമ്പതാം വയസ്സിൽ വയസ്സറിയിക്കുമ്പോൾ സീതക്കുട്ടിയ്ക്ക് പൊക്കം രണ്ടടി പതിനൊന്നര ഇഞ്ചു്. കുഞ്ഞുലക്ഷ്മിയമ്മയുടെ ഉള്ളാന്തി.
'ചതിച്ചോ, ന്റെ തേവരേ'.
പിന്നെ, കാണാത്ത വൈദ്യന്മാരില്ല, ചെയ്യാത്ത ചികിത്സകളില്ല.
പക്ഷെ സീതാദേവി (സമുദ്രനിരപ്പിൽ നിന്നും) രണ്ടടി പതിനൊന്നര ഇഞ്ച് മാത്രം പൊങ്ങി നിലകൊണ്ടു.
പഠിക്കാൻ മോശമായിരുന്നതിനാൽ ക്ലാസ്സിൽ അവളുടെ സ്ഥാനം പിന്നിലേക്കിറങ്ങിയിറങ്ങിപ്പോയി. ഇനി നീങ്ങിയാൽ ക്ലാസ്സിനു പുറത്തായിപ്പോവും എന്നിടത്തെത്തി നിന്നൂ ആ പോക്ക്.
സ്ക്കൂളിൽ അവളെ അറിയാത്ത പുതിയ ടീച്ചർമാർ വഴക്കു പറഞ്ഞു.
'ടീച്ചറമ്മാരൊരു കാര്യം ചോദിച്ചാൽ എഴുന്നേറ്റുനിന്ന് ഉത്തരം പറഞ്ഞൂടെ കുട്ടീ നെണക്ക്?
അവൾ ദയനീയമായി ടീച്ചറെ നോക്കും
'അവൾ നിക്കുകയാണു ടീച്ചറേ ക്ലാസ്സിലെ ബുദ്ധിയില്ലാത്ത പഠിപ്പിസ്റ്റുകൾ കുണുങ്ങിച്ചിരിച്ചു കൊണ്ടു പറയും.
ബെഞ്ചിലിരിക്കുമ്പോൾ, സീതാദേവിയുടെ കാല് നിലത്തു മുട്ടുമായിരുന്നില്ല. അതു കൊണ്ട് നിന്നാലും ഇരുന്നാലും ഒരേ പൊക്കം. അവസാന ബെഞ്ചായിരുന്നതിനാൽ ടീച്ചർമാർ അതു മനസ്സിലാക്കിയുമില്ല.
ചിരിക്കും കരച്ചിലിനുമിടയിലുള്ള ഭാവമായിരുന്നു ആ പെൺകുട്ടിയുടെ മുഖത്തെ സ്ഥായീഭാവം.
പത്താം ക്ലാസ്സിലും തോറ്റ് സീതാദേവി വീട്ടിലിരുപ്പായി.
മൂന്നാംകാരൻ പരമേശ്വരക്കുറുപ്പ് വീട്ടിൽക്കയറിയിറങ്ങാൻ തുടങ്ങി. കുഞ്ഞുലക്ഷ്മിയമ്മയ്ക്കും, സീതാദേവിയ്ക്കും മുന്നിൽ നാലരയടിപ്പൊക്കക്കാരനായിരുന്ന അയാളൊരു അമിതാഭ് ബച്ചനായിരുന്നു.
ദിവസവും അയാൾ പ്രഭാത ഭക്ഷണം കുഞ്ഞുലക്ഷ്മിയമ്മയിൽ നിന്നും മുതലാക്കി.
'കുഞ്ഞുലക്ഷ്മ്യമ്മേ ങ്ങള് വെഷമിക്കാതിരിക്കിൻ' രണ്ടു കുറ്റിപ്പുട്ട്, അതിനൊത്ത പപ്പടവും പഴവും കടലയും ചേർത്തു പിടിക്കുന്നതിനിടയിൽ പരമേശ്വരക്കുറുപ്പു പറയും.
'ങ്ങടെ മോൾക്ക് ഞാനൊരാളെ കണ്ടു വച്ചിട്ടുണ്ട്, അല്പം തെക്ക് ന്നാ, ന്താ കൊഴപ്പണ്ടോ?
"ണ്ടെങ്കി ഇപ്പപ്പറയണം, പിന്നെ അക്കൂട്ടരുവന്ന് കണ്ട് കുട്ട്യേപ്പിടിച്ചേന്റെ ശേഷം വെറുതെ ഞഞ്ഞാ മിഞ്ഞാ പറയരുത്''.
'പത്തു പറക്കണ്ടം, നാലഞ്ചു പശുക്കൾ, അഞ്ചു പെങ്ങമ്മാരിൽ രണ്ടെണ്ണത്തിതെ കെട്ടിച്ചു വിട്ടു.
പൊന്നിന്റെ നെറം. ഒത്തൊരാള് :..... കുഞ്ഞുലക്ഷ്മിയമ്മയുടെ മുഖം വികസിച്ചു, വികസിച്ചു വന്നു.
കൈ കഴുകി, ഒരു ചെമ്പു ചായയുടെ സ്നേഹത്തിലേക്കൊഴുകിവീഴാനൊരുങ്ങുമ്പോൾ, കുറുപ്പ് എല്ലെഴുന്നു നിൽക്കുന്ന തന്റെ നെഞ്ചിൻ കൂടുതടവി വിരിഞ്ഞു നിന്നു പറഞ്ഞു
'ഏതാണ്ടെന്റത്രേം ണ്ടാവും'.
അമ്മ മുഖം വാടി. കുറുപ്പിനെ നിരാശപ്പെടുത്താൻ വയ്യല്ലൊ.വന്ന കല്യാണാലോചനകളെല്ലാം രണ്ടടി പതിനൊന്നര ഇഞ്ചിൽ തട്ടി വീണുടഞ്ഞു കൊണ്ടേയിരുന്നു..
അങ്ങിനെയൊരു നാൾ സീതാദേവിക്ക് ഒരു കുഞ്ഞിരാമൻ വരിക തന്നെ ചെയ്തു. തരക്കേടില്ലാത്ത കുടുംബം, ബാദ്ധ്യതകളൊന്നുമില്ല..... പൊക്കം അഞ്ചടിയുണ്ട്.
'ജയ ഭാദുരീം അമിതാഭ് ബച്ചനും പോലാവൂല്ലോ', നാട്ടുകാർ കളിയാക്കി. സീതാദേവി പതിനെട്ടിന്റെ നാണം കുണുങ്ങി.
കുഞ്ഞു ലക്ഷ്മിയമ്മയും നാട്ടുകാരും കല്യാണത്തിരക്കിലേക്കിറങ്ങി. സീതാദേവി മുടി രണ്ടായി മെടഞ്ഞ്, ഒരു തുമ്പു മുന്നിലേക്കിട്ട്, അതിൽ തെരുപ്പിടിച്ച് കിനാവിലേക്കൂളിയിട്ടു.
മുടി രണ്ടായ് പിന്നിയിട്ടാൽ പ്രേമമെന്നതു നിശ്ചയം, അതിലൊന്നു മുന്നോട്ടിട്ടാൽ അതെന്നോടാണെന്നതു നിശ്ചയം. ക്ലാസ്സിലെ റോമിയോമാർ, ജൂലിയറ്റുകളോട് പറഞ്ഞിരുന്നത് അവളുടെ മനസ്സിൽ നിറഞ്ഞു.
കല്യാണം മോടിയായി നടന്നു. പെണ്ണിന്റെ വീട്ടിൽ കുടിവെയ്പ്പും കഴിഞ്ഞ് നാലാം നാൾ പെണ്ണും ചെക്കനും ചെറുക്കൻ വീട്ടിൽ പോയി, നാലുനാൾ കഴിഞ്ഞ് വിരുന്നിനു വരാമെന്ന വാഗ്ദാനത്തോടെ.
വളരെ നാളുകൾക്കു ശേഷം കുഞ്ഞുലക്ഷ്മിയമ്മ നന്നായുറങ്ങി. പിറ്റേന്നുച്ചയ്ക്കു മുൻപ് സീതാദേവിയേയും കുഞ്ഞിരാമനേയും പടിപ്പുരയ്ക്കൽ കണ്ട് ഓടിച്ചെല്ലുമ്പോൾ കുഞ്ഞുലക്ഷ്മ്യമ്മയ്ക്കാധിയായിരുന്നൂ.
'ന്താ കുട്ട്യോളേ...'
'ഏയ് ഒന്നൂല്യ. ഇവക്ക് അമ്മേ കാണണംന്ന് പറഞ്ഞപ്പൊ കൂട്ടി വന്നതാ'.
കുഞ്ഞിരാമൻ മൊഴിഞ്ഞു.
'ഹാവൂ', കുഞ്ഞുലക്ഷ്മ്യമ്മ തേവർക്കൊരു നെയ്പ്പായസം നേർന്നൂ. എന്നിട്ട്
"ഈ പെണ്ണിന്റൊരു കാര്യം' എന്ന് വാത്സല്യത്തോടെ മകളെ കുറ്റപ്പെടുത്തി.
'ഇനി അതാ നെന്റെ വീട്, മറക്കണ്ട. ഒന്നിനൊന്നു പോന്ന പെണ്ണാ നീ...'
'അതൊന്ന്വല്ലമ്മേ, കുഞ്ഞിരാമേട്ടൻ ചോയ്ച്ചൂ അമ്മെക്കാണണ്ടേന്ന്, വേണ്ടാന്നു പറയാമ്പറ്റ്വ?, അദോണ്ടാ'
പെട്ടെന്നാണ് അതവരുടെ ശ്രദ്ധയിൽ പതിഞ്ഞത്.
"നിന്റെ ആഭരണങ്ങളെവിടെ'?
'ഓ എന്തിനാ എല്ലാം കൂടി ഇട്ടു നടക്കണേന്ന് ഞാനാ പറഞ്ഞേ അമ്മേ"
കുഞ്ഞിരാമൻ സ്നേഹപ്പൊടിയിട്ടു.
ഔ, ന്റ കുട്ടീ അദ് നന്നായി. കാലല്ലാത്ത കാലാ'.
ഇത്ര നല്ലൊരു മരുമകനെത്തന്നതിന് കുഞ്ഞുലക്ഷ്മിയമ്മ ഭഗവതിക്ക് വെള്ളനേദ്യം നേർന്നു.
ഊണു കഴിഞ്ഞ് കൈകഴുകി കുഞ്ഞിരാമൻ പറഞ്ഞു, ഞാനൊന്നു വീട്ടിപ്പോവ്വാണ്, പശൂനെ കറക്കാൻ ഞാഞ്ചെന്നിറ്റ് വേണം'
' നെണക്കു വരണം ന്ന് തോന്നുമ്പോ അറിയിച്ചാ മതി ഞാമ്പെരാം'.
കുഞ്ഞിരാമനിറങ്ങി. സീതാദേവി കടത്തു കടവു വരെ കൂടെച്ചെന്നു. ഉച്ചയായിരുന്നതിനാൽ കടവിലാരുമുണ്ടായിരുന്നില്ല. മമ്മൂട്ടിക്ക രണ്ടാമന്റെ ഉറക്ക സമയമായിരുന്നു. സീതാദേവി തന്റെ കുഞ്ഞിരാമേട്ടനെ മുട്ടിയുരുമ്മി നിന്നു. ഒടുവിൽ വഞ്ചി വരുന്നതു കണ്ടപ്പോൾ അവൾക്ക് കെട്ടിപ്പിടിച്ചൊരുമ്മയും കൊടുത്ത് കുഞ്ഞിരാമൻ വഞ്ചി കയറി.
'ഏട്ടാ നാളത്തന്നെ ബെരണേ ന്നെ കൂട്ടാൻ' സീതാദേവി തരളിതയായി.
'ഉം, നാളെ വൈന്നേരം ബെരാം, നീ ഇബ്ടെത്തന്നെണ്ടാവണം ട്ടോ'.
കുഞ്ഞിരാമനും സ്നേഹം നിറഞ്ഞു തുളുമ്പി.
സീതാദേവി ഒരു ചെറുചിരിയോടെ തന്റെ പ്രിയൻ അക്കരെയെത്തി നടന്നു കണ്ണിൽ നിന്നു മറയും വരെ നോക്കി നിന്നു.
പെണ്ണിന്റെ കള്ളച്ചിരിയും കുണുക്കവും കണ്ട കുഞ്ഞുലക്ഷ്മ്യമ്മ, കൃഷ്ണന് പാൽപ്പായസം കൂടെ നേരണോന്ന് ആലോചിച്ചു. പിന്നെ വേണ്ടെന്നു വച്ചു.
പിറ്റേന്ന് മൂന്നു മണിക്കു തന്നെ മുടി മെടഞ്ഞ് ഒരു തുമ്പു മുന്നിലേക്കിട്ട് കള്ളച്ചിരിയുമായി സീതാദേവി കടത്തു കടവിലേക്കോടി. ആറരയായിട്ടും കുഞ്ഞിരാമൻ വന്നില്ല. മമ്മൂട്ടിക്ക രണ്ടാമൻ കടത്തു പൂട്ടിപ്പോകാൻ നേരം അവളോടു പറഞ്ഞു,
'ഓനൊരു ബീട് നയിക്കണോനല്ലേ? ആടെന്തെങ്കിലും അത്യാവശ്യണ്ടായിറ്റ്ണ്ടാവും. ജ്ജ് ബീട്ടീപ്പോ. ഓൻ നാള്യറ്റെ ബെരും.'
പിറ്റേന്നും അതിന്റെ പിറ്റേന്നും സീതാദേവി കാത്തിരുന്നെങ്കിലും അവളുടെ ശ്രീരാമൻ വരുകയുണ്ടായില്ല.
കുഞ്ഞുലക്ഷ്മിയമ്മ അയച്ച വീട്ടുകാർ കുഞ്ഞിരാമന്റെ വീട്ടിലെത്തിയപ്പോഴാണറിഞ്ഞത്. കുഞ്ഞിരാമൻ അന്നാട്ടിലെ ഒരു മാപ്ലക്കുട്ട്യേം കൂട്ടി മടക്കത്തിൽ തന്നെ നാടുവിട്ടൂന്ന്. പോവുമ്പോൾ സീതാദേവിയുടെ ആഭരണങ്ങളും എടുത്തു കൊണ്ടുപോവാൻ മറന്നില്ലയാൾ എന്നും.
ഇതു കേട്ട കുഞ്ഞുലക്ഷ്മിയമ്മ കുഴഞ്ഞു വീണു കിടപ്പിലായി.
സീതാദേവി എന്നും മൂന്നു മണിയ്ക്ക് മുടി രണ്ടായി മെടഞ്ഞിട്ട് ഒരു തുമ്പു മുന്നോട്ടിട്ട് ചുണ്ടിൽ കള്ളച്ചിരിയുമായി കടത്തു കടവിലെത്തി, കടത്തു പൂട്ടുംവരെ കാത്തിരുന്നു മടങ്ങി.
ആദ്യമൊക്കെ മമ്മൂട്ടിക്കയും നാട്ടുകാരും അവളെ കാര്യം പറഞ്ഞു മനസ്സിലാക്കിയ്ക്കാൻ ശ്രമിച്ചു. പിന്നെപ്പിന്നെ അവളൊരു പരിഹാസപാത്രവും, നൊമ്പരവുമായി കിനാശ്ശേരി മനസ്സിൽ നിറഞ്ഞു.
മുടി കൊഴിഞ്ഞിട്ടും, നര വീണിട്ടും, അവളെന്നും മൂന്നു മണിക്ക് ഉള്ള മുടി രണ്ടായിപ്പകുത്ത് മെടഞ്ഞ് ഒന്നു മുന്നിലേക്കിട്ട് കടത്തു കടവിലെത്തി. പുഴയുടെ അക്കരേക്കുറ്റുനോക്കി.......
#kinasserikkalam