ശങ്കുണ്ണിയപ്പൂപ്പൻ എന്റെ മുത്തച്ഛന്റെ അനുജനാണ്.
കൃശഗാത്രൻ.
തുളച്ചുകയറുന്ന നോട്ടം.
രവീന്ദ്രനാഥ ടാഗോറിനെ അനുസ്മരിപ്പിക്കുന്ന നീണ്ട നരച്ച താടി.
ഒരു നാടൻ ഖദർ മുണ്ട്.
അതിനുമുകളിൽ മുട്ടുവരെ ഊർന്നുകിടക്കുന്ന വെളുത്ത ഖദർജുബാ.
തോളിൽ ഭംഗിയായി മടക്കിയിട്ടിരിക്കുന്ന ഖദർഷാൾ.
ആരെയും കൂസാതെയുള്ള നടപ്പും തലയെടുപ്പും.
അതായിരുന്നു ശങ്കുണ്ണിയപ്പൂപ്പൻ.
ഒരു കാലിന് സ്വാധീനക്കുറവുണ്ട്. അതുകൊണ്ട് ഞൊണ്ടിയാണ് നടപ്പ്.
ഞൊണ്ടിയപ്പൂപ്പനെന്ന് ചില കുസൃതിക്കുരുന്നുകൾ വിളിക്കും. ശങ്കുണ്ണിയപ്പൂപ്പന് അതിൽ പരാതിയില്ല.
ശങ്കുണ്ണിയപ്പൂപ്പന് ഒരു രഹസ്യസ്വഭാവമുള്ളതുപോലെ തോന്നും. അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല. കാലിന്റെ സ്വാധീനക്കുറവും ഇടയ്ക്കിടെയുണ്ടാകുന്ന കാസരോഗവും ഒഴിച്ചാൽ ശങ്കുണ്ണിയപ്പൂപ്പന് വലിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
ദിവസവും രണ്ട് നാഴിക നടക്കും. ചിലപ്പോഴൊക്കെ ഞാനും കൂട്ടിനുണ്ടാകും. ചില പഴമക്കാർ അദ്ദേഹത്തെ ശങ്കുണ്ണിഗാന്ധി എന്നു വിളിച്ചിരുന്നു.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഒരു കാലത്ത് ഗാന്ധിത്തൊപ്പി ധരിക്കുമായിരുന്നു. ക്വിറ്റ് ഇൻഡ്യാ സമരകാലത്ത് നാട്ടിലെ സേവാദളിന്റെ ക്യാപ്റ്റനായിരുന്നു.
ശങ്കുണ്ണിയപ്പൂപ്പന്റെ വീട്ടിൽ ഒരു ഇരുമ്പുപെട്ടിയുണ്ട്. അതിനുള്ളിലെന്താണ്? ആർക്കുമറിഞ്ഞുകൂടാ.
ചിലർ പറയുന്നു ഇരുമ്പുപെട്ടയിൽ ഒരു നിധിയുണ്ടെന്ന്.
എന്താണ് നിധി? ആർക്കും അറിഞ്ഞുകൂടാ. ആരും ചോദിച്ചിട്ടില്ല.
വിളപ്പിൽ ശങ്കരപ്പിള്ള നാട്ടിലെ ‘എൻസൈക്ലോപീഡിയ’ ആണ്. നാട്ടിലെ എല്ലാ കഥകളുുമയാൾക്കറിയാം. അല്ലെങ്കിൽ അയാൾ കഥകളുണ്ടാക്കും. ശകുനിപ്പിള്ള എന്നാണ് നാട്ടുകാർ അദ്ദേഹത്തെ വിളിക്കുന്നത്.
ഗോപാലന്റെ ചായക്കടയിലാണ് ശകുനിപ്പിള്ളയുടെ കഥാകാലക്ഷേപം.
“ചെമ്പകശ്ശേരി തറവാട്ടുകാർ, അതായത് ഞൊണ്ടി ശങ്കരപ്പിള്ളയുടെ തായവഴി, മാടമ്പിമാരായിരുന്നു. ഒരു എട്ടുപത്ത് തലമുറകൾക്കു മുമ്പുള്ള കാര്യമാണേ പറയുന്നത്. ഏത്?”
ഗോപാലന്റെ ചായക്കടയുടെ മുന്നിലേക്ക് ശകുനിപ്പിള്ള ചവച്ചരച്ച താംബൂലം നീട്ടിത്തുപ്പി. വീണ്ടും കഥാപാരായണം തുടർന്നു.
“പറങ്കികൾ കുരുമുളക് കച്ചവടത്തിന് വന്നകാലം. കുരുമുളക് ചന്തകൾ മൂന്ന്. ഒന്ന് തോവാളം, ഒന്ന് കണ്ണമ്മൂലയിൽ, ഒന്ന് അഞ്ചുതെങ്ങിൽ.
ചെമ്പകശ്ശേരി മാതുപിള്ള, അതായത് അന്നത്തെ കാരണവർ, ഒരു പണിപറ്റിച്ചു. പൊന്നുതമ്പുരാനെക്കൊണ്ട് കുരുമുളക് കച്ചവടത്തിനുള്ള അധികാരം, അതായത് മൊത്തക്കച്ചവടം മാതുപിള്ളയ്ക്കുമാത്രമാക്കി തുല്യം ചാർത്തിച്ചു. ഏത്?”
വീണ്ടും ശകുനിപ്പിള്ള നീട്ടിത്തുപ്പി. മുറുക്കാൻ ചവച്ചാൽ ഇടയ്ക്കിടയ്ക്ക് നീട്ടിത്തുപ്പണം. അപ്പോൾ വലംകൈയുടെ ചൂണ്ടുവിരലും നടുവിരലും മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളിൽ അമർത്തിപ്പിടിക്കും.
“നെടമങ്ങാട്ടുനിന്നും കുളത്തൂപ്പുഴനിന്നുമൊക്കെ മൊട്ടകൾ കുരുമുളക് ചാക്കുകളിലാക്കി കാളവണ്ടികളിൽ കൊണ്ടുവരും. മൊട്ടകൾ അദ്ധ്വാനശീലരാണ്. ആരാണ് മൊട്ടകൾ എന്നറിയാമോ?”
“മുസ്ലിങ്ങൾ”
“അല്ലല്ല, നസ്രാണിമാർ, ക്രിസ്ത്യാനികൾ. അവരെല്ലാം മൊട്ടത്തലയന്മാരായിരുന്നു. പാട്ടക്കാർ. സ്വന്തം ഭൂമിയില്ലാത്തവർ. ഭൂമിയെല്ലാം നമ്പൂതിരിമാരുടെ വഹ. കുറെയൊക്കെ നായർ മാടമ്പിമാരുടേതും. ഏത്?”
ശകുനിപ്പിള്ള നീട്ടിത്തുപ്പി. കഥ തുടർന്നു.
“മൊട്ടകൾ കുരുമുളക് കൊണ്ടുവരും. പക്ഷേ, പറങ്കികൾക്ക് കച്ചവടം ചെയ്യാനുള്ള അവകാശം ചെമ്പകശ്ശേരിപ്പിള്ളക്ക് മാത്രം. പറങ്കികൾ പണം കൊടുക്കും. ആർക്ക്? ചെമ്പകശ്ശേരിപ്പിള്ളക്ക്. ഏത്?”
ശകുനിപ്പിള്ള വീണ്ടും നീട്ടിത്തുപ്പി.
“നിങ്ങൾക്ക് കാര്യം പിടികിട്ടിയോ? ചെമ്പകശ്ശേരിപ്പിള്ളയെന്ന് പറയുന്നത് ഈ ഞൊണ്ടി ശങ്കുണ്ണിപ്പിള്ളയുടെ പൂർവ്വികൻ. തായവഴിക്ക്.
പറങ്കികൾ ചെമ്പകശ്ശേരിപ്പിള്ളക്ക് പണം കൊടുക്കും.
എങ്ങനെ?
റോമൻരാശിയിൽ. റോമൻരാശിയെന്ന് പറയുന്നത് സ്വർണ്ണനാണയമാ. തനിത്തങ്കം. ഇനിയാണ് കഥ. നിങ്ങൾക്ക് കേൾക്കണോ?”
ആരോ സമ്മാനിച്ച ഒരു ഗ്ലാസ്സ് ചായകൂടി കിട്ടിയപ്പോൾ ശകുനിക്ക് ഉഷാറായി.
അയാൾ കഥ തുടർന്നു.
“അങ്ങനെയിരിക്കുമ്പോഴാണ് മുകിലപ്രഭുവിന്റെ വരവ്. കണ്ണിൽ ചോരയില്ലാത്ത വർഗ്ഗം. അയാൾ പാണ്ടിനാട്ടിൽ നിന്നും വന്ന് തിരുവനന്തപുരം ആക്രമിച്ചു. അന്നൊരു മഹാറാണി ആയിരുന്നു തിരുവിതാംകോട് ഭരിച്ചിരുന്നത്. ഉമയമ്മറാണി. അവർ നെടുമങ്ങാട് കൊട്ടാരത്തിലേയ്ക്ക് ഓടിപ്പോയി, ജീവനെ ഭയന്ന്.
മുകിലൻ ഒരു കറുത്ത കുതിരപ്പുറത്ത് കയറി തിരുവനന്തപുരം ഒന്ന് ചുറ്റിക്കറങ്ങി, ഊരിപ്പിടിച്ച വാളുമായി. ഇന്നത്തെ പാളയം മുതൽ പഴവങ്ങാടിവരെ.
എന്റെ പരദേവതകളേ! പട്ടണം കിടുങ്ങിപ്പോയി. അതു വേറെ കഥ.”
ശകുനി വീണ്ടും നീട്ടിത്തുപ്പി.
കഥ തുടർന്നു. ആളുകൾക്ക് രസം കേറി.
“നമ്മൾ പറഞ്ഞുവന്നത് ശങ്കുണ്ണിപ്പിള്ളയ്ക്ക് നിധി കിട്ടിയ കാര്യമല്ലേ?
മുകിലപ്പടയെ പേടിച്ച് മാടമ്പിമാർ ഓട്ടം തുടങ്ങി. ചെമ്പകശ്ശേരിപ്പിള്ള ഒരു മിടുക്ക് കാണിച്ചു. കൈയിലുണ്ടായിരുന്ന റോമൻരാശി മുഴുവൻ ഭൂമിയിൽ കുഴിച്ചിട്ടു. കുഞ്ഞുകുട്ടി പരാതീനം ഓടിപ്പോയി.
ചുരുക്കിപ്പറഞ്ഞാൽ ആ റോമൻരാശി മുഴുവൻ ശങ്കുണ്ണിപ്പിള്ളയ്ക്ക് കിട്ടി. തെങ്ങിൻതൈകൾ വയ്ക്കാൻ തടമെടുത്തപ്പോഴാണ് കിട്ടിയത്.
അതാണ് ഞൊണ്ടി ശങ്കുണ്ണിപ്പിള്ളയുടെ നിധി.”
ശകുനി കഥ ചുരുക്കമായി പറഞ്ഞുനിറുത്തി.
പൂങ്കാവനം രാമചന്ദ്രന് വേറൊരു കഥയാണ് പറയാനുള്ളത്.
“സ്വാതന്ത്ര്യസമരം നടക്കുന്ന കാലം. ശങ്കുണ്ണി കോൺഗ്രസ് നേതാക്കന്മാരുടെ കണ്ണിലുണ്ണിയായി മാറി.
നെഹൃുവിനെയും പട്ടേലിനെയും ഗാന്ധിജിയെയുമൊക്കെ നേരിട്ടറിയാം. ഗാന്ധിജിയുടെ ആശ്രമത്തിൽ അന്തേവാസിയായി കൂടിയ ഞൊണ്ടുകാലനെ ഗാന്ധിജി വിശ്വസിച്ച് ചുമതലകളേല്പിച്ചു.
പണം പിരിക്കാനുള്ള ചുമതല.
സ്വാതന്ത്ര്യസമരം നടന്നുകൊണ്ടിരിക്കുകയാ. പണം വേണ്ടേ? പണം വന്നുകൊണ്ടേയിരുന്നു, കാശും പണ്ടങ്ങളുമായി. എല്ലാം വിശ്വസ്തനായിരുന്ന ശങ്കുപ്പിള്ള വഴി.
ഗാന്ധിജി വിശ്വസിച്ചാൽ വിശ്വസിച്ചതാ.
ഒരുദിവസം ശങ്കുണ്ണിപ്പിള്ള മുങ്ങി, ഗാന്ധി ആശ്രമത്തിൽനിന്ന്.
ഇരുമ്പുപെട്ടിയുമായി തറവാട്ടിൽ തിരിച്ചുവന്നു. അതാണ് ശങ്കുണ്ണിപ്പിള്ളയുടെ രഹസ്യം.”
“വിശ്വസ്തയോടെ നിന്നിരുന്നുവെങ്കിൽ ഇപ്പോൾ ആരാകേണ്ടതാ?”
“ഒരു കേന്ദ്രമന്ത്രിയാകുമായിരുന്നു.” ആരോ തട്ടിവിട്ടു.
“ദുര മൂത്താൽ കരയും.” മൂന്നാമൻ.
“ഇപ്പോൾ നിത്യവൃത്തിക്ക് കഷ്ടിയാണെന്നാ കേൾക്കുന്നത്.”
“എന്തിന്? ഇരുമ്പുപെട്ടിയിൽ നിധി ഇരിപ്പില്ലേ? പണവും പണ്ടങ്ങളുമായിട്ട്.” അപരൻ തട്ടിവിട്ടു.
ഏതായാലും ശങ്കുണ്ണിയപ്പൂപ്പന്റെ ഇരുമ്പുപെട്ടിയിൽ ഒരു നിധിയുണ്ട്. ആരുമത് നിഷേധിച്ചിട്ടില്ല.
ശങ്കുണ്ണിയപ്പൂപ്പന് സ്നേഹിതന്മാർ ആരുമില്ല. ആരുമില്ലന്ന് പറഞ്ഞുകൂടാ. ഒരാളുണ്ട്.
കാപ്പിപ്പൊടിയച്ചൻ.
ഒരു പാതിരി.
ശങ്കുണ്ണിയപ്പൂപ്പൻ ഹൃദയം തുറക്കുന്നത് കാപ്പിപ്പൊടിയച്ചനോടാണ്.
പാതിരിയച്ചന്റെ കുപ്പായത്തിന് കാപ്പിപ്പൊടിയുടെ നിറമാണ്. കറുത്ത മൂക്കുകയർ പോലെയുള്ള ഒരു ചരടുകൊണ്ട് വട്ടം കെട്ടിയിട്ടുമുണ്ട്.
ശങ്കുണ്ണിയപ്പൂപ്പനെപ്പോലെ കാപ്പിപ്പൊടിയച്ചനുമുണ്ട് നരച്ച നീണ്ട താടി.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കാപ്പിപ്പൊടിയച്ചൻ ശങ്കുണ്ണിയപ്പൂപ്പന്റെ വീട്ടിലെത്തും. അവർ ഒന്നിച്ച് പഠിച്ചവരാണ്.
ഒരിക്കൽ കാപ്പിപ്പൊടിയച്ചൻ അപ്പൂപ്പനോട് പറയുന്നത് കേട്ടു.
“ശങ്കുണ്ണീ, അതിൽ അഭിമാനത്തിന്റെ പ്രശ്നമൊന്നുമില്ല. എല്ലാം രാജ്യത്തിനുവേണ്ടി ത്യജിച്ചവനല്ലേ നീ? സ്വാതന്ത്ര്യസമരസേനാനികളുടെ പെൻഷൻ ഒരു ഔദാര്യമല്ല, രാഷ്ട്രത്തിന്റെ കടപ്പാടാണ്.”
“എന്നാലും എന്റച്ചോ, ഞാൻ എന്റെ കടമ മാത്രമേ ചെയ്തിട്ടുള്ളു. എന്റെ മനസ്സാക്ഷി അതാണ് പറയുന്നത്. എന്റെ കർമ്മം; ഞാനതുചെയ്തു. എല്ലാ ഭാരതീയരും അതുചെയ്യാൻ ബാദ്ധ്യസ്ഥരാണ്. ഭാരതാംബയുടെ അടിമനുകം തകർക്കുക; അതായിരുന്നു എന്റെ കർമ്മം. അതിനുവേണ്ടിയാണ് ഞാൻ ഈ മണ്ണിൽ ജനിച്ചത്. ആ സമരത്തിൽ അല്പമായി പങ്കുചേരാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു. നിഷ്ക്കാമകർമ്മം. അങ്ങനെയല്യോ ഭഗവാൻ പറഞ്ഞിരിക്കുന്നത്?”
അപ്പൂപ്പൻ പറഞ്ഞുനിർത്തി.
“ശങ്കുണ്ണീ, നീ രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചവനാണ്. നിന്റെ സ്വത്ത്, നിന്റെ ആരോഗ്യം, നിന്റെ കുടുംബജീവിതം. എല്ലാം.
പക്ഷേ, ജീവിതസായാഹ്നത്തിൽ അപ്പത്തിനുവേണ്ടി കൈനീട്ടുക. ഹോ, അത് ഓർക്കാൻ വയ്യ.
ഈ സ്വതന്ത്രഭാരതത്തിന് നിന്നോടൊരു കടപ്പാടുണ്ട്. ഈ പെൻഷൻ ഒരു ചെറിയ കാര്യം മാത്രം.
നിന്റെ ത്യാഗത്തിന് പകരംനല്കാൻ ഈ രാജ്യത്തിനാവില്ല. അതു നീ മറക്കരുത്.”
കാപ്പിപ്പൊടിയച്ചൻ ഉപദേശിച്ചു.
ഒരുദിവസം ശങ്കുണ്ണിയപ്പൂപ്പൻ എന്നോട് പറഞ്ഞു.
“നമുക്ക് നാളെ ഒരിടംവരെ പോകണം.”
“എവിടേയ്ക്കാണ് അപ്പൂപ്പാ?”
ഞാൻ ആരാഞ്ഞു.
“കളക്ടറേറ്റുവരെ.”
“കളക്ടറുടെ ആഫീസിലോ? എന്തിനാണപ്പൂപ്പാ? ഇനിയും ക്വിറ്റ് ഇൻഡ്യാ എന്നു പറയാനാണോ?”
അപ്പൂപ്പൻ ചിരിച്ചു. അപ്പൂപ്പന്റെ ചിരിക്ക് ഒരു സ്റ്റൈലുണ്ട്. നീണ്ട താടിമീശയിൽ കുഞ്ഞലകൾ സൃഷ്ടിക്കപ്പെടും.
“അല്ല, ഒരു അപേക്ഷ കൊടുക്കാൻ.”
ശങ്കുണ്ണിയപ്പൂപ്പനും ഞാനും കൃത്യം പത്തുമണിക്കുതന്നെ കളക്ടറുടെ ആപ്പീസിലെത്തി.
സാധാരണയിൽ കവിഞ്ഞ് അപ്പൂപ്പൻ വൃത്തിയായി വസ്ത്രധാരണം ചെയ്തിരിക്കുന്നു. തേച്ചുമിനുക്കിയ ജുബ്ബായും മുണ്ടും ഉത്തരീയവും. എല്ലാം ഖദർതന്നെ.
ഉത്തരീയം ഇടത്തേ തോളിൽ വൃത്തിയായി മടക്കിയിട്ടിരിക്കുന്നു. ദേശീയപതാകയെ അനുസ്മരിപ്പിക്കുന്ന വരകൾ കാണത്തക്കവിധമാണ് ഉത്തരീയം മടക്കിയിട്ടിരിക്കുന്നത്. കൈയിൽ ഒരു കവറുണ്ട്. അതിനുള്ളിൽ കളക്ടർക്ക് കൊടുക്കാനുള്ള അപേക്ഷയാണെന്ന് ഞാൻ ഊഹിച്ചു.
കളക്ടറുടെ ഡഫേദാർ വന്ന് ഗൗരവത്തിൽ ചോദിച്ചു.
“എന്തിനാണ് കളക്ടറദ്ദേഹത്തിനെ കാണുന്നത്?”
“ഒരു അപേക്ഷ കൊടുക്കാനണ്ട്.” അപ്പൂപ്പൻ.
“എന്താണ് കാര്യം?”
“ഞാനത് അദ്ദേഹത്തോട് പറഞ്ഞുകൊള്ളാം.” ശങ്കുണ്ണിയപ്പൂപ്പൻ ഗൗരവത്തിൽ പറഞ്ഞു.
ഡഫേദാർ ആ ഉത്തരം പ്രതീക്ഷിച്ചില്ല.
“മൂപ്പീന്ന് അല്പം മുറ്റാണെന്നു തോന്നുന്നു. ഹും ചെല്ല്.”
“ചെരിപ്പ് വെളിയിൽ ഇട്ടിട്ടേ കളക്ടറദ്ദേഹത്തിന്റെ മുറിയിൽ കയറാവൂ.” ഡഫേദാർ ഉത്തരവിട്ടു.
“എന്താ ഗുരുവായൂരപ്പനെ കാണാനാണോ?” അപ്പൂപ്പൻ
“അതിനെക്കാൾ വലിയ അപ്പനാണിവിടെ.” ഡഫേദാർ പുച്ഛസ്വരത്തിൽ പ്രതിവചിച്ചു.
പാദരക്ഷകൾ പുറത്തിട്ട് ഞങ്ങൾ രണ്ടുപേരും കളക്ടറുടെ മുറിയിൽ കയറി. അപ്പൂപ്പൻ ഉത്തരീയം മടക്കി കഴുത്തിലിട്ടു. അത് ആദരവിന്റെ ലക്ഷണമാണ്.
ഞാൻ ആദ്യമായാണ് ഒരു കളക്ടറുടെ മുറി കാണുന്നത്.
രാജേന്ദ്രൻ ഐ.എ.എസ് എന്നെഴുതി വച്ചിട്ടുണ്ട്. ഒരു ചെറിയ ദേശീയപതാക ഒരു സ്റ്റാൻഡിൽ കുത്തിവച്ചിരിക്കുന്നു. പളപളാ തിളങ്ങുന്ന മേശപ്പുറം. മേശപ്പുറത്ത് ഒരടി പൊക്കമുള്ള ഒരു അശോകസ്തംഭം. പത്തിരുപത് മനോഹരമായ കസേരകൾ ഭംഗിയായി അടുക്കി നിരത്തിയിരിക്കുന്നു. ഇരിക്കാൻ പറയുമെന്ന് വിചാരിച്ചു; അതുണ്ടായില്ല.
ഒരു സിഗരറ്റും പുകച്ചുകൊണ്ടാണ് കളക്ടറുടെ ഇരിപ്പ്. മുഖമുയർത്തി നോക്കിയില്ല.
“എന്താണ്?” ചോദ്യം അപ്പൂപ്പനോടാണ്.
“ഒരു അപേക്ഷ തരാൻ.”
“എന്തിന്റെ അപേക്ഷ?” ജില്ലാകളക്റ്ററുടെ ഘനഗംഭീരമായ ശബ്ദം.
ശങ്കുണ്ണിയപ്പൂപ്പൻ ഭവ്യതയോടെ അപേക്ഷ കളക്ടറുടെ മേശപ്പുറത്ത് വച്ചു.
കളക്ടറുടെ മേശയുടെ ഒരരികിൽ പിടിച്ചുകൊണ്ട് വളഞ്ഞുനിന്ന് അപ്പൂപ്പൻ പറഞ്ഞു.
“സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പെൻഷനുവേണ്ടി.”
“ഹും..” കളക്ടർ മൂളി. അയാൾ അപ്പൂപ്പന്റെ അപേക്ഷയിൽ എന്തോ കുത്തിക്കുറിച്ചു.
“എന്നത്തേയ്ക്ക് അനുവദിച്ചുകിട്ടും?” അപ്പൂപ്പൻ ചോദിച്ചു.
കളക്ടർക്ക് ചോദ്യം ഇഷ്ടപ്പെട്ടില്ല.
“ഞാൻ ജോത്സ്യം പഠിച്ചിട്ടില്ല, എന്നുകിട്ടുമെന്ന് പറയാൻ.” കളക്ടർ അവജ്ഞയോടെ പറഞ്ഞു.
എന്നിട്ട് കളക്ടർ പൊട്ടിത്തെറിച്ചു.
“നിങ്ങൾക്ക് നേരേ നിന്നുകൂടേ? എന്താ ഊന്നുവേണമോ?”
ശങ്കുണ്ണിയപ്പൂപ്പന്റെ വളഞ്ഞുകുത്തി മേശയിൽ പിടിച്ചുള്ള നില്പ് കളക്ടർക്ക് ഇഷ്ടപ്പെട്ടില്ല.
“കാലിന് സ്വാധീനക്കുറവുണ്ട്.” അപ്പൂപ്പൻ.
“അതിന് ഞാനെന്തു വേണം? ഇതെന്താ ആശുപത്രിയാണോ?”
“നിങ്ങൾക്ക് പോകാം.” കളക്ടർ ഉത്തരവിട്ടു.
നാലുചുവട് നടന്നിട്ട് ശങ്കുണ്ണിയപ്പൂപ്പൻ തിരിഞ്ഞുനിന്നു. കളക്ടറുടെ മുറിയിൽ ചില്ലിട്ട് സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ചിത്രത്തിലേക്ക് നോക്കി ഒരുനിമിഷം നിന്നു. പെട്ടെന്ന് ശങ്കുണ്ണിയപ്പൂപ്പന്റെ മുഖം കത്തിജ്ജ്വലിച്ചു. അദ്ദേഹത്തിലെ വിപ്ലവകാരി തിരികെ വന്നതുപോലെ തോന്നി. കളക്ടറുടെ മുഖത്തേക്ക് വിരൽചൂണ്ടി ശങ്കുണ്ണിയപ്പൂപ്പൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
“മിസ്റ്റർ കളക്ടർ, അമ്പതുകൊല്ലത്തിനുമുമ്പ് നിങ്ങൾ ഇരിക്കുന്ന ഈ സിംഹാസനത്തിൽ നിങ്ങളെക്കാൾ നൂറിരട്ടി പ്രതാപശാലിയായ ഒരു കളക്ടർ ഇരുന്നിരുന്നു. മിസ്റ്റർ ബ്രൂഫോർഡ് ഐ.സി.എസ്. ഒരു വെള്ളക്കാരൻ. അന്ന് പേഷ്ക്കാർ എന്നാണ് വിളിച്ചിരുന്നത്.
ഒരുദിവസം, കൃത്യമായി പറഞ്ഞാൽ 1942 ആഗസ്റ്റ് 8, ഗാന്ധിജി ‘ക്വിറ്റ് ഇൻഡ്യാ’ സമരം പ്രഖ്യാപിച്ച ദിവസം, ഈ മുറിയിലേക്ക് മിന്നൽ വേഗത്തിൽ ഞാൻ ഓടിക്കയറിവന്നു, സകല സുരക്ഷാവലയങ്ങളും ഭേദിച്ച്. എന്നിട്ട് വിളിച്ചുപറഞ്ഞു.
“മിസ്റ്റർ ബ്രൂഫോർഡ്, ക്വിറ്റ് ഇൻഡ്യാ.”
ബ്രൂഫോർഡ് ഐ.സി.എസ് ഞെട്ടിപ്പോയി. ഞാൻ ഞൊണ്ടി ആയതും കാസരോഗിയായതും അതിനുശേഷമാണ്; അതുകൊണ്ടാണ്. അതു നിങ്ങൾ മറക്കരുത്.”
രാജേന്ദ്രൻ ഐ.എ.എസിന്റെ മുഖം വിളറി. ഞാനതു കണ്ടു.
ഡഫേദാർ ഞങ്ങൾക്ക് വെളിയിലേക്കുള്ള വഴി കാണിച്ചുതന്നു.
ശങ്കുണ്ണിയപ്പൂപ്പൻ ഞൊണ്ടി ഞൊണ്ടി നടന്നു. പിറകേ ഞാനും.
ഒരു റിക്ഷാവണ്ടി പിടിച്ച് ഞങ്ങൾ വീട്ടിൽ വന്നപ്പോൾ ഞാൻ ചോദിച്ചു.
“അപ്പൂപ്പാ, എന്താണ് ആ ഇരിമ്പുപെട്ടിയിൽ? നിധിയാണോ?”
“അതേ, നിധിയാണ്. നിനക്ക് കാണണോ?” അപ്പൂപ്പൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“കാണണം, കാണണം.” എന്റെ ജിജ്ഞാസ പത്തിരട്ടി വർദ്ധിച്ചു.
ശങ്കുണ്ണിയപ്പൂപ്പൻ ഭദ്രമായി സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് ഇരുമ്പുപെട്ടി തുറന്നു. അപ്പൂപ്പൻ നിധി എന്നെ കാണിച്ചു.
വെള്ളനിറത്തിലുള്ള ഒരു ഗാന്ധിത്തൊപ്പി. അതിന്മേൽ രക്തക്കറകൾ പോലെ രണ്ട് പാടുകൾ കണ്ടു.
ഒരു ത്രിവർണ്ണപതാക. ഖദറിൽ തീർത്ത പതാക ഭംഗിയായി മടക്കിവച്ചിരുന്നു.
ഒരു പോക്കറ്റു വാച്ച്. അതിന്റെ ഡയൽ മങ്ങിത്തുടങ്ങിയിരുന്നു. അര ശതാബ്ദത്തിനുമുമ്പ് ഗാന്ധിജി നവഖാലിയിൽ വച്ച് സമ്മാനിച്ചതാണത്രേ.
ഗീതാഞ്ജലിയുടെ ഒരു ഇംഗ്ലീഷ്പതിപ്പ്. അതിന്റെ മുഷിഞ്ഞ പുറംചട്ടയിൽ ടാഗോർ തന്നെ കൈയൊപ്പ് ചാർത്തിയിരിക്കുന്നു. പക്ഷേ അതും മങ്ങിത്തുടങ്ങിയിരിക്കുന്നു.
റോമൻരാശിയെക്കാൾ വിലയുള്ള നിധി. അതായിരുന്നു ആ ഇരുമ്പുപെട്ടിയിൽ.