Image

അമ്മ എന്ന പ്രതിഭാസം ! (ഗീത രാജൻ)

Published on 13 May, 2023
അമ്മ എന്ന പ്രതിഭാസം ! (ഗീത രാജൻ)

അമ്മക്കായ്  ഒരു  ദിനമോ ? അമ്മയെ  സ്നേഹിക്കാനും  വേണമോ  ഒരു  പ്രത്യക  ദിനം? ബിജുവിന്റെ  വാക്കുകളിൽ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല ! അവനെപ്പോഴും  അങ്ങനെയാണ് !  സ്നേഹം  ഉള്ളിൽ നിന്നും വരുന്നതാവണം ! അല്ലാതെഅതിങ്ങനെ ഒരു ദിവസത്തേക്ക് ഒതുക്കേണ്ടതല്ല ! അവന്റെ അമ്മയിലേക്കുള്ള  എന്റെ ദൂരം ഏറെയാണ് ! അവന്റെ വാക്കുകളിലൂടെ അവന്റെ അമ്മയെ അറിഞ്ഞു തുടങ്ങുന്നു ...അവൻ പാഞ്ഞു തുടങ്ങുന്നു ....!

ഒരു ശ്വാസ നിശ്വാസത്തിൽ  ഈ ജീവൻ നിലനിർത്തിയ 50 വർഷങ്ങൾ!  ഈ ഭൂമിയെ
അറിഞ്ഞ 50 വർഷക്കാലം!  ഓരോ ജന്മ ദിനവും ഒരോർമ്മപെടുത്തലാണ്! എത്രയൊക്കെ
ഉയരെ പറന്നാലും എത്രയൊക്കെ അഹങ്കരിച്ചാലും 'അമ്മയെന്ന'   ആ ഒരു വ്യക്തി
ഇല്ലെങ്കിൽ ഞാനില്ല എന്ന തിരിച്ചറിവ്!  അമ്മയില്ലാത്ത 25  വർഷങ്ങൾ  എന്നെ 
കടന്നു പോയിരിക്കുന്നു!  പക്ഷെ അമ്മയില്ലാത്ത ഒരു ദിവസം എന്റെ  ജീവിതത്തിൽ
ഉണ്ടായിട്ടുണ്ടോ?   ഇല്ല എന്ന് ഉറപ്പിച്ചു പറയാൻ എനിക്ക് കഴിയും!   ഒരു
ഭക്ഷണം,   അതുണ്ടാക്കുമ്പോഴോ കഴിക്കുമ്പോഴോ അമ്മയുടെ അദൃശ്യ സാന്നിദ്ധ്യം
എന്നിലേക്ക്‌ വന്നണയാറുണ്ട്!    ഒരു ബൈക്ക്  എന്നെ കടന്നു പോയാൽ ആദ്യം
ഓർമ്മ  വരുന്ന മുഖം അമ്മയുടേതാണ്!  ഒപ്പം അലയടിച്ചുയരുന്ന ഒരു ചോദ്യം
"എന്നാണ് നീ എന്നെ നിന്റെ ബൈക്കിൽ കൊണ്ട് പോകുന്നത്?"

'അമ്മ എനിക്കെന്നും ഒരത്ഭുതമായിരുന്നു!  ഒരുപക്ഷെ ലോകത്തിലെ എല്ലാ
'അമ്മമാരും  ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോ
പ്രതിഭാസങ്ങളാണെന്നു എനിക്ക് തോന്നാറുണ്ട്.  അമ്മയെന്ന് ഓർക്കുമ്പോഴേ
നഷ്ടപെടലിന്റെ വേദനയേക്കാൾ എന്റെ ഓർമ്മയിൽ താങ്ങി നിൽക്കുന്നത്
“ശബ്ദമായിരുന്ന"  അമ്മയെയാണ്!   എപ്പോഴും ശബ്‌ദിച്ചു കൊണ്ടിരിക്കുന്ന ഒരു
യന്ത്രത്തെ പോലെ  'അമ്മ  എപ്പോഴും  ശബ്ദിച്ചു കൊണ്ടേയിരുന്നു ! ഒന്നുകിൽ
 അത്  എന്നോടു അല്ലെങ്കിൽ  പാപ്പയോടു .. ആരുമില്ലെങ്കിൽ  'അമ്മ
എന്തിനോടും  സംസാരിക്കും. .. മുറ്റത്തെ  മുല്ലയോടു  തൊടിയിലെ  ചെടികളോട്
കളിയിലിൽ   കെട്ടിയിരിക്കുന്ന. മാടുകളോട് .., അയൽവക്കത്തെ  കുട്ടികളോട്
..  അല്ലെങ്കിൽ  വഴിയിലൂടെ  കടന്നു  പോകുന്ന  ആരോടെങ്കിലും ..,
അങ്ങനെ  ഒരു  നിമിഷം നിശ്ശബ്ദമാകാത്ത ഒരു ജീവനുള്ള യാത്രാമായിരുന്നു
'അമ്മ എന്നോർക്കുമ്പോൾ ചിരിക്കാതിരിക്കാൻ എനിക്ക് കഴിയില്ല.
പഠിക്കുമ്പോൾ ഏറ്റവും വല്യ ആഗ്രഹം ജോലി കിട്ടണം ,  ഒരു ബൈക്ക് വാങ്ങണം,
അതിനു പുറകിലത്തെ സീറ്റിൽ അമ്മയെ ഇരുത്തി യാത്ര പോകണം!  അമ്മയുടെ ആ വല്യ
ആഗ്രഹം സാധിച്ചു കൊടുക്കണം!  എത്ര തവണ സ്വപനത്തിൽ ഞാനതു കണ്ടിരിക്കുന്നു!
 ആ സ്വപ്നത്തിന്റെ പുറകെ ഞാൻ കുറെയധികം പാഞ്ഞു!  ഒടുവിൽ ഗൾഫിൽ
എത്തപ്പെട്ടു!  അവിടെ എന്റെ എല്ലാ പ്രതീക്ഷകളെയും സ്വപനങ്ങളെയും ബാക്കി
വച്ച്  അമ്മയുടെ വേർപാടിന്റെ ആ വാർത്തയാണ് എന്നെ തേടിയെത്തിയത്!
ക്യാന്സറിനോട് 15 വർഷക്കാലം പൊരുതി വിടവാങ്ങിയ 'അമ്മ!  എന്നെങ്കിലും
അമ്മയില്ലാത്ത ഈ ലോകത്തു ജീവിക്കേണ്ടി വരുമെന്ന് കരുതിയതേയില്ല!  ആ ഫോൺ
സന്ദേശം ഇന്നും എന്നും എന്റെ ചെവികളിൽ തങ്ങി നിൽക്കുന്നു!

പുനർജ്ജന്മം എന്നത് സത്യമെങ്കിൽ, എന്റെ 'അമ്മ എവിടെയോ ജനിച്ചിട്ടുണ്ടാവും,
 ഇന്ന് ഞാൻ കാണുന്ന 24 -25 കാരികളിൽ അമ്മയുടെ മുഖമുണ്ടോ?  തിരച്ചിൽ
തുടർന്ന് കൊണ്ടേയിരിക്കുന്നു!  ജന്മജന്മാന്തങ്ങളിൽ എന്നിൽ   തങ്ങി നിൽക്കുന്ന
ഒരു കുളിർമ്മയായി 'അമ്മ എന്നും എപ്പോഴും  എന്നിൽ പറ്റി   ചേർന്നങ്ങനെ നിൽക്കുന്നു!!

അവൻ എനിക്കെന്നും  ഒരു പിടിക്കിട്ട ജന്മം തന്നെയെന്ന് ഒരു ചെറു ചിരിയോടെ ഞാനോർത്തു!
ആഹാ !!  ഇടക്കൊക്കെ  ഞാനോർക്കാറുണ്ട് ... അവന്റെ വട്ടുകൾ  എന്നിലേക്കും  ചേക്കേറാറുണ്ട് ! അമ്മമാർ ! ആ സ്നേഹം ! എന്നും അത് നുകർന്നെടുക്കാൻ  മക്കൾക്ക് കഴിയട്ടെ !  അമ്മയുടെ ശാസനകൾ കരുതലിന്റെ , സുരക്ഷയുടെ കൂടൊരുക്കൽ ആണെന്ന യാഥാർഥ്യത്തിലേക്കു, ആ സ്നേഹത്തിനു  പകരം വെക്കാൻ ഈ   ഭൂമിയിൽ ഒന്നുമില്ലെന്ന തിരിച്ചറിവിലേക്ക് തുറക്കട്ടെ ഈ അമ്മദിനമെന്നു പ്രത്യാശിച്ചു കൊണ്ട് , ആശംസകളോടെ ...

ഗീത രാജൻ

#Mothresday_article

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക