Image

നാഗാലാൻഡ് - സ്വര്‍ഗ്ഗം താണിറങ്ങിയ മലമടക്കുകൾ ( പി. ടി. പൗലോസ്)

Published on 26 April, 2023
നാഗാലാൻഡ് - സ്വര്‍ഗ്ഗം താണിറങ്ങിയ മലമടക്കുകൾ ( പി. ടി. പൗലോസ്)

നാഗാലാൻഡ് സുന്ദരിയാണ്. മാനം മുട്ടുന്ന കൊടുമുടികളും പച്ചപ്പ്‌  പുതച്ചു മനം കവരുന്ന മലകളും മലഞ്ചെരുവുകളും തെളിഞ്ഞുയരുന്ന ഉദയസൂര്യന്റെ വർണ്ണവീചികളും അവളെ വശ്യസുന്ദരിയാക്കുന്നു. നൃത്തവും നിറങ്ങളും സംഗീതവും ഒരു ഉത്സവലഹരിയായി സന്ദർശകരുടെ ആത്മാവിലേക്ക് അലിഞ്ഞിറങ്ങുന്നു. സ്നേഹത്തിന്റെ ഗോസ്പൽ ഗാനങ്ങൾ നാഗന്മാരുടെ പാരമ്പര്യ ഈണത്തിൽ മലമടക്കുകളിൽ വീശിയടിക്കുന്ന ശീതക്കാറ്റിൽ ലയിച്ച് മുളങ്കാടുകളിലൂടെ പ്രതിധ്വനിക്കുമ്പോൾ അത് പ്രകൃതിയുടെ സംഗീതമാകുന്നു. ഓരോ പോക്കുവരവുകാരുടെയും ഞരമ്പുകളിൽ കത്തിപ്പടരുന്നു ഉന്മാദത്തിന്റെ ലാസ്യലഹരി. അവരുടെ അന്തരാളങ്ങളിൽ കൊട്ടിക്കയറുന്നു അനുഭൂതികളുടെ തായമ്പക. സുന്ദരിയുടെ ആരെയും മയക്കുന്ന വശ്യതയാണ് നാഗാലാന്റിനെ 'കിഴക്കിന്റെ സ്വിറ്റസർലാൻഡ് ' ആക്കിയത് !  ആഘോഷങ്ങളുടെ നാടാക്കിയത് !!

2023 ഫെബ്രുവരി 2 രാവിലെ 10.55. കൊൽക്കത്തയിൽ നിന്നുള്ള ഇൻഡിഗോ വിമാനം ആസ്സാമിലെ ഡിബ്രുഗാര്‍ഹ് വിമാനത്താവളത്തിൽ എത്തിയപ്പോൾ എന്നെ കൂട്ടാൻ ഡോൺ ബോസ്കോ സ്കൂളിലെ സിസ്റ്റർ റെനി കാതറീനും ഡ്രൈവറും എത്തിയിരുന്നു. മൂന്നു മണിക്കൂർ കാർ യാത്രയ്‌ക്കൊടുവിൽ ഞങ്ങളെത്തി ആസാം - നാഗാലാൻഡ് അതിർത്തി പട്ടണമായ സൊണാരിയില്‍. സൊണാരി നാഗാ - കൊന്യാക്  ഗോത്രക്കാരുടെ നാടായ മോൺ ജില്ലയുടെ 'ഗേറ്റ് വേ ' എന്നറിയപ്പെടുന്നു. അവിടെ ഞങ്ങളെ കാത്തുനിന്ന ഡോൺബോസ്‌കോ സ്കൂൾ അഡ്‌മിനിസ്‌ട്രേറ്റർ ഫാദർ സാമിന്റെ സുമോ ജീപ്പിൽ ഞങ്ങൾ യാത്ര തുടർന്നു നാഗാലാന്റിലേക്ക് .  അതൊരു സാഹസിക യാത്രയായിരുന്നു. റോഡിൻറെ ഇരുവശത്തും അഗാധമായ ഗർത്തങ്ങൾ. പൊട്ടിത്തകർന്ന കുണ്ടും കുഴിയുമായ വഴിയിലൂടെ ജീപ്പ് ആടിയും ഉലഞ്ഞും ഉയരങ്ങളിലേക്ക്. ഞാൻ ഭൂമിയിൽ കണ്ട ഏറ്റവും സമർത്ഥനായ ഡ്രൈവറും കൂടെയായിരുന്നു പതിറ്റാണ്ടുകൾ നാഗാലാൻഡിൽ പ്രവർത്തിക്കുന്ന ഫാദർ സാം.

ആസ്സാമിൽ നിന്നും നാഗാലാന്റിലേക്ക് കടന്നതോടെ റോഡിൻറെ ദയനീയാവസ്ഥ കണ്ടുതുടങ്ങി. നാഗന്മാരുടെ ഗോത്രജീവിതത്തിൽ സഞ്ചാര യോഗ്യമായ നല്ല റോഡുകൾക്ക് പ്രസക്തിയില്ല. കൊഹിമ തലസ്ഥാനമായ നാഗാലാൻഡ് മ്യാന്മറും ഇന്ത്യൻ സംസ്ഥാനങ്ങളായ ആസ്സാമും അരുണാചൽ പ്രദേശും മണിപ്പൂരും അതിർത്തി പങ്കിടുന്നു. നാഗാലാൻഡ് ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നായിട്ട് 60 വർഷം കഴിഞ്ഞെങ്കിലും നാഗന്മാരുടെ സംസ്കാരവും ജീവിതരീതിയും മറന്ന് ഇന്ത്യൻ ഭരണഘടനയോട്‌ യോജിക്കാൻ അവർ തയ്യാറല്ല. അവർക്കു വേണ്ടത് അവരുടെ ഗോത്രജീവിതം നിലനിർത്തിക്കൊണ്ടുള്ള സ്വയംഭരണാവകാശമാണ്. ആ പ്രതിസന്ധി ഇന്നും തുടരുന്നു. എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെയായിരുന്നു 2021 ല്‍ കൽക്കരിഖനിയിൽ ജോലി കഴിഞ്ഞുപോയ 14 നിർദോഷികളായ നാഗാ പൗരന്മാരെ ഇന്ത്യൻ പട്ടാളത്തിന്റെ 21 പാരാ സ്പെഷ്യൽ ഫോഴ്‌സ് വെടിവച്ചു കൊന്നത്. തെറ്റുകാരായ പട്ടാളക്കാർക്ക് എതിരായി നടപടി എടുക്കണമെന്നും 1958 ലെ  ആംഡ് ഫോഴ്‌സ് സ്പെഷ്യൽ പവർ ആക്ട് എടുത്തുകളയണമെന്നും അവർ ആവശ്യപ്പെടുന്നു. ഒട്ടനേകം  ഗോത്രങ്ങളും  ഉപഗോത്രങ്ങളുമുണ്ട് നാഗാലാൻഡിൽ. അതിൽ പ്രധാനപ്പെട്ടവ 16 .  അവയിൽ ജനസംഖ്യാനുസൃതമായി വലിയ വിഭാഗവും ധൈര്യശാലികളുമാണ് 'കൊന്യാക് ' ഗോത്രക്കാർ. അവർ കൂടുതലും മോൺ ജില്ലയിൽ ആണ്. നാല് മണിക്കൂർ സാഹസിക്കയാത്രക്ക് ശേഷം രാത്രി വൈകി ഞങ്ങളെത്തി കൊന്യാക് കളുടെ നാട്ടിൽ മോൺ സിറ്റിയിൽ.

പിറ്റേദിവസം ഞങ്ങളുടെ യാത്ര മോൺ വില്ലേജിലൂടെ ആയിരുന്നു. പാരമ്പര്യ ഗോത്രത്തലവനെ ആംഗ് (രാജാവ് ) എന്നാണ്  അറിയപ്പെടുന്നത്. ഓരോ ഗോത്രത്തിനും പ്രത്യേകം ആംഗുകൾ ഉണ്ട്. അവരുടെ കുടുംബവും ജീവിതരീതികളും ഇന്നും പാരമ്പര്യമായി നിലനിർത്തി സംരക്ഷിച്ചുപോരുന്നു. കൊന്യാക്  കള്‍ ശത്രുതയുള്ള ഗോത്രക്കാരുമായി ഏറ്റുമുട്ടുമ്പോൾ അവരുടെ ശക്തി തെളിയിക്കുന്നത് എതിരാളികളുടെ തലകൾ അറുത്തായിരുന്നു .  അങ്ങനെ അറുത്ത തലകൾ സ്വന്തം ഗ്രാമത്തിൽ കൊണ്ടുവന്നു കുഴിച്ചിട്ട് അതിനു മുകളിൽ ശിലകൾ കുത്തിനിർത്തി അവരുടെ കഴിവുകൾ തെളിയിക്കുമായിരുന്നു. അങ്ങനെയുള്ള സ്മാരകശിലകൾ ഇന്നും മോൺ വില്ലേജിൽ പലയിടങ്ങളിലായി കാണാം. ഓരോ തലവേട്ടക്കാരനും അവർ അണിയുന്ന മാലയിൽ എത്ര തലകൾ അറുത്തുവോ അത്രയും തലകളുടെ രൂപം ധീരതയുടെയും പൗരുഷത്തിന്റെയും പ്രതീകമായി ഉണ്ടാകും. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ക്രിസ്തുമതത്തിന്റെ വരവോടെ ഈ പാരമ്പര്യ രീതിക്ക് മാറ്റം വന്നു. 1962 മുതൽ ഹെഡ് ഹണ്ടിങ് പൂർണ്ണമായും നിർത്തലാക്കി.

ആംഗുകൾ എന്നറിയപ്പെടുന്ന ഗോത്രത്തലവന്മാർക്ക് എത്ര വേണമെങ്കിലും വിവാഹം ചെയ്യാം.
രാജാവിൻറെ (ആംഗ് ) കിടപ്പുമുറി ഒരു ഹാളിൽ ഒരുക്കിയ കത്തിയെരിയുന്ന നെരിപ്പോടിന്റെ അരികിൽ ആയിരിക്കും. നെരിപ്പോടിന്റെ മുകൾത്തട്ടിൽ വേട്ടയാടിക്കിട്ടുന്ന മൃഗങ്ങളുടെ മാംസവും ഉണക്കിയെടുക്കും. വിവാഹത്തിന്റെ എണ്ണം കൂടുമ്പോൾ നെരിപ്പോടുകളുടെ എണ്ണവും വർദ്ധിക്കും .  ആംഗുകളുടെ ആദ്യരാത്രികളുടെ ഓർമ്മയായി അവ ഇന്നും സംരക്ഷിച്ചു പോരുന്നു. മോൺ വില്ലേജിലെ മരിച്ചുപോയ യാങ്‌പോങ് രാജാവിന്റെ വിധവയായ രാജ്ഞി ലിഖായി യുമായി നടത്തിയ ഹൃസ്വ സംഭാഷണത്തിൽ അവരുടെ ദുരിതപൂർണ്ണമായ ഏകാന്ത ജീവിതത്തെക്കുറിച് വേദനയോടെ വിവരിച്ചത് കേൾക്കാൻ കഴിഞ്ഞു. യുദ്ധവീരന്മാരുടെയും നാഗനേതാക്കളുടെയും ഗോത്രപാരമ്പര്യം അവകാശപ്പെടുന്ന ലിഖായി ആംഗിയ ഇന്ന് ഇല്ലായ്മയുടേയും ഏകാന്തതയുടെയും തടവറയിലാണ്. 

2022 ലെ കണക്കനുസരിച്ച് 22 ലക്ഷത്തോളം വരുന്ന നാഗാലാൻഡിലെ ജനസംഖ്യയിൽ 87 ശതമാനം ക്രിസ്ത്യാനികളും എട്ടര ശതമാനം ഹിന്ദുക്കളും രണ്ടര ശതമാനം മുസ്ലിങ്ങളും രണ്ടു ശതമാനം ബുദ്ധമതക്കാരും മറ്റുവിഭാഗങ്ങളുമാണ്. ക്രിസ്തുമതത്തിന്റെ വരവിനുശേഷം സാക്ഷരത 80 ശതമാനത്തിലേക്കുയർന്നു. 71 ശതമാനം ആളുകളും അവിടെ കൃഷികൊണ്ട് ഉപജീവനം നടത്തുന്നു. നെൽകൃഷി ആണ് കൂടുതൽ. സംസ്ഥാനത്തിന്റെ മുഖ്യ വരുമാനം  ടൂറിസം ആണെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ അസ്ഥിരത ടൂറിസത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്  ആയിട്ടുള്ള ഇന്ത്യയിലെ ഒരേഒരു സംസ്ഥാനം നാഗാലാൻഡ് ആണ്. അവരുടെ തനതായ ഭാഷ 'നാഗാമിസ്'. ആസാമീസും ബംഗാളിയും നാട്ടുഭാഷകളും കൂടിയുള്ള ഒരു സങ്കരഭാഷയാണ് നാഗാമീസ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സഞ്ചരിക്കുന്നതുപോലെ നാഗാലാൻഡിൽ പ്രവേശിക്കുവാൻ പറ്റില്ല. ഇന്നർ ലൈൻ പെർമിറ്റ് എടുക്കേണ്ടിവരും. നാഗാലാൻഡിൽ സ്ഥിരതാമസക്കാരായ ഗോത്ര സമൂഹത്തിനല്ലാതെ പുറമെ നിന്ന് വരുന്നവർക്ക് അവിടെ സ്ഥലം വാങ്ങാൻ ഇന്ത്യൻ ഭരണഘടനയുടെ 371A വകുപ്പ് അനുവദിക്കുന്നില്ല. ഇൻകം ടാക്സ് ആക്ട് 1961 സെക്ഷൻ 10(26) അനുസരിച്ച് അവരെ ഇൻകം ടാക്സില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അവർ പലയിനം പച്ചക്കറികൾ, മീൻ, മാംസം എല്ലാം കഴിക്കുമെങ്കിലും  പ്രധാന ഭക്ഷണം ചോറ് തന്നെ. പന്നി മാംസം ആണ് കൂടുതൽ കഴിക്കുന്നത്. ബീഫ്, കോഴി, പലയിനം ഉണങ്ങിയതും ജീവനുള്ളതുമായ പുഴുക്കൾ എന്നിവയും മാർക്കറ്റിൽ സുലഭമാണ്. എങ്കിലും അതിഥികൾക്കൊക്കെ വിളമ്പുന്ന രുചികരമായ മാംസം 'ബുഷ് മീറ്റ് ' എന്നറിയപ്പെടുന്ന പട്ടിയിറച്ചി തന്നെ. പട്ടിയിറച്ചിയുടെ വില്പന നാഗാലാൻഡിൽ യൂണിയൻ ഗവണ്മെന്റ് നിരോധിച്ചിട്ടുണ്ടെങ്കിലും ദിമാപൂരിലെ  ബുധനാഴ്ച ചന്തകളിൽ ജീവനുള്ളതും അല്ലാത്തതുമായ 'ഡോഗ് മീറ്റ് ' ലഭ്യമാണ്. നാഗാലാന്റിന്റെ തനതായ സംസ്കാരത്തിൽ ഇന്ത്യ ഗവണ്മെന്റ് ഇടപെടേണ്ട കാര്യമില്ല എന്നാണ് നാഗന്മാരുടെ വാദം.

അടുത്തദിനം  ഞാനുൾപ്പടെ ഡോൺബോസ്‌കോ സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ജോൺ കിക്കോൺ, സാവിയോ, ഫാദർ അലയീ, സിസ്റ്റർ റെനി കാതറിൻ എന്നിവർ ഒരു ചെറിയ സംഘം  ആയി പോയത് ലോംഗ്വ (Longwa)   ട്രൈബൽ വില്ലേജിലേക്കാണ്. മനോഹരമായ ടാംഗ്ന്യു പർവ്വതനിരകളുടെ താഴ്‌വാരത്തിലൂടെ പൊട്ടിപ്പൊളിഞ്ഞു സഞ്ചാരയോഗ്യമല്ലാത്ത വഴിയിലൂടെ ആയിരുന്നു മ്യാന്മർ അതിർത്തിയിലേക്കുള്ള യാത്ര. മണിക്കൂറുകൾക്കു ശേഷം ഞങ്ങൾ ഇന്ത്യയിലും മ്യാന്മറിലും (ബർമ്മ) ആയി വ്യാപിച്ചുകിടക്കുന്ന ലോംഗ്വ വില്ലേജിൽ എത്തി. ഇപ്പോഴത്തെ രാജാവ് (ആംഗ്) ടോന്‍യി കൊന്യാക് ന്റെ കൊട്ടാരം (വസതി) ഇന്ത്യയുടേയും മ്യാൻമറിന്റേയും അന്തർദേശീയ അതിർത്തിരേഖയിലാണ്. അതായത് കിടപ്പുമുറി ഇന്ത്യയിലും സ്വീകരണമുറി മ്യാന്മറിലും .  അദ്ദേഹത്തിന്റെ കീഴിൽ മുപ്പതു വില്ലേജുകൾ മ്യാൻമർ ഭാഗത്തും അഞ്ച് വില്ലേജുകൾ ഇന്ത്യൻ ഭാഗമായ നാഗാലാന്റിലും ആണ്. ലോംഗ്വ വില്ലേജിലെ ജനങ്ങൾ ഇന്ത്യ - മ്യാൻമർ ഇരട്ട പൗരത്വമുള്ളവരാണ്. ഇപ്പോഴത്തെ രാജാവിന് രണ്ടു ഭാര്യമാരും ഒൻപതു കുട്ടികളും ഉണ്ട്. അര മണിക്കൂറിലേറെ സംസാരിക്കാൻ രാജാവ് ഞങ്ങൾക്ക് അവസരം നൽകി. രാജാവ് പറഞ്ഞു. എത്ര വേണമെങ്കിലും വിവാഹം കഴിക്കാം, എത്ര വേണമെങ്കിലും കുട്ടികൾ ഉണ്ടാകാം. അതെല്ലാം വ്യക്തിപരമായ ബാദ്ധ്യതകളാണ്. രണ്ടു ഗവണ്മെന്റ് കളിൽ നിന്നും ഒരു സഹായവും ലഭിക്കുന്നില്ല. പാരമ്പര്യമായി ലഭിച്ച ആടയാഭരണങ്ങൾ വിശേഷ ദിവസങ്ങളിൽ ധരിച്ച് സ്വയം രാജാവായി സംതൃപ്തിയടയുന്ന ആംഗ് ടോന്‍യി കൊന്യാക് തന്റെ ദുരിതജീവിതത്തിന്റെ ഭാണ്ഡക്കെട്ട് ഞങ്ങളുടെ മുൻപിൽ അഴിച്ചപ്പോൾ ഞങ്ങളിലും നേരിയ വേദനയുണ്ടായി. ഞങ്ങളുടെ സന്തോഷം എന്നു പറഞ്ഞ് ഒരു ചെറിയ പാരിതോഷികം സിസ്റ്റർ റെനിയിലൂടെ രാജ്ഞിക്കു കൊടുത്തപ്പോൾ ആദരവിന്റെയും സന്തോഷത്തിന്റെയും സമ്മിശ്ര വികാരം അവരുടെ കണ്ണുകളിലൂടെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. ഇന്ത്യയും ബർമ്മയും അതിർത്തി പങ്കിടുന്ന രാജാവിന്റെ കൊട്ടാരപൂമുഖത്ത് രാജാവും രാജ്ഞിയും പാരമ്പര്യ വേഷം ധരിച്ച് ഞങ്ങളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു. വീണ്ടും വരാമെന്ന ഉറപ്പോടെ ഞങ്ങൾ യാത്ര പറഞ്ഞപ്പോൾ സന്ധ്യ മയങ്ങി തണുപ്പ് വീണിരുന്നു. സന്ദർശനം സഫലമായി എന്ന സംതൃപ്തിയോടെ ഞങ്ങൾ മലയിറങ്ങി. 
#Nagaland article

Join WhatsApp News
Harinath 2023-05-01 10:09:10
നല്ല വിവരണം ! ഒരിക്കലും പോയിട്ടില്ലാത്ത ഒരിടത്തു പോയി വന്ന പോലെ ! നന്ദി പൗലോസ്‌ സർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക