Image

മണ്ണും മനുഷ്യനും (തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 29 April, 2023
മണ്ണും മനുഷ്യനും (തൊടുപുഴ കെ ശങ്കർ മുംബൈ)

"മണ്ണേ, അതെന്തു വില കൊടുത്താണേലും
കണ്ണാണെ നിന്നെ ഞാൻ സ്വന്തമാക്കും!
കണ്ണിനും കണ്ണായ കണ്ണുപോലെൻ കണ്ണി-
ലുണ്ണിപോൽ നിന്നെഞാൻ നോക്കുമെന്നും!"

സ്വന്തമായിത്തിരി മണ്ണില്ലെന്നുള്ളൊരാ 
സന്താപം സന്തതം പേറുവോൻ ഞാൻ!
ഇത്തിരി മണ്ണെന്റെ സ്വന്തമായ് നേടുവാൻ 
ഒത്തിരി നാളായ് കൊതിച്ചിരുപ്പൂ!

മണ്ണിൻ മുകളിൽ നാം കാണ്മതെല്ലാം മണ്ണിൻ
വർണ്ണിപ്പാനാവാത്ത വൈവിദ്ധ്യങ്ങൾ!
ജീവചൈതന്യമേ വിട്ടു പോം വസ്തുക്കൾ 
ജീർണ്ണിച്ചാൽ മണ്ണിൽ ലയിച്ചു ചേരും!

മണ്ണിൽ നിന്നല്ലോ തുടങ്ങുന്നു സർവ്വവും 
മണ്ണിലൊടുങ്ങുന്നൂ ഭേദമെന്യേ!
ഒന്നും സ്മരിക്കാതെ മാനവൻ മണ്ണിനായ് 
എന്നും വഴക്കടിക്കുന്നു തമ്മിൽ!

സമ്പാദ്യ മെത്രയുണ്ടേലുമൊരിത്തിരി 
സമ്പാദ്യ മെന്നോതാൻ മണ്ണു മാത്രം!
മണ്ണിനും കണ്ണഞ്ചും പൊന്നിനും, കൂടാതെ 
പെണ്ണിനുമല്ലോ കലഹമെല്ലാം!

സ്വന്തമായ് മണ്ണില്ലാതെത്രയോ മാനവർ 
സന്തപിക്കുന്നീ കലിയുഗത്തിൽ!
മണ്ണുണ്ടെന്നാലല്ലോ ഭക്ഷിപ്പാനേവർക്കും
ധാന്യവും മറ്റും ലഭിക്കുകയുള്ളൂ!

മണ്ണിൻ മഹത്വങ്ങ ളെത്രയുണ്ടാർക്കുമേ 
വർണ്ണിപ്പാനാവില്ല വാസ്തവത്തിൽ!
പഞ്ച ഭൂതങ്ങളിലൊന്നതു പാരിതു
പഞ്ജരം താനെല്ലാ ജീവികൾക്കും!

മണ്ണിൽ നിന്നല്ലോ ലഭിപ്പതു സർവ്വവും
മണ്ണു താൻ നാം കാണുമെല്ലാത്തിലും!
പൂക്കളും പച്ചക്കറികൾ പഴങ്ങളും 
പക്ഷി മൃഗാദികൾ മാനവനും!

"മണ്ണേ, അതെന്തു വില കൊടുത്താണേലും
കണ്ണാണെ നിന്നെ ഞാൻ സ്വന്തമാക്കും!
കണ്ണിലും കണ്ണായ കണ്ണുപോലെൻ കണ്ണി-
ലുണ്ണിപോൽ നിന്നെ ഞാൻ  നോക്കുമെന്നും"!

മാനവൻ ചൊല്ലുന്നതത്രയും കേട്ടിട്ടു
മണ്ണു ചിരിച്ചു കൊണ്ടോതി മെല്ലെ:
"ഒന്നും കൊടുക്കാതെ മർത്ത്യാ, ഞാൻ നോക്കിക്കോ 
നിന്നെ ഒരു ദിനം സ്വന്തമാക്കും"!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക