നീലക്കുറിഞ്ഞി
പീരുമേട്ടിലെ അഞ്ചുരുളി പഞ്ചായത്ത് പ്രസിഡന്റ് നീലിമ ഉണ്ണിത്താന് എല്ലാവരുടെയും ഇഷ്ടതാരമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് മൃഗീയമായി കൊല്ലപ്പെട്ട ഒരപ്പന്റെ പുന്നാരമോളാണവള്. അപ്പന് വിളിച്ചിരുന്ന നീലക്കുറിഞ്ഞി എന്ന പേരില്‍ത്തന്നെയാണ് ഇപ്പോള്‍ നാട്ടുകാരും അവളെ സംബോധന ചെയ്യുന്നത്. അപ്പനെപ്പറ്റിയുള്ള ഓര്‍മ്മ ഒരു ദുഃസ്വപ്നംപോലെ ഇപ്പോഴും അവളുടെയുള്ളിലുണ്ട്. അതു മറക്കാനാണ് അവള്‍ക്കിഷ്ടം.
മലമുകളിലും താഴ്വാരങ്ങളിലും പഞ്ഞിക്കെട്ടുപോലെ മൂടല്‍മഞ്ഞു നിറഞ്ഞിരുന്ന അന്ന്, നൂലുപോലെ മഴ പെയ്യുന്നുണ്ടായിരുന്നു. മഞ്ഞിനുപോലും ഇരുണ്ട നിറമുള്ള ആ കറുത്ത രാത്രിയില്‍, അപ്പന് വക്കച്ചന് പുത്തന്വേലിയെ, കൊച്ചുപിച്ചാത്തിക്കു കുത്തി വയറുകീറി, ആരോ അഞ്ചുരുളിപ്പാലത്തില്നിന്നു താഴേക്കെറിയുകയായിരുന്നു. രാത്രിയില്‍ ശക്തി പ്രാപിച്ചിരുന്ന പെരുമഴയത്ത്, ആരുമറിയാതിരിക്കാന്‍ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്കാണ് അവര്‍ ശരീരം വലിച്ചെറിഞ്ഞത്. പക്ഷേ, കുറ്റാക്കുറ്റിരുട്ടത്ത്, കൊലയാളികള്‍ക്ക് ഉന്നം പിഴച്ചതുകൊണ്ട്, ശവം വീണത് കരയ്ക്കുള്ള പൊന്തക്കാട്ടിലാണ്. ചോരയൊലിച്ചുകിടന്ന വക്കച്ചന്റെ മൃതശരീരം ആരൊക്കെയോ പൊക്കിയെടുത്ത്, പുഴയ്ക്കരികിലുള്ള പഴയ ഓടിട്ട വീട്ടിലേക്കു കൊണ്ടുവന്നു. വീട്ടില്‍ ആകെയുണ്ടായിരുന്നത്, അയാളുടെ കെട്ടിയോള് ശാന്തമ്മയും പതിനേഴു വയസ്സുള്ള ഏകമകള്‍ നീലക്കുറിഞ്ഞിയും മാത്രമായിരുന്നു. മൃതദേഹം കണ്ടപ്പോള്‍ത്തന്നെ പാവം അമ്മയും മകളും വലിയവായില്‍ കരച്ചില് തുടങ്ങി. അയല്പക്കക്കാര് ഓടിക്കൂടിയപ്പോള്‍, ശവം കൊണ്ടുവന്നവര്‍ സ്ഥലംവിട്ടു.
നേരം പുലര്‍ന്നപ്പോള്‍, പുഴയോരത്തുള്ള ഷാപ്പിലിരുന്ന് ഒരെണ്ണം വീശിയശേഷം, സ്ഥലത്തെ പ്രധാന ഇലക്ട്രീഷ്യനായ കരണ്ടു രാജപ്പന് പ്രഖ്യാപിച്ചു:
'കൊന്നവരും ചത്തവനും തികഞ്ഞ രാഷ്ട്രീയബോധമുള്ളവര്തന്നെ!'
പഞ്ചായത്തിന്റെ സ്വന്തം ലേഖകനാണെങ്കിലും പണിയുടെ കാര്യത്തില്‍ രാജപ്പന് കണിശക്കാരനാണ്. പഞ്ചായത്തിലെ എല്ലാ വയറിംഗ് ജോലികളും കരണ്ടുസംബന്ധമായ പണികളും ചെയ്യുന്നതു രാജപ്പനാണ്. അതയാളുടെ അവകാശമാണ്! പെണ്ണും പിടക്കോഴിയുമൊന്നുമില്ലാത്ത ഒറ്റത്തടിയാണ്. ലക്കും ലഗാനുമില്ലാതെ തെണ്ടിനടക്കുന്നവന് ആരു പെണ്ണു കൊടുക്കാന്‍! ആരു പണിക്കു വിളിച്ചാലും സ്വന്തം ചടാക്കു ബൈക്കില്‍ പാഞ്ഞെത്തുമെന്നുള്ളതാണു ഗുണം. അഥവാ രാജപ്പനറിയാതെ ജോലി മറ്റാര്‍ക്കെങ്കിലും കൊടുത്താല്‍ പണി കിട്ടിയതുതന്നെ! ഏതു ദേവേന്ദ്രനാണെങ്കിലും, സന്ധ്യയാകുമ്പോള്‍ വാറ്റുചാരായമടിച്ചിട്ട് അവരുടെ വീട്ടുമുറ്റത്തു ചെന്നുനിന്ന് നല്ല ഉച്ചത്തില്‍ അസഭ്യം പറയും.
അയാളുടെ മുടിഞ്ഞ വാമൊഴി അസഹ്യമാണെങ്കിലും നാട്ടുകാര്‍ എതിര്‍ത്ത് ഒരക്ഷരം പറയാതെ അതങ്ങു സഹിക്കുകയാണ്. കാരണം, രാജപ്പന് പീരുമേട്ടിലെ ഏക രാഷ്ട്രീയനിരൂപകനാണ്! മാത്രമല്ല, ചിലര്‍ക്കൊക്കെ കിട്ടാനുള്ളതു കിട്ടട്ടെ എന്ന മട്ടില്‍ ഭരണപക്ഷവും പ്രതിപക്ഷവും മൗനം പാലിക്കുന്നു.
രാജപ്പനു പൊതുവേ എല്ലാ പാര്‍ട്ടിക്കാരെയും പരമപുച്ഛമാണ്. വലിയ പഠിപ്പും പത്രാസുമൊന്നുമില്ലെങ്കിലും എല്ലാവരേയും സമദൂരത്തു നിര്‍ത്തിയുള്ള കളിയാണുചിതമെന്നറിയാനുള്ള സാമാന്യബുദ്ധി അയാള്‍ക്കുണ്ട്. ഒന്ന് അടിച്ചു പെരുത്തുകഴിഞ്ഞാല് അമേരിക്കന്‍ പ്രസിഡന്റിനെ വരെ പുലഭ്യം പറയും. പിന്നെയാണ്, ചത്തു മലച്ചുകിടക്കുന്ന പഞ്ചായത്തുമെമ്പര്‍ പുത്തന്‍വേലി!
വക്കച്ചന്റെ മൃതദേഹം കൊണ്ടുവന്ന രാത്രിയില്‍ത്തന്നെ, അഞ്ചുരുളിയിലെ അയാളുടെ അയല്പക്കക്കാര് വീട്ടുമുറ്റത്ത് ഒത്തുകൂടിയിരുന്നു. എല്ലാം രഹസ്യമായിരുന്നു. വക്കച്ചന്റെ ഭാര്യ ശാന്തമ്മയെക്കുറിച്ചുള്ള പരദൂഷണങ്ങള്‍ അവര്‍ നിര്‍മ്മിച്ചുതുടങ്ങി. എഴുപതുകളില്‍ വിപ്ലവത്തിന്റെ പേരുപറഞ്ഞ്, ശാന്തമ്മയെ വക്കച്ചന് ഏതോ നായര്ത്തറവാട്ടില്നിന്നു രായ്ക്കു രാമാനം വിളിച്ചിറക്കിക്കൊണ്ടു പോന്നതാണ്. അതൊക്കെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അറിയാത്ത പലതുമുണ്ട്. വക്കച്ചനു ചിന്നക്കടയില്‍ ഒരു ചിന്നവീടുണ്ടത്രേ! അനവസരത്തിലാണെങ്കിലും, സ്ത്രീകള്‍ക്കു കൂട്ടുകൂടുമ്പോള്‍ കൈമാറാനുള്ള വിശേഷമായി അതു മാറി. കെട്ടുപ്രായം കഴിഞ്ഞിട്ടും കല്ല്യാണമേ വേണ്ടെന്നുവച്ച തയ്യല്‍ക്കാരി രമണിയാണു കഥാനായിക. അവര്‍ക്കു തയ്യല്‍ക്കട ഏര്പ്പാടാക്കിക്കൊടുത്തതുപോലും വക്കച്ചനാണത്രേ. അവളുടെ സ്ഥിരം പറ്റുകാരനായിരുന്ന എസ്റ്റേറ്റ് തൊഴിലാളിനേതാവ് കന്തസ്വാമിക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് തമിഴ് കങ്കാണിമാര്‍ പറയുന്നത്.
ഏതായാലും പ്രതിപക്ഷമില്ലാതെ പറഞ്ഞു മടുത്തിട്ടാവാം, രാത്രിയില്‍ത്തന്നെ ആ പരദൂഷണക്കമ്മിറ്റി പിരിഞ്ഞുപോയി. എട്ടും പൊട്ടും തിരിയാത്ത നീലക്കുറിഞ്ഞി, അമ്മയോടൊപ്പം അപ്പന്റെ ശവത്തിന് ആ രാത്രി മുഴുവന്‍ കാവലിരുന്നു.
അന്നത്തെ കാളരാത്രിയില്‍, ശരറാന്തല്വിളക്കിന്റെ മങ്ങിയ വെട്ടത്തില്‍ അപ്പന്റെ തുറിച്ച കണ്ണുകളിലേക്കു നോക്കിയിരുന്നതോര്ക്കുമ്പോള്, നീലിമയുടെയുള്ളില്‍ ഇപ്പോഴും ഒരന്ധാളിപ്പാണ്. പക്ഷേ അതൊക്കെ അന്ന്! ഇന്ന് നീലിമാ ഉണ്ണിത്താന് എന്തും നേരിടാനുള്ള ശക്തിയുണ്ട്. തീയില്‍ കുരുത്തതാണ് നീലക്കുറിഞ്ഞി. ഇനി ഏതു വെയിലിലും കത്തിജ്ജ്വലിക്കും.
എല്ലാം പഴങ്കഥയായി മറന്നിരുന്നപ്പോഴാണ്, കൂനമ്പാറയിലെ ഇടതുപക്ഷത്തുനിന്നു കാലുമാറിയ എം എല്‍ ഏ സതീശന് നാടുകാണിയെ പതിനെട്ടു കുത്തു കുത്തി അതേ പാലത്തില്‍നിന്നു താഴേക്കെറിഞ്ഞത്. അപ്പോഴാണു നീലിമ, അപ്പന്റെ ചത്തു മലച്ചുള്ള കിടപ്പ് വീണ്ടുമോര്‍ത്തത്. ഇതിന്റെ പിന്നിലും തൊഴിലാളി യൂണിയന് സെക്രട്ടറി കന്തസ്വാമിയുടെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവണം. പക്ഷേ തെളിവുകളില്ല. എല്ലാം പാര്‍ട്ടിക്കാരുമായി ഒത്തുകൊണ്ടുള്ള കളിയാണ്! ആരോടു ചോദിക്കാന്‍! ആരു ചോദിക്കാന്‍!
അതറിയാവുന്നതുകൊണ്ട്, സംഭവമറിഞ്ഞപ്പോള്ത്തന്നെ നീലിമ പുഴക്കരയിലേക്കോടി. പാതിരാത്രിയില്‍, പിള്ളാരെയും ഉണ്ണിത്താനെയും നോക്കാതെ ഒറ്റയ്ക്കാണ് ഓടിയെത്തിയത്. പണ്ടത്തേതുപോലെ, മഞ്ഞു മൂടിക്കിടന്ന ഒരു മഴക്കാലരാത്രിയായിരുന്നു ഇതും.
പിറ്റേന്ന്, കരണ്ടു രാജപ്പന് കുട്ടാപ്പിയുടെ ചായക്കടയിലിരുന്ന് മറ്റൊരു പ്രസ്താവന നടത്തി:
'ഇതൊക്കെ ആ കന്തസ്വാമിയുടെ ആള്‍ക്കാരു ചെയ്തതാ. തൊഴിലാളിസമരം ഒതുക്കാന്‍ നടക്കുന്ന ആ ബൂര്ഷ്വാമുതലാളിയാ എല്ലാത്തിന്റെയും പിന്നില്‍. ഞാനെന്തായാലും നീലിമയുടെ കൂടെയാ. അവളുടെ പാര്‍ട്ടിയാ ഇപ്പോള്‍ എന്റെ പാര്‍ട്ടി. നീലക്കുറിഞ്ഞിയാണ് ഇത്തവണ നമ്മുടെ എം എല്‍ ഏ.'
കുറച്ചു തലതിരിഞ്ഞവനാണെങ്കിലും പഞ്ചായത്തിലെ സ്വന്തം ലേഖകനാണു പ്രവചിച്ചിരിക്കുന്നത്. രണ്ടു കൊലപാതകങ്ങള്‍ക്കും സമാനതകളുണ്ട്. ഒരു വ്യത്യാസമേയുള്ളു: അന്നത്തെപ്പോലെ പുഴയില്‍ കുത്തൊഴുക്കില്ലായിരുന്നു.
ഉടനേ പോലീസിനെ വിളിച്ചതും അവര്‍ വരുന്നതുവരെ അവിടെ കാവല്‍ നിന്നതും ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. പോലീസെത്തിയപ്പോഴേക്കും പുഴക്കരയില്‍ നല്ല ആള്‍ക്കൂട്ടമായിരുന്നു. അതിനിടയില്‍നിന്ന് ആരോ ഒരാള്‍ 'നീലിമ ഉണ്ണിത്താന് കീ ജെയ്' എന്നു വിളിച്ചെങ്കിലും അനവസരത്തിലായിരുന്നതുകൊണ്ട് ആരും ഏറ്റുപറഞ്ഞില്ല. ആരോ വാറ്റുചാരായമടിച്ച്, സ്ഥലകാലബോധമില്ലാതെ വിളിച്ച മുദ്രാവാക്യമായിരുന്നു അത്. 'എന്നാലും അവളാരാ മോള്' എന്ന് കൂടിനിന്ന ജനം പരസ്പരം പറയുന്നുണ്ടായിരുന്നു.
കൊലപാതകത്തിലെ സമാനതകളാണ്, കുറ്റം കന്തസ്വാമിയില്‍ ആരോപിക്കാനിടയാക്കിയത്. പക്ഷേ അതു പെട്ടെന്നങ്ങോട്ടു വിശ്വസിക്കാനും കഴിയില്ല. സതീശന്റെ കൊലപാതകം, തെരഞ്ഞെടുപ്പു ലക്ഷ്യംവച്ചുള്ള കളിയാണെന്നാണ് എതിര്‍പാര്‍ട്ടിക്കാര്‍ പറയുന്നത്. പുത്തന്‍വേലി ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും കൂനമ്പാറ മണ്ഡലത്തിലെ സ്വതന്ത്ര എം എല്‍ ഏയാകുമായിരുന്നു. മന്ത്രിയാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുമായിരുന്നില്ല. അതെല്ലാമറിഞ്ഞുകൊണ്ട്, കരുതിക്കൂട്ടിയാവണം എതിര്‍പാര്‍ട്ടിക്കാര്‍ അങ്ങനെയൊരു പാതകം ചെയ്തത്. അതുകൊണ്ട്, നാട്ടുകാര്‍ക്കൊക്കെ നീലിമയോടു സഹതാപമുണ്ട്. സഹതാപതരംഗം നമ്മുടെ രാഷ്ട്രീയത്തില്‍ പുത്തരിയല്ലല്ലോ! പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ രാജീവ് ഗാന്ധിക്ക് ആ ഭാഗ്യം കിട്ടിയിരുന്നെങ്കിലും അതൊരു ദൗര്‍ഭാഗ്യമായി കലാശിച്ചു!
എന്തായാലും നീലിമയ്ക്കനുകൂലമായി, കരണ്ടുരാജപ്പന് മാത്രമല്ല, മറ്റു രാഷ്ട്രീയനിരീക്ഷകരും പത്രങ്ങളിലൂടെ പ്രസ്താവനകളിറക്കി. കൊലപാതകം പ്രതിപക്ഷത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ടതോടെ ഹര്‍ത്താലും പ്രക്ഷോഭവും നടന്നു. കന്തസ്വാമിയുടെ വീടിനു കല്ലെറിഞ്ഞ് ഓടു മുഴുവന്‍ പൊട്ടിച്ചതായി വാര്‍ത്ത പരന്നു. എന്നിട്ടും ഒരന്വേഷണമോ അറസ്റ്റോ ഉടനെ ഉണ്ടായില്ല. എല്ലാത്തിനും ഒരു മെല്ലെപ്പോക്കുനയമായിരുന്നു. അതിലും എന്തൊക്കെയോ രാഷ്ട്രീയക്കളികളുണ്ടെന്നു പ്രചരിച്ചു. തന്നെയുമല്ല, കന്തസ്വാമി തൊഴിലാളിനേതാവു ചമഞ്ഞുനടക്കുന്ന മുതലാളിയാണെന്ന കാര്യം എല്ലാവര്ക്കും അറിയുകയും ചെയ്യാം.
ആരെ അറസ്റ്റ് ചെയ്താലും ശിക്ഷിച്ചാലും നഷ്ടം വന്നത് സതീശന് നാടുകാണിക്കും ഭാര്യക്കും ഒറ്റപ്പുത്രനായ ശ്രീഹരിക്കും മാത്രം!
ചെറുപ്പംതൊട്ടേ കുറേ തിക്താനുഭവങ്ങളുള്ളതുകൊണ്ടാണ് നീലിമാ ഉണ്ണിത്താന് അടുത്ത ഇലക്ഷന് ഒരു സീറ്റു വേണമെന്നു പാര്‍ട്ടിയോടു വാശി പിടിച്ചത്. സ്ക്കൂള് ഹെഡ്മാസ്റ്റര്കൂടിയായ ഭര്‍ത്താവ് ഉണ്ണിത്താനാണ് ആ ഇംഗിതം പാര്‍ട്ടിക്കാരെ അറിയിച്ചത്. വക്കച്ചന് ഇടതുപക്ഷക്കാരനല്ലായിരുന്നെങ്കിലും സ്വതന്ത്രനായപ്പോള്‍ നിലപാടും കഥയുമൊക്കെ മാറിയിരുന്നല്ലോ. പാര്‍ട്ടിക്കാര്‍ക്കും വലിയ എതിര്‍പ്പൊന്നുമുണ്ടാവാന്‍ വഴിയില്ലായിരുന്നു. നാട്ടുകാര്‍ക്കൊക്കെ മതിപ്പുള്ള പഞ്ചായത്തു പ്രസിഡന്റായിരുന്നു മിസിസ്സ് ഉണ്ണിത്താന് എന്ന നീലക്കുറിഞ്ഞി.
പക്ഷേ ഒരു കുഴപ്പമുണ്ട്. എന്തു കണ്ടാലും അപ്പോള്‍ പ്രതികരിക്കും. ചിന്തിക്കാതെ ഒരെടുത്തുചാട്ടമാണ്. ചില സമയത്ത് വെട്ടൊന്ന്, മുറി രണ്ട് എന്ന മട്ടിലാണു പെരുമാറ്റം. ഒരു ഉദാഹരണം നാട്ടുകാര്‍ പറയാറുണ്ട്: നീലിമാ ഉണ്ണിത്താനുള്പ്പെട്ട മുല്ലപ്പുഴ ഡാം സംരക്ഷണസമിതി, പുതിയ ഒരണക്കെട്ടു പണിയണമെന്നാവശ്യപ്പെട്ട് നിവേദനം കൊടുക്കാനള്ള തീരുമാനത്തിലായിരുന്നു. ഡാമിനു ബലക്കുറവുണ്ടെന്നും അതു നാടിനാകെ ആപത്താണെന്നുമുള്ള നിവേദനങ്ങള്‍ നേരത്തേ കൊടുത്തിരുന്നു. എല്ലാ പാര്‍ട്ടിക്കാരും മതസംഘടനകളും ഒറ്റക്കെട്ടായി നിന്നുള്ള തീരുമാനമായിരുന്നു അത്. കൂനമ്പാറപ്പള്ളിയിലെ വികാരിയച്ചന് റോഷന് കാടുകേറിയാണ് സമിതിയുടെ സെക്രട്ടറി. അതുമായി ബന്ധപ്പെട്ട് ഒരു പൊതുയോഗത്തില്‍ സംസാരിക്കാനെത്തിയ സ്ഥലം എം എല്‍ ഏ ചക്കാലയ്ക്കല്‍ കുട്ടപ്പന്റെ ചെവിക്കുറ്റിക്ക്, നീലിമ ഒന്നു പൂശി! അതും പൊതുജനം നോക്കിനില്‍ക്കെ! അങ്ങനെ സമ്മേളനമാകെ അലങ്കോലപ്പെട്ടു. ചക്കാലയ്ക്കല്‍ ആ നിവേദനത്തെ ശക്തിയായി എതിര്‍ത്തു സംസാരിച്ചതാണു കാരണം. നൂറ്റിയിരുപത്തഞ്ചു വര്‍ഷം പഴക്കമുള്ള അണക്കെട്ടു പൊട്ടിയാല്‍ സംഭവിക്കാന്‍ പോകുന്ന മഹാവിപത്തുകളെപ്പറ്റി കുട്ടപ്പനറിയില്ലായിരുന്നു. ഈ അണക്കെട്ടുണ്ടാക്കിയ ബ്രിട്ടീഷ് എന്‍ജിനീയര്‍ പറഞ്ഞ കാലാവധി അന്‍പതു വര്‍ഷമായിരുന്നു. പള്ളിക്കൂടത്തില്‍പ്പോയി നാലക്ഷരം പഠിച്ചിട്ടില്ലാത്ത കുട്ടപ്പന് ഇക്കാര്യമൊന്നുമറിയില്ല. അദ്ദേഹത്തിന് എല്ലാം കേട്ടറിവുകള്‍ മാത്രമാണ്. എവിടെ, എങ്ങനെ എപ്പോള്‍ പറയണമെന്നൊന്നും പുള്ളിക്കു നിശ്ചയമില്ല. അങ്ങനെ പല കുഴപ്പങ്ങളിലും പെട്ടുപോയിട്ടുള്ളയാളാണു കുട്ടപ്പന്. എന്നാലും പാര്ട്ടിക്കാര് പൊക്കിക്കൊണ്ടു നടക്കും. കാരണം ശത്രുക്കളെ കണ്ണുപൊട്ടുന്ന തെറി പറയാനറിയാവുന്ന വിവരദോഷികളേയും പാര്‍ട്ടിക്കു വേണം!
അമ്മയെക്കൊന്നാലും രണ്ടു പക്ഷമാണെന്നു പറയുന്നതുപോലെ, കുട്ടപ്പന്റെ പക്ഷക്കാരായ കുറേ വിമതന്മാര്, നീലക്കുറിഞ്ഞിയെ പച്ചത്തെറി പറഞ്ഞുകൊണ്ടുള്ള പോസ്റ്ററുകള്‍ പഞ്ചായത്താകെ നിരത്തി. സതീശന്റെ ശവത്തിനു കാവലിരുന്നതല്ലാതെ ഒരു കുറ്റവും നീലിമ അറിഞ്ഞുകൊണ്ടു ചെയ്തിട്ടില്ല. അതൊരു കുറ്റമല്ല; സാമൂഹ്യസേവനമായിരുന്നു. സതീശന് പുഴയരികില്‍ ചത്തു മലര്‍ന്നു കിടന്നപ്പോള്‍ ഈ പോസ്റ്ററൊട്ടിച്ചുനടന്ന ഒരു തെണ്ടിയും സഹായത്തിനുണ്ടായിരുന്നില്ല. അതുകൊണ്ട്, 'ഒന്നു പോ മോനേ ദിനേശാ' എന്ന മട്ടിലായിരുന്നു നീലിമ അതിനോടൊക്കെ പ്രതികരിച്ചത്!
എതിര്‍പക്ഷക്കാരുടെ ജല്പ്പനങ്ങളൊന്നും നീലിമ കാര്യമായെടുക്കാറില്ല. മാത്രമല്ല, ഇനി കുട്ടപ്പനെ വഴിയില്‍വച്ചു കണ്ടാലും നല്ല പൂശു പൂശുമെന്ന്, അഞ്ചുരുളിക്കവലയില് കൂടിയ ഏതോ പൊതുയോഗത്തില്‍ ധൈര്യസമേതം പ്രഖ്യാപിക്കുകയും ചെയ്തു.
'എന്നെ തോല്‍പ്പിക്കാന്‍ ഏതോ സിനിമാനടിയേയും പൊക്കിക്കൊണ്ടുവരുന്നു എന്നൊരു ശ്രുതി കേട്ടു. ഏതു കെടികെട്ടിയ സ്ഥാനാര്‍ത്ഥി വന്നാലും എന്റെ രോമത്തെപ്പോലും തൊടില്ല.'
നീലിമ ആത്മവിശ്വാസത്തോടെ പ്രസംഗിച്ചു.
അവസാനം കേസ് സി ബി ഐക്കു വിട്ടുകൊടുക്കണമെന്നായി. അതിനായി നീലിമയെ പിന്തുണച്ച കേരള കര്ഷകപ്പാര്ട്ടി, കേരളാഹര്ത്താലും പ്രഖ്യാപിച്ചു.
ഹര്ത്താലാണെന്നറിഞ്ഞാല്പ്പിന്നെ ഏതു പാര്‍ട്ടിയാണെങ്കിലും മലയാളികള്‍ വീട്ടില്‍നിന്നിറങ്ങുന്ന പ്രശ്നമില്ല. കൂനമ്പാറക്കാരുടെ കാര്യം പറയാനുമില്ല! തലേദിവസംതന്നെ കള്ളും കപ്പയും കിട്ടിയില്ലെങ്കില്‍ വാറ്റെങ്കിലും വാങ്ങിവയ്ക്കും. അങ്ങനെ മറ്റെല്ലാ മലയാളികളേയുംപോലെ ആ ദിവസം ആഘോഷമാക്കും.