Image

 വിചാരകിരണങ്ങള്‍ (ഗദ്യകവിത :ജോണ്‍ വേറ്റം) 

ജോണ്‍ വേറ്റം  Published on 19 May, 2023
  വിചാരകിരണങ്ങള്‍ (ഗദ്യകവിത :ജോണ്‍ വേറ്റം) 
 
 
 
               അന്ധവിശ്വാസങ്ങള്‍ക്കുണ്ടനവധി മുഖഭാവങ്ങള്‍.
               അന്ധവിശ്വാസികളിലുണ്ട്, കുറ്റബോധമേറും ഹൃദയങ്ങള്‍.
               അനര്‍ത്ഥനിവാരണം, പ്രാര്‍ത്ഥനയല്ല, സുസൂക്ഷ്മതയത്രേ. 
               അനുഭവസ്മരണകളോ മൃതിയോളമെത്തും നിഴലുകള്‍.                                                                     
              അവിവാഹിതമാതൃത്വവും, ബഹുഭാര്യാത്വവും പ്രശ്‌നവഴികള്‍.
                അസമത്വത്തം, മനുഷ്യനിര്‍മ്മിതമല്ല, ജന്മസിദ്ധമത്രേ. 
               ആത്മസൌഹൃദത്തില്‍, സാജാത്യമില്ല, മനുഷ്യചേതനയത്രേ!
               ആഭിചാരം, മൂഢനെയല്ല ,അഭ്യസ്തവിദ്യനെ അടിമയാക്കും. 
               ആശയങ്ങള്‍ ആത്മാവില്‍മുളച്ചു ചിന്തയില്‍വളരുന്നു.
               ഒറ്റുകാരുടെയുള്ളിലുണ്ട്, വിദ്വേഷത്തിന്‍ വിഷനാളങ്ങള്‍.
               കരിയിലക്കില്ല പുനര്‍ജന്മം, തളിരിലക്കു പുതുജന്മം.
               കുടുംബം, സ്‌നേഹത്തിലല്ല, സമര്‍പ്പണത്തില്‍ സന്തുഷ്ടമാകും. 
               കോപഹേതുക്കള്‍, പരാജയത്തിലല്ല, ദുരിതങ്ങളിലത്രേ.
               ക്ഷുദ്രവസ്തുക്കളോ, അന്ധവിശ്വാസത്തിന്‍ അടയാളങ്ങളത്രേ.
               ജാതിചിന്ത, ഉടയും വാല്മീകമല്ല, കത്തിയൊഴുകുന്ന ലാവ.
ജീവിതത്തില്‍, സത്യസന്ധതയല്ല, ധൈര്യം പരീക്ഷിക്കപ്പെടും.
                ദുരിതമുണ്ടാക്കുന്നതോ, ദുഷ്ടതയല്ല, ദുര്‍ഭരണമത്രേ.
               ദേവന്മാരുടെ വിശുദ്ധസിംഹാസനങ്ങള്‍ ഗ്രന്ഥങ്ങളിലത്രേ.
               ദേശീയാതീതചിന്ത, രാഷ്ട്രീയത്തിനില്ല, സുവിശേഷത്തിനുണ്ട്.  
               ദൈവത്തെ ആശ്രയിക്കുന്നത്, ഭക്തിയല്ല, നിസ്സഹായതയത്രേ. 
നന്മക്കില്ല വിഭാഗീയത, നഷ്ടബോധത്തിലുണ്ട് നിന്ദകന്‍.
               നാസ്തികമതം, ജ്ഞാനത്തിലല്ല, പരിജ്ഞാനത്തിലുളവാകുന്നു. 
   ''നിര്‍മ്മിതബുദ്ധി'' തുടച്ചുനീക്കും, അന്ധത, അനാചാരങ്ങളെ.
               പക്ഷപാതിത്വം, ഒരുമിഥൃയല്ല, ദ്രോഹപരകര്‍മ്മമത്രേ. 
പാപമോചനം, സ്വര്‍ഗ്ഗരാജ്യത്തില്ല, മാനസാന്തരത്തിലത്രേ.                           
പ്രണയം, ആദര്‍ശങ്ങളെയല്ല, ജീവിതരീതിയെ ബാധിക്കും.
               പ്രതികാരദാഹവുമൊരു, മാനസികമാരകായുധമത്രേ. 
               ഭിന്നതയുടെഹേതു, ഏകദൈവമല്ല, ബഹുദൈവങ്ങളത്രേ. 
               ഭൌതികതത്വശാസ്ത്രങ്ങള്‍ക്കുണ്ട്, ദീര്‍ഘദൃഷ്ടി, ലക്ഷ്യങ്ങള്‍.
               മതപരിവര്‍ത്തനം ഒരവകാശം, സുസ്ഥിതിപരിണാമം.
               മതരാഷ്ടീയസിദ്ധാന്തങ്ങളിനി, തുടരില്ല, നവീകരിക്കും. 
               മധുരമാം മുഖസ്തുതിയിലുണ്ട്, നിഗൂഹന സൂത്രശാലിത്വം.
               മരണം, മറ്റൊരു ജീവിതത്തിലേറും മാറ്റമല്ല, അന്ത്യമത്രേ!
               മാനവസംസ്‌കാരം, അവരോഹണമല്ല, ആരോഹണമത്രേ.
               രക്തപ്പകര്‍ച്ച, ജൈവികപാപമല്ല, പകരംവെക്കലത്രേ.     
               ലോകം, അന്ത്യനാളിലേക്കല്ല, പുത്തന്‍ഭൂമിയിലേക്കു പോകുന്നു.
               വഴുതിപ്പോകുന്നത്, വിശ്വസ്തതയല്ല, സമഭാവനയത്രേ. 
               വീരചരമവും രക്തസാക്ഷിമരണവും, ഒന്നല്ല, രണ്ടത്രേ.
               വ്യക്തിത്വം വ്യക്തമാക്കുന്നതു, വാക്കുകളല്ല, പ്രവര്‍ത്തിയത്രേ.
               സമാധാനമൊരു, സുഖദസാന്ത്വനമല്ല, അനുഭവമത്രേ.                                                      
               സാത്താനൊരു, മൂര്‍ത്തിയും ദേവശത്രുവുമല്ല, സങ്കല്പമത്രേ.    
   സാര്‍വ്വത്രികവിവാദം, രാഷ്ട്രീയപ്രശ്‌നമല്ല, ആയുധമത്രേ.
   സ്വാതന്ത്ര്യം, അവകാശത്തിലല്ല, അനുഭവത്തില്‍ നിറവേറും.
   ഹൃദയം പോഷിക്കുന്നതോ, ആമോദത്തിലല്ല, പ്രത്യാശയിലത്രേ!
 
_______________________
 
Join WhatsApp News
Sudhir Panikkaveetil 2023-05-23 03:04:44
വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന വിചാരങ്ങൾ. സൂര്യരസ്മികൾ പോലെ (വിചാരകിരണങ്ങൾ) അവ അന്ധവിശ്വാസത്തിന്റെ ഇരുട്ട് മാറ്റുന്നു. വളരെ ഗഹനവും ചിന്തനീയവുമായ ആശയങ്ങൾ ഒരു പുതിയ പ്രഭാതം ഉദയം ചെയ്യിപ്പിക്കുന്നു. ശ്രീ വേറ്റം സാറിനു അനുമോദനങ്ങൾ.
ജോണ്‍ വേറ്റം 2023-05-25 02:15:34
ഗദ്യകവിത വായിച്ചവര്‍ക്കും നിരൂപണം എഴുതിയ സുധീര്‍ പണിക്കവീട്ടിലിനും ഹാര്‍ദ്ദമായ നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക