കൈതവം ലവലേശമേശാതെ കഴിഞ്ഞൊരാ
ശൈശവം മരിച്ചപ്പോൾ കൗമാരമുടനെത്തി!
കൗമുദി ചൊരിഞ്ഞെന്നെ തൊട്ടിലാട്ടിയൊരോമൽ
കൗമാരം മരിച്ചപ്പോൾ യവ്വനമെത്തിയുടൻ !
ഗർവ്വത്തിൽ സർവ്വം മറന്നാനന്ദിച്ചിരുന്നൊരാ
യൗവ്വനം മരിച്ചപ്പോൾ വാർദ്ധക്യം വന്നു മെല്ലെ!
ശ്വാസങ്ങൾക്കിടയ്ക്കിവയൊന്നുമേ ഗൗനിക്കാതെ,
ശിവമായ് സ്പന്ദിക്കുന്നൂ നമ്മുടെ ഹൃദയങ്ങൾ!
ബ്രഹ്മ ചര്യം, ഗൃഹസ്ഥം, വാന പ്രസ്ഥം, സന്യാസം
ബൃഹത്തല്ലയോ നാലു ജീവിത ദശകളും!
വാനപ്രസ്ഥവും പിന്നെ സന്യാസാശ്രമം സ്വന്തം
ഭവനം മതിയാകും പോകേണ്ട കാന്താരത്തിൽ!
മൃത്യു ദേവനെത്തുമ്പോൾ വാർദ്ധക്യം വെടിഞ്ഞൊരു
ഭൃത്യനെപ്പോലെ പിമ്പേ, മടങ്ങും മടിക്കാതെ!
നിത്യജീവിതത്തിലീ സത്യങ്ങൾ സ്മരിക്കാതെ
നിഴൽ പോൽ പായുന്നു നാം സ്വായത്തമാക്കാൻ സർവ്വം!
രണ്ടു കൈകളും വീശി മാനവൻ വരുന്നല്ലോ
വിണ്ടലമിതിൽ വാരിക്കൂട്ടുന്നൂ പൊരുളേറെ!
ഒടുവിൽ നിനക്കാത്ത നേരത്തു മൃത്യു ദേവൻ
ഓടിയെത്തുമ്പോൾ സർവ്വമിട്ടിട്ടു മടങ്ങുന്നു!
നിനക്കുന്നില്ലാ, നമ്മളാരുമേ യൊരു ദിനം
നിലക്കുമുള്ളിൽ സദാ, വന്നു പോകുമീ ശ്വാസം!
കേവലം രൂപം കൊണ്ടു മനുഷ്യനാവില്ലാരും
ഭാവവു മൽപ്പമേലും മനുഷ്യത്വവും വേണം!
¬¬¬¬¬¬----------------------