Image

കാവല്‍മാലാഖയുടെ കൈയൊപ്പ് (കഥ: മില്ലി ഫിലിപ്പ്)

Published on 11 May, 2023
കാവല്‍മാലാഖയുടെ കൈയൊപ്പ് (കഥ: മില്ലി ഫിലിപ്പ്)

യുദ്ധം മുറുകുകയാണ്.
അനുകമ്പയില്ലാതെ ജീവിതങ്ങളെ ചവിട്ടി ഞെരിച്ചുകൊണ്ടുള്ള യാത്ര.
കീവ് മുറിപ്പെടുകയായിരുന്നു. യുദ്ധഭീതി അവിടെയാകെ പുകമറ സൃഷ്ടിച്ചു.
റഷ്യന്‍ സേനയുടെ സംഘടിത ആക്രമണത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ  ഉക്രൈയ്ന്‍ ചിലയിടങ്ങളില്‍ പതറുന്നു എന്ന വാര്‍ത്തയാണ്  നവമാധ്യമങ്ങളില്‍ വന്നുതുടങ്ങിയത്.
കെട്ടിടങ്ങള്‍ ഷെല്‍ ആക്രമണത്തില്‍ പ്രകമ്പനം കൊണ്ടു. അവിടെയാകെ തീയും പുകയും പടര്‍ന്നിരിക്കുന്നു. കരിമേഘത്താല്‍ അതിന്‍റെ ആകാശപ്പരപ്പ് വികൃതമായിരിക്കുന്നു.
മനുഷ്യജീവിതം എവിടെയൊക്കെയോ നിശ്ചലമായി,   ദുരന്തത്തെ ഏറ്റുവാങ്ങി മരവിച്ചു നില്‍ക്കുന്നു.
ഹര്‍കീവ് പട്ടണത്തിനാണ് ഏറെ മുറിവേറ്റത്. ഷെല്ലാക്രമണം അതിന്‍റെ മുഖച്ഛായതന്നെ മാറ്റിയിരിക്കുന്നു.  
പൊട്ടിത്തെറികള്‍ക്കിടയില്‍ കുറച്ചുനേരം അവിടം ശാന്തമായി. മരവിപ്പിന്‍റെ ശാന്തത.
ആ സമയത്താണ് പട്ടാളം രക്ഷാപ്രവര്‍ത്തനത്തിനായി തെരുവില്‍ ഇറങ്ങിയത്.
ഏതാണ്ട് വാഹനം ചവിട്ടി നിര്‍ത്തിയ ഭാഗത്തു തന്നെ മൂന്ന് മൃതദേഹങ്ങള്‍ കിടക്കുന്നു.
പാതയുടെ ഓരം ചേര്‍ന്നാണ് ഒരു മൃതദേഹം കിടന്നിരുന്നത്.
കാഴ്ചയില്‍ യുവാവെന്നു തോന്നും.  
തൊഴിലിടത്തുനിന്നുള്ള മടക്കയാത്രയാകാനാണ് സാധ്യത. ബാഗില്‍ നിറയെ ആഹാരത്തിനുള്ള സാധനങ്ങള്‍. ആ സഞ്ചി ചിതറിക്കിടക്കുകയായിരുന്നു.  മൊബൈല്‍ ഫോണില്‍ മറുകൈ മുറുകിപ്പിടിച്ചിരിക്കുന്നു. രക്ഷപ്പെടലിന്‍റെ ഭാഗമായി ആരെയെങ്കിലും വിളിച്ചിട്ടുണ്ടാവാം.
രണ്ടാമത്തെ മൃതദേഹത്തിനരികില്‍ തന്നെയാണ് മൂന്നാമത്തെ ശരീരവും. അത് ഒരു സ്ത്രീയായിരുന്നു. കണ്ണുകളെ ചൂഴ്ന്നാണ് വെടിയുണ്ട പാഞ്ഞിരിക്കുന്നത്. അയാളുടെ മുഖവും വികൃതമായിരുന്നു. ദമ്പതികളാകാനാണ് സാധ്യത. കിടക്കറയിലെ ഉറക്കംപോലെ മരണത്തിലും അവര്‍ ചേര്‍ന്നു കിടന്നിരുന്നു.
തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നുള്ള ഡേറ്റാകള്‍ അപ്പോള്‍ തന്നെ സ്കാന്‍ ചെയ്ത് ഓഫീസിലേക്ക് അയയ്ക്കുന്ന തിരക്കിലായിരുന്നു ഒപ്പമുണ്ടായിരുന്ന സൈനികന്‍.
ശാന്തതയെ ലംഘിച്ചുകൊണ്ട് വീണ്ടും അധികം അകലെ അല്ലാതുള്ള അകലത്തില്‍ നിന്നും വെടിയൊച്ച ഉയര്‍ന്നു. അത് ദുരന്തത്തിന്‍റെ ഘോഷയാത്ര തീര്‍ത്തുകൊണ്ട് അട്ടഹസിക്കുകയായിരുന്നു.
അവര്‍, സൈനികര്‍ പാതയോരത്തെ മേപ്പിള്‍ മരത്തിന്‍റെ പിന്നിലേക്ക് മാറി.
കാഴ്ചയകലത്തില്‍ തീയും പുകയും ഉയര്‍ന്നു. ഗന്ധകത്തിന്‍റെ മണം അവിടേക്കു വീശിയ കാറ്റിലുണ്ടായിരുന്നു.
ശത്രുസേനയുടെ വാഹനത്തിന്‍റെ ഇരമ്പല്‍ കേള്‍ക്കുന്നുവോ എന്നവര്‍ കാതോര്‍ത്തു. അത് മറ്റൊരു ലക്ഷ്യസ്ഥാനത്തേക്കു യാത്ര തുടര്‍ന്നതുപോലെ.
മുറിവേറ്റ് നിലവിളിക്കുന്നവരുടെ അടുക്കലേക്ക് അവര്‍ മെഡിക്കല്‍ കിറ്റും ദാഹജലവുമായി വേഗത്തില്‍ നടന്നു.
അടര്‍ന്നു തുറന്ന അപ്പാര്‍ട്ട്മെന്‍റില്‍ നിന്നാണ് നിലവിളി ഉയരുന്നത്.
ഓരോരുത്തരെയായി താങ്ങി എടുത്തു റെഡ് ക്രോസിന്‍റെ വാഹനത്തില്‍ കയറ്റി. മറ്റൊന്ന് അവിടെ വന്നു നിന്നപ്പോള്‍ ആദ്യത്തെ വാഹനം ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.
മൂന്നാലു മണിക്കൂറിന്‍റെ പ്രയത്നഫലമായി അവിടെ ഉണ്ടായിരുന്ന പതിനാറുപേരെയാണ് സൈന്യത്തിന് രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞത്. പ്രത്യാശയുടെ കണ്ണുകളിലും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ ചൂഴ്ന്നിറങ്ങിയിരുന്നു.
ദൗത്യം മതിയാക്കി മടങ്ങുവാനുള്ള തയ്യാറെടുപ്പില്‍ യാവേഹിനി വാഹനത്തില്‍ കയറുവാന്‍ ശ്രമിക്കവെ ആരോ തന്നെ പിന്നില്‍ നിന്നും വിളിക്കുന്നതു പോലെയുള്ള ഒരു തോന്നല്‍.
വെറും തോന്നലാണെന്ന് അറിഞ്ഞിട്ടും അയാള്‍ വീണ്ടും ഇറങ്ങി.
മേല്‍ക്കൂര അടര്‍ന്നു തൂങ്ങിയ കെട്ടിടത്തിലേക്കു പതുക്കെ നടന്നു.
അവിടെയും മുമ്പ് പരിശോധിച്ചതാണെന്ന തോന്നല്‍ അയാള്‍ക്ക് അപ്പോള്‍ അനുഭവപ്പെട്ടിരുന്നില്ല.
മറ്റുള്ളവര്‍ അയാളെ നിരുത്സാഹപ്പെടുത്തി.
ജീവന്‍റെ ഒരു ഹൃദയമിടിപ്പ് അവിടെ നിന്നും....
ഇല്ല, അതിനുള്ള സാധ്യതയില്ല. അവിടെയാകെ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചതാണല്ലോ.
കോണ്‍ക്രീറ്റ് അടര്‍ന്നു കിടക്കുന്ന ഭാഗങ്ങളിലൂടെയാണ് അയാള്‍ അപ്പോള്‍ അന്വേഷണം തുടങ്ങിയത്.
നമ്മള്‍ എല്ലായിടവും പരിശോധിച്ച് ഉറപ്പുവരുത്തിയതല്ലേ?
യാവേഹിനി ആ വാക്കുകള്‍ക്ക് ചെവി കൊടുത്തില്ല.
ഏതോ ഒരു ശക്തി തന്നെ അവിടേക്ക് നയിക്കുന്നതു പോലെ.
അപ്പാര്‍ട്ട്മെന്‍റ് 116ന്‍റെ മുമ്പിലെത്തി.
കുട്ടികളുള്ള വീടിന്‍റെ ചുറ്റുപാടായിരുന്നു അവിടെയാകെ. കളിപ്പാട്ടങ്ങള്‍ അങ്ങിങ്ങായി ചിതറി കിടക്കുന്നു.
ഇല്ല; ഒന്നും ഇല്ലായെന്നു ഉറപ്പു വരുത്തി തിരിച്ചു നടക്കാന്‍ ശ്രമിക്കവെ, അയാളുടെ നോട്ടം എതിരെയുള്ള ഒരു ഇടുങ്ങിയ മുറിയിലേക്കായി. അവിചാരിതമായി തിരിഞ്ഞപ്പോള്‍ കണ്ടതാണ് ആ മുറി. പുറത്തു നിന്നും വരുന്ന ഒരാളുടെ ശ്രദ്ധയില്‍ ആ മുറി വരില്ലെന്നുറപ്പ്. അതുകൊണ്ടാണല്ലോ മുമ്പ് അങ്ങനെയൊന്ന് കാണാതിരുന്നത്.
അവിടേക്കു നടന്നു.
ചെറു ഷെല്‍ഫു പോലെ ഒന്ന് ആ മുറിയുടെ മൂലയില്‍.
അവിടേക്ക് നടക്കുമ്പോള്‍ കുട്ടിക്കാലത്ത് അമ്മ തന്‍റെ  കൈയ്യില്‍ പിടിച്ചു മുന്നോട്ടു പോയതുപോലെയുള്ള അനുഭവം.
പെട്ടെന്ന് അയാള്‍ ആ ദിവസത്തെ തിരിച്ചറിഞ്ഞു.
അമ്മയെക്കുറിച്ച് അയാള്‍ ഓര്‍ത്തു.
സൈനികനാകാന്‍ താന്‍ തീരുമാനിച്ചപ്പോള്‍ ആ കണ്ണുകളില്‍ സന്തോഷവും കണ്ണീരും ഒരുപോലെ കണ്ടു.
ഓര്‍മ എത്തി നില്‍ക്കുന്നത് ആ ദിനത്തിലാണല്ലോ എന്നയാള്‍ ആശ്ചര്യപ്പെട്ടു.
അയാള്‍ ഷെല്‍ഫിനരികിലേക്ക് നടന്നു. അതിന്‍റ മൂടി അല്പം തുറന്നാണിരുന്നത്. അയാള്‍ അതു പതുക്കെ വലിച്ചു തുറന്നു.
ആശ്ചര്യപ്പെടുത്തുന്ന കാഴ്ച.
ഏതാണ്ട് എട്ടുമാസം പ്രായം തോന്നിപ്പിക്കുന്ന ഒരു പെണ്‍കുഞ്ഞ്! കരഞ്ഞു തളര്‍ന്ന ഭാവം. ഒരു കുപ്പിപ്പാല്‍ ഒഴിഞ്ഞും; മറ്റൊന്നു നിറഞ്ഞും അതിനടുത്തു തന്നെയുണ്ട്.
ആ കുഞ്ഞ് കൈകാലിട്ടടിച്ചു;  അമ്മയുടെ കൈയ്ക്കുള്ളിലാകുവാന്‍ ശ്രമിക്കുന്നതുപോലെ  അതു കൈകാലിളക്കി. കരച്ചിലില്‍ പരിഭവം ഉണ്ടായിരുന്നു.
യാവേഹിനി ആ കുഞ്ഞിനെ വാരിയെടുത്തു.
അവിടെയുണ്ടായിരുന്ന കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞു അല്പനേരം തൊട്ടിലില്‍ എന്നപോലെ  ആട്ടിക്കൊണ്ടിരുന്നു.
സൈനിക ആശുപത്രിയിലേക്കു കൊണ്ടുപോയ ഏതോ ഒരമ്മയുടെ കൈക്കുഞ്ഞ്.
അതോ ആ അമ്മ കൊല്ലപ്പെട്ടിട്ടുണ്ടാകുമോ?
കുഞ്ഞിന് എവിടെയെങ്കിലും മുറിവേറ്റിട്ടുണ്ടോ എന്നു യാവേഹിനി പരിശോധിച്ചു.
കുട്ടിയെ കമഴ്ത്തി കിടത്തിയപ്പോള്‍ മാര്‍ക്കര്‍ പേനയിലുള്ള എഴുത്താണ് ശ്രദ്ധയില്‍പ്പെട്ടത്.
ഛഹലസമെിറൃമ ജലവെസീ്മ, ങമാമ  ടമവെമ ജലവെസീ്മ Oleksandra Peshkova ,Mama  -Sasha Peshkova
ഒരമ്മ തന്‍റെ കൈക്കുഞ്ഞിനായി എഴുതിയ അവസാനവാക്കുകള്‍.
കുഞ്ഞുമായി യാവേഹിനി വാഹനത്തില്‍ കയറി.
അത് സൈനിക താവളത്തെ ലക്ഷ്യമാക്കി. ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന സൈനികര്‍ കുട്ടിയുടെ  അമ്മയുടെ ഡേറ്റാബേസ് പരിശോധിക്കുകയായിരുന്നു.
അവര്‍ ആ അമ്മയുടെ മരണം സ്ഥിരീകരിച്ചു.
തോല്പിക്കാന്‍ കഴിയാത്ത ജീവിതത്തിന്‍റെ വിജയമായിട്ടാണ് ആ സന്ദര്‍ഭത്തെ യാവേഹിനിക്ക്  തോന്നിയത്. മരണത്തെ നേരിട്ട ഭീതിദമായ ആ മുഹൂര്‍ത്തത്തിലും തന്‍റെ കൈക്കുഞ്ഞിന് ഒരു രക്ഷയുടെ അടയാളം ചാര്‍ത്തുവാന്‍ അവര്‍ക്കു കഴിഞ്ഞിരിക്കുന്നു.
അമ്മ നഷ്ടപ്പെട്ടത് അറിയാതെ ആ കുഞ്ഞ് സൈനികരെ നോക്കി ചിരിച്ചു.സൈനിക താവളത്തിന്‍റെ കവാടം തുറക്കുമ്പോള്‍ അവിടെയുള്ള ആകാശം നക്ഷത്രരാവ് നിറഞ്ഞതായിരുന്നു. അതിലൊരു നക്ഷത്രം, തന്‍റെ പുഞ്ചിരിക്കുന്ന ഭൂമിയിലെ നക്ഷത്രത്തെ നോക്കി കാവല്‍ നില്ക്കുന്നുണ്ടാവും…………MILLY PHILIP

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക