ഏറെ ഗൃഹാതുരത്വം നിറഞ്ഞു നിന്നൊരന്തരീക്ഷമായിരുന്നു 'എഴുതിതീരാത്ത കവിതപോലെ' എന്ന
എന്റെ പുസ്തകം പ്രകാശനം ചെയ്ത നിമിഷങ്ങള്‍. എന്റെ പറമ്പില്‍, അതായത് ഭർതൃപിതാവ് മുട്ടത്തുവര്‍ക്കി എന്റെ ഭര്‍ത്താവിനു നല്കിയ ഭൂമിയില്‍ തന്നെ അതു നടത്തിയതില്‍ എറെ ചാരിതാര്‍ഥ്യം. സദസും പന്തലുമൊക്കെ പ്രൗഢഗംഭീരമായിരുന്നു.
വിശിഷ്ടാത്ഥികളായ, രവി ഡി.സി., ചിക്കാഗോയിൽ നിന്ന് വന്ന രതിദേവി, മംഗളം സാജൻ എന്നിവരുടെയൊക്കെ സാന്നിദ്ധ്യം സദസിന്റെ കൊഴുപ്പ് കൂട്ടിയിരുന്നു. രതീദേവി ബുക്ക്സ് അവാര്‍ഡിന്റെ ഒരു നോമിനി കൂടിയാണ്.
പ്രസംഗിച്ച എല്ലാവരും മുട്ടത്തുവര്‍ക്കിയുടെ കടുത്ത ആരാധകര്‍ ആയിരുന്നു. പിന്നീട് മുട്ടത്തുവര്‍ക്കിയുടെ സിനിമകളിലെ ഗാനങ്ങള്‍ ഗാനമേള രൂപത്തിലും ഉണ്ടായിരുന്നു. അത് സമ്മേളനത്തെ കൂടുതൽ ആസ്വാദ്യകരമാക്കി.
സമ്മേളനത്തില്‍ ടി.എം. സെബാസ്റ്റ്യനെ അനുസ്മരിച്ചു. പിന്നീട് കെ.എ.ലത്തീഫ് എന്ന മഹത് വ്യക്തിയുടെ അനുസ്മരണവും ഉണ്ടായിരുന്നു. ലത്തീഫ് സാര്‍ സക്കീര്‍ ഹുസൈന് സ്ഥാപനങ്ങളുടെ സ്ഥാപകനായിരുന്നു. പ്രൊഫ.ടി.എം. സെബാസ്റ്റ്യൻ ഫൗണ്ടേഷന് സ്ഥാപക പ്രസിഡണ്ടും. കെ.എ. ലത്തീഫ് ജനശതാബ്ദി കമ്മറ്റി കണ്‍വീനറും ആയിരുന്നു. അവര്‍ ഈ മണ്ണിനോട് വിട പറഞ്ഞു കഴിഞ്ഞിരിക്കുന്നു.
മുട്ടത്ത് വർക്കിയുടെ വീട്ടിലെ ഗേറ്റ്
പിന്നീട് ജനകീയ സാഹിത്യകാരന് കെ.കെ.പടിഞ്ഞാറെപ്പുറത്തിന് ആദരവും നല്കി.
എഴുതിതീരാത്ത കവിതപോലെ എന്ന പുസ്തകം എന്റെ ഭര്ത്താവിനെകുറിച്ചുള്ള ഓര്‍മ്മകളും അ്ദ്ദേഹത്തിന്റെ എഴുതിതീരാത്ത കവിതകളും, കഥകളും, അപ്പച്ചനെ (മുട്ടത്തുവര്‍ക്കി) കുറിച്ചുള്ള ഓര്‍മ്മകളും തന്നെ. അദ്ദേഹത്തിന്റെ കൂടെ ഏറ്റവും അധികസമയം ചിലവഴിച്ച മരുമകള്‍ ഞാന്‍ തന്നെയായിരുന്നല്ലോ!
മുട്ടത്ത് വർക്കിയുടെ എഴുത്ത് മുറി
അന്ന മുട്ടത്തിന്റെ സാഹിതി ശബ്ദം മാസികയും പ്രകാശനം ചെയ്തു. എന്തുകൊണ്ടും ഏറെ നിര്‍വൃതി നിറഞ്ഞ നിമിഷങ്ങളായിരുന്നു. വളരെ കുറച്ച് സമയംകൊണ്ട് എന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ പ്രാപ്തയാക്കിയതില്‍ എനിക്കേറെ കടപ്പാട് എന്റെ പിതൃസഹോദരപുത്രന് മാത്യു. ജെ.മുട്ടത്തിനോട് തന്നെയായിരുന്നു. ഭാര്യ ലിസാമ്മയോടും. അതിനേറെ നന്ദി അവരോടുണ്ട്. കടപ്പാടും.