ഒളിമ്പ്യന്‍ ഉഷ എന്ന 'പയ്യോളി എക്‌സ്പ്രസ്' ഇന്‍ഡ്യയുടെ അഭിമാന കായികതാരം ആണ്. ഇതിഹാസം ആണ്. ഉഷ ട്രാക്കില്‍ ഓടുവാനായി സ്റ്റാര്‍ട്ടിങ്ങ് ബ്ലോക്കില്‍ മുന്നോട്ടു കുതിക്കുവാനായി നില്‍ക്കുമ്പോള്‍ ഇന്‍ഡ്യ ഒന്നടങ്കം, മലയാളികള്‍ മാത്രമല്ല, വര്‍ദ്ധിച്ച നെഞ്ചിപ്പിടിപ്പോടെയും ചുണ്ടില്‍ പ്രാര്‍ത്ഥനയോടെയും അവരോടൊപ്പം ഉണ്ടായിരുന്നു. ഉഷ ഇപ്പോള്‍ ഒരു കൊടും വിവാദത്തിന്റെ നടുവിലാണ്. ലൈംഗീക പീഡനത്തിനെതിരെ റെസലിംങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ(ഡബ്‌ളിയൂ.എഫ്.ഐ.) അധ്യക്ഷന്‍ ബി.ജെ.പി. എം.പി. ബ്രിജ് ഭൂഷന്‍ സിംങ്ങിനെതിരെ നടപടിയും അറസ്റ്റും ആവശ്യപ്പെട്ടുകൊണ്ട് ദല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ 12 ദിവസത്തിലേറെയായി ധര്‍ണ്ണ നടത്തുന്ന 7 വനിത ഗുസ്തിക്കാര്‍ക്ക്, ഒരു പ്രായപൂര്‍ത്തിയാകാത്ത ബാലിക ഉള്‍പ്പെടെ 'അച്ചടക്കമില്ലെന്ന്' ഉഷ നടത്തിയ പ്രസ്താവനയാണ് ഉഷയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ലോകോത്തര ഗുസ്തിതാരങ്ങളുടെ മാത്രമല്ല ഇന്‍ഡ്യ എമ്പാടുമുള്ള കായിക സ്‌നേഹികളുടെയും പൊതുജനങ്ങളുടെയും പ്രതിഷേധം ഉഷക്ക് എതിരെ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു. ഉഷ ഒരു എം.പി.മാത്രമല്ല ഇന്‍ഡ്യന്‍ ഒളിംമ്പിക് അസോസിയേഷന്റെ അധ്യക്ഷയും ആണ്. അതും ഐ.ഓ.എ.യുടെ ചരിത്രത്തിലെ ആദ്യ വനിത അധ്യക്ഷയും. എന്നിട്ടും ഉഷയുടെ ഭാഗത്തുനിന്നും വനിത ഗുസ്തിതാരങ്ങളെ സാന്ത്വനപ്പെടുത്തുന്ന ഒര വാക്കുപോലും ഉണ്ടായില്ല.. ശരിയാണ് ഉഷ ബി.ജെ.പി. നോമിനേറ്റു ചെയ്ത രാജ്യസഭ അംഗമാണ്. ഉഷയെ ഒളിമ്പിക്ക് അസോസിയേഷന്റെ അധ്യക്ഷ ആയി നിയമിച്ചതും ബി.ജെ.പി. ഗവണ്‍മെന്റ് തന്നെയാണ്. നല്ലതുതന്നെ. അത് ഉഷയുടെ കായികമേഖലയിലെ നേട്ടം കൊണ്ടാണ്. എം.പി. ആയാലും ഒളിമ്പിക്ക് അസോസിയേഷന്റെ അധ്യക്ഷ ആയാലും ഉഷ ആദ്യാവസാനം ഒരു കായീകതാരം ആണ്. അത് മറന്നുകൊണ്ടാണ് ഉഷ ഗവണ്‍മെന്റ് വശത്തേക്ക് ചാഞ്ഞതെന്നാണ് ആരോപണം. ഗവണ്‍മെന്റ് പക്ഷം എന്നു പറഞ്ഞാല്‍ സംഘപരിവാര്‍ ലൈന്‍. ഉഷയുടെ പ്രസ്താവനയെ തുടര്‍ന്ന് ഒട്ടേറെ കായകതാരങ്ങളും രാഷ്ട്രീയ നേതാക്കന്മാരും ഉഷയെ എതിര്‍്ത്തു വിമര്‍ശിച്ചുകൊണ്ടും ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും രംഗത്തുവന്നു. ഇതില്‍ കപില്‍ദേവ്, നീരജ് ചോപ്ര, സാനിയ മിര്‍സ എന്നിവരും ഉള്‍പ്പെടുന്നു. രാഷ്ട്രീയക്കാരില്‍ ബംഗാള്‍, ദല്‍ഹി മുഖ്യമന്ത്രിമാരായ മമതബാനര്‍ജിയും അരവിന്ദ് കേജരിവാളും ഉള്‍പ്പെടുന്നു. ഇതു കൂടാതെ എല്ലാ പ്രതിപക്ഷകക്ഷികളും വനിത ഗുസ്തി കായികതാരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ഉഷയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടും രംഗത്തു വന്നു. ഒടുവില്‍ പ്രതിഷേധത്തിന്റെ കുത്തൊഴുക്ക് സഹിക്കാതെ ആയപ്പോള്‍ ഉഷ വനിത ഗുസ്തിതാരങ്ങളെ ജന്തര്‍മന്ദിറില്‍ എത്തി ഏതാനും മിനിട്ടു നേരത്തേക്ക് സന്ദര്‍ശിക്കുകയുണ്ടായി. അവിടെയും പൊതുജന പ്രതിഷേധം ആണ് ഉഷയെ എതിരേറ്റത്. പ്രതിഷേധക്കാര്‍ ഉഷയുടെ കാര്‍ തടഞ്ഞു. ഒടുവില്‍ ഉഷ അവിടെ നിന്നും രക്ഷപ്പെട്ടുപോയി. അവസാനം വനിതാതാരങ്ങള്‍, സുപ്രീംകോടതിയില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു ദല്‍ഹി പോലീസ് രണ്ട് എഫ്.ഐ.ആറുകള്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരെ ഫയല്‍ ചെയ്തു. ഇതില്‍ ഒരു എഫ്‌ഐ.ആര്‍. പോസ്‌കോ പ്രകാരം ആണ്. അതായത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമം അനുസരിച്ച്. ഇതുവരെ ബ്രജ്ഭുഷന്‍ സിംങ്ങിനെ അറസ്റ്റു ചെയ്തിട്ടില്ല. അദ്ദേഹം കടുത്ത നിലപാടിലാണ്. പിന്നോട്ടില്ല, തള്ളിയും വയ്ക്കുകയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഗവണ്‍മെന്റും ബി.ജെ.പി.യും അദ്ദേഹത്തിന്റെ പിന്നില്‍ ശക്തമായിട്ടുണ്ട്. ഒളിമ്പിക്‌സ്, കോമണ്‍ വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നീ ശ്രേഷ്ഠ കായികമത്സരങ്ങളില്‍ ഇന്‍ഡ്യക്കുവേണ്ടി മെഡല്‍ നേടിയിട്ടുള്ള ഗുസ്തി താരങ്ങളും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇവര്‍ പറയുന്നത് മെഡലുകള്‍ മടക്കി കൊടുക്കുമെന്നാണ്. പോലീസ് എ.ഐ.ആര്‍ ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് സുപ്രീംകോടതി കേസ് ക്ലോസ് ചെയ്തതിനെ തുടര്‍ന്ന് കായികതാരങ്ങള്‍ പറഞ്ഞത് അവരുടെ സമരം തുടരുമെന്നാണ്. അവര്‍ ബ്രിജ്ഭൂഷന്‍ സിംങ്ങിന്റെ അറസ്റ്റുവരെ ജന്തര്‍മന്ദിറില്‍ സമരം ചെയ്യുമെന്ന ഉറച്ചനിലപാടിലാണ്. ഉഷയുടെ വിമര്‍ശനം യാതൊരു കഴമ്പും ഇല്ലാത്തതാണ്. കായീകതാരങ്ങളുടെ പ്രതിഷേധം, അതും തെരുവില്‍ ഇന്‍ഡ്യയുടെ പ്രതിഛായക്ക് മങ്ങലേല്‍പിച്ചു എന്നാണ് ഒരു ആരോപണം. വനിത കായീകതാരങ്ങളെ ലൈംഗീകമായി പീഢിപ്പിക്കുന്നതാണോ അതോ അതിനെതിരായി ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുന്നതാണോ ഇന്‍ഡ്യയുടെ പ്രതിഛായക്ക് മങ്ങലേല്‍പിക്കുന്നത്? ഉഷ പറയണം. ഉഷ ഏത് യജമാനന്മാര്‍ക്ക് വേണ്ടിയാണ് ശബ്ദിക്കുന്നത്? വിഷയം തെരിവിലേക്ക് വലിച്ചിഴക്കാതെ വനിതാ കായീകതാരങ്ങള്‍ അത് ഒളിമ്പിക്ക് അസോസിയേഷന്റെ അതിലറ്റിക്ക് കമ്മീഷന്‍ മുമ്പാകെ ഉന്നയിക്കണമായിരുന്നു എന്നും ആണ് ഉഷയുടെ പരിഹാര നിര്‍്‌ദ്ദേശം. ബോക്‌സര്‍ കെ.സി. മേരികോമിന്റെ നേതൃത്വത്തിലുള്ള ഈ കമ്മീഷന്റെ റിപ്പോര്‍ട്ടിന് എന്തുസംഭവിച്ചു എന്നും ഉഷ പറയണം. ഇതെല്ലാം വെറും ചുവപ്പുനാടയുടെ നൂലാമാലയാണ്. വനിത ഗുസ്തിതാരങ്ങള്‍ എ്ത് അച്ചടക്കം പാലിക്കണം എന്നാണ് ഒരു സ്ത്രീയായ ഉഷ പറയുന്നത്? ഒരു ലൈംഗീകാക്രമിയുടെ മുമ്പില്‍ കയ്യും കെട്ടി നിശബ്ദമായി നില്‍ക്കണമോ? പക്ഷേ ഉഷയുടെ മുമ്പിലും ബ്രിജ്ഭൂഷണ്‍ സിംങ്ങിന്റെ അക്രമങ്ങള്‍ക്കു മുമ്പിലും ബജറംഗി പൂനിയ, വിനേഷ് പോഗട്ട്, സാക്ഷി മാലിക്ക് എന്ന ലോകപ്രശസ്തരായ ഗുസ്തിതാരങ്ങളുടെ നേതൃത്വത്തിലുള്ള വനിതതാരങ്ങള്‍ മുട്ടുമടക്കുന്ന ലക്ഷണമില്ല. അവരെ നിശബ്ദരാക്കുവാനോ അച്ചടക്കം പഠിപ്പിക്കുവാനോ ഇവര്‍ക്കൊന്നും കഴിയുകയുമില്ല. കാരണം അവരൊക്കെ കടുത്ത അച്ചടക്കമുള്ള പരിശീലനത്തിലൂടെയും കര്‍ക്കശമായ ശിക്ഷണത്തിലൂടെയും ആണ് വിജയികളുടെ പോഡിയത്തിലെത്തി ഇന്‍ഡ്യയുടെ ദേശീയപതാക പറപ്പിച്ചുകൊണ്ട് ത്രിവര്‍ണ്ണപതാക ഉയര്‍ത്തിയത്. ഇവരെ ഉഷ സംഘപരിവാറിന്റെ തീവ്രദേശീയത- ദേശസ്‌നേഹം ഒന്നും പഠിപ്പിക്കേണ്ടതില്ല. ഉഷയും ഇതേ വഴിതന്നെ കടന്നുവന്നതാണ്. ഇന്‍ഡ്യയുടെ കായികമേഖലയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനും ഇവര്‍ക്ക് ഉത്തരവാദിത്വം ഉണ്ടെന്നാണ് ഉഷ ഗുണദോഷിക്കുന്നത്. ഒരു ലൈംഗീകാതിക്രമിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുന്നതാണോ ഇന്‍ഡ്യയുടെ കായിക മേഖലയുടെ മഹത്തായ താല്‍പര്യം, ഉഷ? ഉഷ ട്രാക്ക് തെറ്റിച്ചാണ് ഓടുന്നത്. 1984ല്‍ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ഉഷയ്ക്ക് ആയിരത്തില്‍ ഒന്നു സെക്കറ്റിന്റെ വ്യത്യാസത്തില്‍ നാനൂറു മീറ്റര്‍ ഹര്‍ഡില്‍സില്‍ മെഡല്‍ നഷ്ടപ്പെട്ടപ്പോള്‍ ഉഷയോടൊപ്പം ദുഃഖിക്കുകയും എന്നാല്‍ അഭിമാനിക്കുകയും ചെയ്ത ഒരു രാജ്യത്തെ കായീക പ്രേമികളെയും താരങ്ങളെയും ഈ ലോകോത്തര താരം അധിക്ഷേപിക്കരുത്. ബ്രിജ് ഭൂഷന്‍സിംങ്ങ് ആറു പ്രാവശ്യം എം.പി.ആയ ബി.ജെ.പി.യുടെ പ്രബലനായ നേതാവാണെന്ന കാര്യം സ്മരിക്കുന്നു. വളരെ സ്വാധീനമുള്ള ഇദ്ദേഹത്തിന്റെ മദ്യമാഫിയ ബന്ധങ്ങളും പ്രസിദ്ധമാണ്. ഇദ്ദേഹത്തിന് രാഷ്ട്രീയത്തിലുള്ള സ്വാധീനത്തിന് തെളിവാണ് കഴിഞ്ഞ 10 വര്‍ഷമായി ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷന്‍ ആയിരുന്നുവെന്നത്. തീവ്രഹിന്ദുത്വവാദിയായ ബ്രിജ്ഭൂഷന്‍ ബാബരി മസ്ജിദ് ഭേദനകേസിലെ ഒരു പ്രതിയായിരുന്നു. മാഫിയ ഡോണ്‍ ദാവൂദ് ഇബ്രാഹിമ്മുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇദ്ദേ ഭീകരവിരുദ്ധ നിയമമായ 'റ്റാഡ'യില്‍ ഉള്‍പ്പെട്ടിരുന്നു. എങ്കിലും ബി.ജെ.പി.ക്ക് ഈ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ ഈ അതികായകനെവേണം. അദ്ദേഹത്തിന്‍ ബി.ജെ.പി.യെയും അതുപോലെതന്നെ വേണം. ഒളിമ്പിക്ക് അസോസിയേഷന്റെ അദ്ധ്യക്ഷ എന്ന നിലയില്‍ ഉഷ വിവിധ കായിക ബോഡികൡ വനിത കായീക താരങ്ങളുടെ ഉറപ്പു വരുത്തുവാനായിട്ടുള്ള കര്‍ശനമായ നിയന്ത്രണവും അച്ചടക്കവും ഏര്‍പ്പെടുത്തുകയാണു വേണ്ടത്. ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന വനിത കായിക താരങ്ങളെ അച്ചടക്കത്തിന്റെയും ദേശത്തിന്റെ പ്രതിഛായയുടെയും പേരില്‍ നിശബ്ദരാക്കുവാന്‍ ശ്രമിക്കുകയല്ല വേണ്ടത്. പ്രതിഷേധവും പ്രകടനങ്ങളും ജനാധിപത്യത്തിന്റെ അവിഭാജ്യഘടകം ആണെന്നും ഉഷ മനസിലാക്കണം. ഈ ഉഷ തന്നെ അല്ലേ ഉഷ സ്‌ക്കൂള്‍ ഓഫ് സോവ്ട്‌സിന്റെ സ്ഥലം അനധികൃതമായി കയ്യേറിയവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്? ഇതു ചോദിച്ചത് ധര്‍ണ്ണയിരിക്കുന്ന വനതി ഗുസ്തിക്കാരാണ്.