കശ്യപിനോടുണ്ടായിരുന്നത് നല്ല സൗഹൃദം മാത്രമായിരുന്നു. ലിനിയും ശീതളുമൊക്കെയാണ് സൗഹൃദത്തിന് മറ്റൊരു നിറംകൂടി
ചാലിക്കാൻ പ്രേരിപ്പിച്ചത്.
"നല്ലപയ്യൻ, മറ്റാരെങ്കിലും കൊത്തിക്കൊണ്ടുപോകുന്നതിനു മുൻപ്
നീയൊന്നു നോക്ക്. നിങ്ങളുതമ്മിൽ നല്ല ചേർച്ചയാ."
ബർത്തുഡേ ഗിഫ്റ്റുമായി ഒരു മുന്നറിയിപ്പുമില്ലാതെ ശീതളിനും ലിനിക്കുമൊപ്പം
കശ്യപും വീട്ടിലേക്കു വന്നിട്ടുപോയപ്പോൾ
നല്ല പയ്യൻ, നല്ലപയ്യൻ, എന്ന് മകൾ കേൾക്കാനെന്നവണ്ണം അമ്മയും പലവട്ടം പറഞ്ഞുകേട്ടതിൽ കശ്യപിനെ മരുമകനായി കിട്ടിയിരുന്നെങ്കിലെന്ന മോഹം അമ്മയ്ക്കും
ഉണ്ടെന്നു തോന്നിയിരുന്നു.
ഞങ്ങൾ ഒരേ വർഷം ജനിച്ചവരാണെങ്കിലും മാസങ്ങളുടെ
മൂപ്പ് എനിക്കാണ്..
"അതൊന്നും സാരമില്ല, സചിൻ ടെൻണ്ടുൽക്കറുടെ ഭാര്യയ്ക്ക് അദ്ദേഹത്തേക്കാൾ അഞ്ചുവയസ്സു കൂടുതലല്ലേ..
പിന്നെ, പൂർണ്ണിമാ ഇന്ദ്രജിത്തോ..?
നീ ധൈര്യമായി അവനോടടുക്ക്.."
ശീതളിന്റെ വക..!
കാശി എന്നു ചെല്ലപ്പേരു വിളിക്കുന്ന കശ്യപിന്
പേരുപോലെതന്നെ
ഒരു ചെറിയ നോർത്തിന്ത്യൻ ലുക്കുണ്ട്.
അച്ഛനെ കണ്ട ഓർമ്മയില്ലായെന്ന്.
"കണ്ണാടിയിൽ നോക്ക്, നീ നിന്റെ അച്ഛൻ തന്നെ.." അമ്മ ഇയ്ക്കിടെ പറയുമത്രേ.!
ആറുവയസ്സിനു മൂത്ത സഹോദരി പ്ലസ്ടുവിനു പഠിക്കുമ്പോൻ ഒരന്യമതസ്ഥൻ പയ്യനുമായി സ്നേഹത്തിലാ
വുകയും വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് അവന്റെകൂടെ
ഇറങ്ങിപ്പോവുകയും ചെയ്തു.
ആ ബന്ധം മനസ്സുകൊണ്ട് അംഗീകരിക്കാൻ ഇന്നും അമ്മക്ക് കഴിഞ്ഞിട്ടില്ലെന്നു കശ്യപു പറയുമ്പോൾ
ആവശ്യമില്ലാതെ സ്വപ്നങ്ങൾ
നെയ്തുകൂട്ടേണ്ടെന്ന് മനസ്സു പറയുന്നു.
മകനുവേണ്ടിമാത്രം ജീവിക്കുന്ന ഒരമ്മ. ...!
മകളേപ്പോലെ മകനുംകൂടി മതംമാറി കല്യാണം കഴിച്ചാൽ
അവർക്കു സഹിക്കാൻ കഴിഞ്ഞെന്നുവരില്ല.
"എടോ..
കൊണ്ടുപിടിച്ചു കല്യാണാലോചനകൾ വീട്ടിൽ നടക്കുന്നുണ്ട്..
ഒന്നിനും എസ്സ് മൂളാൻ കഴിയുന്നില്ല,
താനാണെന്റെ മനസ്സിൽ..
പക്ഷേ..!
ഒരാളുടെ മനസ്സിൽ മറ്റൊരാളുകൂടി ഉണ്ടെന്നറിയുക,...! തുളളിച്ചാടാനാണു തോന്നിയത്.
" എടോ നമ്മളു നല്ല തിക്ക് ഫ്രണ്ട്സായിരിക്കുംഎന്നും.. അതിനപ്പുറത്തേയ്ക്കൊന്നും ചിന്തിക്കേണ്ട.
അമ്മയ്ക്കിഷ്ടപ്പെട്ട നല്ലൊരു പെങ്കൊച്ച്
എവിടെയോ ഇരിപ്പുണ്ട്. അതിനെവേണം കെട്ടാൻ..."
വരാൻപോകുന്ന ജനറൽ ട്രാൻസ്ഫറിന് , കുറച്ചുകൂടി വീടിനടുത്തേക്ക് കിട്ടാൻ റിക്വസ്റ്റ് കൊടുക്കാൻ കശ്യപിനെ
നിർബ്ബന്ധിച്ചതും ഞാനാണ്.
തമ്മിൽ കാണാതെയും, കേൾക്കാതെയും,
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും...!
പെട്ടെന്നൊരു ദിവസം
അവൻ ഓഫീസിൽ പ്രത്യക്ഷപ്പെട്ടത് അവന്റെ
വിവാഹത്തിനു സഹപ്രവർത്തകരെ ക്ഷണിക്കാനായിരുന്നു.
"അടുത്ത മാസം 7നാണ്. എന്റെ വിവാഹം. വരണം."
ക്യാബിനിലേക്കു കയറിവന്ന് അവനെന്നെ
നേരിട്ടു ക്ഷണിച്ചപ്പോൾ ആകെയൊരു പതർച്ച തോന്നിയോ..?
"ആശംസകൾ"
സങ്കടങ്ങൾക്കും, സന്തോഷങ്ങൾക്കും നനയാറുളള
തന്റെ കണ്ണുകൾ.. !
"അമ്മയ്ക്കു നിർബന്ധം, വിവാഹം ഇപ്പോൾ
നടന്നില്ലെങ്കിൽ
പിന്നീടതിനുളള യോഗമുണ്ടാവില്ലെന്ന് ജോത്സ്യൻ പറഞ്ഞത്രേ.
കരച്ചിലും പിഴിച്ചിലും..സമാധാനം തരാണ്ടായി.."
തിരിഞ്ഞൊന്നു നോക്കാതെ
ബൈക്കിനടുത്തേക്ക് നടന്നുനീങ്ങുന്ന, തന്റെ മനസ്സിൽനിന്നും ഇനിയും പടിയിറങ്ങാൻ മടികാണിക്കുന്ന കശ്യപ് ...
ഫയലുകൾക്കിടയിൽ തിരിച്ചുംമറിച്ചും മേശമേൽ എന്തൊക്കെയോ പരതിയും ആ കാഴ്ച മറഞ്ഞു പോകാൻ വെറുതെ പരിശ്രമിച്ചുകൊണ്ടിരുന്നു.