മറുകരയില്‍ ഏറ്റെടുക്കാനാരുമില്ലാതെ ഒരു രൂപം തന്റെ സങ്കേതം തേടി അലയുന്നുണ്ട്.
വമ്പന്‍ സ്രാവ് തിരകളെ മുറിച്ചുകടക്കുന്നതുപോലെ കഴിഞ്ഞ കുറെ ദിവസങ്ങളായി അതെന്‍െറ
ഉറക്കത്തെ കീറിമുറിക്കുന്നു. ഇപ്പോള്‍ ഓരോ നിമിഷവും അസ്‌തമിക്കുംതോറും കൂടുതല്‍
പ്രാപ്‌തിയോടെ അതെന്നെ ചുറ്റിപ്പിടിക്കുകയാണ്. ആരോടെങ്കിലൊന്ന് പറയാന്നു വെച്ചാ
ആരുമില്ലതാനും. ചിലതുമാത്രം പറയാന്‍ ആരുമില്ലാതുകുമ്പോഴാണ് ജിവിതത്തിന്റെ ശൂന്യത
ശ്വാസംമുട്ടിക്കുന്നത്... ഉച്ചയുറക്കില്‍പോലും മറുകരയിലെ രൂപം കടന്നുവരുന്നു.
ബസ്സിലോ ട്രെയിനിലോ ഇരുന്ന് ഒന്നു മയങ്ങിയാല്‍ മതി. മുന്നിലതാ വന്നുനില്‍ക്കുന്നു.
ഉറങ്ങാന്‍ തന്നെ ഭയമാണ്. കണ്ണടയ്‌ക്കുമ്പോഴേക്കും ശരീരം വിയര്‍പ്പില്‍ മുങ്ങുന്നു.
ഹൃദയം കൊടുമ്പിരിക്കൊണ്ട് തകരുന്നു, ഇങ്ങനെ പോയാല്‍ മരിച്ചുകഴിഞ്ഞാലെങ്കിലും
ഞാനൊന്നു സ്വസ്ഥമായി എങ്ങനെ ഉറങ്ങും?
``മറുകരയിലേക്കൊന്നു
നടന്നാലോ?''
``ഒറ്റയ്‌ക്കോ?'' ഞാന്‍ എന്നോടുതന്നെ ചോദിച്ചു.
അസ്വസ്ഥനാകുന്നു.
``എപ്പോഴും ഒറ്റയ്‌ക്കല്ലെ?''
പിശുക്കന്റെ
കണ്ണുകള്‍പോലെ ഇടുങ്ങിയതും ദുര്‍ഘടംപിടിച്ചതുമായ വഴിയിലൂടെ ആകുലതയോടെ ആഴ്‌ചകളോളമായി
നടക്കുന്നു. മറുകരയുടെ പൊട്ടുപോലും കാണുന്നില്ല. മുന്നിലാവട്ടെ ആ രൂപം
അവ്യക്തതയില്‍ ഇഴയുകയും തെറിക്കുന്നതുപോലെ അപ്രത്യക്ഷമാവുകയുമാണ്. മുന്നോട്ട്
നീങ്ങുംതോറും അപാരമായ ഇറക്കത്തിലേക്കാണ് എത്തിപ്പെടുന്നത്. ഇത്രയും കുത്തനെയുള്ള
വഴി ആയുസ്സിലെ ആദ്യത്തെ കാഴ്‌ചയായിരുന്നു. കാലൊന്നു വഴുതിയാല്‍?
കുഴികളും
കൂര്‍ത്ത കല്ലുകളും കരുതലോടെ മറികടന്നു നീങ്ങുന്നതിനിടയില്‍ കാല് എന്തോ
നനവിലമര്‍ന്നു. നോക്കുമ്പോള്‍ ചോരക്കട്ടയാണ്. മനസ്സില്‍ പൊടിഞ്ഞ അറപ്പ് നാവില്‍
തുപ്പല്‍ നിറച്ചു. ഓരോ ചുവടുകളും മുന്നോട്ടു വെക്കുംതോറും ചോരക്കട്ടകള്‍
പെരുകിവന്നു. കാലുകള്‍ ചുവടുറയ്‌ക്കാതെയായി. വഴുതിവഴുതി ഒടുക്കം
താഴോട്ട്...പിടിച്ചുനില്‍ക്കാന്‍ ഒരു പുല്‍ക്കൊടിപോലുമില്ലല്ലോ...കല്ലുകളില്‍
തട്ടിശരീരം ഉരഞ്ഞ്, പൊടിയില്‍
മൂടി..താഴോട്ട്..താഴോട്ട്..
ഉരുണ്ടുരുണ്ടു ചെന്നു വീണത്
കൊയ്‌ത്തുകഴിഞ്ഞ വയലിലേക്കാണ്. ശരീരത്തില്‍ വേദന പുകയാത്ത ഒരിടംപോലുമില്ല. വളരെ
നേരത്തെ ശ്രമത്തിനുശേഷം കണ്ണുകള്‍ തുറന്നപ്പോള്‍ മുന്നില്‍ കൂണുപോലെയുള്ള ഓലമേഞ്ഞ
വീട്. ഓര്‍മയുടെ മുറ്റത്ത് ആ വീട് നൂറായിരം മെഴുകുതിരി വെട്ടത്തിലെന്നതുപോലെ
തെളിഞ്ഞു.
``കൗസല്ലേട്‌ത്തീടെ?'' ഹൃദയത്തിന്റെ അടിഭാഗത്ത് ശബ്‌ദം
കനംവച്ചു.. സൂക്ഷ്‌മതയോടെ കണ്ണുകളെ അഴിച്ചുവിട്ടപ്പോള്‍
അലകുചേര്‍ത്തുവച്ചുണ്ടാക്കി. അതേ വാതില്‍ അതിന്റെ വിടവിലൂടെ കറുത്ത കൈ
ഇളകുന്നു.ഒരൊറ്റക്കുതിപ്പില്‍ വാതിലിനടുത്തെത്തി. കൗസല്ല്യേടത്തി വാതില്‍ തുറന്നു
തരുമ്പോള്‍ കണ്ണുകളില്‍ നരച്ച ആകാശം ഒഴുകുന്നതു കണ്ടു. മുഷിഞ്ഞ ഉന്നം പുറത്തുചാടിയ
കിടക്കയില്‍ അവരെന്നെ പിടിച്ചിരുത്തി.
``ന്താ, പ്പോ യ്‌ങ്ങ്‌ടൊക്കെ വരാന്‍
തോന്ന്യേ, മറന്നില്ലെ...ന്നെ.''
സ്‌നേഹവും പരിഭവവും കൂടിച്ചേര്‍ന്ന
മാന്ത്രികശബ്‌ദത്തിനൊപ്പം വേദന തിന്നുന്ന നിശ്വാസവും.
ഓലക്കീറു വിതറുന്ന
വെളിച്ചത്തില്‍ നിരവധി നട്ടുച്ചകളില്‍ ഞാനും അവരും ഈ മുറിയില്‍
കഴിഞ്ഞിരുന്നു.
``ഇപ്പോഴും ഇവിടെ പഴേ മണം.''
``ത്, മാത്രേയ്
അനക്കോര്‍മയുള്ളോ?'' കൗസല്യേട്‌ത്തി സങ്കടപ്പെട്ടു.
``കട്ടിലില്‍
തളര്‍ന്നുകിടക്കുന്ന ന്‌ക്കി യിങ്ങള് ണ്ടാക്കിത്തന്ന
ചമ്മന്തിയില്ലെ?
``യേത്?''
``തക്കാളിം പച്ചമുളകും അടുപ്പിലിട്ട്
ചുട്ടെടുത്ത് വെളുത്തുള്ളീം ചേര്‍ത്തുണ്ടാക്കുന്ന..''
``വെളിച്ചെണ്ണയും
ചേര്‍ക്കും..''കൗസല്യേട്‌ത്തി ഇടയ്‌ക്കു കയറി പറഞ്ഞു.
``ചമ്മന്തിയും
കഞ്ഞിയും ഇതായിപ്പളും ന്റെ നാവ്‌ല്‌ണ്ട്, കൗസല്യേട്‌ത്തിയെ'' - ഞാന്‍ നാവ്
നീട്ടിക്കാണിച്ചുകൊടുത്തു. അന്നേരം ശരീരത്തിലാകെ വെള്ളം ഊറുന്നുണ്ടായിരുന്നു. ആ
മുഖം വിഷാദവും സന്തോഷവും ചേര്‍ന്നു മറ്റെന്തോ വികാരമായി
രൂപപ്പെട്ടു.
മറുകരയിലെ രൂപം വ്യത്യസ്‌ത വേഗതകളില്‍ വ്യത്യസ്‌ത
ദിക്കുകളിലേക്ക് പായുകയാണ്. കൗസല്യേട്‌ത്തി തന്റെ കണ്ണുകളാല്‍ എന്നെ ഉഴിഞ്ഞു
``ന്താ പറ്റിയത് ?''
മുന്‍പും അവരങ്ങനെയാണ്. നേരിയ വിഷാദംപോലും
വായിച്ചെടുക്കും. എത്രതന്നെ ഉള്ളിലൊതുക്കിപ്പിടിച്ചാലും അവരുടെ ഹൃദയം തൊടുന്ന,
താളത്തിലുള്ള ശബ്‌ദത്തില്‍ എല്ലാം പറഞ്ഞുപോകാറാണ് പതിവ്. ``കണ്ണടയ്‌ക്കാന്‍
പറ്റ്‌ണ്‌ല്യ. ഉറങ്ങാന്‍ പറ്റ്‌ണ്‌ല്യ'' പിന്നെയും ഞാനെന്തൊക്കെയോ പറഞ്ഞു കരഞ്ഞു.
ചിലരുടെ മുന്നില്‍ മാത്രമേ കരയാന്‍ കഴിയുകയുള്ളൂ. എന്ന യാഥാര്‍ഥ്യത്തെ ഞാനറിഞ്ഞു.
എന്നെ ചേര്‍ത്തുപിടിച്ചപ്പോള്‍ അവരുടെ ഹൃദയത്തില്‍ സുരക്ഷിതമായ ഒരിടം ഞാന്‍ കണ്ടു.
കണ്ണുതുറക്കാത്ത കുഞ്ഞായി ഞാന്‍ ചേര്‍ന്നുകിടന്നു. അകത്തും പുറത്തുമുള്ള വേദനയുടെ
തീവ്രത വെറും സാമീപ്യംകൊണ്ടുമാത്രം കുറഞ്ഞു വരുന്നു.
``അവസാനമായി നീ
എപ്പോഴാണ് വന്നതെന്ന് ഓര്‍മയുണ്ടോ? അവരുടെ ശബ്‌ദം രണ്ടുതുള്ളി കണ്ണീരിനോടൊപ്പം
എന്നിലേക്കു വീണു. ഞാന്‍ പതുക്കെ തലയുയര്‍ത്തി. പെട്ടെന്നു വെളുത്തുള്ളിയുടെ മണം
വന്നു.
``എന്തു ചെയ്യണമെന്നറിയാതെ വീര്‍ത്തു വരുന്ന വയറുമായി
നീറിക്കിടക്കുമ്പോഴാണ് നാടുവിട്ടുപോയ കെട്ട്യോന്‍ വന്നത്. അന്നെയാണെങ്കീ യീ
വഴിക്ക് കാണ്‌ണ്‌ല്യാ. കൊല്ലാനെനിക്ക് മനസ്സില്ലായിരുന്നു. പേടിച്ച് പേടിച്ച്
ന്റെ ജീവന്‍ തീര്‍ക്കണപോലെ.. അന്നുതൊട്ട് ന്‌ക്കും ഉറങ്ങാന്‍ കഴിഞ്ഞിട്ടില്യാ''
എന്റെ എല്ലുകള്‍ക്കിടയില്‍നിന്നും അസ്വാഭാവികമായ ഞരക്കമുയര്‍ന്നു. കാലിനടിയിലാരോ
തീപ്പന്തംകൊണ്ട് കുത്തുന്നു. ``കേട്ടോ കരച്ചില് കേട്ടോ'' കൗസല്യേട്‌ത്തി
ചാടിയെണീറ്റു. ``ഞാന്‍ കേക്ക്‌ണ്‌ല്ലല്ലോ'' ഞാന്‍ ഞെളിപിരികൊണ്ടു. ``കുട്ടികളുടെ
കരച്ചില് തള്ളമാര്‍ക്കേ കേള്‍ക്കാനാവൂ''
ചതഞ്ഞമര്‍ന്ന എന്നിലേക്ക് ആരോ
നിലവിളികള്‍ പെറുക്കിയിട്ടു.
``വാ, പോകാം''ഞാന്‍ കൗസല്യേട്‌ത്തിയെ
പിന്‍തുടര്‍ന്നു. വിചിത്രവും വിരൂപവുമായ കെട്ടുവഴി. വളഞ്ഞു പുളഞ്ഞ കൊമ്പുകള്‍,
കൂര്‍ത്ത് ചിതറിയ വൃക്ഷങ്ങള്‍. വായകള്‍ വലുതായ മനുഷ്യര്‍. തണുപ്പ്
കൊണ്ടുവന്നെറിയുന്ന കാറ്റ്.
``ഇതെങ്ങോട്ടാ?'' അവര്‍ ഒന്നും
പറഞ്ഞില്ല.
മുന്നോട്ട് നടക്കുംതോറും കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചില്‍
ഉയര്‍ന്നുവന്നു. ചെന്നെത്തിയത് ചോരയൊഴുകുന്ന പുഴയുടെ അരികില്‍. ഞാന്‍
കാലെടുത്തുവെക്കാന്‍ നോക്കവേ അവരത് തടഞ്ഞു.
``വേണ്ട, വെന്തുപോകും.
ചൂടുചോരയാ.'' തിളച്ചുമറിയുന്ന ചോരപ്പുഴയുടെ ഒരു കരയില്‍ ഓരായിരം കുഞ്ഞുങ്ങള്‍
നിര്‍ത്താതെ കരയുന്നു. ചിലതിന് കണ്ണില്ല. കൈയില്ല, കാലില്ല.
അവരുടെ
കരച്ചിലുകള്‍ മേഘങ്ങള്‍ക്കിടയിലേക്കുയര്‍ന്നു പോയിക്കൊണ്ടിരുന്നു. അത് മഴയായി
താഴോട്ടു തന്നെ വീഴുന്നു. പിറവിയുടെ അനുഗ്രഹം നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ
കരച്ചിലാണോ മഴ.
കൂട്ടത്തില്‍ ഒരു കുഞ്ഞ് മാത്രം എന്നോടെന്തോ പറയുന്നുണ്ട്.
മറ്റുള്ള കുഞ്ഞുങ്ങളുടെ കരച്ചിലില്‍ ഒന്നും കേള്‍ക്കാനാവുന്നില്ല.
``കൗസല്യോട്‌ത്തി അതെന്താ ആ കുഞ്ഞുമാത്രം എന്നോട് സംസാരിക്കുന്നത്?'' ചോദ്യം
കേട്ട കൗസല്യേട്‌ത്തി വെള്ള വസ്‌ത്രത്താല്‍ മൂടപ്പെട്ട് അപ്രത്യക്ഷയായി.
ചോരപ്പുഴയൊഴുകുന്ന നദിയുടെ മറുകരയില്‍ നിന്ന് കരച്ചിലുകള്‍ ഉയര്‍ന്നുയര്‍ന്നു
വരുന്നു.
``ആ കുട്ടിയെന്താണ് എന്നോട് പറയുന്നത്? അതെ, എന്നോടുതന്നെയാണ്
അത് പറയുന്നത്. '' തിരിഞ്ഞുനോക്കാതെ ഓടുമ്പോള്‍ വഴിയരികില്‍ നിറയെ അടിമുടി
വെള്ളവസ്‌ത്രങ്ങളണിഞ്ഞ രൂപങ്ങള്‍.
``ആരെങ്കിലൊന്ന് പറഞ്ഞുതരൂ. ആ
കുട്ടിയെന്താണെന്നോട് പറയുന്നത്? ഞാനെന്താണ് ചെയ്യേണ്ടത്? '' ആരും ഒന്നും
മിണ്ടുന്നില്ല. വെള്ള തേച്ച കല്ലറകളുടെ നിശ്ശബ്‌ദത. അതിനിടയിലൂടെ ഓടിക്കിതച്ച്
ഞാന്‍ വീട്ടിനകത്ത് കയറി വാതിലടച്ചു. അടയ്‌ക്കപ്പെട്ട മുറിയിലേക്ക് ആരോ
ഏങ്ങലുകള്‍ എടുത്തെറിയുന്നു. പെരുകുന്നു. മുറിയുടെ എല്ലായിടത്തുനിന്നും തേള്‍
രൂപത്തില്‍ ഇഴഞ്ഞിഴഞ്ഞു വരുന്ന നിലവിളികള്‍.