Image

കൂനമ്പാറക്കവല (നോവല്‍- അധ്യായം 1: തമ്പി ആന്റണി)

Published on 09 May, 2023
കൂനമ്പാറക്കവല (നോവല്‍- അധ്യായം 1: തമ്പി ആന്റണി)

കൂനമ്പാറ

    'പീരുമേട്' എന്ന മലയോരപ്രദേശത്തെ, അത്ര അറിയപ്പെടാത്തൊരു പട്ടണമാണ് കൂനമ്പാറ. അഞ്ചുരുളിപ്പഞ്ചായത്തിലെ അഞ്ചു പട്ടണങ്ങളിലൊരെണ്ണം. 
    
ദൂരെനിന്നു നോക്കിയാല്‍, മഞ്ഞിന്‍പാളികള്‍ ഒഴുകിനടക്കുന്ന താഴ്‌വാരം. താഴ്‌വാരത്തുകൂടിയൊഴുകുന്ന അഞ്ചുരുളിപ്പുഴ. മലമടക്കുകളിലൂടെ ആര്‍ത്തുല്ലസിച്ചുവരുന്ന നീര്‍ച്ചോലകള്‍. അവയെല്ലാം സംഗമിക്കുന്ന മുല്ലപ്പുഴ. 
    അങ്ങനെ നീണ്ടുനിവര്‍ന്നൊഴുകുന്ന പുഴയും കുന്നിന്‍പുറങ്ങളില്‍ നിരനിരയായി വെട്ടിനിര്‍ത്തിയ തേയിലത്തോട്ടങ്ങളുമായി, ആകര്‍ഷകമായ ഭൂപ്രദേശം.
    
ഒരുപാടു കഥകളും കെട്ടുകഥകളും ചരിത്രവുമുറങ്ങിക്കിടക്കുന്ന, ആരാലും ശ്രദ്ധിക്കപ്പെടാതെകിടന്ന ആ ഭൂപ്രദേശം വിനോദസഞ്ചാരികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളു. അതോടുകൂടിയാണ്, അവിടെനിന്നു കുട്ടിക്കാനംവരെയുള്ള സ്ഥലങ്ങളിലും പ്രധാനപാതയായ കെ കെ റോഡിന്റെ ഇരുവശങ്ങളിലും കൊച്ചുകൊച്ചു റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പൊട്ടിമുളച്ചത്. ഇപ്പോള്‍ കേരളത്തിലെ അറിയപ്പെടുന്ന സുഖവാസകേന്ദ്രങ്ങളാണ് പീരുമേടും കൂനമ്പാറയും തൊട്ടടുത്തുള്ള മലയോരപ്രദേശങ്ങളും. പോലീസ് സ്റ്റേഷനും ആശുപത്രിയും മറ്റു സര്‍ക്കാരോഫീസുകളും പ്രധാനടൗണായ പീരുമേട്ടിലാണ്. 
    
കവലയിലുള്ള ശ്രദ്ധേയസ്ഥാപനമാണ്, കുഞ്ഞമ്മയുടെ ബ്യൂട്ടി പാര്‍ലര്‍. അതുകൊണ്ടാണ്, പള്ളീലച്ചന്റെ പാചകക്കാരന്‍ പൊട്ടന്റെ ഭാര്യയായ അവള്‍ക്കു 'സ്റ്റൈലിക്കുഞ്ഞമ്മ' എന്ന വിളിപ്പേരുണ്ടായത്. കുട്ടിക്കാനത്തെ കോളേജുകളിലെ പെണ്‍കുട്ടികളും ടീച്ചര്‍മാരുമാണ് അവിടത്തെ കസ്റ്റമേഴ്‌സിലധികവും. 
    
പിന്നെയുള്ള പ്രധാനസ്ഥാപനങ്ങള്‍, കൂനമ്പാറ സെന്റ്‌മേരീസ് പള്ളിയും ഓര്‍ത്തഡോക്‌സ് സഭയുടെ എന്‍ജിനീയറിംഗ് കോളേജും കത്തോലിക്കാസഭയുടെ ദേവമാതാ കോളേജുമാണ്. പുതിയ പള്ളി പണികഴിപ്പിച്ചത്, അടുത്തകാലത്തു വന്ന ചെറുപ്പക്കാരനായ വികാരിയച്ചന്‍ റോഷന്‍ കാടുകേറിയാണ്. നേരത്തേ തമിഴ് തോട്ടംതൊഴിലാളികള്‍ക്കുള്ള ചെറിയ ചാപ്പല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 
    
അവിടത്തെ ആദിവാസികളിലധികവും മലമ്പണ്ടാരങ്ങളും മലയരയരുമായിരുന്നു. പിന്നീട്, തേയിലത്തോട്ടത്തില്‍ പണിക്കുവന്ന തമിഴ്‌നാട്ടുകാരും പില്‍ക്കാലത്ത്, കൃഷി ചെയ്യാനായി നാട്ടില്‍നിന്നു കുടിയേറിയ മലയാളികളും അവിടത്തെ താമസക്കാരായി. ആദ്യകാലത്ത് വെറും അന്തിച്ചന്ത മാത്രമുണ്ടായിരുന്ന കൂനമ്പാറ, ഇപ്പോള്‍ ചെറിയൊരു ടൗണായി രൂപാന്തരപ്പെട്ടിട്ടുണ്ട്. പള്ളിയും പള്ളിക്കൂടവും രാഗിണി സിനിമാക്കൊട്ടകയും കള്ളുഷാപ്പും പോലീസ് സ്റ്റേഷനും ചായക്കടയും മുഹമ്മദ്കുട്ടിയുടെ മലബാര്‍ ഹോട്ടലും ഒരു പച്ചക്കറിക്കടയും മറ്റു കൊച്ചുകൊച്ചു പീടികകളുമായി ആകെയൊരനക്കംവച്ചുവരുന്നു. എന്നാലും നാട്ടുകാരതിനെ കൂനമ്പാറക്കവല എന്നുതന്നെ വിളിക്കുന്നു. 

പീരുമേട്
    
ബ്രിട്ടീഷ് രാജവാഴ്ചക്കാലത്ത്, കന്നുകാലിവളര്‍ത്തുകാരനായ പീര്‍ മുഹമ്മദ്, അന്നത്തെ അനന്തപുരി മഹാരാജാവിനും രാജ്ഞിക്കും, കുട്ടിക്കാനത്തെ അവരുടെ കൊട്ടാരത്തില്‍ സ്ഥിരമായി നല്ല പശുവിന്‍പാല്‍ എത്തിച്ചുകൊടുത്തിരുന്നു. അങ്ങനെ പീര്‍ മുഹമ്മദുമായി രാജാവിന് ഒരാത്മബന്ധമുണ്ടായി എന്നു പറയപ്പെടുന്നു. ആ ബന്ധം മുതലെടുത്ത പീര്‍ മുഹമ്മദ്, കൂനമ്പാറയ്ക്കടുത്ത് കന്നുകാലികള്‍ക്കു മേയാനിത്തിരി സ്ഥലം, രാജാവിനോടു ചോദിച്ചു. രാജാവ്, അവറ്റകള്‍ക്കു മേയാന്‍ പാകത്തിനു പച്ചപ്പുല്ലുകള്‍ നിറഞ്ഞ ഒരു കുന്നിന്‍പുറം മുഹമ്മദിനു നല്‍കി. പിന്നീടത് ഇഷ്ടദാനമായിക്കൊടുത്തെന്നും ആ പുല്‍മേടിനെ, പീര്‍ മുഹമ്മദിന്റെ മേട് എന്ന അര്‍ത്ഥത്തില്‍ പീരുമേടെന്നു നാട്ടുകാര്‍ വിളിച്ചുതുടങ്ങിയെന്നും അമ്മച്ചിക്കൊട്ടാരത്തിലെ ഇപ്പോഴത്തെ കാവല്‍ക്കാരനായ തമിഴന്‍ പറയുന്നു. പീര്‍ എന്ന പദത്തിന് സന്യാസിയെന്നാണര്‍ത്ഥം. മുഹമ്മദ് എന്നൊരു സൂഫി സന്യാസിയുടെ പേരിലാണ് പീരുമേടെന്ന വാക്കുണ്ടായതെന്ന് ചില ചരിത്രരേഖകളില്‍ കാണുന്നു.  
    
കൂനമ്പാറയും അഞ്ചുരുളിയും മറ്റു കൊച്ചുകൊച്ചു പട്ടണങ്ങളുമെല്ലാം പീരുമേടെന്ന ഭൂപ്രദേശത്താണ്. സമുദ്രനിരപ്പില്‍നിന്ന് മൂവായിരമടിക്കു മുകളിലായതിനാല്‍ അവിടെ പൊതുവേ തണുത്ത കാലാവസ്ഥയാണ്. ബ്രിട്ടീഷുകാരുടെ കാലംമുതല്‍ ഭരണാധിപന്‍മാരും രാജാക്കന്‍മാരും അവിടങ്ങളില്‍ വേനല്‍ക്കാലവസതികളും കൊട്ടാരങ്ങളും സുഖവാസത്തിനായി നിര്‍മ്മിച്ചുപോന്നതും അതുകൊണ്ടാണ്. രാജ്ഞിയുടെ പേരിലറിയപ്പെടുന്ന അമ്മച്ചിക്കൊട്ടാരവും അവിടെനിന്ന് അധികം ദൂരെയല്ലാതെ, വന്‍മരങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന രാജകൊട്ടാരവുമൊക്കെ ആ കാലത്തിന്റെ അടയാളങ്ങളായി ഇന്നും നിലനില്‍ക്കുന്നു. 
    
പണ്ട്, ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍, രാജസന്ദര്‍ശനത്തിനായി അതുവഴി വരുമായിരുന്നു. അന്നത്തെ രാജ്ഞിയായിരുന്ന സേതു ലക്ഷ്മീഭായിയുമായി അദ്ദേഹത്തിനു നല്ല സൗഹൃദമായിരുന്നെന്ന് ഇപ്പോഴും നാട്ടുകാര്‍ പറയുന്നു. രണ്ടു കൊട്ടാരങ്ങള്‍ക്കുമിടയില്‍, ഭൂമിക്കടിയിലൂടെ ഒരാള്‍ക്കു നടന്നുപോകാന്‍പാകത്തിനു തുരങ്കങ്ങള്‍ നിര്‍മ്മിച്ചിരുന്നു. അതെന്തിനായിരുന്നെന്ന് കൃത്യമായി ആര്‍ക്കുമറിയില്ല. ലോകമഹായുദ്ധം വന്നാല്‍ അതില്‍ക്കൂടി രക്ഷപ്പെടാനായിരുന്നെന്നു കരുതപ്പെടുന്നു. ഇപ്പോള്‍ സുരക്ഷയ്ക്കുവേണ്ടി അടച്ചിട്ടിരിക്കുന്ന ആ തുരങ്കങ്ങള്‍ ഏതറ്റംവരെ പോകുമെന്ന് ആ ദേശത്തുകാര്‍ക്കറിയില്ല. 
    
ഈ മലയോരപ്രദേശത്തെ ഇടതൂര്‍ന്ന വന്‍മരങ്ങളും പേരത്തോട്ടങ്ങളും വെട്ടിമാറ്റി, പതിനെട്ടാം നൂറ്റാണ്ടിലാണ് ബ്രിട്ടീഷുകാര്‍ ഇവിടെ തേയിലക്കൃഷി തുടങ്ങിയത്. ഇന്ത്യക്കു സ്വാതന്ത്ര്യംകിട്ടി വര്‍ഷങ്ങള്‍ക്കുശേഷവും 'കണ്ണന്‍ദേവന്‍ ടീ ഗാര്‍ഡന്‍സ്' എന്ന പേരില്‍ ആ ബ്രിട്ടീഷ് കമ്പനി നിലനിന്നിരുന്നു. 
    
ഇവിടെയുണ്ടായിരുന്ന ആദിവാസികള്‍ക്ക്, പെരുങ്കാട്ടിലേക്കു നാണയങ്ങളെറിഞ്ഞുകൊടുത്താണ് കുതിരപ്പുറത്തു വന്ന സായിപ്പന്‍മാര്‍ അവരെക്കൊണ്ടു കാടു വെട്ടിത്തെളിപ്പിച്ചത്. ഇന്ന് നിരവധി റിസോര്‍ട്ടുകളും വിദ്യാഭ്യാസസ്ഥാപനങ്ങളുമായി, അറിയപ്പെടുന്ന പ്രദേശമായിത്തീര്‍ന്ന പീരുമേട്ടിലും പ്രാന്തപ്രദേശങ്ങളിലും ഇത്തരം ഒരുപാടു ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്നു. 
    
ആദിവാസികളുടെ രാജാക്കന്‍മാരായ കോഴിമല രാജവംശത്തിന്റെ പിന്‍തലമുറക്കാര്‍ ഇപ്പോഴും കട്ടപ്പന സിറ്റിയില്‍നിന്ന് ആറേഴു കിലോമീറ്റര്‍ യാത്ര ചെയ്താലെത്തുന്ന കോഴിമലയിലുണ്ട്. ഇപ്പോഴത്തെ രാജാവ്, രാമരാജമന്നാന്‍ അവരുടെ രാജാവായിത്തന്നെ ജീവിക്കുന്നു. 
    
ചരിത്രമനുസരിച്ച്, കോഴിമലയുടെ യഥാര്‍ത്ഥപേര് കോവില്‍മല എന്നായിരുന്നു. തേവന്‍ രാജാവിന്റെ പരമ്പരയായിരുന്നു ഭരിച്ചിരുന്നത്. അവിടത്തെ ആദിവാസികള്‍ വെള്ളയാന്‍ വര്‍ഗ്ഗത്തില്‍പ്പെട്ടവരായിരുന്നു. അവരുടെ ഊരിലെ നേതാവ് വാസിക്കുടി എന്നയാളായിരുന്നു. അവരുടെ സ്ഥലമാണ് ഇന്നത്തെ വെള്ളയാംകുടി. ആ ഭൂപ്രദേശത്തെ ആദ്യഭരണാധികാരികളായിരുന്ന മന്നാന്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ സ്ഥാപിച്ച ധര്‍മ്മശാസ്താവിന്റെ കോവില്‍ ഇപ്പോഴുമുണ്ട്. ആ ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ പേര് അയ്യപ്പന്‍കോവിലെന്നാണ്. ശബരിമലയിലെപ്പോലെ, ആ പ്രതിഷ്ഠയും മലയരയന്‍മാര്‍ക്ക് അവകാശപ്പെട്ടതായിരുന്നു. മന്നാന്‍മാരുടെ നേതാവായിരുന്ന തോപ്രാന്‍കുടിയുടെ പേരിലുണ്ടായ ഊരാണ് ഇന്നത്തെ തോപ്രാന്‍കുടി എന്ന സ്ഥലം. 
    
ആദിവാസികളില്‍ മലമ്പണ്ടാരങ്ങള്‍ മാത്രമാണ് ഇപ്പോഴും കാട്ടില്‍ത്തന്നെ ജീവിക്കുന്നത്. അവര്‍ ഒന്നിച്ചു താമസിച്ചിരുന്ന പ്രധാനപ്പെട്ട സ്ഥലമാണ്, ഏതാണ്ട് അഞ്ചേക്കറോളം വരുന്ന ഇന്നത്തെ കട്ടപ്പന ടൗണ്‍. പക്ഷേ നാട്ടുകാര്‍ കുടിയേറിയപ്പോള്‍ ആദിവാസികള്‍ വീണ്ടും കാടുകളില്‍ അഭയം പ്രാപിച്ചു. ഇപ്പോഴത്തെ ആധുനികസൗകര്യങ്ങളുമായൊന്നും പൊരുത്തപ്പെടാന്‍ അവര്‍ക്കു സാധിക്കുന്നില്ലെന്നതാണു വസ്തുത. 
    
കൃഷിക്കായി കുടിയേറിയവരിലധികവും കോട്ടയംകാരും പാലാക്കാരുമായിരുന്നു. അവര്‍ മന്നാന്‍മാരോടും മലയരയന്‍മാരോടും നിസ്സാരവിലയ്ക്കു സ്ഥലങ്ങള്‍ വാങ്ങി. എന്തിനാണ് ഇത്ര വിലകുറച്ചു കുടിയേറ്റക്കാര്‍ക്കു സ്ഥലം കൊടുത്തതെന്ന് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അവരുടെ മൂപ്പന്‍ പറഞ്ഞ മറുപടി രസകരമായിരുന്നു: 'ഈ മണ്ടന്‍മാരായ നാട്ടുകാരെന്തിനാണ് ആര്‍ക്കും വേണ്ടാത്ത ഈ കാടിങ്ങനെ ഞങ്ങള്‍ക്കു കാശുതന്നു വാങ്ങുന്നത്?!'
    
മൂപ്പനോട് പ്രായം ചോദിച്ചപ്പോള്‍ അയാള്‍ക്കതറിയില്ലായിരുന്നു. ഇക്കാര്യങ്ങളൊക്കെ സെന്റ് മേരീസ് കോളേജിലെ ഹിസ്റ്ററി പ്രൊഫസറായ പീറ്റര്‍സാറിന്റെ 'പീരുമേടിന്റെ ചരിത്രം' എന്ന പുസ്തകത്തിലുണ്ട്. 
    
കൂനമ്പാറയിലെ ആദ്യകുടിയേറ്റക്കാരിലൊരാളായിരുന്നു പീറ്റര്‍സാറിന്റെ വല്ല്യപ്പന്‍ അലോഷ്യസ്. നല്ല അദ്ധ്വാനിയായിരുന്ന ആ കൃഷിക്കാരന്‍, പീരുമേട്ടില്‍ കുട്ടിക്കാനത്ത്, മഹാരാജാവിന്റെ കൊട്ടാരത്തിലേക്കു പോകുന്ന വഴിയരികില്‍ വലിയൊരു വീടു വച്ചിരുന്നു. അനന്തപുരി രാജ്ഞിക്ക് അതത്ര പിടിച്ചില്ല. അവര്‍ ഉറ്റസുഹൃത്തുകൂടിയായ ദിവാന്‍ സര്‍ സി പിയോടു കാര്യം ബോധിപ്പിച്ചു. അങ്ങനെ രായ്ക്കു രാമാനം അതു പൊളിച്ചുനീക്കാനുള്ള ഉത്തരവു വന്നു. അല്ലെങ്കില്‍ രാജാവിന്റെ ആശ്രിതര്‍ക്കു താമസിക്കാനായി വീടു വിട്ടുകൊടുക്കണമത്രേ. വീടു പൊളിക്കുമെന്ന ഭീതിയില്‍, അലോഷ്യസ് ആ വീടും കൊച്ചു തേയിലത്തോട്ടവും നിസ്സാരവിലയ്ക്ക് രാജ്ഞിയ്ക്ക് അടിയറ വച്ചു. അന്നു നാടുവിട്ട അലോഷ്യസിനെപ്പറ്റി പിന്നീട് ആ നാട്ടുകാര്‍ക്ക് ഒരറിവുമില്ലായിരുന്നു. 
    
വര്‍ഷങ്ങള്‍ക്കുശേഷം, ഈ ചരിത്രങ്ങളൊക്കെയറിയാവുന്ന ക്യാപ്റ്റന്‍ പത്രോസ് എന്ന പ്രൊഫസര്‍ പീറ്റര്‍ പൊന്നിന്‍വിലയ്ക്കു വാങ്ങി പ്രതികാരം ചെയ്തു! 
    
രാജഭരണം അവസാനിച്ചശേഷം, ആ ബംഗ്ലാവും പറമ്പും വിലക്കൂടുതല്‍ കാരണം ആരും വാങ്ങാതെ വര്‍ഷങ്ങളോളം കാടുപിടിച്ചുകിടന്നു. അവസാനം സര്‍ക്കാര്‍ പറഞ്ഞ വിലയ്ക്ക് പീറ്റര്‍സാര്‍ സ്വന്തമാക്കുകയായിരുന്നു. പള്ളിവക കോളേജായ ദേവമാതായിലെ ഇപ്പോഴത്തെ അധ്യാപകന്‍, റിട്ടയേഡ് ക്യാപ്റ്റന്‍ പത്രോസ് എന്ന പ്രൊഫസര്‍ പീറ്ററിന്റെ ചരിത്രമതാണ്. 
    
കുട്ടിക്കാനത്തിനടുത്ത്, അനാഥമായതുപോലെ കിടക്കുന്ന വലിയ അമ്മച്ചിക്കൊട്ടാരത്തില്‍, തമിഴനായ ഒരു നോട്ടക്കാരനും കുടുംബവുമാണ് ഇപ്പോള്‍ താമസിക്കുന്നത്. അവിടം സന്ദര്‍ശിക്കാനെത്തുന്നവര്‍, അവര്‍ക്കു ചെറിയ സംഭാവനകള്‍ കൊടുക്കാറുണ്ട്. ഇടയ്ക്കിടെ, സ്ഥലം എസ് ഐ ജനാര്‍ദ്ദനന്‍പിള്ളയും കോണ്‍സ്റ്റബിള്‍ കുഞ്ഞിക്കണ്ണനും അതുവഴി ജീപ്പില്‍ കടന്നുപോകും. ഒരിക്കല്‍ വാച്ച്മാന്‍ തമിഴനെ എടുത്തിട്ടൊന്നു കുടഞ്ഞു. അവിടെ എന്തൊക്കെയോ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോ പരാതി കൊടുത്തതുകൊണ്ടാണ് അവര്‍ വന്നത്. അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ എല്ലാവരേയും പിടിച്ച് അകത്തിടുമെന്നു വിരട്ടിയിട്ടാണു പോയത്. 
    
കോളേജ് വിദ്യാര്‍ത്ഥികള്‍, സന്ധ്യയാകുമ്പോള്‍ കൊട്ടാരത്തിനകത്തു കയറിയിരുന്നു മരുന്നടിക്കുന്നതായി ആരൊക്കെയോ വിളിച്ചുപറഞ്ഞിരുന്നു. സഹപാഠികളായ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒരുമിച്ച് ആ പരിസരങ്ങളില്‍ കണ്ടിട്ടുണ്ടെന്നു പഞ്ചായത്തിലെ ഇടതുപക്ഷമെമ്പറായ കരുണാകര്‍ജിയും ആരോപിച്ചിരുന്നു. അതൊക്കെ കേട്ടെങ്കിലും ആ തമിഴന്‍ ഒന്നും കാര്യമായെടുത്തില്ല. വര്‍ഷങ്ങളായി കൊട്ടാരത്തില്‍ വച്ചും വിളമ്പിയും താമസിക്കുന്ന അയാള്‍ അതിനൊന്നും പുല്ലുവിലപോലും കൊടുത്തില്ല. 
    
എങ്കിലും പുതിയ ഇന്‍സ്‌പെക്ടര്‍, ജനമര്‍ദ്ദകനായ ജനാര്‍ദ്ദനന്‍ വന്നതില്‍പ്പിന്നെ ആ മലയോരപ്രദേശത്ത് പൊതുവേ ശാന്തമായ അന്തരീക്ഷമായിരുന്നു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക