"ശരീരം" "മനസ്സ്" "മനസ്സും ശരീരവും" ഇതു മൂന്നും കൂടുന്നതാണ് ഞാൻ എന്ന് ഇടയ്ക്കിടെ തിരിച്ചറിയാറുണ്ട്. ഇവ മൂന്നും കൂടി അപൂർവമായെ agree ചെയ്യാറുള്ളൂ, മിക്കപ്പോഴും, disagreements, bargains, debates, conflicts ഒക്കെയാണ്. ഇതൊക്കെ ഉള്ളിൽ നടക്കുന്നതുകൊണ്ട് പുറമേ നിന്ന് നോക്കിയാൽ ഒന്നും മനസ്സിലാവില്ല. എങ്കിലും ഇതൊക്കെ പുറമേ നടക്കുന്ന മാതിരി, കഴിയുമ്പോൾ "ക്ഷീണം" "തലവേദന" "തളർച്ച" "സന്തോഷം" "തൃപ്തി" "ജയം" ഒക്കെ തോന്നാറുണ്ട്.
ശരീരവും മനസ്സും കൂടി അപൂർവമായിട്ടെ യോജിച്ചു സ്നേഹത്തോടെ പ്രവർത്തിക്കാറുള്ളു. . .
മിക്കപ്പോഴും മനസ്സ് പോകുന്നിടത്ത് ശരീരവും
ശരീരം പോകുന്നിടത്ത് മനസ്സും പോകാറില്ല. സ്വന്തമായി തീരുമാനമെടുക്കാൻ കഴിവില്ലായിരുന്ന കാലത്ത്,
അനുസരിച്ചു കൊണ്ടിരുന്ന കാലത്ത്,
ശരി തെറ്റ് വൈകി മനസ്സിലായിരുന്ന കാലത്ത് ശരീരത്തെ ആയിരുന്നു അനുസരിച്ചു കൊണ്ടിരുന്നത്.
അമ്മയുടെ കൂടെ . . .
അച്ഛന്റെ കൂടെ. . .
ഭർത്താവിന്റെ കൂടെ . . .
മക്കളുടെ കൂടെ. . .
കൂട്ടുകാരുടെ കൂടെ . . .
അങ്ങനെ അങ്ങനെ എത്രയോ തവണ മനസ്സില്ലാതെ ശരീരം മാത്രം പോയിരിക്കുന്നു.
താമസിക്കാതെ മനസ്സിനെ ശ്രദ്ധിച്ചു തുടങ്ങി. മനസ്സ് പറഞ്ഞാൽ മാത്രം ശരീരത്തെ കൊണ്ടുപോകാൻ തുടങ്ങി. മുൻപ് പോയിരുന്നപ്പോഴൊക്കെ ചെയ്തത് പോലെ ശരീരത്തെ ഒതുക്കി നിർത്തേണ്ട സ്ഥലങ്ങളിൽ പോവാതെയായി. . .
ഇടം കിട്ടാത്തിടം ഒഴിവാക്കി. . .
ശരീരമായി മാത്രം കാണുന്ന ഇടങ്ങൾ ഒഴിവാക്കി . . .
ശരീരമില്ലാതെ മനസ്സിന് ഒറ്റയ്ക്ക് പോകാൻ കഴിയില്ലല്ലോ. . . അരൂപിയായി പോകാൻ കഴിഞ്ഞിരുന്നെങ്കിൽ. . .
മനസ്സും ശരീരവുമായി യോജിച്ചു പോകുന്ന ഇടങ്ങൾ ഉണ്ട്. നമ്മുടേതായിട്ടുള്ള ഇടങ്ങൾ. അങ്ങനെയുള്ള ഇടങ്ങളിൽ ആയിരിക്കുന്ന വ്യക്തികളെ കണ്ടാൽ മനസ്സിലാകും. പൂത്തുലഞ്ഞ പോലിരിക്കും.