Image

ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി (നോവല്‍- അധ്യായം: 4: സുരാഗ് രാമചന്ദ്രന്‍)

Published on 06 June, 2023
ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി (നോവല്‍- അധ്യായം: 4: സുരാഗ് രാമചന്ദ്രന്‍)

"നീയാള് പൊളിയാണ്, അഖില. ആളുകളെ സംഘടിപ്പിക്കാനുള്ള നിന്റെ കഴിവും കൂടിയാകുമ്പോൾ, ഇത് നമ്മുടെ സ്കൂളിൽ ഒരു ചരിത്ര സംഭവമാകും. നീ റിസർച്ച് ഒക്കെ നടത്തി നമ്മളെ അറിയിക്ക്. എല്ലാ സഹായവും നമ്മുടെ രണ്ട് പേരുടെയും അടുത്ത് നിന്നുണ്ടാകും. ഓൾ ദി ബെസ്ററ് !"
രണ്ട് പേരും എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ വിജേഷ് പറയാൻ കാരണം, തന്റെ സഹോദരന്റെ സ്വഭാവം ശരിക്കറിയുന്നത് കൊണ്ടായിരുന്നു. പിണങ്ങുന്ന അത്ര വേഗത്തിൽ തന്നെ ഇണങ്ങാനും ലിജേഷിനാകുമെന്ന് വിജേഷിന്‌ ഉറപ്പായിരുന്നു. വിജേഷ് വിചാരിച്ച പോലെ തന്നെ, വീട്ടിലെത്തിയപ്പോൾ സംഭവിക്കുകയും ചെയ്തു. എങ്കിലും ലിജേഷിന്‌ പുതിയ ഒരു ആശയകുഴപ്പം വന്നു ചേർന്നു. അതായത്, സ്കൂൾ മൈതാനത്തു നിന്നും ഒരു യാത്ര പോലും ചോദിക്കാതെ പിണങ്ങി പോയതിനാൽ അഖില തനിക്ക്‌ നാടകത്തിൽ അഭിനയിക്കാനും താല്പര്യമില്ല എന്ന് കരുതി റോൾ തരാതിരിക്കുമോ എന്നതായിരുന്നു അത്.  
“അതോർത്ത് നീ വിഷമിക്കേണ്ട. നീ എന്നോട് പിണങ്ങിയല്ലേ പോയത്? അത് മനസ്സിലാക്കാനുള്ള തിരിച്ചറിവൊക്കെ നമ്മളെ ഇത്ര കാലമായി കാണുന്ന അവൾക്ക് ഉണ്ട്.”
"ചരിത്ര നാടകം എന്നല്ലേ, അവൾ പറഞ്ഞത്. ഇന്ത്യൻ ചരിത്രമാണോ അതോ ലോക ചരിത്രമാണോ?"
"അതറിയില്ല. പെട്ടെന്ന് ഒരു തീം. ഒരു ത്രെഡ്. അവൾക്ക് മനസ്സിൽ വന്നതാണ്."
"ഞാൻ പെട്ടെന്ന് പോയപ്പോൾ വന്ന ത്രെഡ് അല്ലേ? വല്ല ഒറ്റപെടുത്തലിന്റെ കഥയായിരിക്കും. ജൂലിയസ് സീസർ പറഞ്ഞ പോലെ, "യു ടൂ ബ്രൂട്ടസ്" എന്നോ മറ്റോ ഉള്ള ചരിത്രമായിരിക്കും".
ഇത്രയും പറഞ്ഞതിന് ശേഷം ആ രണ്ട് സഹോദരന്മാരും ഒരു ചിരിയിൽ ഒത്തു ചേർന്നു. ആ സമയത്ത്‌ അഖില, സ്കൂൾ ലൈബ്രറയിലുള്ള ചരിത്ര പുസ്തകങ്ങളിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയായിരുന്നു. ലിജേഷ് പറഞ്ഞ പോലെ ഒരാളെ ഒറ്റയ്ക്കാക്കിയ ചരിത്ര സംഭവം തന്നെയായിരുന്നു അവൾ നോക്കിയത്. പക്ഷെ, അത് റോമൻ ചരിത്രമായിരുന്നില്ല. ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസമരത്തിന്റെ ചരിത്രമായിരുന്നു. 
മംഗൾ പാണ്ഡേ എന്ന പട്ടാളക്കാരനായിരുന്നു ബ്രിട്ടീഷുകാർക്ക് നേരെ ആദ്യത്തെ നിറയൊഴിച്ചത് എന്ന് അവൾ വായിച്ചിരുന്നു. മാത്രമല്ല ആ സംഭവം സിനിമയായി ഇറങ്ങിയത് അവൾ കാണുകയും ചെയ്തിട്ടുണ്ട്. പക്ഷേ സിനിമകൾ, ചരിത്ര രേഖകൾ അല്ല. ഭാവനയും, യാഥാർഥ്യവും കൂട്ടിയാണ് ഒരു ഇന്ത്യൻ ബോളിവുഡ് സിനിമ ഇറക്കുക. ഏതാണ് ഭാവന, ഏതാണ് യാഥാർഥ്യം - ഇതറിയണമെങ്കിൽ അവൾക്ക് ചരിത്ര പുസ്‌തകങ്ങളിലൂടെ പോകണം. അതിലും ഒരു വെല്ലുവിളി അവൾ നേരിട്ടു. ബ്രിട്ടീഷുകാർ എഴുതിയ ചരിത്രം 1857ലെ ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരത്തെ  ശിപ്പായി ലഹള എന്നായിരുന്നു വിളിച്ചത്. അവർ മംഗൾ പാണ്ഡേ എന്ന ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസമര സേനാനിയേയും അത്ര നല്ല രീതിയിലായിരുന്നില്ല പരാമർശിച്ചത്. 
പക്ഷേ, കാര്യങ്ങൾ മനസ്സിലാക്കിയ അഖിലയ്‌ക്ക്‌ മംഗൾ പാണ്ഡേയോട് വലിയ ഒരു ആദരവ് തോന്നി. കാരണം, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1757ലെ ബംഗാൾ: പ്ലാസി യുദ്ധം വിജയിച്ചതോടെയാണ് ഇന്ത്യയുടെ ഭരണത്തിന് തുടക്കമിട്ടത്. അതിന് നൂറ് വർഷങ്ങൾക്ക് ശേഷമാണ് അടിമത്തത്തിൽ നിന്നും മോചനത്തിനായി ബ്രിട്ടീഷുകാർക്ക് നേരേ, ആദ്യമായി ഒരു ഇന്ത്യക്കാരൻ വെടിവെച്ചത്.
മംഗൾ പാണ്ഡേയെ കുറിച്ച് തന്റെ നാടകത്തിലൂടെ മറ്റുള്ളവരേയും അറിയിക്കണമെന്ന് അവൾ ഉറപ്പിച്ചു. ലൈബ്രറിയിൽ നിന്നും ഇറങ്ങിയ അഖില, സാറിനെ കണ്ട് താൻ നാടകം സംവിധാനം ചെയ്യാൻ പോകുന്ന കാര്യം സാറിനെ അറിയിച്ചു. 
പിന്നീട് വീട്ടിലെത്തിയ അഖില, നാടകത്തിന്റെ പേരെഴുതിയ ആദ്യത്തെ പോസ്റ്റർ തയ്യാറാക്കി. ഒരു തിരശ്ശീലയിൽ, നാടകത്തിന്റെ പേര് എഴുതിയ രീതിയിലായിരുന്നു ആ പോസ്റ്റർ. തയ്യാറാക്കിയതിനു ശേഷം അത് അവളുടെ കൂട്ടുകാരായ ലിജേഷും, വിജേഷും, അവളും മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ അവൾ അത് ഷെയർ ചെയ്തു. നാടകത്തിന് അവൾ കണ്ടെത്തിയ പേര്, "ആദ്യത്തെ സ്വാതന്ത്ര്യസമരസമര സേനാനി” എന്നായിരുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക