മാനസഭിത്തിയില്‍ ചാരിനിന്നാരെന്നെ-
മാടിവിളിക്കുന്നിടയ്ക്കിടയ്ക്ക്?
മറ്റാര്? പോറ്റമ്മതന്നെയാണെന്നുടന്‍,
തെറ്റാതെയുത്തരമോര്‍മ്മകളില്‍;
കെട്ടപ്പിടിച്ചുമ്മവച്ചുകരഞ്ഞു ഞാന്‍-
പെട്ടെന്ന് ഗദ്ഗദം പൂണ്ടു നില്‌ക്കെ,
സ്‌നേഹവാത്സല്യങ്ങളശ്രുകണങ്ങളായ്,
മെയ്യിലേയ്ക്കിറ്റിറ്റു വീഴുന്നപോല്‍....
മോഹനസങ്കല്പചിത്രങ്ങളീവിധം,
മോഹിപ്പിച്ചെങ്ങോ മറഞ്ഞിടുമ്പോള്‍
സത്യങ്ങളാകുവാനാശിച്ചു പോകുന്നു,
മിഥ്യയാണെന്നറിയാമെങ്കിലും;
വാസന്തഗ്രീഷ്മ ശിശിരചക്രങ്ങളാല്‍-
കാലത്തിന്‍ തേരോട്ടത്തിന്നിടയില്‍,
വീണ്ടെടുത്തീടുവാനാകാത്ത നഷ്ടങ്ങള്‍,
വാഴ്‌വിന്‍ വിധിവിളയാട്ടമല്ലെ?
പൊട്ടിച്ചിരിച്ചും കരഞ്ഞുമീജീവിതം,
കെട്ടിയുയര്‍ത്തുവാന്‍ കാവലാളായ്,
നല്‍വഴികാട്ടിയാം കൂടെപ്പിറപ്പിനെ,
എങ്ങനെ വിസ്മരിച്ചീടുന്നു ഞാന്‍?
ത്യാഗിനിയായവളമ്മയായ്, ചേച്ചിയായ്-
ആചാര്യയായ്, മാര്‍ഗ്ഗദീപമായി,
വീട്ടില്‍ വിളക്കായ് കത്തിയെരിഞ്ഞവള്‍,
ആത്മസുഖങ്ങള്‍ പരിത്യജിച്ചോള്‍,
നന്മകളാകുന്ന കൈമുതലൊക്കെയും,
തന്‍ സഹജാതര്‍ക്കു പങ്കുവച്ച്,
പുഞ്ചിരിപ്പൂക്കള്‍ പൊഴിച്ചു നിരന്തരം,
പുത്തനറിവിന്റെ വിത്തുപാകി;
അന്നു കൊളുത്തിയ കൈത്തിരിയിന്നോളം,
ഉള്ളില്‍ തെളിയും വെളിച്ചമായി;
പൂത്തും തളിര്‍ത്തും പടര്‍ന്ന കുടുംബമാം
പാദപം, തായ്‌വേരീ പുണ്യവതി,
ആനയിച്ചീടുന്നു മുന്നോട്ട്.....മുന്നോട്ട്.....
ഏതോ മഹത്തരമാംപൊരുളായ്,
ധന്യേ,തവാനന,മാനന്ദദായകം,
സ്വപ്നത്തിലും മമ സാഫല്യമായ്;
കാണാമറയത്തരൂപിയായെങ്കിലും
ഓര്‍മ്മിക്കുവാന്‍ പലതുണ്ടുബാക്കി
ഈജന്മയാത്രയില്‍ വീഴാതിരിക്കാവാ-
സാരോപദേശങ്ങളെത്രകാതില്‍?