Image

അലൻ മാളിലെ വെടിവെയ്പ്പ്: താറുമാറായ ഒരു വാരാന്ത്യം (സന്തോഷ് പിള്ള)

Published on 10 May, 2023
അലൻ മാളിലെ വെടിവെയ്പ്പ്: താറുമാറായ ഒരു വാരാന്ത്യം (സന്തോഷ് പിള്ള)

ജോലിയിൽ നിന്നും അവധി ലഭിക്കുന്ന വാരാന്ത്യങ്ങൾ ആഘോഷിക്കാനുള്ളതാകുന്നു. വിഡ്ഢി പെട്ടിയിലെ  വാർത്തകൾ, കായികമൽസരങ്ങൾ ഒക്കെ വീക്ഷിച്ച് ആയാസരഹിതമായി സമയം ചെലവഴിക്കുമ്പോൾ അതാവരുന്നു ഒരു "ബ്രേക്കിങ്ങ്‌ ന്യൂസ്". ഞങ്ങൾ താമസിക്കുന്നതിനടുത്തുള്ള "അലൻ മാളിൽ" കൂട്ടവെടിവെയ്പ്പ്. അനേകം ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. ചീറിപ്പായുന്ന പോലീസ് കാറുകളുടെയും, സൈറൺ വിളിച്ചോടുന്ന ആംബുലൻസുകളുടെയും  ചിത്രങ്ങൾ ടിവിയിൽ മാറിമറയുന്നു. അമേരിക്കയിൽ കൂട്ട വെടിവെയ്പ്പ് നടക്കുമ്പോൾ കാണുന്ന സ്ഥിരം രംഗങ്ങൾ. ശനിയാഴ്ച ദിവസം മാൾ സന്ദർശിക്കാൻ പോയ എട്ടു പേരുടെ ജീവൻ പൊടുന്നെനെ പൊളിഞ്ഞു. ആറുവയസുള്ള ഒരാൺകുട്ടിയെ മാത്രം ബാക്കിയാക്കി, കൊറിയൻ വംശജരായ  അച്ഛനും അമ്മയും മൂന്നുവയസുള്ള സഹോദരനും വെടിയുണ്ടയിൽ പൊലിഞ്ഞു പോയി. ഇരുപത്തി എട്ടാമത്തെ ജന്മദിനം ആഘോഷിക്കാൻ ഒരാഴ്ച്ച മാത്രം ബാക്കിനിൽക്കെ, ഐശര്യ തടികൊണ്ട എന്ന ഹൈദരാബാദിൽ നിന്നുമെത്തിയ എഞ്ചിനീയറുടെ അമേരിക്കൻ സ്വപ്നങ്ങളും ചിന്നി ചിതറിപ്പോയി.

ഗൺ വയലൻസുണ്ടാകുമ്പോൾ  ടീവിയിൽ കാണുന്ന ചർച്ചകൾ ഇങ്ങനെ പോകുന്നു.  ഈവർഷം അമേരിക്കയിൽ നടക്കുന്ന 199 ആമത്തെ മാസ്സ് ഷൂട്ടിംഗ്. 2023ൽ തോക്കുമൂലം 13900 ജീവൻ ഇതുവരെ  നഷ്ടമായി. ഇതിൽ  ആൽമഹത്യയും ഉൾപ്പെടും എന്നെല്ലാം കുറെ പേർ  തട്ടിവിടുന്നു.  ഒരു പക്ഷക്കാർ,  തോക്കുടമസ്ഥരുടെ മാനസിക ആരോഗ്യമാണ് പ്രശ്നമെന്ന് വാദിക്കുമ്പോൾ മറുപക്ഷം തോക്ക് നിയന്ത്രണമാണ് വേണ്ടതെന്ന് പറയുന്നു.  എന്തായാലൂം തോക്കിനെ കുറിച്ചറിയാനായി ഇന്റർനെറ്റിൽ പരതാമെന്നു വിചാരിച്ചു.

അലൻ മാളിലെ കൊലയാളി ഉപയോഗിച്ചത് AR-15 സെമി ഓട്ടോമാറ്റിക് റൈഫിൾ ആകുന്നു. നിയമപരമായി കരസ്ഥമാക്കിയ 8 തരത്തിലുള്ള തോക്കുകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. ചെറിയ ഭേദഗതി വരുത്തിയാൽ ഒരുമിനിറ്റിൽ 600 വെടിയുണ്ടകൾ വരെ ഇതിൽ നിന്നും ചീറിപായിക്കാം. ഇതിലെ വെടിയുണ്ടകൾ മനുഷ്യശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ,  പൊട്ടിത്തെറിക്കുന്നതുമൂലം ഉള്ളിലെ അവയവങ്ങളെ ചിന്നിച്ചിതറിച്ച് ശരീരത്തിനുള്ളിൽ വലിയമുറിവുണ്ടാക്കി വളരെ വേഗത്തിൽ രക്തം വാർന്നുകളയിപ്പിക്കും. വെടിയുണ്ട ഉള്ളിലേക്ക് കയറുന്ന സ്ഥലത്ത് ചെറിയ മുറിവും, മറുവശത്ത് കൈപ്പത്തിയുടെ അത്രയും വലിപ്പത്തിലുള്ള മുറിവുമാണ് വെടികൊണ്ടവരിൽ കാണപ്പെടുന്നത്. അതുകൊണ്ട്, മാസ്സ് ഷൂട്ടേഴ്‌സിന്റെ ഏറ്റവും പ്രിയപ്പെട്ട ആയുധമാണ് AR-15 റൈഫിൾസ്. അറുനൂറ് ഡോളറിൽ ഈ തോക്ക് കരസ്ഥമാക്കാവെന്നും "ചീപ്പർ ദാൻ ഡേർട്ട്" എന്നുമെല്ലാം തോക്കുവില്പനക്കാരുടെ വെബ് സൈറ്റിൽ പരസ്യപ്പെടുത്തിയിരിക്കുന്നു. 11 മില്ല്യൺ (1.1 കോടി) സെമി ഓട്ടോമാറ്റിക് തോക്കുകൾ അമേരിക്കക്കാരുടെ കൈവശം എപ്പോഴും പൊട്ടാൻ തയ്യാറായി ഇരിക്കുന്നു. എല്ലാവിധത്തിലുള്ള തോക്കുകളുടെയും കണക്കെടുത്താൽ ഏകദേശം 35.2 മില്ല്യൺ (3.5 കോടി) തോക്കുകളാണ്,  അമേരിക്കൻ ജനതയുടെ,  ആയുധം കൈവശം വക്കുവാനുള്ള അവകാശം സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. സ്വയ രക്ഷക്കുവേണ്ടിയാണ് തോക്കുകൾ വാങ്ങിവെക്കുന്നത് എന്നതാണ് എല്ലാ ഉടമസ്ഥരുടെയും ന്യായം. അതിന്, യുദ്ധ സമയത്ത് ഉപയോഗിക്കേണ്ട ഓട്ടോമാറ്റിക് തോക്കുകൾ ആവശ്യമുണ്ടോ എന്ന് ചോദിക്കാൻ പാടില്ല. കാരണം,  കോടിക്കണക്കിന് ഡോളറിൻറെ ബിസിനസ്സ് സാമ്രാജ്യത്തെ ചോദ്യം ചെയ്യാൻ പാടുണ്ടോ?

മെയ് 6 ന്,  അലൻ, ടെക്സസിൽ 8 പേർ, ഏപ്രിൽ 30 ന്,  ഹെൻറിയാട്ട,

ഒക്‌ലഹോമയിൽ 7 പേർ,  ഏപ്രിൽ 28 ന്,  ക്‌ളീവലൻഡ്, ടെക്സസിൽ 5 പേർ, ഏപ്രിൽ 18 ന് ബോവ്ഡ്ഓയിൻ, മെയിനിൽ 4  പേർ,  അങ്ങനെ അങ്ങനെ തോക്കിൽ തീരുന്ന ജീവനുകളുടെ നിര നീണ്ടു- നീണ്ടു പോയ്കൊണ്ടേയിരിക്കു ന്നു.

വീട്ടുമുറ്റത്തു നടന്ന കൂട്ടകുരുതിയിൽ മനമുരുകി അവധികിട്ടിയ ശനിയാഴ്ച കടന്നുപോയി. ഞായറാഴ്ച ഉണർന്നപ്പോഴേ തീരുമാനിച്ചു, ഇന്നേതായാലും മനസ്സിന് സന്തോഷം പകരുന്ന മലയാളം കോമഡിഷോ കണ്ടുകളയാമെന്ന്. അതുകണ്ടുകൊണ്ടിരിക്കുമ്പോൾ വരുന്നു---- അവിടെയും "ബ്രേക്കിങ്ങ് ന്യൂസ്"

താനൂരിൽ ബോട്ടപകടം, 22 പേർ മരിച്ചു, അതിൽ 11 പേർ ഒരേ കുടുംബത്തിലെ അംഗങ്ങൾ. പലരും ജീവിതത്തിൽ ആദ്യമായി ഒരു വിനോദ യാത്രക്ക് പോയവർ. അവിടെ പൊലിഞ്ഞ ജീവനുകളുടെ ഉത്തരവാദി ആർ?

അയ്യോ അതൊന്നും അന്വേഷിക്കാൻ പാടില്ല.  കാരണം?

വയലാറിന്റെ പഴയ ഒരുഗാനം തന്നെ ഉത്തരം, അതുകേൾക്കുമ്പോളെങ്കിലും മനസ്സ് ശാന്തമാകുമോ എന്ന് നോൽക്കാം.

ഈ യുഗം കലിയുഗം

ഇവിടെയെല്ലാം പൊയ്‌മുഖം 

മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുമ്പോൾ

മനസ്സിൽ ദൈവം ജനിക്കുന്നു

മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ

മനസ്സിൽ ദൈവം മരിക്കുന്നു.

മനുഷ്യ ജീവനേക്കാൾ പണത്തിനും അധികാരത്തിനും പ്രാധാന്യം നല്കുന്നടുത്തോളം കാലം ഈ സംഭവങ്ങൾ എല്ലാം ഒരു തുടർക്കഥപോലെ അരങ്ങേറിക്കൊണ്ടേയിരിക്കും.

സാധാരണക്കാർ----- വെറും നോക്കു കുത്തികൾ.

 

Join WhatsApp News
ഹരിദാസ്‌ 2023-05-11 12:14:54
നല്ല ലേഖനം. Heartbreaking events! " ഇന്ത്യൻ " എന്ന് പഴയ തമിൾ ചിത്രത്തിൽ ഇത്തരം സംഭവങ്ങൾക്കു പരിഹാരം നിർദ്ദേശിച്ചിരിക്കുന്നതിനോട്‌ യോജിക്കാതെ വയ്യ. ഉദ്ദ്യോഗസ്ഥ-അധികാരവർഗ്ഗങ്ങളുടെ കയ്കളിൽ രക്‌തക്കറ പുരണ്ടിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക