കൂടെ താമസിച്ചിരുന്ന മകനും കുടുംബവും യു കെ ക്ക് പോയശേഷം സൂക്ഷിച്ച് ആഹാരം കഴിക്കുന്ന ഒരു അച്ഛനെ ഞാൻ ഈയിടെ കണ്ടു.
ഊണിന് പകരം ചപ്പാത്തി. വെജിറ്റബിൾ കറി.
"ഇപ്പോൾ വീട്ടിൽ രണ്ടാൾ മാത്രമല്ലേ ഉള്ളൂ ? ഇടയ്ക്കൊക്കെ ഒരുമിച്ച് യാത്ര ആകാമല്ലോ ?"
എന്ന എന്റെ ചോദ്യത്തിന് മറുപടി :
"അങ്ങനെയൊന്നും ഞങ്ങൾ പോകാറില്ല. ഞങ്ങൾക്ക് ഇപ്പോൾ ഭയമാണ്."
കാരണം വ്യക്തമാക്കാതെ "അതെന്തേ" എന്ന് ഞാനും
"അവർക്ക് അവിടെ ഇഷ്ടമായില്ലേ? "
"അവർക്ക് അവിടെയാണ് ഇഷ്ടം."
"രണ്ടുപേർക്കും ജോലിയായി.
കുട്ടി സ്കൂളിൽ പോകുന്നു.
കാർ ഒക്കെ വാങ്ങി.
ഒരു മണിക്കൂർ ജോലി ചെയ്താൽ തന്നെ നല്ല പൈസ കിട്ടും."
"പിന്നെ എന്തേ" എന്ന് വീണ്ടും.
"ഞങ്ങൾക്ക് നേരെയാകാൻ സമയമെടുക്കും.
എന്റെ പാതിയാണ് പോയത്. അവൻ വളർന്നതിൽ പിന്നെ ഞാൻ ഒരു സർക്കാർ ഓഫീസിലും പോയിട്ടില്ല. ബില്ലുകൾ ഒന്നും കൊണ്ടുപോയി അടച്ചിട്ടില്ല. എല്ലാം അവൻ മൊബൈൽ വഴി ചെയ്യുമായിരുന്നു. ആശുപത്രിയിൽ പോകാൻ കൂട്ടായിരുന്നു. മുറ്റത്ത് കിടക്കുന്ന കാറ് അയൽപക്കത്തുള്ള ആരേലും വിളിച്ച് സ്റ്റാർട്ട് ചെയ്യും.
എങ്കിലും അവർക്ക് അവിടെയാണ് നല്ലത്. അവർക്ക് അവിടെയാണ് ഇഷ്ടം."
Empathy ആണ് എന്റെ ഏറ്റവും വലിയ കഴിവ് എന്ന് വിചാരിച്ച ഞാൻ ആകെ ഒന്ന് തെറ്റി. ചില ഹൃദയങ്ങളിലേക്ക് പൂർണ്ണമായി കയറാൻ പറ്റില്ല. പൂർണ്ണമായിട്ടും അവരായി ചിന്തിക്കാൻ പറ്റില്ല. ചിലതൊക്കെ അനുഭവത്തിലൂടെയെ മനസ്സിലാക്കാൻ പറ്റൂ.